ADVERTISEMENT

മഞ്ഞുകാലത്ത് വിമാനങ്ങള്‍ വൈകുന്നതും റദ്ദാക്കുന്നതും പല വിമാനത്താവളങ്ങളിലും സ്വാഭാവികമാണ്. ഓരോ യാത്രകളും മുടങ്ങുമ്പോള്‍ യാത്രികര്‍ക്കു വലിയ നഷ്ടങ്ങളാണു സംഭവിക്കുന്നത്. ഇത്തരം നഷ്ടങ്ങളെ ഒരു പരിധിവരെയെങ്കിലും നികത്താന്‍ ട്രാവന്‍ ഇന്‍ഷുറന്‍സ് വഴി സാധിക്കും. എങ്ങനെയാണ് യാത്രികര്‍ക്കു ട്രാവല്‍ ഇന്‍ഷുറന്‍സുകള്‍ അനുഗ്രഹമാവുന്നതെന്നു നോക്കാം. 

വിമാനം പുറപ്പെടാന്‍ വൈകുമ്പോഴോ യാത്ര തന്നെ റദ്ദാക്കുമ്പോഴോ എന്തൊക്കെ കാര്യങ്ങള്‍ വ്യോമയാന കമ്പനികള്‍ ചെയ്യാന്‍ ബാധ്യസ്ഥരാണെന്നു സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ് സെക്ഷന്‍ 3, സീരീസ് എം, നാലാം ഭാഗത്തില്‍ വ്യക്തമായി പറയുന്നുണ്ട്. 

1. വിമാനം റദ്ദാക്കുകയാണെങ്കില്‍ എയര്‍ലൈന്‍ പകരം വിമാനം യാത്രികര്‍ക്ക് ഏര്‍പ്പാടാക്കി കൊടുക്കുകയോ വിമാന ടിക്കറ്റിന്റെ തുക നഷ്ടപരിഹാരം സഹിതം നല്‍കുകയോ വേണം. വിമാനത്തിനായി കാത്തിരിക്കുമ്പോള്‍ യാത്രികര്‍ക്കു വിശ്രമിക്കാന്‍ വേണ്ട സൗകര്യങ്ങളും ഭക്ഷണവും നല്‍കേണ്ടതും എയര്‍ലൈനിന്റെ ചുമതലയാണ്. 

2. വിമാനം വൈകുകയാണെങ്കില്‍ ഭക്ഷണവും മറ്റു സൗകര്യങ്ങളും യാത്രികര്‍ക്കു നല്‍കണം. പകരം വിമാനമോ ടിക്കറ്റിന്റെ പണമോ കൈമാറണം. കൂടുതല്‍ സമയം വൈകിയാല്‍ യാത്രികര്‍ക്കു താമസ സൗകര്യവും ഏര്‍പ്പാടാക്കണം. 

ഇങ്ങനെയൊക്കെ നിയമമുള്ളപ്പോള്‍ പിന്നെന്താണ് പേടിക്കാനെന്നു ചിലരെങ്കിലും വിചാരിക്കും. എയര്‍ലൈനിന്റെ പരിധിക്ക് അപ്പുറത്തുള്ള കാരണങ്ങള്‍ കൊണ്ടാണ് വിമാനം വൈകുന്നതെങ്കില്‍ എയര്‍ലൈനിന് ഉത്തരവാദിത്വമില്ലെന്നു കൂടി നിയമം പറയുന്നുണ്ട്. മഴ, മഞ്ഞ് പോലുള്ള പ്രകൃതി പ്രതിഭാസങ്ങളെ തുടര്‍ന്നു വിമാനം റദ്ദാക്കിയാലും വൈകിയാലും എയര്‍ലൈന്‍ പ്രത്യേകിച്ചൊന്നും ചെയ്യില്ലെന്നു ചുരുക്കം. ഇത്തരം സാഹചര്യങ്ങളിലാണ് യാത്രികര്‍ക്ക് ഇന്‍ഷുറന്‍സ് രക്ഷയ്ക്കെത്തുക. 

ട്രാവല്‍ ഇന്‍ഷുറന്‍സില്‍ ഫ്‌ളൈറ്റ് ഡിലേ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പിക്കണമെന്ന് മാത്രം. നിശ്ചിത സമയത്തില്‍ കൂടുതല്‍ സമയം വിമാനം വൈകിയാല്‍ മാത്രമായിരിക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. നിശ്ചിത തുക നഷ്ടപരിഹാരം നല്‍കുകയാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ചെയ്യുക. ഉദാഹരണത്തിന് ഗോ ഡിജിറ്റിന്റെ 'ഓണ്‍ ദ മൂവ്' ട്രാവല്‍ ഇന്‍ഷുറന്‍സ് പ്രകാരം പ്രാദേശിക വിമാനങ്ങള്‍ റദ്ദാക്കിയാല്‍ അരലക്ഷം രൂപ ലഭിക്കും. ഇനി രാജ്യാന്തര വിമാനയാത്രയാണ് റദ്ദാക്കപ്പെടുന്നതെങ്കില്‍ 5,000 അമേരിക്കന്‍ ഡോളറായിരിക്കും നഷ്ടപരിഹാരമായി ലഭിക്കുക. 

ബജാജ് ട്രാവല്‍ എയ്‌സിൽ വിമാനയാത്ര, മൂടല്‍മഞ്ഞോ മറ്റു കാലാവസ്ഥാ പ്രശ്‌നങ്ങളോ കാരണം വൈകിയാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. പ്രാദേശിക യാത്രകളാണ് മുടങ്ങുന്നതെങ്കില്‍ പരമാവധി 50,000 രൂപയാണ് ബജാജ് ട്രാവല്‍ എയ്‌സ് നല്‍കുക. രാജ്യാന്തര യാത്രകള്‍ മുടങ്ങിയാല്‍ പരമാവധി ആയിരം ഡോളര്‍ വരെ ലഭിക്കും. ടാറ്റ എഐജിയും വിമാന യാത്രകള്‍ വൈകിയാല്‍ ഇന്‍ഷുറന്‍സ് പരിഹാരം നല്‍കുന്നുണ്ട്. ആഭ്യന്തര യാത്രകള്‍ക്കു പരമാവധി 8,000 -10,000 രൂപയും രാജ്യാന്തര യാത്രകള്‍ക്ക് 40,000- 50,000 രൂപ വരെയുമാണ് ലഭിക്കുക. 

ഇന്‍ഷുറന്‍സ് എടുത്ത ശേഷം വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ വിവരം ഇന്‍ഷുറന്‍സ് കമ്പനിയുടെ ഹെല്‍പ് ലൈന്‍ നമ്പറില്‍ വേഗം അറിയിക്കണം. വിമാന യാത്രകള്‍ ഇന്‍ഷുര്‍ ചെയ്യുന്ന പോളിസികളുടെ പ്രീമിയം തുക പ്രാദേശിക യാത്രകള്‍ക്ക് 150 - 200 രൂപ മുതലും വിദേശ യാത്രകള്‍ക്ക് 500 രൂപ മുതലും ആരംഭിക്കും. യാത്രാ ചെലവിന്റെ നാലു ശതമാനം മുതല്‍ 10 ശതമാനം വരെയായിരിക്കും സാധാരണ നിലയില്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് ചെലവ്. ഏതൊരു ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിനു മുമ്പും വിശദമായി പോളിസി രേഖകള്‍ വായിച്ചു നോക്കാന്‍ മറക്കരുത്.

English Summary:

Flight delay compensation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com