ADVERTISEMENT

ട്രെയിൻ ഒരു ചെറിയ ലോകമാണ്. പല വേഷവും ഭാഷയും തുടങ്ങി നിരവധി വൈവിധ്യങ്ങളുള്ള മനുഷ്യരുടെ ഒരു ചെറിയ ലോകം. ഒരു ട്രെയിൻ യാത്ര അവസാനിക്കുന്നത് പല സ്റ്റേഷനുകളെ മറി കടന്നാണ്. ഏത് സ്റ്റേഷനാണോ ലക്ഷ്യസ്ഥാനം അവിടെയിറങ്ങാം. അത് യാത്രികരെ ആശ്രയിച്ചിരിക്കും. മിക്കവരുടെയും ജീവിതയാത്രയുമായി ബന്ധപ്പെട്ടതായിരിക്കും െട്രയിൻ യാത്രയും. എവിടേക്ക് പോകണമെന്നും എവിടെ ഇറങ്ങണമെന്നും ആദ്യമേ തീരുമാനിക്കപ്പെട്ടിട്ടുണ്ടാകും.

sky-view-of-kochi

നാട് കാണാൻ ഇറങ്ങിത്തിരിക്കുന്ന സഞ്ചാരികൾക്കു ട്രെയിനിനോളം നല്ലൊരു ഓപ്ഷനില്ല. ഈ മഞ്ഞുകാലത്ത് ട്രെയിനിൽ യാത്ര ചെയ്ത് എത്തിച്ചേരാൻ കഴിയുന്ന കുറച്ച് സ്ഥലങ്ങളെ പരിചയപ്പെടാം. കോടമഞ്ഞിൽ പുതഞ്ഞു നിൽക്കുന്ന മലകളും നഗരങ്ങളും എല്ലാം ഈ സമയത്തെ പ്രത്യേകതയാണ്. 

മറൈൻ ഡ്രൈവിലെ സായാഹ്ന കാഴ്ച. ചിത്രം: റോബട്ട് വിനോദ് / മനോരമ
മറൈൻ ഡ്രൈവിലെ സായാഹ്ന കാഴ്ച. ചിത്രം: റോബട്ട് വിനോദ് / മനോരമ

എറണാകുളം

അന്തം വിട്ട് നോക്കേണ്ട. ഒരു വെളുപ്പാൻ കാലത്ത് എറണാകുളത്ത് വന്നിറങ്ങിയാൽ കണ്ണു നിറയെ കണ്ടു തീരാനുള്ള ഇഷ്ടം പോലെ കാഴ്ചകളുണ്ട്. മട്ടാഞ്ചേരിയിലെ കൊട്ടാരവും അതിലെ ചുമർചിത്രങ്ങളും ജൂത തെരുവും സിനഗോഗും ഈ മഹാനഗരത്തിന്റെ പൈതൃകം വിളിച്ചോതുന്നതാണ്. ഫോർട്ട് കൊച്ചിയും ഒരു പ്രധാന ആകർഷണമാണ്. ഇവിടെ നിന്ന് കൊളോണിയൽ വാസ്തു വിദ്യയും പ്രശസ്തമായ ചൈനീസ് മത്സ്യബന്ധന നെറ്റ് എന്നിവ കാണാം. അതുമാത്രമല്ല കല ഇഷ്ടപ്പെടുന്നവർക്ക് ആസ്വദിക്കാൻ വിവിധങ്ങളായ ലോകവും ഇവിടെയുണ്ട്. സാന്താക്രൂസ് ബസലിക്കയും നിർബന്ധമായും കണ്ടിരിക്കേണ്ട ഒന്നാണ്. കൊച്ചി മുസിരിസ് ബിനാലെ നടക്കുന്നുണ്ടെങ്കിൽ അതും ആസ്വദിച്ച് രാത്രി ട്രെയിനിന് അടുത്ത ഡെസ്റ്റിനേഷനിലേക്ക് യാത്ര തുടരാം.

വിശാഖപട്ടണം

വിശാഖപട്ടണത്തേക്ക് യാത്ര പോകാൻ പറ്റിയ സമയമാണിത്. നിരവധി സഞ്ചാരികൾ ഈ സമയത്ത് എത്തുന്നതു കൊണ്ട് അൽപം തിരക്കുമുണ്ടാകും. തുറമുഖനഗരമായ വിശാഖപട്ടണം സഞ്ചാരികളെ ആകർഷിക്കുന്നത് അവിടുത്തെ മനോഹരമായ ബീച്ചുകൾ കൊണ്ടാണ്. തീരദേശം മാത്രമല്ല സാംസ്കാരിക സമ്പന്നതയും വിസാഖ് എന്ന് വിളിക്കപ്പെടുന്ന വിശാഖപട്ടണത്തിന്റെ സമ്പത്താണ്. ബീച്ച് കൂടാതെ മ്യൂസിയങ്ങളും പാർക്കുകളും വിശാഖപട്ടണം യാത്രയെ സമ്പന്നമാക്കും. ഒരു ദിവസം നഗരം കറങ്ങാൻ നിശ്ചിത ചാർജ് കൊടുത്താൽ ക്യാബുകളും ലഭ്യമാണ്. നഗരം മുഴുവൻ കണ്ട് രാത്രിയോടെ അടുത്ത നഗരം ലക്ഷ്യമാക്കി യാത്ര തുടരാം.

Visakhapatnam. Image Credit : Dipan Maity/istockphoto
Visakhapatnam. Image Credit : Dipan Maity/istockphoto

കോയമ്പത്തൂർ

കോയമ്പത്തൂരിലേക്കുള്ള ട്രെയിൻ യാത്ര തന്നെ അതിമനോഹരമാണ്. ഇരുഭാഗവും സമൃദ്ധമായ ഭൂപ്രകൃതികളാൽ സമ്പന്നമാണ്. ശൈത്യകാലത്ത് കോയമ്പത്തൂർ പ്രകൃതിഭംഗിയും സാംസ്കാരിക വൈവിധ്യവും കലർന്ന് കൂടുതൽ സുന്ദരിയായാണ് സഞ്ചാരികളെ വരവേൽക്കുന്നത്. മരുതമല ക്ഷേത്രം, ആനമല കടുവാ സങ്കേതം എന്നിവ കാണാനും തിരക്കേറിയ ഒപ്പനകര സ്ട്രീറ്റിലൂടെ സഞ്ചരിക്കാനും കഴിയും. ശിരുവാണി വെള്ളച്ചാട്ടമാണ് മറ്റൊരു പ്രധാന ആകർഷണം.

coimbatore-travelogue1

ഹൂബ്ലി

തണുപ്പുകാലമാണ് ഹൂബ്ലി സന്ദർശിക്കാനുള്ള ഏറ്റവും നല്ല സമയം. ഈ സമയത്ത് ഇങ്ങോട്ടുള്ള ട്രെയിൻ യാത്ര വടക്കൻ കർണാടകയുടെ സൗന്ദര്യം ആസ്വദിക്കാനുള്ള സുവർണാവസരം കൂടിയാണ്. ഹൂബ്ലി എന്നാണ് സ്ഥലം അറിയപ്പെടുന്നതെങ്കിലും ഔദ്യോഗികമായി ഹുബ്ബല്ലി എന്നാണ് പേര്. ശാന്തമായ ബോട്ട് യാത്ര ഇഷ്ടപ്പെടുന്നവർക്ക് അതിനുള്ള അവസരുണ്ട്. അൽപം സാഹസികത ഇഷ്ടപ്പെടുന്നവർക്ക് നൃപതുംഗ ബേട്ടയിൽ കയറാം. പ്രകൃതിവൈവിധ്യം എന്നതിന് അപ്പുറം സാംസ്കാരികമായ സമ്പന്നത കൂടിയാണ് ഹൂബ്ലിയെ സഞ്ചാരികൾക്ക് പ്രിയങ്കരമാക്കുന്നത്.

ഊട്ടിയിലെ പ്രസിദ്ധമായ റോസ് ഷോയിലെ കാഴ്ച. ചിത്രം : ഗിബി സാം ∙ മനോരമ
ഊട്ടിയിലെ പ്രസിദ്ധമായ റോസ് ഷോയിലെ കാഴ്ച. ചിത്രം : ഗിബി സാം ∙ മനോരമ

ഊട്ടി

ഈ മനോഹരനാട്ടിലേക്ക് യാത്ര പോകാൻ കൊതിക്കുന്നവർക്ക് ശൈത്യകാലമാണ് അതിന് ഏറ്റവും ഉചിതം. ചെന്നൈ, ബംഗളൂരു, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് മേട്ടുപ്പാളയത്തിനു ട്രെയിൻ ഉണ്ട്. മേട്ടുപ്പാളയത്തിൽ നിന്നു നാൽപതോളം കിലോമീറ്റർ ദൂരമുണ്ട് ഊട്ടിയിലേക്ക്. ടോയ് ട്രെയിനിൽ മേട്ടുപ്പാളയത്ത് നിന്ന് ഊട്ടിയിലേക്ക് എത്തിച്ചേരാം. കാഴ്ചകൾ എല്ലാം കണ്ട് വളരെ മനോഹരമായ യാത്രയായിരിക്കും ഇത്. നീലഗിരി പർവത നിരകളിലൂടെയാണ് ഈ ടോയ് ട്രെയിൻ യാത്ര. അതുകൊണ്ട് തന്നെ വളരെ മനോഹരമായ കാഴ്ചകൾ കണ്ട് ഈ യാത്ര ധന്യമാക്കാം. പോകുന്നതിന് മുൻപ് ട്രെയിൻ യാത്രയുടെ സമയം അറിഞ്ഞിരിക്കണം.

English Summary:

Winter Vacation Spots via rail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com