ADVERTISEMENT

ബെല്ലടി കേട്ട് ക്ലാസ് മുറിയിലേക്കു പായുന്ന കുട്ടിയെ പോലെ ആദ്യമെത്തിയതു കൃഷ്ണയാണ്. ഇത്തിരി നേരം കൂടി കഴിഞ്ഞ് അതേ വേഗത്തിൽ പാഞ്ഞെത്തിയ ഭവാനി ഈറനണിഞ്ഞിരുന്നു. യമുനയും കബനിയും മഴയിൽ കുതിർന്നു ഫിനിഷിങ് പോയിന്റു തൊട്ട് ഒതുങ്ങി നിന്നു. പിന്നീടുള്ള ഓരോ പതിനഞ്ചു മിനിറ്റിലും പല പേരുകളിൽ ഒരേ നിറമുള്ള കോച്ചുകളുടെ മാർച്ച് പാസ്റ്റായിരുന്നു.

കൊച്ചി നഗരത്തിന്റെ ബാൽക്കണിയിൽ മെട്രോ റെയിലിന്റെ പരേഡ് തുടങ്ങിയിട്ടു നാലഞ്ചു വർഷമായി. ദിവസവും അതിൽ കയറി കോളജിൽ പോകുന്ന കുറച്ചു പേരോടൊപ്പം പ്ലാറ്റ്ഫോമിൽ ഒത്തുകൂടിയപ്പോൾ വിഡിയോ ഗെയിം പോലെ ഒരു പകൽ കടന്നു പോയി.‘ഗെയിം ഓവർ’ പറ‍ഞ്ഞാലും പിരിഞ്ഞു പോകാത്ത സൗഹൃദങ്ങൾ. ഹായ് മെസേജിൽ നിന്നു വാട്സ് ആപ് ഗ്രൂപ്പിലേക്കു താവളം മാറുന്ന കൂട്ടായ്മകൾ. ‘മച്ചാനെ’ എന്നു വിളിച്ച് ഇൻസ്റ്റയിൽ സല്ലപിക്കുന്നവർ... ഇതിൽ കോളജിൽ പഠിക്കുന്നവരും ജോലിക്കാരും വ്യാപാരികളും ദിവസക്കൂലിക്കാരുമുണ്ട്. ചില്ലറ അധികം ചെലവാക്കിയാലും മെട്രോയുടെ കുളിരിൽ അവർ പകലിന്റെ ക്ഷീണം മറക്കുന്നു.

metro1

മെട്രോ യാത്രയിലെ സൗഹൃദങ്ങളുടെ റീൽസിന് ഫിൽട്ടറുകളില്ല. അതു തെളിയിക്കാൻ ആലുവ േസ്റ്റഷനിൽ ആദ്യമെത്തിയത് കുസാറ്റിൽ പഠിക്കുന്ന അഭിഷേകാണ്. എംജി റോഡ് വെള്ളക്കെട്ടിൽ മുങ്ങിയതിനാൽ തേജയും ജാസ്മിനും എത്തിയപ്പോഴേക്കും അൽപം വൈകി. ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അനൂപും സഞ്ജയും സംഘത്തിൽ ചേർന്നതോടെ ആലുവ മെട്രോ േസ്റ്റഷന്റെ ഒന്നാം നമ്പർ പ്ലാറ്റ് ഫോം ഫ്രീക്കായി.

ചാറ്റൽ മഴ പെയ്താൽ പോലും ഉണ്ടാകുന്ന വെള്ളക്കെട്ട് എറണാകുളത്ത് ജനജീവിതം സ്തംഭിപ്പിപ്പിക്കുകയാണ്. മെട്രോ റെയിൽ ഉള്ളതുകൊണ്ടു മാത്രമാണ് ഈ ദിവസങ്ങളിൽ ആളുകൾക്ക് ഇടപ്പള്ളിയിൽ നിന്നു കടവന്ത്രയിലെത്താൻ കഴിഞ്ഞത്. അത്തം നാളിൽ ഓണാഘോഷം സംഘടിപ്പിച്ച സെന്റ് തെരേസാസ് കോളെജിലെ കുട്ടികൾ കസവുസാരി നനയാതിരിക്കാൻ ഏറെ കഷ്ടപ്പെട്ടു. രാവിലെ പതിനൊന്നിന് വരുമെന്നു കരുതിയ ആർട്സ് ക്ലബ് സെക്രട്ടറി തേജ ആലുവയിലെത്തിയപ്പോൾ സമയം പന്ത്രണ്ട്. കൂടെ പഠിക്കുന്ന അലീനയും ഒപ്പമുണ്ടാണ്ടായിരുന്നു.

പുറപ്പെടുന്നതിനു മുൻപ്

കൊച്ചിയിലെ യാത്രക്കാരുടെ രണ്ടു പ്രശ്നങ്ങളാണ് അവർ ചൂണ്ടിക്കാട്ടിയത്. കൊച്ചിയിലെ വെള്ളക്കെട്ട്, പരിഹാരമില്ലാത്ത ഗതാഗതക്കുരുക്ക്. ‘‘മെട്രോ വന്നതോടെ പകുതി പ്രശ്നം തീർന്നു. പണ്ട് ആലുവയിൽ നിന്നുള്ള വിദ്യാർഥികൾക്കു പത്തു മണിക്ക് കോളജിലെത്താൻ രാവിലെ രാവിലെ എട്ടിനു വീട്ടിൽ നിന്നിറങ്ങണമായിരുന്നു. വൈകിട്ട് പത്തു മിനിറ്റ് വൈകിയാൽ ബസ് മിസ്സാകും. നേരം ഇരുട്ടാതെ വീട്ടിലെത്താൻ കഴിയുമായിരുന്നില്ല. ആരെങ്കിലും ഫ്രീ ടിക്കറ്റ് ഓഫർ ചെയ്താലും കൃത്യസമയത്ത് തിയേറ്ററിൽ എത്താൻ പറ്റില്ലായിരുന്നു. മെട്രോ വന്നതോടെ സീൻ മൊത്തം മാറിയില്ലേ. ’’ മെട്രോ കോച്ചിനുള്ളിൽ എസിയുടെ തണുപ്പിലേക്കു കയറിയപ്പോൾ തേജ കൊച്ചിയുടെ മാറ്റങ്ങളിലേക്കു വിരൽചൂണ്ടി.

metro2

ഗതാഗതക്കുരുക്കും മാലിന്യവും ഇന്നോ ഇന്നലെയോ ഉണ്ടായ പ്രശ്നങ്ങളല്ല. പല റോഡുകളിലും മൂക്കു പൊത്താതെ നടക്കാൻ പറ്റില്ല. മഴ പെയ്താൽ മാലിന്യം മൊത്തം റോഡിലേക്ക് ഒഴുകും. അമേരിക്കയിലെയും യൂറോപ്പിലെയും സിറ്റികളെയാണ് ഇനി നമ്മൾ മാതൃകയാക്കേണ്ടത്. മഞ്ഞു മൂടുന്ന പാതകൾ ഓരോ മണിക്കൂറിലും വൃത്തിയാക്കി ഗതാഗതം നടത്തുന്ന രാജ്യങ്ങൾ വേറെയുമുണ്ട്. ’’ നഗര വികസനത്തിലേക്ക് തേജ വിരൽ ചൂണ്ടിയപ്പോഴേക്കും ‘ധ്വനിൽ’ വന്നു. കൊച്ചി മെട്രോയിലെ ട്രെയിനുകളിലൊന്നിന്റെ പേരാണു ധ്വനിൽ.

ധ്വനിലിനു പുറകെ കൃഷ്ണ. അതു കഴിഞ്ഞു നർമദ, കാവേരി, മന്ദാകിനി, പവൻ, ഗംഗ... എല്ലാ ട്രെയിനുകൾക്കും ആകർഷകമായ പേരുകൾ. സ്കൂൾ മുറ്റത്തേക്ക് ഓടിയെത്തുന്ന കുട്ടികളെ പോലെ ബെൽ മുഴങ്ങുമ്പോൾ അവയോരോന്നായി വന്നു പോകുന്നു. ഇതു കണ്ടപ്പോൾ സഞ്ചാര പ്രിയനായ അഭിഷേകിന് സന്തോഷമായി. യങ് വൈബിന്റെ ഫോളോവറാണെങ്കിലും തോൾസഞ്ചിയെ പ്രണയിക്കുന്നയാളാണ് അഭിഷേക്. ‘താടി മച്ചന്മാരുടെ’ പൊളി ലുക്കിനിടയിലും സാധാ താടിയിൽ തൃപ്തി കണ്ടെത്തിയയാൾ. ‘‘പഠനം കഴിഞ്ഞാലും യാത്ര ചെയ്യണം. മെട്രോ നഗരങ്ങൾ മാത്രമല്ല, ഗ്രാമങ്ങളും കാണണം. വായിച്ചു കിട്ടുന്ന അറിവുകൾ പോലെ തന്നെ കാഴ്ചയുടെ അനുഭവങ്ങളും ജീവിത പാഠങ്ങളാണ് ’’ അഭിഷേക് നയം വ്യക്തമാക്കി.

സീൻ കോൺട്ര

ലുക്കിലല്ല, വർക്കിലാണ് കാര്യം – കൗണ്ടർ പോയിന്റുമായി സഞ്ജയ് ആ സീൻ കോൺട്രയാക്കി. ‘‘ലോകത്തിന്റെ സ്പന്ദനം കറൻസിയിലാണെന്നു ചിലപ്പോൾ തോന്നാറുണ്ട്. വായ്പയെടുക്കാൻ വരുന്നവരുടെ മുഖവും വാക്കുകളും എന്നെ വല്ലാതെ വേദനിപ്പിക്കാറുണ്ട്.'money is a big matter' ധനകാര്യ സ്ഥാപനത്തിലാണു ജോലിയെന്ന് സഞ്ജയ് ആവർത്തിച്ചു.

ജോലി കിട്ടാനുള്ള സാധ്യത നോക്കി പഠിക്കണമെന്നുള്ള വാദത്തോടെ ലോറ വിഷയം തിരിച്ചു. കൊരട്ടിയിൽ നിന്നു കൊച്ചിയിലെത്തി പഠിക്കുന്ന ജാസ്മിന്റെ അഭിപ്രായവും അതു തന്നെ. we are living in digital world, must be updated – കാലത്തിനൊത്തു ജീവിക്കണമെന്നുള്ള പോയിന്റിൽ അലീന ഉറച്ചു നിന്നു. മെട്രോ യാത്ര സുരക്ഷിതമാണ്. േസ്റ്റഷനിലും കോച്ചുകളിലും സിസിടിവി ക്യാമറയുണ്ട്. ട്രാഫിക് ബ്ലോക്കിനെ പേടിക്കണ്ട. ബസ്സിലെ തിരക്കും തിരക്കും ഒഴിവായി. – മെട്രോ വന്നപ്പോഴുണ്ടായ മാറ്റങ്ങളെക്കുറിച്ച് ജാസ്മിൻ കത്തിക്കയറി.

വർത്തമാനം ഗൗരവത്തിന്റെ ട്രാക്കിലേക്കു തിരിഞ്ഞപ്പോൾ തേജ ഇടപെട്ടു. ഒരു റീൽസ് വിഡിയോ ഷൂട്ട് ചെയ്യാനുള്ള പ്ലാൻ മുന്നോട്ടു വച്ചു. മെട്രോയുടെ പ്ലാറ്റ്ഫോം പൊടുന്നനെ മോബ് ഡാൻസിനു വേദിയായി. എറണാകുളത്തേക്കു പുറപ്പെട്ട യാത്രക്കാർക്ക് അതു കൗതുകക്കാഴ്ചയായി. I love metro എന്നുറക്കെ പറഞ്ഞ് അവർ യാത്ര പറയുമ്പോഴും പ്ലാറ്റ് ഫോമിലേക്ക് യാത്രക്കാർ വന്നുകൊണ്ടിരുന്നു...

മെട്രോ റെയിൽ യാത്ര, അറിയേണ്ടത്

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തിയതിന്റെ രണ്ടു ദിവസം മുൻപാണ് എറണാകുളത്തെ ചെറുപ്പക്കാരോടൊപ്പം ആലുവയിൽ നിന്ന് എസ്എൻ ജംക്‌ഷൻ വരെയാണു യാത്ര നടത്തിയത്. ജോലിക്കു പോകുന്നവരേയും വിദ്യാർഥികളേയും വ്യാപാരികളേയും വിനോദസഞ്ചാരികളെയും ഈ യാത്രയ്ക്കിടെ പരിചയപ്പെട്ടു. കൊച്ചി കാണാനെത്തിയവരിൽ പലരും മെട്രോ ടിക്കറ്റിന്റെ ക്യൂആർ കോഡ് സ്കാൻ ചെയ്യാനും ഇറങ്ങാനുള്ള േസ്റ്റഷൻ തിരഞ്ഞുമൊക്കെ പരിഭ്രാന്തരാകുന്നതു കണ്ടു. ആദ്യമായി വരുന്നവർക്കും എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന വിധത്തിലാണ് കൊച്ചി മെട്രോയുടെ ടിക്കറ്റ്, യാത്രാ രീതികൾ ക്രമീകരിച്ചിട്ടുള്ളത്.

ആലുവ മുതൽ എസ്എൻ ജംക്‌ഷൻ വരെ മെട്രോയ്ക്ക് ഇരുപത്തിനാലു േസ്റ്റഷനാണുള്ളത്. എല്ലാ േസ്റ്റഷനുകളിലും ടിക്കറ്റ് കൗണ്ടറുണ്ട്. പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം, കളമശ്ശേരി, കൊച്ചിൻ യൂണിവേഴ്സിറ്റി, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാർക്ക്, പാലാരിവട്ടം, ജെഎൽഎൻ േസ്റ്റഡിയം, കലൂർ, ടൗൺ ഹാൾ, എംജി റോഡ്, മഹാരാജാസ് കോളജ്, എറണാകുളം സൗത്ത്, കടവന്ത്ര, ഏലംകുളം, വൈറ്റില, തൈക്കൂടം, പേട്ട, വടക്കേകോട്ട, എസ്എൻ ജംക്‌ഷൻ, തൃപ്പൂണിത്തുറ എന്നിവയാണു േസ്റ്റഷനുകൾ. ആലുവ, കലൂർ, കടവന്ത്ര, വൈറ്റില എന്നീ ബസ് സ്റ്റാൻഡുകളുടെ സമീപത്തു മെട്രോ േസ്റ്റഷനുണ്ട്. അതതു പ്രദേശങ്ങൾക്കു യോജിച്ച രീതിയിൽ രൂപകൽപന ചെയ്തിട്ടുള്ള മെട്രോ േസ്റ്റഷനുകളിലെ വെർട്ടിക്കൽ ഗാർഡൻ സഞ്ചാരികൾക്ക് മനോഹരമായ കാഴ്ച സമ്മാനിക്കുന്നു.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com