ADVERTISEMENT

സംസ്ഥാന ടൂറിസം വകുപ്പിന്‍റെ, ഒരു തദ്ദേശ സ്ഥാപനത്തിൽ ഒരു ടൂറിസം കേന്ദ്രമെങ്കിലും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ പുതിയൊരു ടൂറിസം കേന്ദ്രം കൂടി സഞ്ചാരികള്‍ക്കായി ഒരുങ്ങുന്നു. മണിയൂർ പഞ്ചായത്തിലെ ചൊവ്വാപ്പുഴയില്‍ വരുന്ന ഇക്കോടൂറിസം പദ്ധതിക്ക് സര്‍ക്കാരിന്‍റെ അംഗീകാരം ലഭിച്ചു. 

ചൊവ്വാപ്പുഴതീരത്തെ ഒമ്പതര ഏക്കര്‍ സ്ഥലത്താണ് ടൂറിസം പദ്ധതി നടപ്പാക്കുക. പദ്ധതിക്കായി 99.70 ലക്ഷം രൂപയുടെ ഭരണാനുമതിയായി. ഇതിൽ അമ്പതുലക്ഷം രൂപ ടൂറിസം വകുപ്പ് നൽകും. ബാക്കി 49.70 ലക്ഷം രൂപ പഞ്ചായത്താണ് നല്‍കുന്നത്. 

പ്രകൃതിഭംഗിയേറിയ പ്രദേശമാണ് ചൊവ്വാപ്പുഴയുടെ പരിസരം. പരിസ്ഥിതിയ്ക്ക് യാതൊരുവിധ കോട്ടവും തട്ടാതെ, സുസ്ഥിരമായ വികസനമാണ് ഇവിടെ നടപ്പിലാക്കുക. മുള കൊണ്ട് നിര്‍മിക്കുന്ന കോട്ടേജുകളും പരമ്പരാഗത ഭക്ഷണം വിളമ്പുന്ന ബാംബൂ റെസ്റ്റോറന്റും ഉണ്ടാകും. മത്സ്യസമൃദ്ധിയുള്ള പ്രദേശമായതിനാല്‍ ഫ്രെഷും രുചികരവുമായ മീന്‍വിഭവങ്ങള്‍ ഇവിടെ പ്രതീക്ഷിക്കാം. കൂടാതെ, ഏറുമാടം, അഡ്വഞ്ചർസോൺ, കുട്ടികളുടെ പാർക്ക്, മിയാവാക്കി വനം തുടങ്ങിയവയും ഇവിടെ ഒരുക്കും. 

read more : വിഷുക്കാലം ആഘോഷമാക്കാം, ആപ്പിള്‍തോട്ടങ്ങളും മഞ്ഞും കണ്ട്; കാന്തല്ലൂരില്‍ ടൂറിസം ഉത്സവം

സഞ്ചാരികള്‍ക്കായി ബോട്ട് ജെട്ടിയും ശൗചാലയങ്ങൾ പോലെയുള്ള അടിസ്ഥാനസൗകര്യങ്ങളും ഉണ്ടാകും. പ്രകൃതിനടത്തം, പക്ഷിനിരീക്ഷണം, മീൻപിടിത്തം, വട്ടത്തോണിയാത്ര, പെഡൽ ബോട്ടിങ് തുടങ്ങിയ വിനോദങ്ങളും പരമ്പരാഗത കരകൗശല ഉത്പന്നങ്ങള്‍, എരുന്ത് തുടങ്ങിയവയുടെ വില്‍പ്പനയും ഉണ്ടാകും.

കഴിഞ്ഞ വര്‍ഷം ഭൂമി കയ്യേറ്റത്തെത്തുടര്‍ന്ന് വിവാദഭൂമിയായി മാറിയ ഇടമാണ് ചൊവ്വാപ്പുഴ. ഹ്രസ്വകാല വിളകൾ കൃഷി ചെയ്യുന്നതിന് പാട്ടത്തിന് എടുത്ത് കരഭൂമിയാക്കി മാറ്റി സ്വകാര്യവ്യക്തി കൈവശം വച്ചതായിരുന്നു ഇവിടം. പുഴയിൽ നിന്നു ചളി വാരി കരഭൂമിയാക്കി മാറ്റിയ 10 ഏക്കറോളം സ്ഥലം, പഞ്ചായത്ത് അധികൃതര്‍ പൂർണമായി ഒഴിപ്പിക്കുകയും  കമ്പിവേലി കെട്ടി സംരക്ഷിക്കുകയും ചെയ്തിരുന്നു. വടകര, കൊയിലാണ്ടി താലൂക്കുകളില്‍ ഡെസ്റ്റിനേഷന്‍ ചലഞ്ചിന് അംഗീകാരം ലഭിച്ച ഏക പഞ്ചായത്താണ് മണിയൂര്‍.

English Summary: Chovvapuzha Tourism in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com