കൊട്ടിയൂർ ഉത്സവം ; ആഴ്ചയിൽ രണ്ടു ദിവസം തീർഥാടന യാത്രയുമായി കണ്ണൂർ കെഎസ്ആർടിസി
Mail This Article
കൊട്ടിയൂർ ഉത്സവത്തോടനുബന്ധിച്ച് പ്രത്യേക തീർഥാടനയാത്രയുമായി കണ്ണൂർ കെഎസ്ആർടിസി. ആഴ്ചയിൽ രണ്ടു ദിവസം ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് ഈ യാത്ര. കൊട്ടിയൂർ ക്ഷേത്രത്തിലേക്കു ദിവസേനയുള്ള യാത്രയ്ക്കു പുറമേയാണ് ഈ സൗകര്യം. ശനിയും ഞായറുമാണ് ഈ സൗകര്യം, ജൂൺ 10 നാണ് ഈ യാത്ര ആരംഭിക്കുന്നത്. വൈശാഖോത്സവം അവസാനിക്കുന്ന ജൂൺ 28 വരെ തുടരും.
Read Also : നീലാചല്‍ കുന്നിനു മുകളിലെ അമ്പുബാച്ചി മേള; വടക്കു കിഴക്കിന്റെ കുംഭമേള
രാവിലെ കണ്ണൂരിൽ നിന്നു 6 ന് പുറപ്പെട്ട് ഇരിക്കൂർ മാമാനത്ത് ക്ഷേത്രം, മൃദംഗ ശൈലേശ്വരി ക്ഷേത്രം, പുരളിമല (ഉച്ചഭക്ഷണം – അവിടുത്തെ ക്ഷേത്രത്തിൽ നിന്നുള്ള പ്രസാദം), ഉച്ചഭക്ഷണത്തിനു ശേഷം 2 മണിക്കു കൊട്ടിയൂർ എത്തും. കൊട്ടിയൂരും മറ്റ് ക്ഷേത്രങ്ങളും സന്ദർശിച്ച് വൈകിട്ട് 7.30യോടെ തിരികെ കണ്ണൂരെത്തും വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. സൂപ്പർ എക്സ്പ്രസ് സെമി സ്ലീപ്പർ ബസിലെ യാത്രയ്ക്ക് ഒരാൾക്ക് 630 രൂപയാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും, 9496131288, 8089463675
വടക്കേ മലബാറിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളാണ് കൊട്ടിയൂർ ശിവക്ഷേത്രങ്ങൾ. ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ. ദക്ഷിണകാശി എന്നാണ് ഇവിടം അറിയപ്പെടുന്നത്. സതീദേവിയുടെ പിതാവ് ദക്ഷൻ നടത്തുന്ന യാഗത്തിലേക്ക് ക്ഷണിക്കാതെ ചെന്ന് അപമാനിതയായ ശിവ പത്നി സതീദേവി ഹോമകുണ്ഡത്തിൽ ചാടി ദേഹത്യാഗം ചെയ്തയിടം. കൊട്ടിയൂരിൽ രണ്ട് ആരാധനാസ്ഥലങ്ങളാണുള്ളത്. ഇക്കരകൊട്ടിയൂരും അക്കരെ കൊട്ടിയൂരും. ഇക്കരകൊട്ടിയൂരിൽ ക്ഷേത്രമുണ്ട്. തുരുവഞ്ചിറ എന്ന ജലാശയത്തിലുള്ള രണ്ടു ശിലകളാണ് മൂലസ്ഥാനം. സ്വയംഭൂലിംഗവും അമ്മാരക്കല്ലും എന്നിങ്ങനെയാണവ. ഇടവത്തിലെ ചോതി മുതൽ മിഥുനത്തിലെ ചോതി വരെ മാത്രമേ അക്കരെ കൊട്ടിയൂരിൽ പൂജയുള്ളൂ. ഈ സമയത്ത് താൽകാലിക ഷെഡുകൾ കെട്ടി ക്ഷേത്രമായി സങ്കൽപിക്കുന്നു. ഉത്സവം കഴിഞ്ഞാൽ ഈ പ്രദേശം കാടുമൂടും. ബാക്കി 11 മാസം ഇക്കരെ കൊട്ടിയൂരിലാണ് മഹാദേവ സാന്നിധ്യം എന്നാണ് വിശ്വാസം. മേടമാസത്തിലെ വിശാഖം നാളിൽ നടക്കുന്ന പ്രക്കൂഴം എന്ന ചടങ്ങോടെയാണ് വൈശാഖ മഹോത്സവം തുടങ്ങുന്നത്. ഈ വർഷത്തെ ഉത്സവം മേയ് 27 ന് ആരംഭിച്ചു.
Content Summary : About the KSRTC budget trip for pilgrims to Kottiyoor temple.