വെള്ളത്തെ പേടിയുള്ളവർ വള്ളത്തിൽ യാത്ര ചെയ്താൽ ; ഒരു കുട്ടനാടൻ വ്ളോഗ്
Mail This Article
നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന പുന്നമടക്കായലിലെ ഫിനിഷിങ് പോയിന്റിൽനിന്ന് ഹൗസ്ബോട്ടിലേക്കു കയറുമ്പോൾ ചെറുതല്ലാത്ത പേടി ഉണ്ടായിരുന്നു. നാട് വൈക്കത്താണെങ്കിലും വെള്ളവും വള്ളവും എക്കാലത്തും പേടിയാണ്. കഴിഞ്ഞ മാസം കൂട്ടുകാരുമൊത്ത് കുമരകത്തു ശിക്കാര വള്ളത്തിൽ പോയപ്പോഴും പേടി തന്നെ. കവണാറിൽനിന്ന് പോക്കുവെയിൽ പൊന്നുരുക്കുന്ന വേമ്പനാട്ടു കായലിലേക്ക് ശിക്കാര വള്ളം പ്രവേശിച്ചപ്പോൾ, ചിരിച്ചുല്ലസിച്ചിരുന്ന കൂട്ടുകാർക്കും ഏഴു വയസ്സുള്ള മകൾക്കും ഇടയിൽ ഇടംവലം നോക്കതെ ലൈഫ് ജാക്കറ്റും ധരിച്ചിരുന്ന എന്റെ ലൈഫ് തീർന്നെന്നാണു കരുതിയത്.
പുന്നമടക്കായലിലെ ഓളപ്പരപ്പിൽ നിരന്നുകിടന്ന ഹൗസ്ബോട്ടിലൊന്നിലേക്കു വലതുകാലു വച്ച് കയറുമ്പോൾ പക്ഷേ ഈ പേടിയൊന്നും മുഖത്തു കാണിച്ചില്ല. ഭർത്താവിന്റെ സഹപ്രവർത്തകരും കുടുംബവുമാണ് ഒപ്പമുള്ളത്. പലരെയും വൈക്കത്തുനിന്ന് ആലപ്പുഴയിലേക്കുള്ള ദൂരത്തിന്റെ പരിചയം മാത്രം. അതൊന്നും യാത്രയുടെ രസത്തെ ബാധിച്ചില്ല. എല്ലാവരും പെട്ടെന്നു പരിചയക്കാരായി. റബയെന്ന റബേക്കയും അമ്മാളുവും പൊന്നുവും പെട്ടെന്നു കൂട്ടുകാരായി. അവരുടെ കളിചിരിയും ആട്ടവും പാട്ടും യാത്രയ്ക്ക് അനക്കംവയ്പിച്ചു.
പരന്നുകിടക്കുന്ന പുന്നമടക്കായലിലൂടെ പതിനൊന്നരയോടെ ഇരുനില വഞ്ചിവീട് നീങ്ങിത്തുടങ്ങി. റോഡ് യാത്രയുടെ ക്ഷീണം മാറ്റാൻ കായൽ യാത്രയുടെ തുടക്കത്തിൽത്തന്നെ വെൽകം ഡ്രിങ്ക്. പിന്നെ വഞ്ചിവീടിന്റെ ഉള്ളിലേക്ക്. ശുചിമുറിയും രണ്ടു കിടപ്പുമുറികളുമുള്ള, ആഡംബരങ്ങളൊന്നും പറയാനില്ലാത്ത ഇരുനില ഹൗസ്ബോട്ട്. 18 പേരടങ്ങുന്ന യാത്രാസംഘത്തിലെ തലമുതിർന്നവരാണ് ബിജു സാറും ഭാര്യ ഇന്ദു ചേച്ചിയും. ബിജു സർ ഔദ്യോഗിക ജീവിതത്തിൽനിന്നു വിരമിക്കുകയാണ്. അതിനു മുന്നോടിയായിട്ടായിരുന്നു യാത്ര. മുകളിലത്തെ നിലയിലെത്തി, കേക്ക് മുറിച്ച് മധുരം പങ്കിട്ടു.
തെളിഞ്ഞ കാലാവസ്ഥ. പതുക്കെ വെയിലിനു ചൂടുപിടിച്ചു. ഹോണടിച്ചു നീങ്ങുന്ന നിരവധി വഞ്ചിവീടുകൾ. 1800 ഓളം വഞ്ചിവീടുകള്‍ ഇവിടെ സർവീസ് നടത്തുന്നുണ്ടെന്ന് ഡ്രൈവർ പറഞ്ഞു. കായലിനു വീതി കൂടി വരുന്നു. സഞ്ചാരികൾ ഉള്ളതും ഇല്ലാത്തതുമായ നിരവധി സ്പീഡ് ബോട്ടുകൾ വഞ്ചിവീടുകൾക്കും ചുറ്റും വെള്ളം തെറിപ്പിച്ച് ചീറിപ്പാഞ്ഞു. വഞ്ചിവീടുകളിലെ യാത്രക്കാരെ ആകർഷിക്കാൻ വെള്ളത്തെ ഉഴുതുമറിച്ചു നിങ്ങുകയാണ് ചിലവ. ആറു പേർക്കുവരെ കയറാവുന്ന ചെറിയ സ്പീഡ് ബോട്ടുകള്‍. വഞ്ചിവീടിനടുത്ത് നിർത്തി ആളെ കയറ്റും.
ഒപ്പമുണ്ടായിരുന്ന കുറച്ചു പേർ ലൈഫ് ജാക്കറ്റും ധരിച്ച് സ്പീഡ് ബോട്ടിൽ കയറി. ഞങ്ങൾ ആവേശത്തോടെ നോക്കി നിന്നു (ഞാൻ പേടിയോടെയും). അവർ തെക്കുവടക്ക് പലതവണ ചീറിപ്പാഞ്ഞ് തിരിച്ചെത്തി. മറ്റുള്ളവര്‍ ഊഴത്തിനായി കാത്തുനിന്നു. അൽപം സാഹസികത ഇഷ്ടപ്പെടുന്നവർക്ക് വളരെ നല്ല അനുഭവമായിരിക്കും ജലപ്പരപ്പിലൂടെയുള്ള ഈ വേഗയാത്ര. കുട്ടികളും ശരിക്ക് ആസ്വദിച്ചു. നാലായിരം രൂപയാണ് സ്പീഡ് ബോട്ട് യാത്രയുടെ ചെലവ്.
ഞങ്ങൾ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. അടുക്കളയിൽ ഭക്ഷണം തയാറാക്കുന്നുണ്ട്. ഡ്രൈവറെ കൂടാതെ രണ്ടു ജീവനക്കാർകൂടി ഉണ്ട് ഹൗസ്ബോട്ടിൽ. ആലപ്പുഴ ജില്ലയിലെ ചിത്തിരപ്പള്ളിയിൽ വച്ച് വേമ്പനാട്ടു കായലിൽ ചേരുന്ന മണിമലയാറും അച്ചൻകോവിലാറുമൊക്കെ പിന്നിട്ടാണ് യാത്ര. ബോട്ടിൽനിന്നു നോക്കിയാൽ ഇരുവശത്തും നോക്കെത്താദൂരത്തു പരന്നു കിടക്കുന്ന നെൽപാടങ്ങൾ. ഒരു വശത്തെ പാടങ്ങൾ കൃഷിക്കായി ഒരുക്കിയിരിക്കുന്നു. മറുവശം വെള്ളം കയറ്റി ജലനിരപ്പിനു സമാനമായി ഇട്ടിരിക്കുന്നു. ജൂലൈയിലെ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ ഒരു വീടിന്റെ ബാക്കി ഡ്രൈവർ ഞങ്ങൾക്കു കാണിച്ചു തന്നു. അങ്ങിങ്ങായി ചില വീടുകൾ കാണാം. കൃഷിക്ക് ഒരുക്കിയിരിക്കുന്ന വയലിലെ ചേറുവെള്ളം മോട്ടർ ഉപയോഗിച്ച് കായലിലേക്ക് ഒഴുക്കുന്നു. വൈദ്യുതി ഇല്ലാതായാൽ, മട വീണാൽ കുട്ടനാട്ടിലെ കർഷകന്റെ അധ്വാനം വെള്ളത്തിൽ ഒലിച്ചു പോകുന്നതെങ്ങനെ എന്നു വ്യക്തമായി. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളില്ലെങ്കിലും കർഷകന്റെ, കുട്ടനാടിന്റെ ഉള്ളിൽ തങ്ങി നിൽക്കുന്ന ജീവിതമാണ് ഈ ബോട്ടിങ് സമ്മാനിച്ചത്.
വെയിൽ മങ്ങി. മാർത്താണ്ഡം ഭാഗത്ത് ഹൗസ്ബോട്ട് അടുപ്പിച്ചു. ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ മഴ വീണു. തിരിച്ചു യാത്ര തുടങ്ങിയപ്പോഴേക്കും മഴ മാറിയെങ്കിലും വെയിലിന് തെളിച്ചമില്ല. ഔദ്യോഗിക ജീവിതത്തിനു വിരാമമിടുന്ന ബിജു സാറിന് സഹപ്രവർത്തകർ ചേർന്ന് ചെറിയ ഉപഹാരം നൽകി.
നാലു മണിയോടെ നെൽപാടങ്ങളിൽ മഞ്ഞു കണ്ടു തുടങ്ങി. മിക്ക ഹൗസ്ബോട്ടുകളും മടക്കയാത്രയിലാണ്. ദീപവലിയോടെയാണ് സഞ്ചാരികൾ എത്താൻ തുടങ്ങിയത്. ഇനി ന്യൂഇയർ വരെ സഞ്ചാരികളുടെ തിരക്കായിരിക്കുമെന്ന് ഡ്രൈവർ പറഞ്ഞു. പുന്നമടക്കായലിലെ ഫിനിഷിങ് പോയിന്റിൽ തിരിച്ചെത്തിയ ഞങ്ങൾ പിന്നീട് പോയത് ആലപ്പുഴ ബീച്ചിലേക്കായിരുന്നു. അവിടെനിന്ന് ഏഴു മണിയോടെ മടക്കം.