ADVERTISEMENT

പ്രതീക്ഷിച്ചതിലും വേഗത്തിലാണ് കോവിഡിനു ശേഷം ഇന്ത്യയിലെ വിമാനയാത്രകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. 2023 ല്‍ ആഭ്യന്തര വിമാനയാത്രകളുടെ എണ്ണം 15.2 കോടി കടന്നു. ഇതോടെ കോവിഡിന് മുന്‍പുള്ള വിമാനയാത്രയുടെ കണക്കുകളാണ് ഇതു മറികടന്നത്. വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ സഞ്ചാരത്തിനായി ആകാശമാര്‍ഗം തിരഞ്ഞെടുത്തുവെന്നാണ് ഏവിയേഷന്‍ അനലറ്റിക്‌സ് സ്ഥാപനമായ നെറ്റ്‌വര്‍ക്ക് തോട്ട്‌സിന്റെ കണക്കുകള്‍ പറയുന്നത്. ഇതിനു പല കാരണങ്ങളുണ്ട്. ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ എയര്‍ലൈന്‍ കമ്പനികള്‍ക്കു സാധിച്ചത്, ഇന്ധനവിലയിലെ കുറവ്, എക്‌സ്‌ചേഞ്ച് നിരക്കിലെ സ്ഥിരത എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ വിമാനയാത്രയുടെ ചെലവു കുറച്ചു. ഇതോടെ കൂടുതല്‍ പേർക്ക് വിമാനയാത്ര സാധ്യമായി. 

2024 ലും ഇന്ത്യയിലെ വിമാന യാത്രികരുടെയും യാത്രകളുടെയും എണ്ണം വര്‍ധിക്കുമെന്നു തന്നെയാണ് കരുതപ്പെടുന്നത്. ആഭ്യന്തര വിമാനയാത്രികരുടെ എണ്ണം എട്ട് ശതമാനം മുതല്‍ പതിനഞ്ച് ശതമാനം വരെ വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. വ്യോമയാനമന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് 20 കോടി പേര്‍ 2024 ല്‍ വിമാനത്തില്‍ യാത്ര ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. 

ഇന്ത്യയില്‍ 2020-21 വര്‍ഷത്തില്‍ 5.33 കോടി ആഭ്യന്തര യാത്രികരും 54 ലക്ഷം രാജ്യാന്തര യാത്രികരുമാണുണ്ടായിരുന്നത്. 2021-22 ൽ ആഭ്യന്തരയാത്രികര്‍ 8.42 കോടിയും രാജ്യാന്തര യാത്രികര്‍ 1.02 കോടിയുമായി. 2022-23 വര്‍ഷത്തില്‍ ആഭ്യന്തര വിമാനയാത്രികരുടെ എണ്ണം 13.60  കോടിയും രാജ്യാന്തര യാത്രികര്‍ 2.39 കോടിയുമായി കുതിച്ചു. 2023-24ല്‍ ഇത് ആഭ്യന്തരയാത്രികര്‍ 17 കോടിയും വിദേശങ്ങളിലേക്കു യാത്ര ചെയ്യുന്നവര്‍ 3.16 കോടിയുമായി ഉയരുമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെ വരുമ്പോള്‍ 2024ല്‍ ആകെ ഇന്ത്യയിലെ വിമാനയാത്രികരുടെ എണ്ണം 20 കോടി കടക്കുകയും ചെയ്യും. 

ഇന്ത്യയിലെ നഗരങ്ങളെ വ്യോമ മാര്‍ഗം  ബന്ധിപ്പിക്കുന്ന ഉഡാന്‍ (UDAN) പദ്ധതി വിമാനയാത്ര കൂടുതല്‍ പേരിലേക്കെത്തിക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ്, സ്റ്റാര്‍ എയര്‍, ഹെറിറ്റേജ് ഏവിയേഷന്‍, എയര്‍ ടാക്‌സി, ഫ്‌ളൈ ബിഗ്, ഇന്ത്യവണ്‍ എയര്‍ എന്നിങ്ങനെയുള്ള സ്വകാര്യ കമ്പനികളും പൊതു ഉടമസ്ഥതയിലുള്ള കമ്പനികളും ഉഡാന്‍ പദ്ധതിയുടെ ഭാഗമാണ്. 2021ല്‍ ഉഡാന്റെ ഭാഗമായി 102 പുതിയ വിമാന റൂട്ടുകളാണ് തുറന്നത്. 2022ല്‍ അത് 52 പുതിയ റൂട്ടുകളും 2023ല്‍ 60 പുതിയ വിമാന റൂട്ടുകളും ആരംഭിക്കാന്‍ ഉഡാന്‍ വഴി സാധിച്ചു. 

ആഗോളതലത്തില്‍ത്തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യോമയാന രംഗമാണ് ഇന്ത്യയിലേത്. ഈ പ്രതീക്ഷ വളര്‍ത്തുന്നതാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തെ കണക്കുകള്‍. 2024ല്‍ അഞ്ചു ശതമാനം വളര്‍ച്ചയുണ്ടായാല്‍ ആഭ്യന്തര യാത്രികരുടെ എണ്ണം 15.97 കോടിയിലെത്തുമെന്നാണ് നെറ്റ്‌വര്‍ക്ക് തോട്ട്‌സ് റിപ്പോര്‍ട്ട് പറയുന്നത്. വളര്‍ച്ച പത്തു ശതമാനമെന്ന കൂടുതല്‍ പ്രായോഗികമായ നിരക്കായാല്‍ 16.72 കോടിയിലേക്ക് യാത്രികരുടെ എണ്ണം കൂടും. 15 ശതമാനമെങ്കില്‍ 2024ല്‍ 17.48 കോടിയിലേക്കും ആഭ്യന്തര യാത്രികരുടെ എണ്ണം കൂടുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

English Summary:

India: air passenger traffic by type 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com