ADVERTISEMENT

വലിയ പണക്കാര്‍ക്കു മാത്രം സാധ്യമായതാണ് ക്രൂസ് കപ്പല്‍ യാത്രകളെന്ന പൊതു ധാരണയുണ്ട്. എന്നാല്‍ അങ്ങനെയല്ലെന്നാണ് ഫ്‌ളോറിഡ സ്വദേശി റയാന്‍ ഗഡ്റിഡ്ജിന്റെ അനുഭവം. 2021 മുതല്‍ റോയല്‍ കരീബിയന്റെ ക്രൂസ് കപ്പലില്‍ താമസിക്കുന്നുണ്ട് റയാന്‍. കരയില്‍ കഴിയുന്നതിനേക്കാള്‍ ചെലവു കുറവാണ് കടലിലെ ആഢംബരകപ്പലിലെ താമസമെന്നാണ് വര്‍ഷത്തില്‍ 300 ദിവസം കപ്പലില്‍ കഴിഞ്ഞ ഗട്ട്‌റിഡ്ജ് പറയുന്നത്. 

 

വിരമിക്കല്‍ ജീവിതം ആസ്വദിക്കുന്നവരാണ് ദീര്‍ഘകാല ക്രൂസ് കപ്പല്‍ യാത്രകളെ കൂടുതലും തെരഞ്ഞെടുക്കുന്നതെന്ന തോന്നലും തെറ്റാണെന്ന് ഗഡ്റിഡ്ജ് പറയുന്നു. വര്‍ക്ക് ഫ്രം ഹോമിനു പകരം വര്‍ക്ക് ഫ്രം ക്രൂസ് ഷിപ്പ് ചെയ്തുകൊണ്ടാണു ഗഡ്റിഡ്ജ് കടല്‍യാത്രയെ ആസ്വദിച്ചത്. ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന അദ്ദേഹം ക്ലൗഡ് സൊല്യൂഷന്‍ എന്‍ജിനീയറാണ്. കോവിഡിന്റെ തുടര്‍ച്ചയായി 2012 മുതലാണ് ഗഡ്റിഡ്ജിനു മുന്നില്‍ വര്‍ക്ക് ഫ്രം ഹോം ഒരു സ്ഥിരം സാധ്യതയായി മാറുന്നത്. 

Read Also : വീരപ്പന്‍റെ താവളം ഇനി ടൂറിസ്റ്റ് കേന്ദ്രം; സഞ്ചാരികള്‍ക്കു കാട്ടിലൂടെ സഫാരി...
 

കോവിഡിനെ തുടര്‍ന്നു ക്രൂസ് കപ്പലുകളുടെ യാത്രകളും തടസപ്പെട്ടിരുന്നു. വീണ്ടും ക്രൂസ് കപ്പലുകള്‍ യാത്ര തുടങ്ങിയപ്പോള്‍ 2021 സെപ്തംബറിലാണ് ഗഡ്റിഡ്ജ് ആദ്യമായി നാലു രാത്രി ദൈര്‍ഘ്യമുള്ള രണ്ടു ക്രൂസ് യാത്രകള്‍ ബുക്ക് ചെയ്യുന്നത്. ആദ്യ യാത്രകളില്‍ തന്നെ ആഢംബര കപ്പലിനെ ഇഷ്ടപ്പെട്ട ഗഡ്റിഡ്ജ് അവസരം ലഭിച്ചപ്പോള്‍ വര്‍ക്ക് ഫ്രം ഹോം വര്‍ക്ക് ഫ്രം ക്രൂസ് കപ്പലാക്കി മാറ്റുകയായിരുന്നു. 

 

സൗജന്യമായി വേഗതയേറിയ ഇന്റര്‍നെറ്റ് കൂടി ക്രൂസ് കപ്പലുകളില്‍ ലഭിച്ചു തുടങ്ങിയതോടെ തന്റെ യാത്രകളുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഒരു വര്‍ഷം 300 ദിവസം വരെ ക്രൂസ് കപ്പലില്‍ കഴിഞ്ഞ ശേഷമാണ് ചെലവുകള്‍ പരിശോധിച്ചത്. അപ്പാര്‍ട്ടുമെന്റിന്റെ വാടകയും ഭക്ഷണവുമെല്ലാം ചേര്‍ത്തുള്ള തുകയോട് തുല്യമായ തുകയാണ് ക്രൂസ് കപ്പലില്‍ ഗട്ട്‌റിഡ്ജിന് ചിലവായത്. ഇന്റര്‍നെറ്റിന്റെയും മറ്റു ബില്ലുകളുടേയും തുക കൂടി കണക്കിലെടുത്താല്‍ ലാഭം ക്രൂസ് കപ്പലാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഇന്റര്‍നെറ്റും മദ്യവും ഗഡ്റിഡ്ജ് സഞ്ചരിച്ച ക്രൂസ് കപ്പലില്‍ സൗജന്യമാണ്. 

 

ഡിജിറ്റല്‍ സംവിധാനം വഴിയുള്ള പണ ചെലവുകള്‍ സ്വയം രേഖപ്പെടുത്തുന്ന സംവിധാനം ഐടി വിദഗ്ധനായ ഗഡ്റിഡ്ജിനുണ്ട്. ഇതുവഴിയാണ് ഓരോ വര്‍ഷത്തേയും ചെലവുകള്‍ അദ്ദേഹം ചിട്ടപ്പെടുത്തുന്നതും അതിന് അനുസരിച്ച് ജീവിക്കുന്നതും. ഈ സംവിധാനവും ചെലവുകള്‍ എളുപ്പത്തില്‍ കണക്കുകൂട്ടി താരതമ്യം ചെയ്യാന്‍ ഗഡ്റിഡ്ജിനെ സഹായിച്ചു. 

 

രാവിലെയും വൈകുന്നേരവുമാണ് ജോലിയുടെ ഭാഗമായുള്ള മീറ്റിങുകളില്‍ ഗഡ്റിഡ്ജിന് പങ്കെടുക്കേണ്ടത്. ഉച്ചക്കും രാത്രികളിലും ക്രൂസ് യാത്ര സുഖമായി ആസ്വദിക്കാനും സാധിച്ചു. ഇതിനിടെ നിരവധി പേരെ കാണുകയും പരിചയപ്പെടുകയും ചെയ്തു. വീട്ടില്‍ ഇരുന്നു ജോലി ചെയ്യുമ്പോഴുള്ള ഏകാന്തത ക്രൂസ് കപ്പലിലില്ലെന്നാണ് ഗഡ്റിഡ്ജിന്റെ അനുഭവം. കുട്ടികളോ ഓമനമൃഗങ്ങളോ ഇല്ലാത്ത തന്നെ കൂടുതല്‍ മികച്ച സാമൂഹ്യജീവിയാക്കാനും ക്രൂസ് കപ്പല്‍ യാത്രകള്‍ സഹായിച്ചുവെന്നും ഗഡ്റിഡ്ജ് പറയുന്നു. 

 

Content Summary : Ryan Gutridge lives on cruise ship for 300 days, his bills are cheaper than renting.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com