ആംസ്റ്റർഡാം: ഉന്മാദലഹരികളുടെ നഗരം, കുറ്റകൃത്യങ്ങൾ ഇല്ല!
Mail This Article
ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് നെതർലൻഡ്‌സിന്റെ തലസ്ഥാനമായ ആംസ്റ്റർഡാം. മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളെ അപേക്ഷിച്ച് ഒരുപാട് പ്രത്യേകതകൾ ഉള്ള മാസ്മരിക നഗരമായ ആംസ്റ്റർഡാമിലെ 'റെഡ് ലൈറ്റ്' ഏരിയയും ലോകപ്രശസ്തമാണ്. ലഹരിമരുന്നിനും ലൈംഗികത്തൊഴിലിനും നിയമപരമായി പരിരക്ഷയുള്ള തെരുവുകള്‍ ഇവിടെയാണ്. റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റിലേക്കു നടത്തിയ യാത്രയുടെ വിശേഷങ്ങള്‍ വായിക്കാം.
ആംസ്റ്റർഡാം സെൻട്രൽ സ്റ്റേഷനിൽ ഉച്ചകഴിഞ്ഞ് ട്രെയിന്‍ ഇറങ്ങിയശേഷം വലിയ ഒരു പാലം കടന്ന് മനോഹരമായ തെരുവുകളിലേക്കു നടന്നു. നല്ല തണുപ്പുണ്ട്. ഞാനും പുനലൂര്‍ സ്വദേശി സക്കറിയ അച്ചായനും രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് ഇവിടെ എത്തിയിരിക്കുന്നത്. തലങ്ങും വിലങ്ങും സൈക്കിളുകൾ പായുന്നു, കനാലുകളിൽ കൂടി ബോട്ടുകൾ യാത്രികരുമായി സഞ്ചരിക്കുന്നു. തീരങ്ങളിൽ വിവിധ നിറങ്ങളാൽ അലങ്കരിക്കപ്പെട്ട കെട്ടിടങ്ങൾ. ഡച്ച് വാസ്തുവിദ്യയുടെ അദ്ഭുതങ്ങൾ ആസ്വദിക്കണമെങ്കിൽ ഇവിടം നടന്നുതന്നെ കാണണം എന്നു വായിച്ചിട്ടുണ്ട്. ലോകത്തിന്‍റെ പല ഭാഗത്തുനിന്നുമുള്ള സഞ്ചാരികളാൽ നിബിഡമായ പട്ടണം. ആംസ്റ്റർഡാമിന്‍റെ കാഴ്ചകൾ കണ്ട് ഞങ്ങള്‍ കുറേ ദൂരം നടന്നു.
വൈകുന്നേരം ആകുന്നു. നടത്തത്തിനവസാനം ഞങ്ങൾ ചെന്നെത്തിയത് ഡി വാലെൻ എന്ന പ്രദേശത്താണ്. അതെ, പാപങ്ങളുടെ പറുദീസയാണ് ആംസ്റ്റർഡാമിലെ റെഡ് ലൈറ്റ് ഡിസ്ട്രിക്ട് എന്നറിയപ്പെടുന്ന ഇവിടുത്തെ തെരുവുകള്‍. ഇടപാടുകാരെ ആകർഷിക്കാൻ ചില്ലുകൂടിനുള്ളിൽ മോഹിപ്പിക്കുന്ന അംഗലാവണ്യം പ്രദർശിപ്പിക്കുന്ന സുന്ദരികൾ, ധാരാളം സെക്സ് ടോയ് ഷോപ്പുകൾ, ലൈവ് സെക്സ്, ഇറോട്ടിക് ഷോ കേന്ദ്രങ്ങൾ, സെക്സ് മ്യൂസിയങ്ങൾ, പബ്ബ്, ബാറുകൾ എന്നിവയും ഇവിടെ കാണാം. മറ്റൊരു പ്രത്യേകത ലഹരിവസ്തുക്കളായ കഞ്ചാവും ഹാഷിഷും മരിജുവാനയുമൊക്കെ വിൽക്കുന്നതും ഉപയോഗിക്കുന്നതും ഇവിടെ നിയമവിധേയമാണ്. ഇവിടുത്തെ കോഫി ഷോപ്പുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഇവയെല്ലാം സുലഭമാണ്. ഇതിനെ ഒരു ടൂറിസം സാധ്യതയായി ഉപയോഗിക്കുന്നു ആംസ്റ്റര്‍ഡാം.
യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര കേന്ദ്രങ്ങളിലൊന്നായിരുന്നു മധ്യകാലനഗരമായ ആംസ്റ്റർഡാം. ഇത് ഒരു തുറമുഖനഗരം ആയതുകൊണ്ട് തന്നെ വിവിധ പ്രദേശങ്ങളില്‍നിന്നു ധാരാളം ജനങ്ങൾ ഇവിടേക്കു വന്നെത്തിയിരുന്നു. ലൈംഗികത്തൊഴിൽ ഇവിടെ ആരംഭിക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ഇതാകാം എന്നു പറയപ്പെടുന്നു. പതിനാറാം നൂറ്റാണ്ടില്‍ ഡച്ച് പ്രക്ഷോഭകർ കത്തോലിക്കാ സർക്കാരിനെ അട്ടിമറിച്ചശേഷം ഇവിടം രാത്രി ജീവിതത്തിന്റെയും വിനോദത്തിന്റെയും കേന്ദ്രമായി രൂപാന്തരപ്പെട്ടു. ഇന്നിത് ലോകത്തിലെ പല രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾ നിറയുന്ന മാസ്മരിക തെരുവാണ്, ഉന്മാദലഹരികളുടെ നഗരം. ആണ്‍-പെണ്‍ ലൈംഗികത്തൊഴിൽ ഇവിടെ നിയമപരമായി. ലൈംഗികത്തൊഴിലാളികൾക്ക് മറ്റേതൊരു തൊഴിലിനും തുല്യമായ അവകാശങ്ങൾ ലഭിക്കുന്നുണ്ട്. സര്‍ക്കാര്‍ അവർക്ക് വരുമാനം പ്രഖ്യാപിക്കുകയും അവര്‍ നികുതി അടയ്ക്കുകയും ചെയ്യുന്നു. തദ്ദേശീയർക്കു പുറമേ കിഴക്കൻ യൂറോപ്പിൽനിന്നും ലോകത്തിലെ മറ്റു ഭാഗങ്ങളിൽനിന്നുമുള്ള 25,000 ത്തോളം ലൈംഗികത്തൊഴിലാളികൾ ഇവിടെയുണ്ട് എന്നാണ് കണക്ക്. ആശ്ചര്യത്തോടെയും അൽപം ആശങ്കയോടെയുമാണ് ഞങ്ങൾ തെരുവുകളിൽ കൂടി നടന്നുനീങ്ങിയത്. 'റെഡ് ലൈറ്റ് സീക്രട്ട്സ്' എന്ന മ്യൂസിയം കടന്നു മുന്നോട്ടു നീങ്ങി. തെരുവോരത്തെ ചില്ലുകൂട്ടിലേക്ക് നോക്കി നടന്ന ഞങ്ങളെ നോക്കി സുന്ദരികൾ വശ്യമായി ചിരിക്കുന്നു. കൂടുതൽ മുഖം കൊടുത്താൽ സുന്ദരിമാർ ചിലപ്പോൾ നമ്മളെ മാടി വിളിക്കും, അതുകൊണ്ടുതന്നെ പരമാവധി മുഖം കൊടുക്കാത്ത രീതിയിലാണ് ഞങ്ങൾ നടന്നു നീങ്ങിയത്.
ഇവിടെ ധാരാളം കോഫിഷോപ്പുകളും റസ്റ്ററന്റുകളും കാണാം. വൈനും ബീയറും നുകർന്നുകൊണ്ട് ആളുകൾ കനാലുകളുടെ ഓരത്ത് സംസാരത്തിലേർപ്പെട്ടിരിക്കുന്നു. നടന്നു ക്ഷീണിച്ചതിനാൽ ഒരു കോഫിഷോപ്പിലേക്ക് ഞങ്ങൾ കയറി. നല്ല തിരക്ക്. മെനു കാർഡ് നോക്കിയപ്പോഴാണ് മനസ്സിലായത്, കോഫി മാത്രമല്ല, കഞ്ചാവും മരിജുവാനയുമൊക്കെ ചേർത്ത് നിർമിച്ച ബിസ്കറ്റുകളും മിഠായികളും ഐസ്ക്രീമുകളും ഇവിടെ ലഭിക്കും. കോഫിഷോപ്പുകളിൽ കാപ്പി കുടിച്ച് മാത്രം പരിചയമുള്ള ഏതൊരാൾക്കും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും ഇത്. പരീക്ഷണങ്ങൾക്കൊന്നും മുതിരാതെ ഓരോ കാപ്പുച്ചിനോ കോഫി കുടിച്ച് ഞങ്ങൾ അവിടെനിന്ന് ഇറങ്ങി. ഇവിടുത്തെ ഷോപ്പുകളില്‍ വന്ന് ആൾക്കാർ സാധനങ്ങൾ വാങ്ങുന്നു, ചിലർ ടേസ്റ്റ് ചെയ്ത് തിരഞ്ഞെടുക്കുന്നു, സുന്ദരികളായ സ്ത്രീകൾ ബീയർ നുകർന്ന് കഞ്ചാവ് സിഗരറ്റുകൾ വലിച്ചുകൊണ്ട് അവിടുത്തെ ബഞ്ചുകളിൽ ഉന്മാദഭരിതരായി ഇരിക്കുന്നു. ഈ ലോകത്തിലെ ഒന്നും അവരെ ബാധിക്കുന്നില്ല എന്ന മട്ടിൽ. കുട്ടികളോടോപ്പം കുടുംബമായി ഈ തെരുവുകൾ കാണാനായി വരുന്ന സഞ്ചാരികളെ കാണുമ്പോൾ തെല്ലൊരു ആശ്ചര്യം തോന്നാതിരുന്നില്ല. കുറേ ചെന്നപ്പോഴാണ് ഇതിനെല്ലാം സാക്ഷ്യം വഹിച്ച് ഒരു പള്ളി കണ്ടത്, റെഡ് ലൈറ്റ് ഏരിയയ്ക്കു തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന പതിമൂന്നാം നൂറ്റാണ്ടിൽ നിർമിച്ച ‘ഔഡ് കെർക്ക്’ എന്ന പഴയ പള്ളി തെല്ലൊരു ആശ്ചര്യം ഉളവാക്കി. ഔഡ് കെർക്കിന് സമീപം 2007-ൽ അനാച്ഛാദനം ചെയ്ത ലൈംഗികത്തൊഴിലാളിയുടെ 'ബെല്ലെ' എന്ന പ്രതിമയും അതിൽ ‘ലോകമെമ്പാടുമുള്ള ലൈംഗികത്തൊഴിലാളികളെ ബഹുമാനിക്കുക’ എന്ന ലിഖിതവും കണ്ടു.
ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ന് ആംസ്റ്റർഡാമിനെ യൂറോപ്പിലെ തന്നെ ഏറ്റവും സുന്ദരമായ പ്രദേശമായി വിനോദസഞ്ചാരികൾ കണക്കാക്കുന്നു. അസാധാരണമായ ജീവിതശൈലിയുള്ള ഇവിടം കുറ്റകൃത്യങ്ങൾ കുറഞ്ഞ സമാധാനപരമായ അന്തരീക്ഷമുള്ള ഇടമാണ്. ഞങ്ങൾ നടന്ന് ‘മോളിൻ റൂഷ്’ (Moulin Rouge) എന്ന പ്രശസ്തമായ ലൈവ് സെക്സ് ഷോ നടക്കുന്ന സ്ഥാപനത്തിന്റെ അടുത്ത് എത്തി. ഉള്ളിലേക്ക് കയറുവാനായി വലിയ ക്യൂ കാണാം. അവിടെയൊന്നു കയറണം എന്നുണ്ടായിരുന്നുവെങ്കിലും തിരക്കും ടിക്കറ്റ് റേറ്റും എന്നെയും സക്കറിയ അച്ചായനെയും അതില്‍നിന്ന്ു പിന്‍തിരിപ്പിച്ചു.
മനുഷ്യന്റെ തൃഷ്ണകൾക്ക് അതിർവരമ്പുകൾ ഇല്ലെന്നും അതിന് കടിഞ്ഞാൺ ഇടേണ്ട ആവശ്യമില്ലെന്നും കരുതുന്ന ഒരു വിഭാഗം ജനങ്ങള്‍. എന്നാൽ ഇതൊക്കെ മാറ്റി നിർത്തിയാൽ സന്തോഷത്തോടെ കുടുംബമായി അവധിക്കാലം ആഘോഷിക്കാൻ വന്നുപോകുന്ന ധാരാളം ആളുകളെയും നമുക്കിവിടെ കാണാം. കനാൽ സവാരിയും മ്യൂസിയങ്ങളും വിവിധ തരത്തിലുള്ള സുന്ദരമായ പഴയ ഡച്ച് നിർമ്മിതികളും ട്യൂലിപ് പാടങ്ങളും വിന്‍ഡ് മില്ലുകളും ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍. ഞങ്ങള്‍ക്ക് ഹോട്ടലിലേക്കു പോകാൻ സമയം ആയിരിക്കുന്നു. രാത്രി 10 മണിയായിട്ടും ഡി വാലെനിൽ തെരുവുകൾക്ക് ഇപ്പോഴും യൗവനം. ഹോട്ടലിലേക്കു നടക്കുമ്പോഴും ചില്ലുകൂട്ടിലെ സുന്ദരിമാരുടെ വശ്യമായ ചിരി പടർന്ന നോട്ടമായിരുന്നു മനസ്സിൽ മുഴുവൻ!.