ADVERTISEMENT

വിനോദസഞ്ചാരമേഖലയിലേയ്ക്ക് ശക്തമായി തിരിച്ചുവരാനൊരുങ്ങുകയാണ് ഹിമാചൽ പ്രദേശ്. മഴ കുറഞ്ഞതോടെ സഞ്ചാരികളെ വീണ്ടും വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ആകർഷിക്കുന്നതിനായി ഹിമാചൽ ടൂറിസം കോർപ്പറേഷൻ നിരവധി ഓഫറുകളാണ് മുന്നോട്ടുവയ്ക്കുന്നത്.ഹോട്ടല്‍ റൂം നിരക്കില്‍ വന്‍ ഇളവാണ് ഹിമാചല്‍ പ്രദേശ് ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മഴക്കെടുതികള്‍ ബാധിക്കാത്ത സംസ്ഥാനത്തെ ടൂറിസ്റ്റ് പ്രദേശങ്ങളിലെ ഹോട്ടൽ മുറികള്‍ക്ക്‌ 20 - 50 ശതമാനം വരെ ഇളവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വിനോദസഞ്ചാരികള്‍ കനത്ത മഴയും അതിനുപിന്നാലെ ഉണ്ടായ മണ്ണിടിച്ചിലും കാരണം സംസ്ഥാനം വിട്ടതിനെ തുടര്‍ന്നാണ് ഈ പ്രഖ്യാപനം. 

 

Image Credit : hp_tourism/twitter.com
Image Credit : hp_tourism/twitter.com

മഴക്കെടുതി കാരണം ഏകദേശം ഏഴുപതിനായിരത്തോളം വിനോദ സഞ്ചാരികളെ ഹിമാചലിലെ പല പ്രദേശങ്ങളിൽ നിന്നുമായി ഒഴിപ്പിക്കേണ്ടി വന്നിരുന്നു. എന്നാലിപ്പോൾ ദേശീയപാതകള്‍ ഉള്‍പ്പടെ തുറക്കുകയും സ്ഥിതിഗതികള്‍ മെച്ചപ്പെടുകയും ചെയ്ത സാഹചര്യത്തിൽ വീണ്ടും വിനോദ സഞ്ചാര പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഹിമാചൽ ടൂറിസം കോർപ്പറേഷൻ ആരംഭിച്ചു. എച്ച്.പി.ടി.ഡി.സി ഹോട്ടലുകളിലാണ് ഈ ഓഫർ ബാധകമാവുക. സെപ്റ്റംബര്‍ 15 വരെ ഓഫർ നിലനിൽക്കുമെന്നും ഔദ്യോഗിക അറിയിപ്പിലുണ്ട്. 

 

ഇത്തവണത്തെ മഴ ഏറ്റവും അധികം നാശം വിതച്ചത് ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രങ്ങളിൽക്കൂടിയായിരുന്നു. പ്രളയത്തില്‍ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായതു കുളു, മണാലി, ഷിംല തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ്. മഴയിലും മണ്ണിടിച്ചിലും കാരണം ദേശീയപാതകള്‍ ഉള്‍പ്പടെയുള്ള 250 ഓളം റോഡുകളും മഴയിലും മണ്ണിടിച്ചിലുമായി തകര്‍ന്നു.  ഏറെ ബുദ്ധിമുട്ടിയാണ് ലഹോളിലും മണാലിയിലുമൊക്കെ കുടുങ്ങി കിടന്നവരെ രക്ഷപ്പെടുത്തിയത്. ഇത്രയും  കിഴിവ് നൽകുന്നതിലൂടെ, സന്ദർശകരുടെ മൊത്തത്തിലുള്ള അനുഭവം ഉയർത്താനും മഴക്കാലത്ത് ഹോട്ടലുകളിൽ ഉയർന്ന താമസസൗകര്യം വളർത്താനുമാണ്   എച്ച്.പി.ടി.ഡി.സി (HPTDC) യുടെ ശ്രമമെന്നും ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. ജൂലൈ 7 നും 14 നും ഇടയിൽ പെയ്ത കനത്ത മഴയ്ക്ക് ശേഷം സംസ്ഥാനത്ത് വിനോദസഞ്ചാരികളുടെ എണ്ണം ഏതാണ്ട് പൂജ്യമായെന്ന് ടൂറിസം ഇൻഡസ്ട്രി സ്റ്റേക്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം കെ സേത്ത് പറഞ്ഞു, സ്ഥിതി അതിവേഗം മെച്ചപ്പെടുകയും റോഡുകൾ തുറക്കുകയും ചെയ്തതോടെ ഭാഗികമായെങ്കിലും സംസ്ഥാനത്തെ ടൂറിസം പ്രവർത്തനങ്ങൾ പുനർസ്ഥാപിക്കപ്പെട്ടുവരികയാണ്. വിനോദസഞ്ചാരത്തിലൂടെയാണ് സംസ്ഥാനത്തിന്റെ അധികവും വരുമാനം. കുളു, മണാലി അടക്കമുള്ള തിരക്കേറിയ വിനോദസഞ്ചാരമേഖലകളെ പ്രളയവും മൺസൂൺ മഴയും കാര്യമായി ബാധിച്ചുവെങ്കിലും വീണ്ടും സഞ്ചാരികൾക്കായി വാതിൽ തുറന്നിരിക്കുകയാണ് ഹിമാചൽപ്രദേശ്.

 

Content Summary : Himachal tourism corporation offering up to 20% discount on hotel room rent.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com