'ഇങ്ങനെയൊരു കാഴ്ച ഇപ്പോള്‍ കാണാന്‍ പറ്റിയാല്‍ നന്നായിരുന്നു'; ചിത്രം പങ്കിട്ട് മാളവിക മോഹനന്‍

malavika-mohanan
Image Source: Instagram-Malavika Mohanan
SHARE

ഇടയ്ക്കിടെ യാത്രകള്‍ ചെയ്യുക മാത്രമല്ല, അവയുടെ ഏറ്റവും മനോഹരമായ ചിത്രങ്ങള്‍ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാനും നടി മാളവിക മോഹന്‍ മറക്കാറില്ല. പ്രകൃതിരമണീയമായ ഒട്ടേറെ ഇടങ്ങളിലേക്ക് നടത്തിയ യാത്രകളുടെ ചിത്രങ്ങള്‍ മാളവികയുടെ സോഷ്യല്‍ മീഡിയയില്‍ കാണാം. രണ്ടുകൊല്ലം മുന്നേ നടത്തിയ പോര്‍ച്ചുഗല്‍ യാത്രയുടെ ഓര്‍മച്ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ മാളവിക പങ്കുവച്ചതിലും ഈയൊരു മാജിക് ടച്ച് കാണാം.

സുന്ദരമായ പാറക്കെട്ടുകളുടെ പശ്ചാത്തലത്തില്‍, കറുത്ത ഫ്രോക്കണിഞ്ഞു നില്‍ക്കുന്ന മാളവികയെ ഈ ചിത്രങ്ങളില്‍ കാണാം.”ഇത്തരമൊരു കാഴ്ച ഇപ്പോള്‍ കാണാന്‍ പറ്റിയാല്‍ നന്നായിരുന്നു” എന്നാണ് മാളവിക ഇതിന് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. പോര്‍ച്ചുഗലിലെ മദീറയില്‍ നിന്നുള്ള ചിത്രങ്ങള്‍ മുന്നേ പോസ്റ്റ്‌ ചെയ്തിരുന്നു. 

കാനറി ദ്വീപുകൾക്ക് 400 കിലോമീറ്റര്‍ വടക്കും മൊറോക്കോയ്ക്ക് 520 കിലോമീറ്റര്‍ പടിഞ്ഞാറും മാറിയുള്ള മക്രോണേഷ്യ പ്രദേശത്ത് വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപസമൂഹമാണിത്. യൂറോപ്യൻ യൂണിയന്‍റെ ഒരു അവിഭാജ്യഘടകമായ മദീറയില്‍ എല്ലാ വർഷവും ഏകദേശം 1.4 ദശലക്ഷം വിനോദസഞ്ചാരികൾ എത്തുന്നു എന്നാണ് കണക്ക്, ഇവിടുത്തെ ആകെ ജനസംഖ്യയുടെ ഏകദേശം അഞ്ചിരട്ടിയോളം വരുമിത്‌.

ഒന്‍പതു കിലോമീറ്ററോളം നീളമുള്ള ബീച്ചും മനോഹരമായ കാലാവസ്ഥയുമുള്ള പോർട്ടോ സാന്റോ ദ്വീപാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം. ജർമ്മൻ, ബ്രിട്ടീഷ്, സ്കാൻഡിനേവിയൻ, പോർച്ചുഗീസ് വിനോദസഞ്ചാരികളാണ് കൂടുതലും ഇവിടേക്കെത്തുന്നത്. തിമിംഗല നിരീക്ഷണമാണ് ഇവിടെ ഏറ്റവും ജനപ്രിയമായ ഒരു വിനോദം. കൂടാതെ വിവിധ ഇനങ്ങളിലുള്ള ഡോള്‍ഫിനുകളെയും ഇവിടെ കാണാം.

മധ്യകാല കോട്ടകളും പഴയ ഗ്രാമങ്ങളും സ്വര്‍ണ്ണമണല്‍ വിരിച്ച ബീച്ചുകളുമുള്ള പോര്‍ച്ചുഗല്‍ ലോകസഞ്ചാരികളുടെ പറുദീസയാണ്. നൈറ്റ് ലൈഫിന് പേരുകേട്ട ലിസ്ബണും യൂറോപ്പിലെ ഏറ്റവും പഴക്കമേറിയ വൈൻ പ്രദേശമായ ഡൗറോ വാലിയും ചരിത്രപ്രസിദ്ധമായ ഒബിഡോസ് നഗരവും പോർച്ചുഗലിലെ ഏറ്റവും ഉയരം കൂടിയ പർവതനിരയായ സെറ ഡ എസ്ട്രേലയുമെല്ലാം ലക്ഷക്കണക്കിന്‌ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള വേനല്‍ക്കാലമാണ് പോർച്ചുഗൽ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയമായി പറയുന്നത്. നവംബർ മുതൽ മാർച്ച് വരെയുള്ള മഞ്ഞുകാലത്ത് പൊതുവേ ടൂറിസ്റ്റുകള്‍ക്കുള്ള നിരക്കുകള്‍ കുറവായിരിക്കും.

English Summary: Malavika Mohanan shares throwback picture from Portugal

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS