കാത്തിരിക്കുന്നത് അവിസ്മരണീയ അനുഭവങ്ങൾ; യുഎസിലെ അഞ്ച് ഇടങ്ങൾ
Mail This Article
കടല്തീരങ്ങള് മുതല്‍ മലനിരകള്‍ വരെ നീളുന്ന നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ട് അമേരിക്കയില്‍. വ്യത്യസ്തങ്ങളായ അനുഭവങ്ങള്‍ സഞ്ചാരികള്‍ക്കു സമ്മാനിക്കാന്‍ സാധിക്കുന്നവയാണ് ഇവ. അത്തരം അഞ്ചു സ്ഥലങ്ങളെ പരിചയപ്പെടാം.
കാന്‍സസ് സിറ്റി, മിസോറി
സിറ്റി ഓഫ് ഫൗണ്ടന് എന്നൊരു വിളിപ്പേരുണ്ട് മിസോറിയിലെ കാന്‍സസ് സിറ്റിക്ക്. 200 ലേറെ മനോഹര ജലധാരകളാണ് കാന്‍സസിന് ഇങ്ങനെയൊരു പേരു സമ്മാനിച്ചത്. വിവിധ കായിക ഇനങ്ങളുടെ മനോഹര കേന്ദ്രം. 2026 ല്‍ അമേരിക്ക ആതിഥ്യമരുളുന്ന ഫുട്ബോള്‍ ലോകകപ്പിനായുള്ള ഒരുക്കങ്ങള്‍ ഇവിടെ പുരോഗമിക്കുന്നുണ്ട്. പുതിയ സിപികെസി സ്റ്റേഡിയത്തില്‍ ഈ വര്‍ഷമാണ് നാഷനല്‍ വിമൻസ് സോക്കര്‍ലീഗ് നടക്കുന്നത്. ബാര്‍ബിക്യുവിനു പേരുകേട്ട നഗരം കൂടിയാണിത്. പോര്‍ക്കും ബീഫും ചിക്കനും തൊട്ട് ചക്കയും കൂണും മീനും വരെ ഇവിടെ ബാര്‍ബിക്യു ആയി ലഭിക്കും. രാജ്യാന്തരതലത്തിലെ ഏറ്റവും വലിയ ബിബിക്യു മത്സരത്തിന്റെ വേദിയും കാന്‍സസ് സിറ്റിയാണ്. അമേരിക്കന്‍ റോയല്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ബിബിക്യു മത്സരത്തില്‍ 600ലേറെ ടീമുകള്‍ പങ്കെടുക്കും.
സാന്റാ ഫെ, ന്യൂ മെക്സിക്കോ
അമേരിക്കയുടെ സര്‍ഗാത്മകതയുടെ തലസ്ഥാനമാണ് സാന്റാ ഫെ. സാന്ഗ്രേ ക്രിസ്റ്റോ മലനിരകള്‍ പശ്ചാത്തലമായുള്ള സാന്റാ ഫെ കലയുടെയും ആത്മീയതയുടെയും ആസ്ഥാനമായതില് പ്രകൃതി ഭംഗിക്കു കൂടി പങ്കുണ്ട്. അമേരിക്കന്‍ ഗോത്രവിഭാഗക്കാരുടെയും സ്പാനിഷ്, ആഗ്ലോ- അമേരിക്കന്‍ സംസ്കാരങ്ങളുടെയും കേന്ദ്രമാണിത്. ജോര്‍ജിയ ഒകെഫെ മ്യൂസിയത്തില്‍ മാര്‍ച്ചില്‍ 'മൈക്കിങ് എ ലൈഫ്' എന്ന പേരില്‍ പ്രദര്‍ശനവും നടക്കും. 200ലേറെ തദ്ദേശീയ അമേരിക്കന്‍ വിഭാഗങ്ങള്‍ പങ്കെടുക്കുന്ന സാന്റ ഫെ ഇന്ത്യന്‍ മാര്‍ക്കറ്റ് ഓഗസ്റ്റ് 17-18 തീയതികളിലാണ് നടക്കുക.
ഫിലാഡല്‍ഫിയ, പെന്‍സില്‍വേനിയ
അമേരിക്കയിലെ തന്നെ ആദ്യ ലോക പൈതൃക നഗരമാണ് ഫിലാഡല്‍ഫിയ. ‘ചരിത്രത്തിലേക്കു കാലുംനീട്ടിയിരിക്കുന്ന’ ഈ അമേരിക്കന്‍ നഗരം പരമ്പരാഗത കലകളുടെ കൂടി കേന്ദ്രമാണ്. തുറന്ന മ്യൂസിയമെന്ന വിളിപ്പേരും ഫിലാഡെല്‍ഫിയയ്ക്ക് ചേരും. നഗരത്തിന്റെ പലയിടങ്ങളിലായുള്ള 600ലേറെ പ്രതിമകള്‍ക്കും 4,400ലേറെ ചുമര്ചിത്രങ്ങള്ക്കും ഏറെ കാര്യങ്ങള്‍ പറയാനുണ്ട്. സ്ട്രീറ്റ് ഫുഡും റസ്റ്ററന്റുകളും മാര്‍ക്കറ്റുകളുമെല്ലാം ഫിലാഡെല്‍ഫിയയുടെ സമ്പന്നമായ ഭക്ഷണ സംസ്കാരത്തിന്റെ ഭാഗമാണ്.
സെന്റ് പീറ്റ്, ഫ്ളോറിഡ
തീരങ്ങളും തെരുവുകലകളും കൊണ്ടു സമ്പന്നമായ നാട്. 35 മൈല്‍ നീളത്തിലുള്ള മനോഹരമായ കടല്‍തീരങ്ങളാണ് സെന്റ് പീറ്റിലെ ഒരു പ്രധാന കാഴ്ച. പൈന്‍ മരക്കാട്ടിലൂടെയുള്ള ട്രക്കിങ്ങിനു പറ്റിയ ഹണിമൂണ്‍ ദ്വീപ്, മനുഷ്യ ഇടപെടലുകള്‍ പരിമിതമായ കലഡീസി ദ്വീപ് എന്നിവയെല്ലാം സെന്റ് പീറ്റിനോടു ചേര്‍ന്ന് എളുപ്പം സന്ദര്‍ശിക്കാവുന്ന ദ്വീപുകളാണ്. എട്ട് മ്യൂസിയങ്ങളും 532 തെരുവു ചിത്രങ്ങളും സെന്റ് പീറ്റിലുണ്ട്. ഷൈന്‍ മ്യൂറല്‍ ഫെസ്റ്റിവലിന്റെ പത്താം വാര്‍ഷികം ഒക്ടോബറില്‍ ആഘോഷിക്കാനിരിക്കുകയാണ്. ലോകപ്രസിദ്ധ കലാകാരനായ സാല്‍വദോര്‍ ദാലിയുടെ പേരിലുള്ള പ്രസിദ്ധമായ ദാലി മ്യൂസിയവും സെന്റ് പീറ്റില്‍ തന്നെയാണ്.
ആഷ്വില്ലെ, നോര്‍ത്ത് കാരോലൈന
അമേരിക്കയുടെ 'പശ്ചിമഘട്ട'മെന്നു വിളിക്കാവുന്ന കിഴക്കന്‍ മലനിരകളായ ബ്ലൂ റിഡ്ജ് മലനിരകള്‍ ആഷ്വില്ലെക്കു സ്വന്തം. സമ്പന്നമായ ചരിത്രവും പാരമ്പര്യവുമുള്ള നാടാണ് ആഷ്വില്ലെ. ഇവിടുത്തെ ഫോക്ക് ഹെറിറ്റേജ് കമ്മറ്റി സംഘടിപ്പിക്കുന്ന വാര്‍ഷിക ഷിന്ഡിങ് ഓണ്‍ ദ് ഗ്രീന്‍ ഫെസ്റ്റിവല്‍ ബ്ലൂഗ്രാസ് സംഗീതത്തിന്റെയും നൃത്തങ്ങളുടെയും കഥപറച്ചിലുകളുടേയുമെല്ലാം വേദിയാവാറുണ്ട്. മലകയറ്റവും ബൈക്കിങ്ങും വാട്ടര്‍ റാഫ്റ്റിങ്ങും കുതിരയോട്ടവും ഇഷ്ടപ്പെടുന്നവര്‍ക്കും പറ്റിയ ഇടമാണിത്.