വരൂ, ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരത്തിലേക്കു യാത്ര പോകാം

Mail This Article
ഇരുണ്ട നഗരം എന്നൊരു പേരുണ്ട് കൊൽക്കത്തയ്ക്ക്. അതിന് ചരിത്രപരവും വിശ്വാസപരവുമായ നിരവധി കാരണങ്ങളുമുണ്ട്. അതിൽ ചരിത്രപരമായ കാര്യം ആദ്യം പറയാം. ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി അവരുടെ ചില സൈനികരെ 1756 ൽ കൊൽക്കത്തയിലേക്ക് നിയോഗിച്ചു. എന്നാൽ, കൊൽക്കത്തയിലെ പ്രാദേശിക ഭരണാധികാരി അവരെ പിടികൂടി ഒരു ചെറിയ ജയിലിൽ അടച്ചു. 1756 ജൂൺ 20ന് ആയിരുന്നു സംഭവം. അവരിൽ ബ്രിട്ടിഷ് പൗരൻമാർക്കൊപ്പം ഡച്ച്, പോർച്ചുഗീസ് പൗരൻമാരുമുണ്ടായിരുന്നു. ഇന്ത്യയിൽ അധികാരമുറപ്പിക്കുന്നതിനു മുൻപ് ബ്രിട്ടിഷുകാർക്കേറ്റ വലിയ ആഘാതമായിരുന്നു അത്. കൊൽക്കത്തയെ ഇരുണ്ട നഗരം എന്ന് വിളിക്കാൻ അവർക്കു വേറെ കാരണങ്ങളൊന്നും വേണ്ടി വന്നില്ല. കാളീദേവിയെ പൂജിക്കുന്ന നഗരമായതിനാൽ കൊൽക്കത്തെയെ അങ്ങനെ വിളിക്കുന്നുവെന്നും പറയപ്പെടുന്നു.

എന്നാൽ, ഇരുണ്ട നഗരം എന്ന ആ വിശേഷണം ചരിത്രപുസ്തകങ്ങളിലും വിശ്വാസങ്ങളിലും മാത്രം ഒതുങ്ങും. സുരക്ഷയുടെ പതിൻമടങ്ങ് പ്രകാശവുമായി കൊൽക്കത്ത ജ്വലിച്ചു നിൽക്കുകയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും സുരക്ഷിതമായ നഗരമായി മാറിയിരിക്കുകയാണ് കൊൽക്കത്ത. തുടർച്ചയായ മൂന്നാം തവണയാണ് കൊൽക്കത്ത ഈ പദവി സ്വന്തമാക്കുന്നത്. നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ കണക്കുകൾ ഉള്ളത്.

മറ്റ് നഗരങ്ങളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങൾ കുറവ്
നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് അനുസരിച്ച്, ഇന്ത്യയിലെ മറ്റ് മഹാനഗരങ്ങളെ അപേക്ഷിച്ച് കൊൽക്കത്തയിൽ കോഗ്നിസബിൾ കുറ്റകൃത്യനിരക്ക് കുറവാണ്. ഒരു ലക്ഷം ജനസംഖ്യയെ വച്ച് കുറ്റകൃത്യങ്ങൾ കണക്കാക്കുമ്പോൾ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് കൊൽക്കത്തയിലാണ് കുറഞ്ഞ നിരക്ക്.

കൊൽക്കത്തയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയിലെ പുണെയും മൂന്നാം സ്ഥാനത്ത് ഹൈദരാബാദുമാണ്. ഇരുപത് ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള ഇന്ത്യയിലെ 19 മഹാനഗരങ്ങളിൽ നിന്നാണ് കൊൽക്കത്ത പട്ടികയിൽ ഒന്നാമതെത്തിയത്. സുരക്ഷിതനഗരം എന്ന പദവി കൊൽക്കത്ത സ്വന്തമാക്കിയെങ്കിലും ഇവിടെ കുറ്റകൃത്യങ്ങൾ ഇല്ലെന്ന് അർഥമില്ല. സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്.
ഏതായാലും, ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ പുതിയ കണക്ക് കൊൽക്കത്തയിലേക്ക് എത്തുന്ന ആഭ്യന്തര, രാജ്യാന്തര സഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിക്ടോറിയ മെമ്മോറിയൽ, ഹൗറ പാലം, ഈഡൻ ഗാർഡൻസ്, ഇന്ത്യൻ മ്യൂസിയം, കൊൽക്കത്ത സയൻസ് സിറ്റി, ബിർള മന്ദിർ, സെന്റ് പോൾസ് കത്തീഡ്രൽ, കാളിഘട്ട് മന്ദിർ തുടങ്ങി നിരവധി ചരിത്രസ്മാരകങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും ആണ് കൊൽക്കത്തയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. നഗരത്തിലേക്ക് ആദ്യമായി എത്തുന്നവർക്ക് പോലും ഈ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സുരക്ഷിതമായി യാത്ര ചെയ്യാം എന്നത് തന്നെയാണ് കൊൽക്കത്തയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.