ശാന്തിനികേതന്‍, യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍

Mail This Article
ഇന്ത്യയുടെ അഭിമാനം ശാന്തിനികേതന്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍. ലോക പൈതൃക പദവി ലഭിക്കുന്ന ഇന്ത്യയിലെ 41 –ാം സ്ഥലമാണ് ശാന്തിനികേതന്‍. ഡാര്‍ജിലിംങ് ഹിമാലയന്‍ റെയില്‍വേയും സുന്ദര്‍ബന്‍ ദേശീയ പാര്‍ക്കും കഴിഞ്ഞാല്‍ ബംഗാളില്‍ പൈതൃക പട്ടികയില്‍ ഇടം പിടിക്കുന്ന മൂന്നാമത്തെ കേന്ദ്രമാണ് ശാന്തിനികേതന്‍. ലോകത്തിനു മുന്നില്‍ വ്യത്യസ്തമായ വിദ്യാലയ മാതൃക സമ്മാനിച്ച ശാന്തിനികേതനിലേക്കുള്ള യാത്രയും സഞ്ചാരികള്‍ക്ക് സവിശേഷ അനുഭവമായിരിക്കും.
കൊല്‍ക്കത്തയില്‍ നിന്നും 165 കിലോമീറ്റര്‍ അകലെയുള്ള ബിര്‍ബും ജില്ലയിലാണ് ശാന്തിനികേതന്‍ സ്ഥിതി ചെയ്യുന്നത്. രബീന്ദ്രനാഥ് ടാഗോറിന്റെ പിതാവ് ദേവേന്ദ്രനാഥ് ടാഗോറാണ് ശാന്തിനികേതന്‍ സ്ഥാപിക്കുന്നത്. ഇവിടുത്തെ ആശ്രമ അന്തരീക്ഷം നിലനിര്‍ത്തിക്കൊണ്ട് പിന്നീട് രവീന്ദ്രനാഥ് ടാഗോര്‍ ശാന്തിനികേതനെ വിദ്യാലയമാക്കി മാറ്റുകയായിരുന്നു. ടാഗോറിന് നോബല്‍ സമ്മാനം വഴി ലഭിച്ച തുക മുഴുവനായും അദ്ദേഹം ശാന്തിനികേതനില്‍ ചിലവാക്കി. 1921ല്‍ ഈ വിദ്യാലയം വിശ്വഭാരതി സര്‍വകലാശാലയായി വളര്‍ന്നു. ബ്രിട്ടീഷ് വിദ്യാഭ്യാസരീതികളോട് വിയോജിപ്പുണ്ടായിരുന്ന ടാഗോര്‍ മൂല്യാധിഷ്ടിത വിദ്യാഭ്യാസമാണ് ശാന്തിനികേതനിലൂടെ നല്‍കാന്‍ ലക്ഷ്യമിട്ടത്.
എപ്പോള്‍ പോവാം?
ഏപ്രില്‍- ജൂണ്‍: ശാന്തിനികേതനില്‍ ചൂടുകാലമാണിത്. ഈ സമയത്തുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. പലപ്പോഴും ഊഷ്മാവ് 40 ഡിഗ്രിയിലും വര്‍ധിക്കാറുണ്ട്. ഇനി ഈ സമയത്താണ് വരുന്നതെങ്കില്‍ സണ്‍ ഗ്ലാസും തൊപ്പിയും വാട്ടര്‍ ബോട്ടിലുകളുമെടുക്കാന്‍ മറക്കരുത്. ചൂടുകാലത്ത് അനുയോജ്യമായ കോട്ടണ്‍ വസ്ത്രങ്ങളും കരുതാം.
ജൂലൈ- സെപ്തംബര്‍: ശാന്തിനികേതനിലെ മഴക്കാലമാണിത്. പൊതുവേ തണുത്ത കാലാവസ്ഥയായിരിക്കും ഈ സമയത്ത്. മഴക്കാലയാത്രകള്‍ക്കുവേണ്ട കുടകളും അനുയോജ്യമായ ചെരിപ്പുകളും കൂടെ കരുതാന്‍ മറക്കരുത്.
ഒക്ടോബര്‍- ഫെബ്രുവരി: ശാന്തിനികേതന്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ അഞ്ചു മാസങ്ങളാണിത്. സുഖകരമായ തണുത്ത കാലാവസ്ഥയാവും ഈ സമയത്ത്. സന്ദര്‍ശകരുടെ എണ്ണം കൂടുതലുണ്ടാവുമെന്നതിനാല്‍ മുറികള്‍ അടക്കമുള്ളവ മുന്‍കൂട്ടി ബുക്കു ചെയ്യണം. അത്യാവശ്യം കട്ടിയേറിയ വസ്ത്രങ്ങളും കരുതണം.
ബുധനാഴ്ചകളില്‍ ശാന്തിനികേതനിലേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ശാന്തിനികേതനിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ക്ക് ബുധനാഴ്ച അവധിയാണ്. കുറഞ്ഞത് രണ്ടു ദിവസങ്ങളെങ്കിലും വേണ്ടി വരും ശാന്തിനികേതനും വിശ്വഭാരതി സര്‍വകലാശാലയും കണ്ടു തീര്‍ക്കാന്‍. ബംഗ്ലാദേശ് ഭവന്‍, ബല്ലാവ്പൂര്‍ വന്യമൃഗ സംരക്ഷണ കേന്ദ്രം, ശ്രിജനി ശില്‍പഗ്രാമം, വിശ്വഭാരതി കാംപസ്, വിശ്വഭാരതി മ്യൂസിയം, കന്‍കലിതല മന്ദിര്‍, ബിശ്വ ബംഗ്ല ഹാത്, സോനാജുരി ഹാത്, പ്രകൃതി ഭവന്‍, ബുദ്ധ പ്രതിമ, ഗീതാഞ്ജലി റെയില്‍ മ്യൂസിയം എന്നിവയാണ് ശാന്തിനികേതനിലെ പ്രധാന സന്ദര്‍ശന കേന്ദ്രങ്ങള്‍.
കൊൽക്കത്തയിലെ ദിവസങ്ങളെ ധന്യമാക്കി ടാഗോറും വിവേകാനന്ദനും മദറും...ഇനി മടക്കയാത്ര
എങ്ങനെ എത്തിച്ചേരാം?
ഏറ്റവും അടുത്തുള്ള വിമാനത്താവളം കൊല്‍ക്കത്തയിലാണ്. ഇവിടെ നിന്നും ഏകദേശം 165 കിലോമീറ്ററുണ്ട് ശാന്തിനികേതനിലേക്ക്. വിമാനത്താവളത്തില്‍ നിന്നും കാറിലോ ബസിലോ ട്രെയിനിലോ ശാന്തിനികേതനിലേക്ക് എത്തിച്ചേരാനാകും.
കൊല്‍ക്കത്തയില്‍ നിന്നും വളരെ എളുപ്പത്തിലും കാര്യക്ഷമമായും ശാന്തിനി കേതനിലേക്ക് എത്തിച്ചേരാന്‍ ട്രെയിനാണ് ഉചിതം. ശാന്തിനികേതനില്‍ നിന്നും മൂന്നു കിലോമീറ്റര്‍ മാത്രം അകലെയുള്ള ബോല്‍പുര്‍ ശാന്തിനികേതന്‍ റെയില്‍വേ സ്‌റ്റേഷനിലാണ് ഇറങ്ങേണ്ടത്. ഇവിടെ നിന്നും റിക്ഷകളും ലഭിക്കും. കൊല്‍ക്കത്തയില്‍ നിന്നും ബോല്‍പുരിലേക്ക് ബസ് യാത്രക്ക് മൂന്നു മണിക്കൂര്‍ എടുക്കും.
Content Summary : UNESCO adds 27 new sites to its heritage list; India’s Shantiniketan