തോണിയാത്രയിൽ ‘പാലോം പാലോം...’ പാട്ടിനൊപ്പം താളം പിടിച്ച് വിദേശ വനിതകൾ
Mail This Article
കടലുണ്ടിയിലെത്തുന്ന സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് തോണിയാത്ര. സ്വദേശികളായാലും വിദേശികളായാലും ഈ യാത്ര ആസ്വദിക്കും. സമൂഹ മാധ്യമങ്ങളിൽ ഇങ്ങനെയൊരു തോണിയാത്രയിൽ ‘പാലോം പാലോം...’ എന്ന പാട്ടിനൊപ്പം കൈകൊട്ടി പാടുന്ന വിദേശ വനിതകളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പല രാജ്യങ്ങളിൽ നിന്നായി കോട്ടയ്ക്കൽ ഗ്രീൻവിച് ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയവരായിരുന്നു ഈ ബോട്ടിലുണ്ടായിരുന്നതെന്നു കടലുണ്ടിയിൽ ബോട്ട്സർവീസ് നടത്തുന്ന ഷമ്ജിത്ത് മനോരമ ഓൺലൈനോടു പറഞ്ഞു. കോട്ടയ്ക്കലിൽ നിന്നും ഇവർക്കൊപ്പം എത്തിയ ഗൈഡാണ് ‘പാലോം പാലോം...പാട്ട് പാടുന്നത്. തോണിയാത്രയും സീഫുഡും ആസ്വദിച്ചാണ് സഞ്ചാരികൾ തിരിച്ചു നാടുകളിലേക്കു പറന്നത്.
കടലുണ്ടി, കമ്യൂണിറ്റി റിസർവ്
കോഴിക്കോട് യാത്രയിൽ സഞ്ചാരികൾ ഇടത്താവളമാക്കേണ്ട ഇടമാണു കടലുണ്ടി. ഇന്ത്യയിൽ ആദ്യമായി രൂപം കൊണ്ട കമ്യൂണിറ്റി റിസർവുകളിലൊന്നാണ് കടലുണ്ടിയിലേത്. ചുറ്റുമുള്ള താമസക്കാരുടെ സഹകരണത്തോടെ പ്രകൃതിയെ സംരക്ഷിക്കുവാനും അവർക്ക് പരിസ്ഥിതിയെ നോവിക്കാതെ ഉപജീവനം കഴിക്കാനും വിഭാവനം ചെയ്യപ്പെട്ടവയാണു കമ്യൂണിറ്റി റിസർവുകൾ. വനംവകുപ്പിന്റെ മേൽനോട്ടത്തിലാണ് പരിപാലനം. അഴിമുഖത്തിന്റെ ദൂരക്കാഴ്ചയിൽ വിവിധ തരം കണ്ടലുകളും അവയുടെ കായകളുടെ പ്രത്യേകതകളും സഞ്ചാരികൾക്ക് അടുത്ത് അറിയാൻ സാധിക്കും.
കടലുണ്ടി- വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ് രണ്ടു ജില്ലകളുടെ അതിർത്തിയിലാണ്. കടലുണ്ടി കോഴിക്കോടും, വള്ളിക്കുന്ന് മലപ്പുറത്തും. ഇവിടത്തുകാരും വനംവകുപ്പിലെ ഒരുദ്യോഗസ്ഥനും അടങ്ങുന്നതാണു കമ്യൂണിറ്റി റിസർവിന്റെ പരിപാലന കമ്മിറ്റി. ഒന്നര ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ കണ്ടലുകൾ മാത്രമല്ല. ഇടയിൽ മനുഷ്യവാസമുള്ള ദ്വീപുകളുമുണ്ട്. വലിയൊരാൽമരം പോലെ പടർന്നു കിടക്കുന്ന കണ്ടൽക്കാടിനുള്ളിലേക്ക് ചില ചെറു വഴികളുണ്ട്. ഒരു ചെറു പിച്ചാവരം മാതൃകയിലാണ് ഈ യാത്ര. മോട്ടോർ ബോട്ടുകൾക്കു പകരം തുഴയുന്ന പരമ്പരാഗത വള്ളങ്ങളാണെന്നു മാത്രം. അവയാണു പരിസ്ഥിതിക്കു ചേർന്നതും. എട്ടിനം കണ്ടലുകൾ ഇവിടെയുണ്ട്.
Content Summary : Kadalundi Island, popular tourist destination, known for its beautiful beaches, clear waters, and lush vegetation.