1,799 രൂപ മുതൽ ടിക്കറ്റ്; എയർ ഇന്ത്യ എക്സ്പ്രസിൽ യാത്ര ചെയ്യാം
Mail This Article
ആഭ്യന്തര വിമാന യാത്രക്കാർക്കായി 1,799 രൂപ മുതൽ ആരംഭിക്കുന്ന നിരക്കുകളുമായി എയർ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവൽ സെയിൽ പ്രഖ്യാപിച്ചു. ഈ വർഷം സെപ്റ്റംബർ 30 വരെയുള്ള യാത്രകള്‍ക്കായി ജനുവരി 11 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് പ്രത്യേക നിരക്കിൽ ലഭിക്കുക.
എയർ ഇന്ത്യ എക്സ്പ്രസിന്‍റെ കൊച്ചിയിൽ നിന്നുള്ള ബെംഗളൂരു, ഹൈദരാബാദ്, ന്യൂഡൽഹി സർവീസുകള്‍ക്കും തിരുവനന്തപുരത്ത് നിന്നുള്ള ബെംഗളൂരു ചെന്നൈ സർവീസുകള്‍ക്കും കണ്ണൂരിൽ നിന്നുള്ള ബെംഗളൂരു തിരുവനന്തപുരം സർവീസുകള്‍ക്കും കോഴിക്കോട് നിന്നുള്ള ആഭ്യന്തര സർവീസുകള്‍ക്കും ടൈം ടു ട്രാവൽ സെയിലിന്‍റെ ഭാഗമായുള്ള പ്രത്യേക ടിക്കറ്റ് നിരക്കുകള്‍ ബാധകമാണ്. കൂടാതെ എയർലൈനിന്‍റെ നെറ്റ്‌വർക്കിലുടനീളം സെയിലിന്‍റെ ഭാഗമായി ഡിസ്ക്കൗണ്ടുകളും ലഭിക്കും.
35 ബോയിങ് 737, 28 എയർബസ് എ 320 എന്നിവയുൾപ്പെടെ 63 വിമാനങ്ങളുള്ള എയർ ഇന്ത്യ എക്സ്പ്രസ് 31 ആഭ്യന്തര, 14 രാജ്യാന്തര വിമാനത്താവളങ്ങളിലേക്കായി പ്രതിദിനം 325-ലധികം വിമാനസർവീസുകള്‍ നടത്തുന്നുണ്ട്.
ന്യൂപാസ് റിവാഡ്സ് പ്രോഗ്രാമിന്‍റെ ഭാഗമായി, വെബ്സൈറ്റിൽ ലോഗിൻ ചെയ്ത ടിക്കറ്റെടുക്കുന്ന ഹൈഫ്ലയർ, ജെറ്റ്സെറ്റർ ബാഡ്ജുകളുള്ള അംഗങ്ങൾക്ക് എക്സ്പ്രസ് എഹെഡ് മുൻഗണനാ സേവനങ്ങൾ സൗജന്യമായി ലഭിക്കും. ടാറ്റ ന്യൂപാസ് റിവാഡ്സ് പ്രോഗ്രാമിലെ അംഗങ്ങൾക്കു ഭക്ഷണം, സീറ്റുകൾ, ബാഗേജുകൾ, മാറ്റം, റദ്ദാക്കൽ ഫീസ് ഇളവുകൾ എന്നിവ പോലുള്ള എക്സ്ക്ലൂസീവ് മെമ്പർ ആനുകൂല്യങ്ങൾക്കു പുറമേ 8 ശതമാനം വരെ ന്യൂകോയിൻസും ലഭിക്കും. ലോയൽറ്റി അംഗങ്ങൾക്കു പുറമേ, വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, ചെറുകിട ഇടത്തരം സംരംഭങ്ങൾ, ആശ്രിതർ, സായുധ സേനാംഗങ്ങൾ എന്നിവർക്കും എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വെബ്സൈറ്റിലും മൊബൈൽ ആപ്പിലും പ്രത്യേക നിരക്കുകൾ ലഭിക്കും.
എയർ ഇന്ത്യ എക്സ്പ്രസ് അടുത്തിടെ നവീകരിച്ച ബ്രാൻഡ് ഐഡന്‍റിറ്റി അനാവരണം ചെയ്തിരുന്നു. വൈവിധ്യമാർന്ന ഗൊർമേർ ഭക്ഷണം, സുഖപ്രദമായ ഇരിപ്പിടങ്ങൾ, എയർഫ്ലിക്സ് ഇൻ-ഫ്ലൈറ്റ് എക്സ്പീരിയൻസ് ഹബ്, എക്സ്ക്ലൂസീവ് ലോയൽറ്റി ആനുകൂല്യങ്ങള്‍ എന്നിവ എയർലൈൻ വാഗ്ദാനം ചെയ്യുന്നു.