ADVERTISEMENT

കൊച്ചി∙കേരളത്തിലേക്ക് ആഭ്യന്തര സഞ്ചാരികളുടെ എണ്ണം ഇക്കൊല്ലം 2 കോടി കടക്കുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 2 ലക്ഷം പേരുടെ വർധനയാണ് ഇതുവരെയുള്ളത്. സംസ്ഥാനത്ത് ടൂറിസം വളർച്ചയ്ക്ക് ആക്കം കൂട്ടിയ പൊതു–സ്വകാര്യ പങ്കാളിത്ത മോഡൽ (പിപിപി) കൂടുതൽ രംഗങ്ങളിലേക്കു വ്യാപിപ്പിക്കും. സഞ്ചാരികൾക്കായി ശുചിമുറികളും ഭക്ഷണശാലകളും സുവനീർ വിൽപനയും ഉൾപ്പെടെ സൗകര്യങ്ങൾ പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനമാകെ ഒരുക്കുന്നത് ഇതിന്റെ ഭാഗമായാണ്.

പിഡബ്ല്യുഡിയുടെ സ്ഥലത്ത് സ്വകാര്യ സംരംഭകരാവും മുതൽ മുടക്കുക. കേരളം പ്രമേയമാക്കി സിഗ്നേച്ചർ എന്ന പേരിൽ രൂപകൽപന ചെയ്യുന്ന സുവനീറുകളും ഇവിടെ നിന്നു വാങ്ങാം. പൊ‍ൻമുടി പോലെ പരിമിതമായ സൗകര്യങ്ങൾ ഉള്ള സ്ഥലങ്ങൾ ആകർഷകമാക്കാൻ പിപിപി മോഡൽ ഉപയോഗിക്കും.

വിദേശത്ത് കേരള ടൂറിസം ബ്രാൻഡിങ്

കോവിഡിനു ശേഷം ആഭ്യന്തര ടൂറിസമാണ് കേരളം പ്രോൽസാഹിപ്പിച്ചിരുന്നത്. ഇനി വിദേശത്തും പ്രചാരണവും റോഡ്ഷോകളും കൂടുതലായി സംഘടിപ്പിക്കും. കോവിഡ് കഴിഞ്ഞ് വിദേശ സഞ്ചാരികൾ പഴയ എണ്ണത്തിലേക്കു വരാൻ 2 വർഷമെങ്കിലും വേണ്ടി വരുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 2019ൽ 11.89 ലക്ഷം വിദേശികൾ വന്നതാണ് റെക്കോർഡ്. കഴിഞ്ഞ വർഷം 3.49 ലക്ഷം പേർ വന്നു. ഇക്കൊല്ലം ആദ്യ 9 മാസംകൊണ്ട് 4.4 ലക്ഷം പേർ വന്നു. കഴിഞ്ഞ വർഷം ആദ്യ 9 മാസത്തിൽ വന്നത് 2.66 ലക്ഷം പേരാണ്.

എറണാകുളം ജില്ലയാണ് സ്വദേശി–വിദേശി സഞ്ചാരി വരവിൽ മുന്നിൽ. പാലങ്ങൾ അലങ്കരിക്കുകയും ദീപാലംകൃതമാക്കുകയും ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി ആലുവ പാലം ആദ്യം അലങ്കരിക്കുകയാണ്. ബ്രാൻഡ് പ്രചാരണത്തിന്റെ ഭാഗമായി ഏതെങ്കിലും വിദേശരാജ്യവുമായി സഹകരിച്ച് മാരത്തൺ നടത്താൻ മുഖ്യമന്ത്രി മുൻകൈ എടുത്ത് ചർച്ചകൾ നടത്തുന്നുണ്ടെന്ന് മന്ത്രി റിയാസ് വെളിപ്പെടുത്തി. ഹെലി ടൂറിസമാണ് മുൻഗണനയിലുള്ള മറ്റൊരു പദ്ധതി. ഹെലിടൂറിസം ടേക്ക് ഓഫ് ചെയ്യുന്ന വർഷമായിരിക്കും 2024.

റസ്റ്റ്ഹൗസുകളിൽ നിന്ന് 11 കോടി

പിഡബ്ല്യുഡി റസ്റ്റ് ഹൗസുകൾ ബുക്ക് ചെയ്യാൻ ഓൺലൈൻ സൗകര്യം ഏർപ്പെടുത്തിയതോടെ കുറഞ്ഞ ചെലവിൽ ആഭ്യന്തര സഞ്ചാരികളായ 1.97 ലക്ഷം പേർ മുറികൾ ബുക്ക് ചെയ്തു. 11 കോടി സർക്കാരിന് വരുമാനം ലഭിച്ചു. വെറും 400 രൂപയ്ക്ക് ലഭിക്കുന്ന മുറിക്ക് സ്വകാര്യമേഖലയിൽ 1500 രൂപയെങ്കിലും കൊടുക്കണം. 1000 രൂപയെങ്കിലും ലാഭിക്കാം. ഇങ്ങനെ ലഭിക്കുന്ന തുകയുടെ 25% റസ്റ്റ് ഹൗസുകളുടെ സൗകര്യങ്ങൾ വർധിപ്പിക്കാൻ ചെലവഴിക്കാൻ അനുമതി നൽകാനും ആലോചനയുണ്ട്.

ഫോർച്യൂൺ ഹോട്ടൽ ബ്രാൻഡ് കേരളത്തിൽ

ഐടിസിയുടെ ഫോർച്യൂൺ ഹോട്ടൽ ബ്രാൻഡ് കേരളത്തിലേക്ക്. കൊച്ചി കാക്കനാട്ടും അത്താണിയിലും സ്വകാര്യ സംരംഭകരുടെ ഹോട്ടലുകൾ ഓപ്പറേറ്റ് ചെയ്യാൻ ഫോർച്യൂൺ ഗ്രൂപ്പുമായി കരാറായി. ഫോർച്യൂൺ പാർക്ക് എന്ന ഫോർ സ്റ്റാർ ബ്രാൻഡിലായിരിക്കും ഹോട്ടലുകൾ. നെടുമ്പാശേരി വിമാനത്താവള റോഡിലാണ് ഒരു ഹോട്ടൽ, ഇൻഫോപാർക്കിനടുത്ത് രണ്ടാമത്തേത്. 2025ൽ  ഹോട്ടലുകൾ തുറക്കുമെന്ന് ഫോർച്യൂൺ പാർക്ക് എംഡി എം.സി.സമീർ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com