കശ്മീരില്‍ പുതിയ വിസ്റ്റാഡോം കോച്ച്; ഒരാള്‍ക്ക് 930 രൂപ നിരക്ക്, സ്വിറ്റ്സര്‍ലന്‍ഡിൽ പോയതു പോലെ
Mail This Article
കശ്മീർ താഴ്‌വരയിലെ വിനോദസഞ്ചാരം, മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വർഷം വളരെയധികം പുരോഗതി പ്രാപിച്ചിരുന്നു. ഇപ്പോഴിതാ, കശ്മീരിലെത്തുന്ന സഞ്ചാരികള്‍ക്കായി അവിസ്മരണീയമായൊരു ട്രെയിന്‍ യാത്ര ഒരുക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. പുതിയ ഓൾ-വെതർ ഗ്ലാസ് സീലിങ് എസി ട്രെയിൻ, വിസ്റ്റാഡോം കോച്ച് ഇനി മുതല്‍ കശ്മീര്‍ താഴ്വരയിലൂടെ ആളുകളെയും കൊണ്ട് കുതിച്ചുപായും. 19 ന് ശ്രീനഗർ റെയിൽവേ സ്റ്റേഷനിൽ, ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ വിസ്റ്റാഡോം കോച്ച് ഉദ്ഘാടനം ചെയ്തു.
ജാലകങ്ങള്‍ മാത്രമല്ല, മേല്‍ക്കൂരയും ചില്ലു മേഞ്ഞ ഈ ട്രെയിനിലുള്ള യാത്ര ഒരു അനുഭവം തന്നെയായിരിക്കും. മഞ്ഞു മൂടിയ ഹിമാലയത്തിന്‍റെയും തുടുത്ത ആപ്പിള്‍തോട്ടങ്ങളുടെയുമെല്ലാം കാഴ്ചകള്‍ ഓടുന്ന ട്രെയിനിലിരുന്നു ആസ്വദിക്കാം. ദക്ഷിണ കശ്മീരിലെ ബനിഹാൽ മുതൽ മധ്യ കശ്മീരിലെ ബുദ്ഗാം വരെ 90 കിലോമീറ്റർ ട്രാക്കിലൂടെ വിസ്റ്റാഡോം ഓടും.
അത്യാധുനിക സൗകര്യങ്ങളുള്ള ട്രെയിനാണ് വിസ്റ്റാഡോം കോച്ച്. ഇതില്‍ 360 ഡിഗ്രി തിരിക്കാൻ കഴിയുന്ന തരത്തിലുള്ള സീറ്റുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇത് യാത്രക്കാർക്ക് കാശ്മീർ താഴ്‌വരയുടെ വിശാലദൃശ്യം നൽകും. വലിയ ഗ്ലാസ് ജനാലകളിലൂടെ ബുഡ്ഗാം, ഖാസിഗുണ്ട്, ബനിഹാൽ മുതലായ സ്ഥലങ്ങളിലെ പ്രകൃതിഭംഗി ആസ്വദിക്കാം. കൂടാതെ, ഓട്ടോമാറ്റിക് സ്ലൈഡിംഗ് ഡോറുകൾ, ലഗേജ് റാക്കുകൾ, എൽഇഡി, ജിപിഎസ് ഇൻഫർമേഷൻ സിസ്റ്റം എന്നിവയുണ്ട്.
താഴ്‌വരയിൽ നടന്ന ജി 20 വർക്കിംഗ് ഗ്രൂപ്പ് യോഗത്തിന് ശേഷം ഇവിടെയെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 350 ശതമാനം വർധനയുണ്ടായതായി സർക്കാർ അറിയിച്ചു. സർക്കാരിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം 18.8 ദശലക്ഷം വിനോദസഞ്ചാരികൾ എത്തി. ഈ വര്‍ഷം സെപ്റ്റംബർ 30 വരെ 17 ദശലക്ഷം വിനോദസഞ്ചാരികൾ ജമ്മു കശ്മീർ സന്ദർശിച്ചു. 2023 ൽ ഇത് 22.5 ദശലക്ഷം കവിയുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.
ആഴ്ചയിൽ ആറ് ദിവസമാണ് ട്രെയിൻ സർവീസ് നടത്തുക. വർഷം മുഴുവനും ട്രെയിൻ സര്‍വീസ് ഉണ്ടാകും. മഞ്ഞുവീഴ്ചയുള്ള ശൈത്യകാലത്ത് കാശ്മീർ താഴ്‌വര കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡ് പോയ പോലെയുള്ള അനുഭവമാണ് ഈ യാത്ര നല്‍കുക. പര്‍വ്വതനിരകള്‍ക്കും നെല്‍വയലുകള്‍ക്കും കുങ്കുമപ്പാടങ്ങള്‍ക്കുമിടയിലൂടെ ട്രെയിന്‍ കുതിച്ചുപായും. ഒരാള്‍ക്ക് വെറും 930 രൂപയായിരിക്കും നിരക്ക്.
ഈ ട്രെയിനില്‍ ഒരു അസൗകര്യവും കൂടാതെ യാത്ര ചെയ്യാൻ കഴിയും. പ്രതികൂല കാലാവസ്ഥയിൽ ഹൈവേ അടച്ചിടും, എന്നാല്‍ ഈ സമയത്ത്, റോഡ് യാത്രയേക്കാൾ ചെലവു കുറഞ്ഞ റെയിൽവേ യാത്ര തിരഞ്ഞെടുക്കുന്നത് പ്രദേശവാസികൾക്കും പ്രയോജനകരമാകും.