ആറു ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ള ഭൂഗര്‍ഭ ജലാശയം, സിസിലി ദ്വീപിൽ

Mail This Article
സഞ്ചാരികള്‍ക്ക് ആകര്‍ഷകമായ ഓഫറുകളും കിഴിവുകളും വാഗ്ദാനം ചെയ്ത് വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള ഇറ്റാലിയന്‍ ദ്വീപാണ് സിസിലി. ജനസംഖ്യ കുറഞ്ഞു വരുന്നതിനാല്‍ സിസിലിയിലെ പല പട്ടണങ്ങളിലും തുച്ഛമായ തുകയ്ക്ക് വീടുകള്‍ വില്‍ക്കാന്‍ വയ്ക്കുന്നതും സാധാരണമാണ്. എന്നാല്‍, ഇതൊന്നുമല്ല ഇപ്പോള്‍ സിസിലിയെ വീണ്ടും ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ഈയിടെ നടത്തിയ ഒരു പഠനത്തില്‍, ആറു ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ഭൂഗര്‍ഭ ജലാശയം ഇവിടെ ഗവേഷകര്‍ കണ്ടെത്തി.

നവംബർ 22 ന് കമ്മ്യൂണിക്കേഷൻസ് എർത്ത് & എന്‍വയോണ്‍മെന്‍റ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, തെക്കൻ സിസിലിയിലെ ഹൈബ്ലിയൻ പർവതനിരകളുടെ അടിയിൽ 2,300 മുതൽ 8,200 അടി വരെ ആഴത്തിലാണ് ഇത് കണ്ടെത്തിയത്. ആറു ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, ജിബ്രാൾട്ടർ കടലിടുക്കിന് ചുറ്റുമുള്ള സമുദ്രത്തിന്‍റെ അടിത്തട്ട് ഉയര്‍ന്നത് കാരണമുണ്ടായ മെസ്സീനിയൻ ലവണാംശ പ്രതിസന്ധിയുടെ സമയത്ത്, മെഡിറ്ററേനിയൻ കടൽ വറ്റുകയും ശുദ്ധജലം ഇവിടെ കുടുങ്ങിപ്പോവുകയും ചെയ്തതായിരിക്കാമെന്ന് ഗവേഷകര്‍ കരുതുന്നു.

ഏകദേശം 7,00,000 വർഷം നീണ്ടുനിന്ന മെസ്സീനിയൻ ലവണാംശ പ്രതിസന്ധി പൊടുന്നനെ അവസാനിച്ചു. സമുദ്രനിരപ്പിലെ ദ്രുതഗതിയിലുള്ള ഉയർച്ച, മർദ്ദാവസ്ഥയിൽ മാറ്റം വരുത്തുകയും ഭൂഗർഭജല സംവിധാനം പ്രവർത്തനരഹിതമാക്കുകയും ചെയ്തിരിക്കാം. ഈ പ്രതിസന്ധി സമയത്ത്, മാൾട്ട എസ്‌കാർപ്‌മെന്റിലേക്ക് തുറന്ന സ്ഥലത്ത്, അവശിഷ്ടങ്ങളും ധാതു നിക്ഷേപങ്ങളും അടിഞ്ഞുകൂടി. തുടർന്നുള്ള ദശലക്ഷക്കണക്കിന് വർഷങ്ങളിൽ ഗെലയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ ശുദ്ധജലവുമായി കടൽജലം കലരുന്നത് തടയുകയും ചെയ്തിരിക്കാമെന്ന് പഠനം പറയുന്നു.
സിസിലിയിലെ ഗെല എണ്ണപ്പാടങ്ങള്‍ക്ക് ചുറ്റുമുള്ള ഭൂഗര്‍ഭ ശുദ്ധജല സംഭരണികളെക്കുറിച്ചുള്ള പഠനമാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചത്. ഗവേഷകര്‍ ഈ ജലസംഭരണിയുടെ ത്രിമാന മോഡലുകള്‍ നിര്‍മ്മിക്കുകയും അതില്‍ 17.5 ക്യുബിക് കിലോമീറ്റർ വെള്ളം ഉണ്ടെന്ന് കണക്കാക്കുകയും ചെയ്തു.
സിസിലിയിലെ ജലക്ഷാമം ലഘൂകരിക്കാൻ ഈ ശുദ്ധജലം ഉപയോഗിക്കാമെന്നും, മറ്റു മെഡിറ്ററേനിയന്‍ ഭാഗങ്ങളിൽ സമാനമായ ആഴത്തിലുള്ള ഭൂഗർഭജല പര്യവേക്ഷണങ്ങൾക്ക് ഈ കണ്ടെത്തൽ പ്രചോദനമാകുമെന്നും ഗവേഷകസംഘം പ്രതീക്ഷിക്കുന്നു.