യാത്രയിൽ സംസാരം വേണ്ട, ച്യൂയിങ്ഗം ചവയ്ക്കരുത്; വിചിത്ര നിയമങ്ങൾ, ലംഘിച്ചാൽ അറസ്റ്റ്!
Mail This Article
മഴക്കാലമായാൽ നമ്മുടെ നാട്ടിലെ റോഡുകളിൽ വണ്ടർലായിലെ വാട്ടർ റൈഡുകളുടെ പ്രതീതിയാണ്. വെള്ളം ഇരുവശത്തേക്കും തെറിപ്പിച്ച് ചീറിപ്പായുന്ന വാഹനങ്ങൾ. വെള്ളം തെറിക്കുമ്പോൾ കാൽനടയാത്രക്കാർ കുട കൊണ്ട് മറച്ച് പിടിച്ചാൽ രക്ഷപ്പെട്ടു. അല്ലെങ്കിൽ രാവിലെ ജോലിക്കായും മറ്റും ഉടുത്തൊരുങ്ങി ഇറങ്ങുന്നവരുടെ ഒരു ദിവസം പോയികിട്ടും. എന്നാൽ നാട്ടിലെ കൈയിലിരിപ്പുമായി ജപ്പാനിലേക്ക് ചെന്നാൽ ഒരു മടങ്ങിവരവ് ഉണ്ടാകില്ല! അറസ്റ്റ് വരിച്ച് പിഴയും നൽകി തെക്കു വടക്ക് നടക്കാം.
ഓരോ നാടിനും അതിന്റേതായ നിയമസംഹിതകൾ ഉണ്ട്. ആ നാടിന്റെ ക്രമസമാധാന പാലനത്തിനും സമാധാനപരമായ അന്തരീക്ഷത്തിനും വേണ്ടിയാണ് ഓരോ രാജ്യവും പ്രത്യേക നിയമങ്ങൾ ഉണ്ടാക്കുന്നത്. ഒരു രാജ്യത്തെ നിയമങ്ങൾ മറ്റ് രാജ്യങ്ങളിൽ ഉള്ളവർക്ക് തമാശയായി തോന്നും. എന്നാൽ, ഓരോ രാജ്യത്തേക്കും യാത്ര ചെയ്യുമ്പോൾ ആ രാജ്യത്തെ അടിസ്ഥാന നിയമങ്ങളെക്കുറിച്ച് നമുക്ക് ധാരണ ഉണ്ടായിരിക്കണം. അല്ലാത്ത പക്ഷം നമ്മളെ കാത്തിരിക്കുന്നത് വൻതുക പിഴയോ അറസ്റ്റോ ഒക്കെയാകാം. യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന രാജ്യത്തെ ക്രമസമാധാന പാലന നിയമങ്ങളെക്കുറിച്ച് ധാരണ ഉണ്ടാക്കിയെടുക്കുക എന്നത് പ്രധാനമാണ്.
ച്യൂയിങ്ഗം ചവയ്ക്കരുത്, പൊതുസ്ഥലങ്ങളിൽ തുപ്പരുത്
യാത്ര പോകുമ്പോഴും മറ്റും ച്യൂയിങ്ഗം ചവയ്ക്കരുത് ഹോബിയായി മാറിയവരുണ്ട്. ചവച്ച് മടുക്കുമ്പോൾ കാണുന്ന സ്ഥലത്ത് തുപ്പും. എന്നാൽ, ഈ കൈയിലിരിപ്പുമായി സിംഗപ്പൂരിലേക്ക് ചെന്നാൽ വിവരമറിയും. ഇവിടെ ച്യൂയിങ്ഗം ചവച്ച് പൊതുസ്ഥലത്ത് തുപ്പിയാൽ വലിയ തുകയാണ് പിഴയായി നിങ്ങളെ കാത്തിരിക്കുന്നത്. ടോയിലറ്റ് ഉപയോഗിച്ച് കഴിഞ്ഞാൽ ഫ്ലഷ് ചെയ്യുക എന്നുള്ളത് സാമാന്യമര്യാദയാണ്. എന്നാൽ, സിംഗപ്പൂരിൽ അത് നിയമമാണ്. പൊതു സ്ഥലത്തെ ടോയിലറ്റ് ഉപയോഗിച്ച് ഫ്ലഷ് ചെയ്യാൻ മറന്നുപോയാൽ 150 ഡോളർ ആണ് പിഴ ലഭിക്കുക. ഏകദേശം, പതിനായിരം ഇന്ത്യൻ രൂപയ്ക്ക് അടുത്ത് വരും ഈ തുക.
പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യുമ്പോൾ നിശബ്ദത പാലിക്കുക
ജീവിതരീതിയിലും പൊതുവിടങ്ങളിലെ ഇടപെടലിലും ലോകത്തിന് തന്നെ മാതൃകയാണ് ജപ്പാൻ. കൃത്യമായ അച്ചടക്കം ജീവിതത്തിലുടനീളം പാലിക്കുന്നരാണ് ജപ്പാൻകാർ. അതിനുള്ള പരിശീലനം അവർക്ക് ചെറുപ്പം മുതലേ ലഭിക്കുന്നു. ജപ്പാനിൽ എത്തി അവിടുത്തെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ വളരെ സൂക്ഷിക്കണം. ഫോൺ സൈലന്റ് മോഡിൽ ആക്കിയിരിക്കണം. സംസാരിക്കുന്നുണ്ടെങ്കിൽ തന്നെ വളരെ ശബ്ദം താഴ്ത്തിയും മറ്റുള്ളവർക്ക് ഒരു തരത്തിലും ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിലുമായിരിക്കണം. കൂടാതെ, ജപ്പാനിൽ ഡ്രൈവ് ചെയ്യുമ്പോഴും കരുതലുണ്ടായിരിക്കണം. പ്രത്യേകിച്ച് മൺസൂൺ കാലത്ത്. ഡ്രൈവ് ചെയ്യുന്ന സമയത്ത് വെള്ളം തെറിപ്പിച്ചാൽ ഡ്രൈവർമാരിൽ നിന്ന് 7000 യെൻ പിഴയായി ഈടാക്കും. അതുകൊണ്ട് മഡ് ഫ്ലാപ്സ് വാഹനങ്ങളിൽ നിർബന്ധമായും സ്ഥാപിച്ചിരിക്കണം. മഴക്കാലത്ത് വേഗത കുറച്ച് വാഹനം ഓടിക്കാനും ശ്രദ്ധിക്കണം.
പൈസയിൽ ചവിട്ടിയാൽ കളി മാറും
പുകയില തായ്ലൻഡിൽ നിയമം മൂലം അംഗീകരിക്കപ്പെട്ട ഒന്നാണ്. എന്നാൽ, അറിയാതെ തായ്ലൻഡ് കറൻസിയിൽ ചവിട്ടിയാൽ കഥ മാറും. ഇത് വലിയ അനാദരവുള്ള പ്രവൃത്തിയായാണ് തായ്ലൻഡിൽ കണക്കാക്കപ്പെടുന്നത്. കാരണം, തായ് കറൻസിയിൽ അവിടുത്തെ രാജാവിന്റെ മുഖമാണ്. സാംസ്കാരികപരമായും വളരെ അനൗചിത്യം നിറഞ്ഞ പ്രവൃത്തിയായാണ് ഇത് കണക്കാക്കുന്നത്. മാത്രമല്ല, ഷർട്ട് ധരിക്കാതെ ഡ്രൈവ് ചെയ്യുന്നതും ഇവിടെ അനുവദനീയമല്ല.
കൈകാലുകൾ മറയ്ക്കുന്ന വസ്ത്രം സ്ത്രീകൾ നിർബന്ധമായും ധരിച്ചിരിക്കണം
യാഥാസ്ഥിതിക വസ്ത്രധാരണരീതികൾ പിന്തുടരണമെന്ന് ആഗ്രഹിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യ. സ്ത്രീകൾ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൈകാലുകൾ മറഞ്ഞിരിക്കണം. പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങളിലും തല മറയ്ക്കണമെന്നും നിർദേശമുണ്ട്.
സ്മാരകങ്ങൾക്ക് സമീപം ഹീൽസ് ഉപയോഗിക്കരുത്, െട്രയിനിൽ പരസ്പരം ചുംബിക്കരുത്
യാത്രയ്ക്കിടയിൽ പല സ്ഥലങ്ങളിൽ പോകാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും സഞ്ചാരികൾ. അതിൽ മാർക്കറ്റുകളും മ്യൂസിയങ്ങളും പാർക്കുകളും സ്മാരകങ്ങളും ഉണ്ടായിരിക്കും. എന്നാൽ, സ്മാരകങ്ങൾ സന്ദർശിക്കാൻ എത്തുന്നവർ ഹീൽസ് ധരിക്കരുതെന്നാണ് ഗ്രീസിലെ നിയമം. ഏഥൻസിലെയും മറ്റും പുരാതനവും ചരിത്രപരവുമായ സ്മാരകങ്ങൾ സന്ദർശിക്കാൻ എത്തുന്നവർ ഹീൽസ് ഒഴിവാക്കണം. ഹീൽസ് ഉപയോഗിച്ച് സ്മാരകങ്ങളിലെ സ്റ്റോണുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് ഇത്. അടുത്ത നിയമം കേൾക്കുന്നവർ ഒന്ന് അമ്പരക്കും. കാരണം, പ്രണയത്തിന്റെ നഗരമായി അറിയപ്പെടുന്ന പാരിസ് ഉൾപ്പെടുന്ന ഫ്രാൻസിൽ ട്രെയിനിൽ യാത്ര ചെയ്യുന്നവർ പരസ്പരം ചുംബിക്കുന്നതു നിരോധിച്ചിട്ടുണ്ട്. കൂടാതെ, പൊലീസുകാരെയോ പൊലീസുകാരുടെ വാഹനങ്ങളുടെയോ ഫോട്ടോ എടുക്കുന്നതും നിരോധിച്ചിട്ടുണ്ട്.
ചുരുക്കത്തിൽ പുതുവർഷത്തിൽ യാത്രകൾ സജീവമാക്കുന്നതിന് മുൻപ് പോകുന്ന രാജ്യത്തെ നിയമങ്ങളെക്കുറിച്ച് ഒന്ന് അറിഞ്ഞിരിക്കാനും ശ്രദ്ധിക്കുക. അല്ലെങ്കിൽ ഒരു ചെറിയ തെറ്റ് മതി, യാത്രയുടെ മുഴുവൻ സുഖവും നശിപ്പിക്കാൻ.