ഈഫല്‍ ടവറിനേക്കാളും പൊക്കം; ഇത് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ മേല്‍പാലം
Mail This Article
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ മേല്‍പാല നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ് ഇന്ത്യന്‍ റെയില്‍വേ. ജമ്മു കശ്മീരിലെ ചെനാബ് നദിക്കു കുറുകെ നിര്‍മിക്കുന്ന പാലത്തിന് ഈഫല്‍ ടവറിനേക്കാളും 35 മീറ്റര്‍ ഉയരം കൂടുതലുണ്ടാവും. നദീതടത്തില്‍ നിന്നും 359 മീറ്റര്‍ ഉയരത്തിലുള്ള ഈ പാലം യാഥാര്‍ഥ്യമാവുന്നതോടെ ഏതുകാലത്തും കശ്മീരിലേക്ക് റെയില്‍മാര്‍ഗം എത്തിച്ചേരാന്‍ സഞ്ചാരികള്‍ക്ക് സാധിക്കും. കശ്മീര്‍ താഴ്‌വരയെ ജമ്മുവുമായി ബന്ധിപ്പിക്കുന്ന ഉദംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക്(UBSRL) പദ്ധതിയുടെ ഭാഗമായാണ് ചെനാബ് നദിക്കു കുറുകേ ഈ ഉരുക്കുപാലം ഉയരുന്നത്. ഇത് യാഥാര്‍ഥ്യമാവുന്നതോടെ കൂടുതല്‍ സഞ്ചാരികള്‍ക്ക് കശ്മീര്‍ താഴ്‌വരയുടെ സൗന്ദര്യം എളുപ്പം ആസ്വദിക്കാനാവും. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഈ റെയില്‍വേ പാലത്തിന്റെ നിര്‍മാണം ഈ വര്‍ഷം ഡിസംബറിലോ അടുത്തവര്‍ഷം ജനുവരിയിലോ ആണ് പൂര്‍ത്തിയാവുക. നിലവില്‍ കശ്മീര്‍ താഴ്‌വരയെ ജമ്മു അടങ്ങുന്ന ഇന്ത്യയിലെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന യാത്രാ മാര്‍ഗം ദേശീയപാത 44 ആണ്.
ഉയരത്തിലൊരു പാലം
ഈഫല്‍ ടവറിനെക്കാൾ 35 മീറ്ററും കുത്തബ് മിനാറിനെക്കാൾ 287 മീറ്ററും ഉയരക്കൂടുതൽ ഈ പാലത്തിനുണ്ട്. ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലം ഇതുവരെ ചൈനയിലെ ബെയ്പാൻജിയാങ് നദിക്കു കുറുകെയുള്ള 275 മീറ്റർ ഉയരമുള്ള പാലമായിരുന്നു. ഇതിനെക്കാൾ 84 മീറ്റർ ഉയരത്തിലാണ് ചെനാബ് റെയിൽപ്പാലം.
ഏകദേശം 30,350 മെട്രിക് ടൺ ഉരുക്ക് 1315 മീറ്റർ നീളമുള്ള പാലത്തിന്റെ നിർമാണത്തിനായി ഉപയോഗിച്ചു. ഇതിന്റെ ആർച്ചിനു തന്നെ 10,620 മെട്രിക് ടൺ ഉരുക്കു വേണ്ടിവന്നു. 10 ഡിഗ്രി സെൽഷ്യസ് മുതൽ മൈനസ് 40 ഡിഗ്രി വരെയുള്ള വിവിധ താപനിലകൾ ചെറുക്കാൻ പാകത്തിലുള്ളതാണു പാലം. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ പോകുന്ന ട്രെയിനുകൾ ഉൾക്കൊള്ളാൻ പാലത്തിനു കഴിയും.120 വർഷമാണ് പാലത്തിന്റെ ആയുസ്സ്. 2004ലാണ് പാലത്തിന്റെ നിർമാണം തുടങ്ങിയത്.
യു.എസ്.ബി.ആര്‍.എല്‍ പദ്ധതിയില്‍ 13 കിലോമീറ്റര്‍ ദൂരത്തില്‍ മാത്രം 38 തുരങ്കങ്ങളും 931 പാലങ്ങളുമാണ് റെയില്‍വേ നിര്‍മിക്കുന്നത്. ആകെ 272 കിലോമീറ്റര്‍ നീളത്തിലുള്ള ഈ പദ്ധതിയുടെ ഭാഗമായ ചെനാബ് നദിയിലെ ഉരുക്കു പാലത്തിന് മാത്രം 1.3 കിലോമീറ്റര്‍ നീളമുണ്ട്. ചെനാബ് നദിയുടെ ഇരുകരയിലുമുള്ള ബക്കല്‍, കൗരി ഗ്രാമങ്ങളെയാണ് പാലം ബന്ധിപ്പിക്കുന്നത്. മണിക്കൂറില്‍ 266 കിലോമീറ്റര്‍ വേഗത്തിൽ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനേയും അതിജീവിക്കാന്‍ പാലത്തിനാവും. 120 വര്‍ഷം ആയുസ് കണക്കാക്കുന്ന ഉരുക്കുകൊണ്ടാണ് പാലം നിര്‍മിക്കുന്നത്. ഈ പാലത്തിന് മുകളിലൂടെ പരമാവധി മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ വരെ സഞ്ചരിക്കാന്‍ ട്രെയിനുകള്‍ക്ക് സാധിക്കും.
കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് എത്തിയിരുന്നു. അന്ന് ബദ്ഗൗണില്‍ ഒരു വന്ദേ ഭാരത് ട്രെയിനുകളുടെ അറ്റകുറ്റപണികള്‍ ചെയ്യാനുള്ള കേന്ദ്രം നിര്‍മിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. ജമ്മുവിനേയും ശ്രീനഗറിനേയും ബന്ധിപ്പിക്കുന്ന വന്ദേ മെട്രോ ആരംഭിക്കാനും റെയില്‍വേക്ക് പദ്ധതിയുണ്ട്. 1,400 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഈ പാലം നിര്‍മിക്കാനായി 28,000 ടണ്‍ ഉരുക്ക് വേണ്ടി വരും.
English Summary: All You Need To Know About World’s Highest Railway Bridge In India