ADVERTISEMENT

നടന്‍ ബിജുമേനോന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ' അച്ഛനെയാണെനിക്കിഷ്ടം'. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത് 2001 ൽ പുറത്തിറങ്ങിയ ഈ സിനിമയില്‍, കലാഭവൻ മണി, ലക്ഷ്മി ഗോപാലസ്വാമി, മോഹൻലാൽ, ജഗതി ശ്രീകുമാർ, അശ്വിൻ തമ്പി തുടങ്ങിയ വന്‍ താരനിര തന്നെ ഉണ്ടായിരുന്നു. ഈ സിനിമയിലെ ഗാനങ്ങളും ഏറെ ശ്രദ്ധേയമായി, എം.ജി. രാധാകൃഷ്ണനു മികച്ച സംഗീത സംവിധായകനുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡ് ഈ ചിത്രത്തിനു ലഭിച്ചു. ഈ സിനിമയില്‍, 'ശലഭം വഴിമാറുമാ' എന്ന ഒരു ഗാനമുണ്ട്. ബിജു മേനോനും ലക്ഷ്മി ഗോപാലസ്വാമിയുമാണ് ഈ പാട്ടില്‍ ഉള്ളത്. ഈ പാട്ടിലെ ബിജുമേനോന്‍റെ അഭിനയത്തെ ട്രോളിക്കൊണ്ടു വിഡിയോ ചെയ്തിരിക്കുകയാണ്, നടന്‍റെ സഹോദരപുത്രിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ അമൃത മേനോന്‍. ഈ പാട്ടില്‍ ആദ്യം മുതല്‍ അവസാനം വരെ, മലനിരകള്‍ക്കിടയിലൂടെ നടക്കുന്ന ബിജുമേനോനെയാണ് കാണുക. ഇതാണ് അമൃത അനുകരിച്ചിരിക്കുന്നത്. "അയാം ദി സോറി കൊച്ചച്ചാ" എന്ന് ക്യാപ്ഷനില്‍ അമൃത മുന്‍‌കൂര്‍ ജാമ്യം എടുത്തിട്ടുണ്ട്. ബിജുമേനോന്‍റെ ഭാര്യയും നടിയുമായ സംയുക്താ വര്‍മ്മയും ബന്ധുവായ ഉത്തര ഉണ്ണിയുമെല്ലാം ഈ പോസ്റ്റിനടിയില്‍ കമന്റ് ചെയ്തിട്ടുണ്ട്.

ഊട്ടിയിലായിരുന്നു ഈ പാട്ട് ഷൂട്ട്‌ ചെയ്തത്. സിനിമയിലും പാട്ടിലുമെല്ലാം മഞ്ഞണിഞ്ഞ ഊട്ടിയുടെ പച്ചപ്പണിഞ്ഞ ദൃശ്യങ്ങള്‍ കാണാം. എന്നാല്‍ അമൃതയുടെ ഈ വിഡിയോയില്‍ കാണുന്ന ഊട്ടിക്ക്‌ മറ്റൊരു മുഖമാണ്. പുല്‍മേടുകള്‍ ഒന്നാകെ ചൂടുകാരണം കരിഞ്ഞു കിടക്കുന്ന കാഴ്ചയാണ് ഇതിലുള്ളത്.

Image Credit : amrutha.menon/instagram
Image Credit : amrutha.menon/instagram

ഇക്കഴിഞ്ഞ ആഴ്ച ഊട്ടിയില്‍ രേഖപ്പെടുത്തിയത് 73 വർഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ചൂടായിരുന്നു. ഏപ്രിൽ 29 ന് താപനില 29 ഡിഗ്രി സെൽഷ്യസ് ആയി ഉയര്‍ന്നു. ഇത് ഉദഗമണ്ഡലത്തിലെ ശരാശരി താപനിലയേക്കാൾ 5.4 ഡിഗ്രി കൂടുതലാണെന്നു കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. 1986 ഏപ്രിൽ 29 നാണ് ഇതിനുമുമ്പ് എക്കാലത്തെയും ഉയർന്ന താപനിലയായ 28.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.

പശ്ചിമഘട്ടത്തിലെ നീലഗിരി ജില്ലയുടെ ആസ്ഥാനമായ ഊട്ടി ഹിൽസ്റ്റേഷനിൽ പത്ത് ദിവസത്തെ ഊട്ടി പുഷ്പമേള മേയ് 10 ന് നടക്കാനിരിക്കെയാണ് ചൂട് കുതിച്ചുയരുന്നത്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി, മേയ് 1 മുതൽ ഊട്ടിയില്‍ ഗതാഗത നിയന്ത്രണം നിലവിൽ വരുമെന്നും 12 നിയുക്ത പാർക്കിങ് സ്ഥലങ്ങളുണ്ടാകുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. വിനോദസഞ്ചാര സീസണിൽ ശരാശരി 11,509 കാറുകളും 1,341 വാനുകളും 637 ബസുകളും 6,524 ഇരുചക്രവാഹനങ്ങളുമാണ് ഹിൽസ്റ്റേഷനിൽ പ്രവേശിക്കുന്നത് എന്നാണ് കണക്ക്.

വിനോദസഞ്ചാരികളുടെ വരവ് നിരീക്ഷിക്കുന്നതിനായി മേയ് 7 മുതൽ ജൂൺ 30 വരെ ഹിൽ സ്റ്റേഷനുകളിലേക്കു പ്രവേശിക്കുന്ന എല്ലാ വാഹനങ്ങൾക്കും ഇലക്ട്രോണിക് പാസ് (ഇ-പാസ്) നൽകണമെന്നു നീലഗിരി, ഡിണ്ടിഗൽ ജില്ലാ കളക്ടർമാർക്കു മദ്രാസ് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

ഊട്ടിയിലോ തമിഴ്‌നാട്ടിലോ പോലും ഒതുങ്ങുന്നതല്ല ഈ താപനില വർദ്ധനവ്. തിങ്കളാഴ്‌ച ഈറോഡിൽ 42.6 ഡിഗ്രി സെൽഷ്യസും തിരുപ്പത്തൂരിൽ 42 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയിട്ടുണ്ട്. തിരുപ്പത്തൂരിൽ 4.2 ഡിഗ്രി സെൽഷ്യസിൻ്റെ താപനില വ്യതിയാനവും രേഖപ്പെടുത്തി. ഉയർന്ന താപനില രേഖപ്പെടുത്തിയ മറ്റ് ജില്ലകളിൽ സേലം (41.6 ഡിഗ്രി സെൽഷ്യസ്), വെല്ലൂർ (41.5 ഡിഗ്രി സെൽഷ്യസ്), കരൂർ പരമത്തി (41 ഡിഗ്രി സെൽഷ്യസ്) എന്നിവ ഉൾപ്പെടുന്നു.

വിനോദസഞ്ചാരികളുടെ തിരക്ക് തുടരുമ്പോഴും, ഈ അസാധാരണമായ ചൂട് ഏറ്റവും കൂടുതൽ ബാധിച്ചത് തോട്ടം തൊഴിലാളികളെയും കർഷക തൊഴിലാളികളെയുമാണ്. 

English Summary:

As Ooty Temperature Hits 73-Year High, Amrita Adds Humor with Bijumenon Walk Imitation - Fans React!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com