ADVERTISEMENT

ചില സ്ഥലങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ ഇത് ഉള്ളതു തന്നെയാണോ എന്ന സംശയം നമ്മളിൽ പലർക്കും വരാറുണ്ട്. ഉദാഹരണത്തിന് ബർമുഡ ട്രയാങ്കിൾ പോലെയുള്ള സ്ഥലങ്ങൾ സത്യത്തിൽ നമ്മുടെ ഭൂമിയിൽ ഉള്ളതാണോ എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. ചില സ്ഥലങ്ങളുടെ പേരുകൾ നിങ്ങൾ കേട്ടിട്ട് പോലും ഉണ്ടാകില്ല. അവതാർ സിനിമയിലെ സങ്കൽപ്പിക ലോകത്തിന് പ്രചോദനമായിരിക്കുന്നത് ചൈനയിലെ ഒരു പർവ്വതനിരയാണ്. സിനിമയിൽ കാണുന്നതുപോലെയുള്ള ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ് ചൈനയിലെ ഈ പർവ്വതനിര. നേരിട്ട് കണ്ടാൽ പോലും ചിലപ്പോൾ വിശ്വസിക്കാൻ പറ്റില്ല. 

എന്നാൽ പല രാജ്യത്തും വിശ്വസിക്കാൻ ഏറെ പ്രയാസമുള്ള നിഗൂഡവും രഹസ്യാത്മകവും അതേസമയം അത്ഭുതം നിറഞ്ഞതുമായ സ്ഥലങ്ങളുണ്ട്. അവയിൽ ചിലത് ഇവിടെ പരിചയപ്പെടാം. 

സ്പൊട്ടെഡ് തടാകം കാനഡ. Image Credit: Wirestock/istockphoto.com
സ്പൊട്ടെഡ് തടാകം കാനഡ. Image Credit: Wirestock/istockphoto.com

സ്പൊട്ടെഡ് തടാകം കാനഡ

ശൈത്യകാലത്തും വസന്തകാലത്തും ബ്രിട്ടീഷ് കൊളംബിയയിലെ ഒകനാഗൻ താഴ്‌വരയിലെ ഒസോയൂസിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന തടാകം മറ്റേതൊരു ജലാശയത്തെയും പോലെ തന്നെയാണ് കാണപ്പെടുന്നത്. എന്നാൽ വേനൽക്കാലത്ത് ജലത്തിന്റെ ഭൂരിഭാഗവും ബാഷ്പീകരിക്കപ്പെടാൻ തുടങ്ങുമ്പോൾ, നൂറുകണക്കിനു കൂറ്റൻ ഉപ്പുവെള്ള കുളങ്ങൾ ഇവിടെ പ്രത്യക്ഷപ്പെടാൻ തുടങ്ങും. പോൾക്ക ഡോട്ട് പോലെ ഇതു മഞ്ഞ, പച്ച, നീല നിറങ്ങളുടെ ഒരു അത്ഭുത ലാൻഡ്സ്കേപ്പ് അവിടെ പ്രത്യക്ഷപ്പെടും. "കാനഡയിലെ ഏറ്റവും മാന്ത്രികമായ സ്ഥലം" എന്നാണ്  സ്പോട്ടഡ് തടാകം അറിയപ്പെടുന്നത്. കാൽസ്യം, സോഡിയം സൾഫേറ്റ്, മഗ്നീഷ്യം സൾഫേറ്റ് എന്നിവ ഉൾപ്പെടെയുള്ള ധാതുക്കളുടെ ഉയർന്ന സാന്ദ്രതയുടെ ഫലമാണ് തടാകത്തിൽ രൂപപ്പെടുന്ന വർണ്ണാഭമായ കുളങ്ങൾ. ഒകനാഗൻ തദ്ദേശവാസികൾ നൂറ്റാണ്ടുകളായി ഈ സ്പോട്ടഡ് തടാകം ഒരു വിശുദ്ധ സ്ഥലമായി കണക്കാക്കുന്നു. ഓരോ വൃത്തത്തിനും വ്യത്യസ്തമായ രോഗശാന്തിയും ഔഷധഗുണങ്ങളുമുണ്ടെന്ന് അവർ വിശ്വസിക്കുന്നു. 

ജയന്റ്സ് കോസ്‌വേ, അയർലൻഡ്. Image Credit : Joel Carillet /istockphoto.com
ജയന്റ്സ് കോസ്‌വേ, അയർലൻഡ്. Image Credit : Joel Carillet /istockphoto.com

ജയന്റ്സ് കോസ്‌വേ, അയർലൻഡ്

വടക്കൻ അയർലണ്ടിന്റെ വടക്കൻ തീരത്ത് ജയന്റ്സ് കോസ്‌വേ എന്നറിയപ്പെടുന്ന ഒരു ലോക ശിലാരൂപമുണ്ട്. അവിടെ, വിവിധ ഉയരങ്ങളിലുള്ള ആയിരക്കണക്കിനു ഷഡ്ഭുജാകൃതിയിലുള്ള ശിലാ നിരകൾ വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് ഉയർന്ന് ഒരു പാറയുടെ ചുവട്ടിലേക്കു നീണ്ടു കിടക്കുന്നതായി കാണാം. ആൻട്രിം പീഠഭൂമിയുടെ അരികിൽ കടൽത്തീരത്ത് ബസാൾട്ട് പാറക്കെട്ടുകളുടെ ചുവട്ടിലാണ് ജയന്റ്സ് കോസ്വേ സ്ഥിതി ചെയ്യുന്നത്. കടലിൽ നിന്ന് 40,000 കൂറ്റൻ കറുത്ത ബസാൾട്ട് കൽനിരകൾ തീരത്ത് ഒരു പാത പോലെ അടുക്കി വച്ചിരിക്കുന്നതു കാണാം. കഴിഞ്ഞ 300 വർഷമായി ഈ രൂപവത്കരണങ്ങളെക്കുറിച്ചുള്ള ഭൗമശാസ്ത്ര പഠനങ്ങൾ നടക്കുന്നു. എങ്ങനെയാണ് കടൽത്തീരത്ത് പാറക്കെട്ടുകളിൽ കൃത്യമായ അളവിലും രൂപത്തിലും ശിലകൾ ഉണ്ടാക്കിയിരിക്കുന്നത് എന്നത് ഇന്നും അവ്യക്തമാണ്. 

ലക്ഷക്കണക്കിനു വർഷങ്ങൾക്കു മുൻപ് ഇവിടെയുണ്ടായിരുന്ന ഒരു ഭൂതത്താൻ നിർമ്മിച്ചതാണ് ഈ കടൽപ്പാത എന്നാണ് ഐതിഹ്യ വിശ്വാസം. ഏകദേശം 60 ദശലക്ഷം വർഷങ്ങൾക്കു മുൻപ് യൂറോപ്പ് വടക്കേ അമേരിക്കയോടു ചേർന്നിരിക്കുമ്പോഴാണ് കോസ്‌വേയുടെ വ്യതിരിക്തമായ നിരകൾ രൂപപ്പെട്ടത് എന്നാണ് പൊതുവെ പറയപ്പെടുന്ന വസ്തുത.  ഭൂപ്രദേശങ്ങൾ വേർപെടാൻ തുടങ്ങിയപ്പോൾ, വിള്ളലുകൾ ഉണ്ടാകുകയും അഗ്നിപർവ്വത പ്രവർത്തനങ്ങളിൽ നിന്നുള്ള ഉരുകിയ ലാവ ഈ വിള്ളലുകളിലൂടെ ഒഴുകുകയും ഒരു ലാവാ തടാകം സൃഷ്ടിക്കുകയും പിന്നീട് പതുക്കെ തണുക്കുകയും ചെയ്തു. ഈ തണുപ്പിക്കൽ പ്രക്രിയ ലാവ ചുരുങ്ങാനും ഷഡ്ഭുജാകൃതിയിലുള്ള കല്ലുകൾ കൊണ്ട് നിർമ്മിച്ച തൂണുകളായി മാറാനും കാരണമായി എന്നാണ് ഗവേഷകർ പറയുന്നത്. കാര്യം എന്തായാലും ഒരു അത്ഭുത കാഴ്ച തന്നെയാണ് ഈ കോസ്‌വേ. 

തോർസ് വെൽ, ഒറിഗോൺ, അമേരിക്ക. Image Credit : benedek/istockphoto.com
തോർസ് വെൽ, ഒറിഗോൺ, അമേരിക്ക. Image Credit : benedek/istockphoto.com

തോർസ് വെൽ, ഒറിഗോൺ , അമേരിക്ക

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും ആകർഷകവും നിഗൂഢവുമായ സ്ഥലങ്ങളിൽ ഒന്നാണിത്. ഒറിഗോൺ തീരത്തെ കേപ് പെർപെറ്റുവ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന തോർസ് വെല്ലിനെ "സിങ്കോൾ" അല്ലെങ്കിൽ "നരകത്തിലേക്കുള്ള കവാടം" എന്ന് വിളിക്കുന്നു. പരുക്കൻ ബസാൾട്ട് തീരത്ത് നിന്ന് കൊത്തിയെടുത്ത പാത്രത്തിന്റെ ആകൃതിയിലുള്ള ദ്വാരമാണിത്. ഇതിലൂടെ  വേലിയേറ്റ സമയത്ത്,  വെള്ളം മുകളിലേക്ക് കുതിച്ചുകയറുന്നു, തുടർന്ന് ഒരു സ്പ്രേ പോലെ പുറത്തേക്ക് ചീറ്റുന്നു. പസഫിക്കിന്റെ ഡ്രെയിൻ പൈപ്പ് എന്നും അറിയപ്പെടുന്ന ഈ കിണർ യഥാർത്ഥത്തിൽ സമുദ്രത്തിൽ നിന്ന് വെള്ളം ഒഴുകാൻ മാത്രം കാണപ്പെടുന്ന പാറയിലെ ഒരു ദ്വാരമാണ്. ചില ഗവേഷകർ പറയുന്നതനുസരിച്ച് , കിണർ തിരമാലകളാൽ കുഴിച്ച ഒരു കടൽ ഗുഹയായാണ് ആരംഭിച്ചത്, ഒടുവിൽ മേൽക്കൂര തകർന്ന് താഴെയും മുകളിലും തുറസ്സുകൾ സൃഷ്ടിച്ചു, അതിലൂടെ കടൽവെള്ളം സ്പ്രേ ചെയ്യുന്നു. കടൽ വലിഞ്ഞ് അകത്തേക്ക് പോവുകയും പിന്നീട് ഒരു ദ്വാരത്തിലൂടെ പുറത്തേക്ക് അതിശക്തമായി ചീറ്റിത്തെറിക്കുകയും ചെയ്യുന്ന കാഴ്ചയാണ് നമ്മൾ അവിടെ ചെന്നാൽ കാണുന്നത്.

Turkey natural travertine pools and terraces in Pamukkale cotton castle. Image Credit : fokkebok /.istockphoto
Turkey natural travertine pools and terraces in Pamukkale cotton castle. Image Credit : fokkebok /.istockphoto

പമുക്കലെ, തുർക്കി 

തുർക്കിയുടെ കോട്ടൺ കാസിൽ അഥവാ പരുത്തി കോട്ട എന്നറിയപ്പെടുന്ന പമുക്കലെ ലോകപ്രശസ്തമായ ഒരു പ്രകൃതി അത്ഭുതമാണ്. തെക്കുപടിഞ്ഞാറൻ തുർക്കിയിൽ ഡെനിസ്ലി പ്രവിശ്യയിലാണ് പമുക്കലെ സ്ഥിതി ചെയ്യുന്നത്. ടർക്കോയിസ് കുളങ്ങളും മഞ്ഞു-വെളുത്ത പാറക്കെട്ടുകളും ഉള്ള ഒരു മാന്ത്രിക സ്ഥലമായ ട്രാവെർട്ടൈനുകൾക്ക് അഥവാ ചൂടുവെള്ള നീരുറവകൾക്ക് ഇത് വളരെ പ്രസിദ്ധമാണ്. ലോകത്തിലെ ഏറ്റവും ഫോട്ടോജെനിക് സ്ഥലങ്ങളിൽ ഒന്നാണിത്. പമുക്കലെ, ചൂടുനീരുറവകളിലെ ഒഴുകുന്ന ജലത്താൽ കാർബണേറ്റ് ധാതു നിക്ഷേപങ്ങളുള്ള ഒരു പ്രകൃതിദത്ത പ്രദേശമാണ്. ഈ പ്രദേശത്ത് 17 ചൂടുനീരുറവകളുണ്ട്, അവ രോഗശാന്തി ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ഈ കുളങ്ങളിൽ കുളിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങൾ, രക്തചംക്രമണ പ്രശ്നങ്ങൾ, കണ്ണ്, ത്വക്ക് തകരാറുകൾ മുതലായവ സുഖപ്പെടുത്തുമെന്ന് പലരും വിശ്വസിക്കുന്നു. ക്ലിയോപാട്ര പോലും ഇവിടെ കുളിച്ചതായി വിശ്വസിക്കപ്പെടുന്നു!

കാൽസ്യത്തിന്റെ വെളുത്ത രൂപീകരണം കാരണം ദൂരെ നിന്നു കാണുമ്പോൾ ഈ ടെറസുകൾ അക്ഷരാർത്ഥത്തിൽ കോട്ടൺ കോട്ടകൾ പോലെ തന്നെയാണ്. വെളുത്ത തട്ടുകട്ടായുള്ള ഒരു വലിയ പർവ്വതനിര അതിലെല്ലാം തന്നെ നീല നിറത്തിലെ  തടാകങ്ങൾ. ഈ ചൂടു നീരുറവകളുടെ അതിമനോഹരമായ സൗന്ദര്യം ആസ്വദിക്കാൻ ഏറ്റവും നല്ല മാർഗമാണ് ഹോട്ട് എയർ ബലൂൺ സവാരി. 

hillier-lake
ഹില്ലിയർ തടാകം, ഓസ്‌ട്രേലിയ

ഹില്ലിയർ തടാകം, ഓസ്‌ട്രേലിയ

ഓസ്ട്രേലിയയിലെ മിഡിൽ ഐലൻഡിലൂടെ ആകാശത്തെ യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ കണ്ണ് ഒരു വലിയ പിങ്ക് വൃത്തത്തിൽ ഉടക്കി നിൽക്കും.  ചുറ്റുമുള്ള പച്ചപ്പു നിറഞ്ഞ പ്രകൃതിയിൽ നിന്നും വ്യത്യസ്തമായി ചിത്രം വരച്ചത് പോലെ പിങ്ക് നിറത്തിലെ തടാകം ആരെയും അത്ഭുതപ്പെടുത്തും. ഓസ്‌ട്രേലിയയിലെ മിഡിൽ ഐലൻഡിലെ ഹില്ലിയർ തടാകത്തിന്  പിങ്ക് ബബിൾ ഗമിന്റെ നിറമാണ്. ഒരു അതിശയകരമായ പ്രകൃതിദത്ത അത്ഭുതമാണ് ഈ തടാകം.ഇത് ലോകത്തിലെ മറ്റേതൊരു തടാകത്തിൽ നിന്നും വേറിട്ടുനിൽക്കുന്നു.

Hillier Pink
ഹില്ലിയർ തടാകം, ഓസ്‌ട്രേലിയ

ഹില്ലിയർ തടാകത്തിന്റെ പിങ്ക് നിറം ഏതെങ്കിലും കൃത്രിമ ചായത്തിന്റെയോ മലിനീകരണത്തിന്റെയോ ഫലമല്ല. പകരം, ലവണാംശമുള്ള അന്തരീക്ഷത്തിൽ തഴച്ചുവളരുന്ന ചില ബാക്ടീരിയ സ്പീഷീസുകൾക്കൊപ്പം ഡുനാലിയല്ല സലീന എന്ന ഒരു തരം ആൽഗയുടെ സാന്നിധ്യമാണ് ഇതിന് കാരണമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ സൂക്ഷ്മാണുക്കൾ ഒരു പിങ്ക് പിഗ്മെന്റ് ഉത്പാദിപ്പിക്കുന്നു, ഇത് തടാകത്തിന് അസാധാരണമായ നിറം നൽകുന്നു. വിപുലമായ ശാസ്ത്രീയ ഗവേഷണങ്ങൾ ഉണ്ടായിരുന്നിട്ടും, ഈ പ്രതിഭാസത്തിന്റെ കൃത്യമായ കാരണം ഇപ്പോഴും പൂർണ്ണമായി മനസ്സിലായിട്ടില്ല.കൂടാതെ, ഈ ജലാശയം അങ്ങേയറ്റം ഉപ്പുരസമുള്ളതാണ് - ചാവുകടൽ പലെ തന്നെ.

മൗറീഷ്യസ് അണ്ടർവാട്ടർ വെള്ളച്ചാട്ടം. Image Credit : Solovyova/istockphoto
മൗറീഷ്യസ് അണ്ടർവാട്ടർ വെള്ളച്ചാട്ടം. Image Credit : Solovyova/istockphoto

മൗറീഷ്യസ് അണ്ടർവാട്ടർ വെള്ളച്ചാട്ടം

ഒരു ഒപ്റ്റിക്കൽ മിഥ്യയാണ് സത്യത്തിൽ മൗറീഷ്യസിലെ അണ്ടർവാട്ടർ വെള്ളച്ചാട്ടം. കടലിൽ വെള്ളച്ചാട്ടം പോലെ കാണപ്പെടുന്ന ഇത് മുകളിൽ നിന്നു മാത്രമേ കാണാൻ കഴിയൂ. ലെ മോർണിന് മുകളിലൂടെ ഹെലികോപ്റ്റർ സവാരി നടത്തിയാൽ ഇത് നന്നായി കാണാൻ കഴിയും. ദ്വീപിന്റെ തെക്കുപടിഞ്ഞാറുള്ള ലെ മോർണിന്റെ തീരത്താണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ ഫോട്ടോഗ്രാഫ് ചെയ്ത പ്രകൃതിദത്ത അത്ഭുതങ്ങളാണിത്. ഭൂമിയിലെ യാഥാർത്ഥ്യമല്ലാത്ത സ്ഥലങ്ങളിൽ ഏറ്റവും പ്രശസ്തമായ ഒന്നുകൂടിയാണ് ഇത്. മുകളിൽ നിന്ന് നോക്കുമ്പോൾ  കടലിനുള്ളിൽ ഒരു വെള്ളച്ചാട്ടം ഒഴുകുന്നത് പോലെ നമുക്ക് ഫീൽ ചെയ്യും ഇവിടെ എത്തിയാൽ. സത്യത്തിൽ വെള്ളമല്ല കടലിലെ മണ്ണാണ് ഇവിടെ ഒഴുകുന്നത്. ലെ മോർൺ കടലിടുക്കിലേക്ക് വെള്ളവും മണ്ണും കൂടി ഒഴുകുമ്പോൾ അതൊരു വെള്ളച്ചാട്ടം പോലെ കാണുന്നവർക്ക് അനുഭവപ്പെടും. ഇന്നും ഒരു അത്ഭുതമായിത്തന്നെ ഈ അണ്ടർ വാട്ടർ വെള്ളച്ചാട്ടം നിലനിൽക്കുന്നു. 

English Summary:

Locations on Earth are not real.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com