'ഇയോബിന്റെ പുസ്തക'ത്തിലെ ക്ലൈമാക്സ് ചിത്രീകരിച്ച ടണൽ; ഇടുക്കിയിലെ അദ്ഭുത തുരങ്കം
Mail This Article
പല തവണ ഇടുക്കിയിൽ പോയിട്ടുണ്ടെങ്കിലും വേനൽക്കാലത്ത് ഇടുക്കി യാത്ര ആദ്യമായിട്ടായിരുന്നു. കോടമഞ്ഞും തണുപ്പും തിരക്കി ഇടുക്കിയിലേക്കെത്തുന്ന ആളുകൾ കാണാതെ പോകുന്ന ഒരു സ്ഥലമുണ്ട്. അതാണ് അഞ്ചുരുളി ടണൽ. ഒറ്റപ്പാറയിൽ നിർമിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ടണലുകളിൽ ഒന്നാണ് അഞ്ചുരുളി. വേനൽക്കാലത്തു മാത്രമേ നമുക്ക് ഈ ടണലിനുള്ളിൽ കയറാൻ കഴിയുകയുള്ളു, അതുകൊണ്ടാണ് ഇപ്പോൾ ഒരു ഇടുക്കി യാത്ര. അതിരാവിലെ വീട്ടിൽ നിന്നിറങ്ങി, വെളിച്ചം വീഴുന്നതിനു മുൻപേ കാട് കയറാനായിരുന്നു പ്ലാനെങ്കിലും വഴിയിലെ കാണാത്ത കാഴ്ചകൾ കണ്ടായിരുന്നു യാത്ര. അതുകൊണ്ട് ആദ്യം പോയത് തൊടുപുഴയിലുള്ള അരുവിക്കുത്ത് വെള്ളച്ചാട്ടത്തിനടുത്തേക്കാണ്.
ചെറുതും വലുതുമായ ഒരുപാട് വെള്ളച്ചാട്ടങ്ങളുള്ള നാടാണ് തൊടുപുഴയെങ്കിലും ഈ വേനലിൽ അവയെല്ലാം വറ്റി വരണ്ടു കിടക്കുകയാണ്. അരുവിക്കുത്ത് അധികം ആളുകൾക്ക് അറിയാവുന്ന വെള്ളച്ചാട്ടമല്ല. തൊടുപുഴ മൂലമറ്റം റൂട്ടിലായിട്ടാണ് അരുവിക്കുത്ത് സ്ഥിതി ചെയ്യുന്നത്. മലങ്കര ഡാമിനു കുറച്ചു മുന്‍പായി റോഡിൽ നിന്നും ഉള്ളിലേക്കുള്ള ഒരു ചെറിയ മൺ പാതയിലൂടെയാണ് അവിടേക്കെത്തിയത്. വെള്ളച്ചാട്ടത്തിന്റെ പ്രൗഢിയില്ലാതെ നിശബ്ദമായി ഒഴുകുന്ന അരുവിക്കുത്തിനെ കണ്ട് അവിടെ നിന്നും മൂലമറ്റത്തേക്ക് യാത്ര തിരിച്ചു. മൂലമറ്റത്തേക്കു വരുന്ന വഴിയരികിലായി ചാഞ്ഞു നിൽക്കുന്ന കുറേ കരിമ്പാറക്കൂട്ടങ്ങൾ കാണാം. അവിടെയിറങ്ങി അടുത്ത് ചെന്നപ്പോഴാണ് അതും ഒരു വെള്ളച്ചാട്ടമായിരുന്നു എന്ന് മനസ്സിലായത്. മഴക്കാലത്ത് തൂവെള്ള നിറത്തിൽ പതഞ്ഞു തൂകിയിരുന്ന ഇടമാണ് ഇപ്പോൾ പാറക്കുട്ടങ്ങൾ മാത്രമായി കിടക്കുന്നു. അവിടെ നിന്നും മുന്നോട്ട് പോകുമ്പോഴാണ് മൂലമറ്റം പവര്‍ ഹൗസ് അവിടത്തെ കാഴ്ചകൾ കാണാൻ നിൽക്കാതെ ഞങ്ങൾ നാടുകാണി ചുരം കയറി.
ചുരം കയറിച്ചെല്ലുന്നിടത്ത് ഒരു വ്യൂ പോയിന്റുണ്ട്. ഇരുപത്തഞ്ച് രൂപ ടിക്കറ്റെടുത്ത് പവലിയനുള്ളിൽ കയറിയാൽ നമുക്ക് മൂലമറ്റം ടൗണും ഇടുക്കി ഡാമിന്റെ പവർ ഹൗസുമെല്ലാം കാണാം. വ്യൂ പോയിന്റിൽ കയറി നിൽക്കുമ്പോൾ വെയിൽ വീഴുന്നുണ്ടെങ്കിലും ഒട്ടുംതന്നെ ചൂട് തോന്നിയില്ല. ഈ വേനലിൽപോലും ഇടുക്കിയിലെ വെയിലിന് ഒട്ടും ചൂടനുഭവപ്പെട്ടിരുന്നില്ല. നാടുകാണിയിൽ നിന്നും നേരെ പോയത് ഇടുക്കി ഹിൽ വ്യൂ പാർക്കിലേക്കാണ്. ആർച്ച് ഷേപ്പിലുള്ള ഇടുക്കി ഡാമിന്റെ ഉൾവശം കാണാനാണ് ഇവിടെ ആളുകൾ എത്തുന്നതെങ്കിലും. ഇടുക്കി ഡാമിന്റെ റിസര്‍വോയർ മാത്രമല്ല ഇവിടയുള്ളത്. സിപ് ലൈനും സ്കൈ സൈക്കിളിങ്ങുമെല്ലാമായി ഒരുപാട് ആക്ടിവിറ്റീസ് ഇവിടെയുണ്ട്. അടുത്ത കാഴ്ച ഇടുക്കി ഡാമിന്റെ പുറഭാഗമാണ്. അതിനായി നേരെ ചെറുതോണിയിലെത്തി. ചെറുതോണി ടൗണിൽ നിന്നും കുറച്ചുകൂടെ മുൻപോട്ടു പോകുമ്പോൾ ഇടതു വശത്തായി കാണുന്ന ഗ്രൗണ്ടിൽ നിന്നും നോക്കിയാൽ രണ്ടു മലകൾക്കിടയിൽ നിൽക്കുന്ന ആര്‍ച്ച് ഡാം കാണാം. മഹേഷിന്റെ പ്രതികാരം സിനിമയിലെ പല സീനുകൾ ഈ ഗ്രൗണ്ടിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. അഞ്ചുരുളിയിലേക്കു പോകുന്ന വഴിയിലാണ് കാൽവരി മൗണ്ട് വ്യൂ പോയിന്റ്. അവിടെയും കയറി വേനൽ കാഴ്ചകൾ കണ്ടു. പച്ചപ്പിൽ നിറഞ്ഞു നിന്ന കുന്നിൻ ചെരിവുകളെല്ലാം തവിട്ടണിഞ്ഞിരിക്കുന്നു, നിറഞ്ഞു കിടന്ന റിസർവോയറിലെ വെള്ളത്തിന്റെ അളവും കുറഞ്ഞിട്ടുണ്ട്. ഇവിടെയും വെയിലിനു ചൂടില്ല പകരം ഇളം തണുപ്പാണ്. കാൽവരിയിലെ കാഴ്ച്ചകളും മതിയാക്കി ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടർന്നു.
മൂന്നു മണിയോടെ അഞ്ചരുളിയിലെത്തിയെങ്കിലും കുറേ നേരം കഴിഞ്ഞിട്ടാണ് ടണലിനടുത്തേക്ക് പോയത്. മുൻപ് വന്നപ്പോഴെല്ലാം വെള്ളം നിറഞ്ഞൊഴുകിയിരുന്നതുകൊണ്ട് ടണലിനുള്ളിലേക്ക് ഇറങ്ങാൻ പറ്റിയിരുന്നില്ല എന്നാൽ ഇത്തവണ തീരെ വെള്ളമില്ലാതെ അഞ്ചുരുളിയെ കണ്ടു. ടണലിനടുത്തുള്ള കച്ചവടക്കാരൻ അഞ്ചുരുളിയുടെ കഥയും ചരിത്രവുമെല്ലാം പറയുന്നുണ്ട്. കടയ്ക്കു പിന്നിലായി സ്ഥാപിച്ചിരുന്ന ബോർഡിലെ വിവരങ്ങളാണ് കൂടുതലും പറയുന്നത്. 1974–ലാണ് ഈ ടണൽ നിർമിക്കുന്നത്. രണ്ടായിരം അടിക്കു മുകളിൽ ഉയരമുള്ള കല്യണത്തണ്ട് മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്ത് അഞ്ച് കിലോമീറ്റർ നീളത്തിലും ഇരുപത്തി നാല് അടി വ്യാസത്തിലുമാണ് ഈ തുരങ്കം നിർമിച്ചിരിക്കുന്നത്. ഇരട്ടയാറിൽനിന്നും അഞ്ചുരുളിയിലെ ഇടുക്കി ജലാശയത്തിലേക്കു വെള്ളമെത്തിക്കാനായാണ് ഈ തുരങ്കം നിർമിക്കുന്നത്. അഞ്ചുരളി എന്ന ഈ സ്ഥലത്തിനു പേരു വന്ന കഥയും രസകരമാണ്. അഞ്ചുരുളി റിസർവോയറിനുള്ളിൽ അഞ്ചു മലകൾ നിരനിരയായി നിന്നിരുന്നത് ഉരുളി കമഴ്ത്തിയതു പോലെ കണ്ടിരുന്നു. അങ്ങനെയാണ് ഈ പേരു വന്നത്. ‘ഇയോബിന്റെ പുസ്തകം’ സിനിമയിലെ അലോഷി, അങ്കൂർ റാവുത്തർ (ഫഹദ് ഫാസിൽ, ജയസൂര്യ) ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിച്ചത് ഇവിടെയാണ്.
ടണലിന്റെ മുൻഭാഗത്തായി ഒരുപാട് ആളുകൾ എത്തുന്നുണ്ട്. വേനലായതുകൊണ്ട് തുരങ്കത്തിനുള്ളിൽ കയറാം. ഉള്ളിലേക്ക് കയറിയാൽ താഴ്ഭാഗത്തായി വെള്ളം ഒഴുകുന്നുണ്ട്. അതിലൂടെ വേണം ഉള്ളിലേക്കു നടക്കാൻ. ടണലിനുള്ളിലേക്കു നടക്കുമ്പോൾ ഇരുട്ട് കൂടിവരുന്നുണ്ട് തുരങ്കമുഖവും അതിനു മുന്നിലായി നിൽക്കുന്ന ആളുകളും ചെറുതായി ചെറുതായി വരുന്നു. ഏകദേശം അഞ്ഞൂറു മീറ്ററോളം ഞങ്ങൾ ഉള്ളിലേക്കു പോയി കൂടുതൽ ദൂരം പോയാൽ ശ്വാസം കിട്ടാതെ വരുമോ എന്ന ഭയമുള്ളത് കൊണ്ട് കുറച്ചു നേരം അവിടെ നിന്നു. മുൻപ് പലരും ഈ തുരങ്കത്തിലൂടെ ഇരട്ടയാറിൽ കടക്കാൻ നോക്കിയിട്ട് അപകടത്തിൽ പെട്ടിട്ടുണ്ടെന്ന് കടക്കാരൻ ചേട്ടൻ ആദ്യമേ പറഞ്ഞിരുന്നു. ഈ ടണലിന്റെ നിർമ്മാണ സമയത്ത് ഇരുപത്തിരണ്ടുപേര് അപകടത്തിൽ മരണപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ സാഹസങ്ങൾക്കു ഒരുങ്ങരുത്. തുരങ്കത്തിനുള്ളില്‍ കുറച്ചു നേരം ചെലവിട്ട് ഞങ്ങൾ വീട്ടിലേക്കു തിരിച്ചു.
വാഗമൺ ഏലപ്പാറ വഴിയാണ് തിരികെ വന്നത് ഇരുട്ടു വീണ വാഗമണ്ണിലെ കാഴ്ചകളും കണ്ട് വീട്ടിലേക്കു മടങ്ങി.