ADVERTISEMENT

ആഴക്കടലില്‍ ടൈറ്റാനിക് സന്ദര്‍ശിക്കാന്‍ പോയ ടൈറ്റന്‍ സമുദ്ര പേടകം അപ്രത്യക്ഷമായ സംഭവത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. അഞ്ചു പേരടങ്ങുന്ന സംഘമാണ് കാണാതായ ടൈറ്റന്‍ സമുദ്ര പേടകത്തിലുള്ളത്. ടൈറ്റനില്‍ മതിയായ സുരക്ഷാ സൗകര്യങ്ങളില്ലായിരുന്നുവെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. 2022ല്‍ സി.ബി.എസ് ചാനലിന്റെ വാര്‍ത്തയില്‍ ഡേവിഡ് പോഗ് എന്ന റിപ്പോര്‍ട്ടറും 2018ല്‍ മരീന്‍ ടെക്‌നോളജി സൊസൈറ്റിയുമാണ് ടൈറ്റന്റെ യാത്രകളുടെ സുരക്ഷയിലുള്ള ആശങ്കകള്‍ പങ്കുവെച്ചിരുന്നത്. 

 

സമുദ്ര നിരപ്പില്‍ നിന്നും 3,800 മീറ്റര്‍(12,500 അടി) ആഴത്തില്‍ കടലിന്റെ അടിത്തട്ടിലാണ് ടൈറ്റാനിക്കിന്റെ ഭാഗങ്ങള്‍ കിടക്കുന്നത്. നമ്മള്‍ അനുഭവിക്കുന്ന മര്‍ദത്തിന്റെ 390 ഇരട്ടിയാണ് ഈ സമുദ്രത്തിന്റെ അടിഭാഗത്തെ മര്‍ദം. അതുകൊണ്ടാണ് ടൈറ്റന് കാര്‍ബണ്‍ ഫൈബര്‍ കൊണ്ടു നിര്‍മിച്ച അഞ്ച് ഇഞ്ച് കട്ടിയുള്ള പുറംചട്ടയുള്ളത്. പരമാവധി 4,000 മീറ്റര്‍(13,123 അടി) ആഴത്തില്‍ പോവാനാണ് ടൈറ്റന് സാധിക്കുക. സാധ്യമായതിന്റെ ഏതാണ്ട് പരമാവധിയോളം പോവുന്ന യാത്രയാണ് ഈ സമുദ്ര പേടകം നടത്തുന്നത്. 

 

മുങ്ങിക്കപ്പലല്ല ടൈറ്റന്‍

 

ടൈറ്റനെക്കുറിച്ച് ആദ്യം മനസിലാക്കേണ്ട വിവരങ്ങളിലൊന്ന് അതൊരു മുങ്ങിക്കപ്പലല്ലെന്നും സമുദ്ര പേടകമാണെന്നുമാണ്. ടൈറ്റന് കടലിന് അടിയിലേക്ക് ഊളിയിട്ട് പോവാനും തിരിച്ച് പൊങ്ങിവരാനും സാധിക്കും. എന്നാല്‍ സ്വയം ഏതെങ്കിലും തുറമുഖത്തിലേക്കോ മറ്റോ സഞ്ചരിക്കാന്‍ ഇതിന് സാധിക്കില്ല. ഒരു മാതൃകപ്പലിന്റെ സഹായത്തിലാണ് എപ്പോഴും ടൈറ്റന്‍ പ്രവര്‍ത്തിക്കുക. അകത്തു നിന്നും തുറക്കാനാവാത്ത 17 പൂട്ടുകളിട്ടാണ് ടൈറ്റനിലേക്ക് വെളളം കയറാതെ പൂട്ടിയിരിക്കുന്നത്. ചില്ലു ജാലകം വഴിയാണ് യാത്രികര്‍ കടലിലെ കാഴ്ച്ചകള്‍ ആസ്വദിക്കുന്നത്. 

 

കടലിനടിയില്‍ ടൈറ്റാനിക് കിടക്കുന്ന ഉത്തര അറ്റ്‌ലാന്റിക് ഭാഗത്തേക്ക് പോളാര്‍ പ്രിന്‍സ് എന്ന കപ്പലാണ് ടൈറ്റനെ എത്തിച്ചത്. ഇവിടെ നിന്നും നാദിര്‍ എന്ന ചങ്ങാടത്തില്‍ നിന്നാണ് കടലിനടിയിലേക്ക് ഞായറാഴ്ച്ച(ഇന്ത്യന്‍ സമയം ഉച്ചക്ക് 01.30ന്) ടൈറ്റന്‍ ഊളിയിട്ടത്. ടൈറ്റന്റെ മാതൃ കപ്പലുമായുള്ള ബന്ധം ഒന്നേ മുക്കാല്‍ മണിക്കൂറുകള്‍ക്കു ശേഷം നഷ്ടപ്പെടുകയായിരുന്നു. ഓരോ 15 മിനുറ്റിലും പോളാര്‍ പ്രിന്‍സുമായി ബന്ധം പുതുക്കുന്ന രീതിയിലാണ് ടൈറ്റന്റെ ആശയവിനിമയ സംവിധാനം ക്രമീകരിച്ചിരുന്നത്. 

Read Also : 111 വർഷത്തിന് ശേഷം, ടൈറ്റാനിക് മുങ്ങിയിടത്ത് ടൈറ്റൻ; സബ്​മറൈനും സബ്​മെർസിബിളും എന്താണ്?...
 

ഏകദേശം മൂന്നു മണിക്കൂറിനുള്ളില്‍ കടലിനടിയില്‍ ടൈറ്റാനിക് കിടന്ന സ്ഥലത്തേക്ക് ടൈറ്റന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിരവധി മണിക്കൂറുകള്‍ സഞ്ചാരികള്‍ ഇവിടെ ചിലവിടും. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ അടുത്തു കാണാനാവുമെന്നും ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്താനാവുമെന്നുമാണ് സഞ്ചാരികള്‍ക്കുള്ള പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. പൈലറ്റ് ഉള്‍പ്പടെ അഞ്ചു പേര്‍ക്ക് സഞ്ചരിക്കാവുന്ന ടൈറ്റനില്‍ ഒരാള്‍ക്കുള്ള ടിക്കറ്റിന് ഏതാണ്ട് രണ്ടു കോടി രൂപ(2.50 ലക്ഷം ഡോളര്‍)യാണ് വിലയുള്ളത്. 

 

നേരത്തെയും ബന്ധം വേര്‍പെട്ടിരുന്നു

 

ടൈറ്റന്റെ മാതൃ കപ്പലുമായുള്ള വാര്‍ത്താ വിനിമയ ബന്ധം നേരത്തെയുള്ള യാത്രകളിലും നഷ്ടമായിട്ടുണ്ട്. കടലിനടിയില്‍ ജി.പി.എസ് പ്രവര്‍ത്തിക്കില്ല. അതുകൊണ്ട് ടെക്സ്റ്റ് മെസേജുകള്‍ ഓരോ 15 മിനുറ്റിലും മാതൃ കപ്പലിലേക്ക് അയച്ചാണ് ടൈറ്റന്‍ ബന്ധം നിലനിര്‍ത്തുന്നത്. 2022ല്‍ സിബിഎസ് റിപ്പോര്‍ട്ടര്‍ ഡേവിഡ് പോഗുമായി ആഴക്കടലിലേക്ക് നടത്തിയ യാത്രക്കിടയിലും വാര്‍ത്താവിനിമയ ബന്ധം നഷ്ടമായിരുന്നു. അന്ന് രണ്ടര മണിക്കൂറാണ് ബന്ധം നഷ്ടമായത്. 

 

മാത്രമല്ല അന്നത്തെ ആഴങ്ങളിലേക്കുള്ള മുങ്ങലുകളില്‍ ഒരിക്കല്‍ പോലും ടൈറ്റാനിക്കിന് അടുത്തേക്കെത്താന്‍ ടൈറ്റന് സാധിച്ചിരുന്നില്ല.  എത്രമാത്രം അപകടം നിറഞ്ഞതാണ് ഈ സമുദ്രയാത്രയെന്നതിന്റെ ഒരു സൂചനയായിരുന്നു അത്. ഡേവിഡ് പോഗിന് മാത്രമല്ല നേരത്തെ ടൈറ്റനില്‍ യാത്ര പോയ മൈക് റെയിസ് എന്ന ടി.വി കോമഡി എഴുത്തുകാരനും സമാനമായ അനുഭവമുണ്ടായി. 

 

പേടിപ്പിക്കുന്ന സമ്മതപത്രം 

 

ടൈറ്റനിലുള്ള ഓരോ യാത്രക്കും മുമ്പ് ഓഷ്യന്‍ ഗേറ്റ് യാത്രികരെ ഒരു സമ്മതപത്രത്തില്‍ ഒപ്പിടീക്കുക പതിവുണ്ട്. ഇതു വായിക്കുമ്പോള്‍ തന്നെ പേടിക്കുമെന്നാണ് ഡേവിഡ് പോഗ് പറയുന്നത്. 'ഏതെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളോ റെഗുലേറ്ററി ബോഡിയോ അനുമതി നല്‍കിയിട്ടുള്ളതല്ല ഈ പരീക്ഷണ വാഹനം. ഈ യാത്രയുടെ ഭാഗമായി പരിക്കോ, മാനസിക പ്രശ്‌നങ്ങളോ മരണം വരെയോ സംഭവിക്കാന്‍ സാധ്യതയുണ്ട്' എന്നാണ് ഓഷ്യന്‍ഗേറ്റിന്റെ യാത്രക്കു മുമ്പുള്ള സമ്മതപത്രത്തില്‍ പറയുന്നത്. 

 

മരീന്‍ ടെക്‌നോളജി സൊസൈറ്റിയും ഇതേ പ്രശ്‌നം ചൂണ്ടിക്കാണിച്ചാണ് ഓഷ്യന്‍ഗേറ്റ് സി.ഇ.ഒക്ക് വര്‍ഷങ്ങള്‍ക്കു മുമ്പ് കത്തെഴുതിയത്. അറുപത് വര്‍ഷത്തോളമായി സമുദ്ര പര്യവേഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെ കൂട്ടായ്മയാണിത്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്ന സമുദ്രത്തിന്റെ അടിത്തട്ടിലേക്കുള്ള ടൈറ്റന്റെ യാത്രകളില്‍ ആശങ്കയുണ്ടെന്നു തന്നെയാണ് ഇവര്‍ പറഞ്ഞിരുന്നതെന്നാണ് ടൈംസ് റിപ്പോര്‍ട്ടു ചെയ്തത്. ഇത്തരം നിലവാരങ്ങളേക്കാളും ഉയരത്തിലാണ് ടൈറ്റന്‍ എന്ന പ്രചാരണമാണ് ഓഷ്യന്‍ഗേറ്റ് നടത്തിയിരുന്നത്. 

 

ഒരു പ്ലാന്‍ ബിയില്ല

 

ടൈറ്റന്റെ കാര്യത്തിലെ പ്രധാന ആശങ്കയായി പോഗ് അടക്കമുള്ളവര്‍ ഉയര്‍ത്തിക്കാണിച്ചത് രക്ഷപ്പെടാന്‍ മറ്റൊരു മാര്‍ഗമില്ലെന്നതാണ്. കടലില്‍ ഏതെങ്കിലും ഭാഗത്ത് കുടുങ്ങി പോവുകയോ ചോര്‍ച്ച സംഭവിക്കുകയോ ചെയ്താല്‍ ടൈറ്റന്‍ എന്ന സമുദ്രപേടകത്തിന് രക്ഷപ്പെടാന്‍ മറ്റു മാര്‍ഗങ്ങളില്ല. അമേരിക്കന്‍ നാവിക സേന പോലും മുങ്ങിക്കപ്പലുപയോഗിച്ച് പരമാവധി 2000 അടി വരെ മാത്രമാണ് രക്ഷാപ്രവര്‍ത്തനം നടത്താറ്. അതുകൊണ്ടൊക്കെയാണ് 12,500 അടി ആഴത്തില്‍ കിടക്കുന്ന ടൈറ്റാനിക്കിനേ തേടി പോയ ടൈറ്റനെ കണ്ടെത്തുകയെന്നത് നിരവധി വെല്ലുവിളികളുള്ള ലക്ഷ്യമായി മാറുന്നത്.

 

Content Summary : Oceangates Titan, everything you needed to know.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com