മാക്രിമടയിലെ മനോഹര സന്ധ്യകൾ, ഫൊട്ടോഗ്രാഫർമാരുടെ സ്വപ്നഭൂമി
Mail This Article
വൈകുന്നേരങ്ങളിൽ അൽപം കാറ്റു കൊണ്ടിരിക്കാം. സൂര്യാസ്തമയത്തിന്റെ ഭംഗിയും കാണാം. ആലപ്പുഴയിലെ മാക്രിമടയിലേക്കു വരിക. വലിയ ചെലവില്ലാതെ എത്തിച്ചേരാം ഇവിടെ. മാവേലിക്കര തഴക്കര പഞ്ചായത്തിൽ കല്ലുമല ആക്കനാട്ടുകരയ്ക്കു സമീപമാണു മാക്രിമട. ആക്കനാട്ടുകരയെയും അറുന്നൂറ്റിമംഗലത്തേയും ബന്ധിപ്പിക്കുന്ന മാക്രിമട ബണ്ട് റോഡിന്റെ വശങ്ങളിൽ വിശാലമായ തഴക്കര പാടശേഖരമാണ്. അക്കനാട്ടുകരയിൽ ബണ്ട് റോഡ് ആരംഭിക്കുന്നിടത്തും അവസാനിക്കുന്നിടത്തും ചെറിയ കടകളുണ്ട്. കുട്ടികൾക്കൊപ്പം വൈകുന്നേരങ്ങളിലെത്തി വിശ്രമിക്കാനും ഫോട്ടോ എടുക്കാനുമൊക്കെ യോജിച്ച സ്ഥലം. പാടശേഖരത്തിനു നടുവിലൂടെ ഒഴുകുന്ന തോടും പച്ചപ്പുമൊക്കെ കുളിർമ നൽകുന്ന കാഴ്ചകളാണ്.
റോഡിന്റെ വശങ്ങളിൽ തണൽമരങ്ങളും പൂച്ചെടികളും നട്ടാൽ ഇവിടം കൂടുതൽ ആകർഷകമാക്കാം. തോട്ടിലൂടെ പെഡൽ ബോട്ട് സവാരിക്കും സാധ്യതയുണ്ട്. ഫോട്ടോ ഷൂട്ടിനായി വിവാഹ സംഘങ്ങളും ഇവിടെ എത്തുന്നു.
മാക്രിമടയിൽ എത്താൻ
മാവേലിക്കര ബുദ്ധ ജംക്‌ഷൻ–കല്ലുമല തെക്കേമുക്ക് റോഡിൽ 2 കിലോമീറ്ററോളം സഞ്ചരിച്ചു ബിഷപ് മൂർ കോളജ് ജംക്‌ഷനിൽ നിന്നു 400 മീറ്റർ മുന്നോട്ടു പോയി ഇടത്തോട്ട് കല്ലുമല കാർഷിക സഹകരണ ബാങ്കിലേക്കുള്ള വഴിയിൽ ഒന്നര കിലോമീറ്ററോളം സഞ്ചരിച്ചാൽ മാക്രിമടയിലെത്താം. മാവേലിക്കര പന്തളം റോഡിൽ ഇറവങ്കര ജംക്‌ഷനിൽ നിന്നു തെക്കോട്ടു മൂലയിൽ പള്ളി റോഡിൽ 2 കിലോമീറ്ററോളം സഞ്ചരിച്ചു മുപ്പത്തിമുക്ക് ജംക്‌ഷനിൽ നിന്നു പടിഞ്ഞാറോട്ട് ഒരു കിലോമീറ്റർ സഞ്ചരിച്ചാലും എത്താം.