മതിയാകാത്ത കാഴ്ചകളുമായി മതികെട്ടാന്‍ ചോലയെന്ന സുന്ദരി!
Mail This Article
എത്ര കണ്ടാലും തീരാത്ത കാഴ്ചകള്‍ ഒളിപ്പിച്ചുവച്ച്, സഞ്ചാരികളുടെ മനംമയക്കുന്ന ഒരു സുന്ദരിയാണ് മതികെട്ടാന്‍ ചോല. പൂപ്പാറ വില്ലേജിലെ ഉടുമ്പൻചോല താലൂക്കിലാണ് 12.82 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പാർക്ക്. ഇടുക്കിയിലെ ഷോല പാർക്കുകളിലൊന്നായ ഈ സ്ഥലം നിരവധി സസ്യജന്തുജാലങ്ങളുടെ വാസസ്ഥലമായി കണക്കാക്കപ്പെടുന്നു.
ദക്ഷിണേന്ത്യയിലെ വളരെ പ്രധാനപ്പെട്ട ആന ഇടനാഴിയായ മതികെട്ടാൻ പ്രദേശവും ഷോല വനങ്ങളുടെ സവിശേഷതകളും കണക്കിലെടുത്ത്, സംസ്ഥാന സർക്കാർ 2008 ൽ ഇവിടം ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചു. അതുവരെ ഇത് ഏലം ഹിൽ റിസർവ് മേഖലയുടെ ഭാഗമായിരുന്നു. മതികെട്ടാൻ ഷോലയുടെ വടക്കുകിഴക്കൻ അതിർത്തിയിലാണ് അടുവിലാന്തൻകുടിയിലെ മുതവൻ ആദിവാസി കോളനി സ്ഥിതി ചെയ്യുന്നത്.
വഴി മറന്നുപോകും
മധുരയിൽ നിന്ന് 130 കിലോമീറ്റർ പടിഞ്ഞാറായാണ് സ്ഥിതി മതികെട്ടാന്‍ ചോല ചെയ്യുന്നത്. 'മനസ്സിനെ ആശയക്കുഴപ്പത്തിലാക്കുന്നത്' എന്ന് അര്‍ത്ഥം വരുന്ന തമിഴ് പദത്തിൽ നിന്നാണ് ദേശീയോദ്യാനത്തിന് ഈ പേര് ലഭിച്ചത്, ദേശീയോദ്യാനത്തിലേക്കുള്ള പാതയിൽ പ്രവേശിച്ചാൽ, വഴി തല്‍ക്ഷണം മറന്നുപോകുമെന്ന് നാട്ടുകാർ വിശ്വസിക്കുന്നു.
മലയും പുഴയും മാമരങ്ങളും
പന്നിയാറിന്‍റെ കൈവഴികളായ ഉച്ചിൽകുത്തിപ്പുഴ, മതികെട്ടാൻ പുഴ, ഞാണ്ടാർ എന്നീ മൂന്ന് തോടുകൾ മതികെട്ടാന്‍ മലനിരകളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. കിഴക്കൻ അതിർത്തിയിൽ, തമിഴ്‌നാടിനോട് ചേർന്നുള്ള കാട്ടുമലയാണ് പാർക്കിനുള്ളിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം. നിത്യഹരിത വനങ്ങൾ, ഈർപ്പമുള്ള ഇലപൊഴിയും വനങ്ങൾ, ഷോല പുൽമേടുകൾ, അർദ്ധ നിത്യഹരിത വനങ്ങൾ എന്നിങ്ങനെ വൈവിധ്യപൂര്‍ണമാണ് ഇവിടുത്തെ സസ്യസമ്പത്ത്.
സാഹസികരുടെ പറുദീസ
സാഹസികത ഇഷ്ടപ്പെടുന്നവരുടെ പറുദീസയാണ് മതികെട്ടാൻ ചോല. വനത്തിനുള്ളിലൂടെയുള്ള യാത്രയാണ് ഇവിടുത്തെ ഹൈലൈറ്റ്. വനത്തിനുള്ളിലൂടെ പോകാന്‍ കൃത്യമായ വഴികളൊന്നും ഇല്ല. വനം വകുപ്പിന്‍റെ അനുമതിയോടെ പരിചയ സമ്പന്നനായ ഗൈഡിന്‍റെ കൂടെ മാത്രമേ ഈ വനത്തിനുള്ളിലേക്ക് പ്രവേശിക്കാനാവു.
സമീപം താമസിക്കാൻ പറ്റിയ സ്ഥലങ്ങൾ
ദേശീയോദ്യാനത്തിനുള്ളിൽ താമസ സൗകര്യങ്ങൾ ഒന്നുമില്ലെങ്കിലും പൂപ്പാറയിൽ നിരവധി അതിഥി മന്ദിരങ്ങളും ക്യാമ്പ് സൈറ്റുകളും ഉണ്ട്. മധുരയിലും പലതരത്തിലുള്ള താമസ സൗകര്യങ്ങളുണ്ട്.
സന്ദര്‍ശിക്കാന്‍ പറ്റിയ സമയം
നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് മതികെട്ടാൻ ചോല നാഷണൽ പാർക്ക് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഏപ്രിൽ, മെയ് മാസങ്ങളിൽ നല്ല ചൂട് അനുഭവപ്പെടാറുണ്ട് മാത്രമല്ല കാട് ഉണങ്ങി കിടക്കുന്നതിനാൽ കാട്ടു തീ പടരാനും അപകടമുണ്ടാകാനും സാധ്യതയുണ്ട്.
English Summary: Visit Mathikettan Shola National Park