മിസോറി സിറ്റിക്ക് മലയാളം അറിയാം...
Mail This Article
മിസോറി സിറ്റി കൗൺസിൽ എന്ന ബോർഡ് കടന്ന് കാർ മുന്നോട്ടു നീങ്ങി. മനോഹരമായി ലാൻഡ് സ്കേപ് ചെയ്ത വിശാലമായ ക്യാംപസിൽ നിറയെ സർക്കാർ കെട്ടിടങ്ങൾ. അതിൽ ഏറ്റവും പ്രൗഢിയുള്ള കെട്ടിടത്തിനു മുന്നിൽ കാർ നിന്നു. ഡോർ തുറന്നു കൊണ്ട് ഷിക്കാഗോയിലെ കേരള എക്സ്പ്രസ് പത്രാധിപരും സുഹൃത്തുമായ ജോസ് കണിയാലി പറഞ്ഞു: ‘‘ഇതാണ് നമ്മുടെ സ്വന്തം മേയറുടെ ഓഫിസ്, മേയർ റോബിൻ ഇലക്കാട്ട് നമുക്കായി കാത്തിരിക്കുന്നു. ഇറങ്ങാം.’’
ആ മിസോറിയല്ല ഈ മിസോറി
അമേരിക്കയിലെ മിസോറി എന്നു കേൾക്കുമ്പോൾ മിസോറി സ്റ്റേറ്റ് എന്നാണ് ആദ്യം ഓർമയിലെത്തുക. അല്ലെങ്കിൽ പണ്ട് സാമൂഹിക പാഠത്തിൽ പഠിച്ച മിസോറി മിസിസിപ്പി എന്ന വൻ നദി. എന്നാൽ ഇത് മിസോറി സിറ്റി. ടെക്സസ് സ്റ്റേറ്റിലെ ഹൂസ്റ്റൺ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു നഗരമാണ്. ആ നഗരത്തിന്റെ മേയറാണ് മലയാളിയായ റോബിൻ. ഒരു ലക്ഷത്തിലധികം വരുന്ന നഗരവാസികളുടെ പിതാവ്. ഒരു ലക്ഷം ജനസംഖ്യ നമുക്കു വലിയ എണ്ണമല്ലെങ്കിലും അമേരിക്കയിലെ കണക്കനുസരിച്ച് കുറവല്ല. താരതമ്യം പറഞ്ഞാൽ അമേരിക്കയുടെ തലസ്ഥാനമായ വാഷിങ്ടൻ ഡിസിയുടെ ജനസംഖ്യ എഴു ലക്ഷമേയുള്ളൂ. മിസോറി സിറ്റിയുടെ ചരിത്രത്തിലേക്ക് കടക്കുംമുമ്പ് റോബിനെപ്പറ്റി.
കോട്ടയത്തുനിന്നു മിസോറി വരെ
കോട്ടയത്തിനടുത്ത് ഏറ്റുമാനൂർ സ്വദേശിയായ റോബിൻ അഞ്ചാം വയസ്സിൽ അമേരിക്കയിലെത്തിയതാണ്. ഇന്ന് അമേരിക്കയുടെ രാഷ്ട്രീയ രംഗത്തുള്ള അപൂർവം മലയാളികളിലൊരാൾ. മലയാളികൾ വളരെക്കുറവുള്ള, ജനസംഖ്യയുടെ നാലു ശതമാനം മാത്രം ഇന്ത്യക്കാരുള്ള സിറ്റിയിൽ കറുമ്പനെയും വെളുമ്പനെയും മറ്റു വംശജരെയും പിന്തള്ളി ജയം നേടുക നിസ്സാര കാര്യമല്ല. മുഖ്യധാരാ രാഷ്ട്രീയത്തിലുള്ളവർക്കേ അതിനു സാധിക്കൂ. റോബിൻ അമേരിക്കൻ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ പ്രതിനിധിയാണ്.
അക്ഷരമുറ്റം
മേയറുടെ ഓഫിസിലേക്കു കടക്കുമ്പോൾ ആദ്യം കണ്ണിൽപ്പെടുക രണ്ടു നിലകളുടെ ഉയരമുള്ള ഭിത്തിയിൽ നിറയെ എഴുതിവച്ചിരിക്കുന്ന ‘സ്വാഗതം’ എന്ന ലിഖിതങ്ങളാണ്. ലോകത്തിലെ ഏതാണ്ടെല്ലാ പ്രമുഖ ഭാഷകളിലും സ്വാഗതമുണ്ട്. മലയാളത്തെയും മറന്നിട്ടില്ല. റിസപ്ഷനു പിന്നിലായുളള വലിയ കോണിപ്പടിക്കു മുകളിൽ മേയർ റോബിൻ ഞങ്ങളെ സ്വാഗതം ചെയ്യാനായി നിൽപുണ്ട്. ശരിക്കും അമ്പരന്നത് റിസപ്ഷനിലെ വലിയ ഡിസ്പ്ലേ സ്ക്രീനുകളിൽ കണിയാലിക്കും എനിക്കും സ്വാഗതമെഴുതിയിരിക്കുന്നതു കണ്ടാണ്. പടികൾ കയറിയെത്തിയ വലിയ ഹാളിലും കോറിഡോറുകളിലുമൊക്കെ ഞങ്ങൾക്കുള്ള സ്വാഗതമുണ്ടെന്നു കണ്ടപ്പോൾ അദ്ഭുതം ഇരട്ടിച്ചു. ചിത്രവും പദവിയും സഹിതമാണ് സ്വാഗത വചനങ്ങൾ. ഹസ്തദാനവും ആലിംഗനവും നൽകി സ്വീകരിച്ച് മേയർ റോബിൻ ഞങ്ങളെ അദ്ദേഹത്തിന്റെ ഓഫിസിലേക്കാനയിച്ചു. ഭിത്തിയിൽ മിസോറി സിറ്റിയുടെ ചരിത്രത്തിലെ എല്ലാ മേയർമാരുടെയും ചിത്രം. വെളുമ്പൻമാരുടെ നിരയിലെ ഏക ഇന്ത്യക്കാരൻ റോബിൻ. നീണ്ട കോറിഡോറിലൂടെ ചേംബറിലേക്കു നടക്കുമ്പോൾ സിറ്റിയെപ്പറ്റി ചെറിയൊരു പരിചയപ്പെടുത്തൽ മേയർ നൽകി.
തീവണ്ടിയിലേറിയെത്തിയ ചരിത്രം
ടെക്സസ് സ്റ്റേറ്റിലെ ആദ്യ റെയിൽ റോഡായ ‘ബഫല്ലോ ബയാവോ, ബ്രാസോസ് ആൻഡ് കൊളറാഡോ’ റെയിൽവെയുടെ 32 കിലോമീറ്റർ 1853 ൽ ഇവിടെയാണാരംഭിക്കുന്നത്. മിസിസിപ്പി നദിക്കു പടിഞ്ഞാറായി അമേരിക്കയിൽ വരുന്ന ആദ്യ തീവണ്ടിപ്പാതയാണിത്. പിന്നീട് ലൊസാഞ്ചലസ്, ന്യൂ ഓർലിയൻസ് പ്രദേശത്തേക്ക് റെയിൽവേ നീണ്ടു. ഇന്നും പ്രവർത്തിക്കുന്ന റെയിൽവെ ഇപ്പോൾ യൂണിയൻ പസഫിക് റെയിൽ റോഡിന്റെ ഉടമസ്ഥതയിലാണ്.
തീവണ്ടിയിലൂടെ വികസനത്തിന് തുടക്കമിട്ട മിസോറി സിറ്റി ടെക്സസിന്റെ ചരിത്രത്തിലെ വിസ്മരിക്കാനാവാത്ത നഗരങ്ങളിലൊന്നാണ്. അമേരിക്കയിലെ മിക്ക നഗരങ്ങളെയും പോലെ ഈ നഗരവും റിയൽ എസ്റ്റേറ്റ് ഡവലപർമാരാണ് വളർത്തിയത്. തീവണ്ടിയുടെ ആദ്യ സ്റ്റോപ്പായ സ്റ്റാഫോഡ്സ് പോയിന്റിനടുത്ത് സ്ഥലങ്ങൾ വാങ്ങി വികസിപ്പിച്ചെടുത്ത അവരാണ് മിസോറി സിറ്റിയെന്ന പേരുമിട്ടത്. 1894 ൽ ഔദ്യോഗികമായി ഈ നാമം റജിസ്റ്റർ ചെയ്തു.
കൊല്ലനും പള്ളിയും
നഗരത്തിലെ ആദ്യ സ്ഥാപനങ്ങൾ ഒരു കൊല്ലന്റെ ആലയും കത്തോലിക്കാ പള്ളിയുമാണ്. പിന്നീട് ജനറൽ സ്റ്റോറും പോസ്റ്റ് ഓഫിസും കുറെ കടകളുമെത്തി. സമീപപ്രദേശങ്ങളിൽ എണ്ണ, പ്രകൃതി വാതകം, ഉപ്പു ഘനനം മുതലായ വ്യവസായങ്ങൾ ആരംഭിച്ചതോടെ ഇങ്ങോട്ട് കുടിയേറ്റമാരംഭിച്ചു. റെയിൽ സൗകര്യമുള്ളതിനാൽ മിസോറിയിൽ താമസിച്ച് സമീപദേശങ്ങളിൽ ജോലിക്കു പോകുന്നതായിരുന്നു പതിവ്. തീവണ്ടിയുടെ പ്രസക്തി കുറഞ്ഞെങ്കിലും ഇന്നും മിസോറി സിറ്റിയിലെ താമസക്കാരധികവും ഇതേ മാതൃക പിന്തുടരുന്നു. അതുകൊണ്ടു തന്നെ സമീപത്തെ ഹൂസ്റ്റണിന്റെ ‘ബെഡ് റൂം കമ്യൂണിറ്റി’യാണിവിടെ എന്നു വിശേഷിപ്പിക്കപ്പെടുന്നു. കിടക്കാനായി മാത്രമെത്തുന്ന സമൂഹം എന്നാണ് ഈ പ്രയോഗത്തിന്റെ അർഥം.
മധ്യവർഗ കറുമ്പൻമാർ
എൺപതുകളിൽ ജോലിയിലൂടെ പണം സമ്പാദിച്ച ധാരാളം കറുത്ത വംശജർ ഹൂസ്റ്റണിൽനിന്ന് ഇങ്ങോട്ടെത്തി. അവരിൽ പലരും ജീവിതത്തിലെ ആദ്യ വീട് വാങ്ങിയത് ഇവിടെയാണ്. പൊതുവെ പണവും വിദ്യാഭ്യാസവുമുള്ളവരുമായിരുന്നു ഇവർ. അച്ചടക്കമുള്ളതിനാൽ അമേരിക്കയിലെ ശരാശരി കറുത്ത വംശജരെപ്പോലെ മോശം ജീവിത സാഹചര്യമുള്ളവരായിരുന്നില്ല. എങ്കിലും അവരുടെ അധിനിവേശം വെളുത്ത വംശജരുടെ കുടിയിറക്കത്തിലേക്കും നയിച്ചു.‘വൈറ്റ് ഫൈറ്റ്’ എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തോടെ മിസോറിയിലെ ഭൂരിപക്ഷം കറുമ്പന്മാരായി; 41 ശതമാനം. വെളുമ്പർ 19, ഏഷ്യൻ 18, ലാറ്റിനോ 18 എന്നിവരാണ് മറ്റു പ്രമുഖ വംശങ്ങൾ. പൊതുവെ മധ്യവർഗ കറുത്ത അമേരിക്കക്കാരന്റെ നഗരം എന്നാണ് മിസോറി വിശേഷിപ്പിക്കപ്പെടുന്നത്.
മേയറെന്ന വൻപദവി
സിറ്റിയുടെ ഭരണാധികാരിയായ സിറ്റി മാനേജർ, പൊലീസ് ചീഫ്, ജഡ്ജി എന്നിവരെ നിയമിക്കുന്നത് മേയറാണ്. രണ്ടു തവണ മേയറായിട്ടുള്ള റോബിൻ മൂന്നാം വട്ട തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പിനിടെയായിരുന്നു ഞങ്ങളുടെ സന്ദർശനം. വോട്ടുപിടിത്തവും യോഗങ്ങളുമായി തിരക്കോടു തിരക്ക്. എങ്കിലും ഞങ്ങൾക്കായി കുറച്ചു നേരം റോബിൻ മാറ്റി വച്ചു. മേയറുടെ ചേംബറിലിരുന്ന് സിറ്റിയെപ്പറ്റിയുള്ള കാഴ്ചപ്പാടുകൾ പങ്കിട്ടു. മൂന്നാമതും ജയം അദ്ദേഹത്തിനുറപ്പാണ്. അങ്ങനെ തന്നെ സംഭവിച്ചു. തിരിച്ചു നാട്ടിലെത്തിയപ്പോഴേക്കും റോബിൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വാർത്തയുമെത്തിയിരുന്നു.
മിസോറിയുടെ വികസനം ലക്ഷ്യം
നമ്മുടെ രാഷ്ട്രീയക്കാർ പഠിക്കേണ്ട മാതൃകകൾ പലതും അമേരിക്കയിലുണ്ട്. ആരു ഭരിച്ചാലും നാടിന്റെ വികസനമാണ് ലക്ഷ്യം. റോബിൻ മേയറായിരുന്ന രണ്ടു തവണയും ഇനി മത്സരിക്കുമ്പോഴും ഇതു തന്നെയാണ് മുദ്രാവാക്യം. ഒരു കോർപറേറ്റ് സ്ഥാപനത്തിന്റെ സിഇഒയ്ക്കു സമാനമാണ് മേയർമാരുടെയും പ്രവർത്തനം. വലിയ വ്യവസായികളുടെ ഓഫിസുകൾ സന്ദർശിച്ച് അവരുടെ സ്ഥാപനങ്ങളെ നഗരത്തിലെത്തിക്കുന്നത് മേയർമാർ നേതൃത്വം നൽകുന്ന സംഘമാണ്. കുറഞ്ഞ നികുതിയും സ്ഥലസൗകര്യവുമൊക്കെ കൊടുത്ത് വ്യവസായികളെ ആകർഷിക്കാൻ മേയർമാർ പരസ്പരം മത്സരിക്കുന്നു. നഗരത്തിലെത്തിയാൽ ഈ വ്യവസായികൾ ലാഭകരമായി പ്രവർത്തിക്കുന്നുണ്ടെന്നും ഇവർ ഉറപ്പാക്കും. കാരണം വലിയ വ്യവസായ സ്ഥാപനങ്ങൾ വരികയും അവർ വിജയകരമായി പ്രവർത്തിക്കുകയും ചെയ്തെങ്കിലേ നാട്ടിൽ തൊഴിലും പണവും വരൂ.
സ്വജന പക്ഷപാതമല്ല, മാനദണ്ഡം മികവ്
മേയർക്ക് സിറ്റി മാനേജരെയും ജഡ്ജിയെയും പൊലീസ് ചീഫിനെയുമൊക്കെ നിയമിക്കാൻ അധികാരമുണ്ടെങ്കിലും ഇത് തോന്നുംപടിയുള്ള നിയമനമല്ല. സ്വന്തക്കാരെ തിരികിക്കയറ്റാനുള്ള ഉപാധിയുമല്ല. മികവുള്ളവരെ കണ്ടെത്തി നിയമിച്ച് കാര്യങ്ങൾ അന്തസ്സായി നടത്തുന്നതാണ് ഒരു മേയറുടെ വിജയം. അതുകൊണ്ടു തന്നെ മറ്റു പല സിറ്റികളിൽ നിന്നു കഴിവു തെളിയിച്ചവരെയാണ് നിയമിക്കുക. പട്ടാളത്തിൽ മികച്ച സേവനം ചെയ്തവരെയും മറ്റും പൊലീസ് ചീഫാക്കാറുണ്ട്. മുഖ്യ ജഡ്ജിയുടെ നിയമനം ചിലേടത്ത് തിരഞ്ഞെടുപ്പിലൂടെയാണ്. സഹ ജഡ്ജിമാരെ മേയറുമായി ചേർന്നു തീരുമാനിക്കും. മാനദണ്ഡം– കഴിവ്.
ചുവരിലെല്ലാം എഴുത്തില്ല, വഴിയാകെ പോസ്റ്ററുകളില്ല
മേയർ തിരഞ്ഞെടുപ്പു നടക്കുന്ന കാലഘട്ടമായതുകൊണ്ട് മറ്റൊരു കാര്യം കൂടി ശ്രദ്ധയിൽപെട്ടു. നമ്മുടെ നാട്ടിലെപ്പോലെ ആരാന്റെ മതിലിൽ ‘ബുക്ക്ഡ്’ എന്ന് ധാർഷ്ട്യത്തോടെ എഴുതി വയ്ക്കുകയോ ചുവരെഴുതിയും പോസ്റ്ററൊട്ടിച്ചും അലങ്കോലമാക്കുകയോ മുട്ടിനു മുട്ടിനു ഫ്ലക്സ് ബോർഡും കൊടിതോരണങ്ങളും സ്ഥാപിക്കയോ ചെയ്യുന്ന പതിവില്ല. നഗരത്തിന്റെ ഭംഗി ചോരാതെ നിശ്ചിത വലുപ്പത്തിൽ അതിനായി രേഖപ്പെടുത്തിയ പ്രദേശങ്ങളിൽ ചെറിയ പോസ്റ്ററുകൾ വയ്ക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഇത് നീക്കം ചെയ്യുന്നതും വച്ചവരുടെ തന്നെ പണിയാണ്. അതവർ വീഴ്ചയില്ലാതെ ചെയ്യുന്നുമുണ്ട്.
ആദ്യമായി ഞാനൊരു മേയറെ തൊട്ടു...
പത്രപ്രവർത്തന മേഖലയിൽ വർഷങ്ങളായി പ്രവർത്തിക്കുന്നതിനുള്ള അഭിനന്ദനമായി സിറ്റിയുടെ മുദ്ര പതിച്ച സർട്ടിഫിക്കറ്റുകൾ നൽകി ഞങ്ങളെ മേയർ ആദരിച്ചു. ചെറിയ കാര്യമല്ല. ശുപാർശകളും പുരസ്കാരങ്ങളും ഉന്നത ഓഫിസുകളിൽനിന്നു ലഭിക്കുന്നത് അംഗീകാരമായി കാണുന്ന സമൂഹമാണ് അമേരിക്കൻ ജനത. ഇറങ്ങും മുമ്പ് മേയറോട് അവസാന ചോദ്യം. ‘‘എന്താണ് ഈ തുടർവിജയങ്ങളുടെ പിന്നിൽ. അതും തികച്ചും അന്യമായ സമൂഹത്തിന്റെ വോട്ട് നേടുന്ന തന്ത്രം?’’ മറുപടി ലളിതം. ‘‘ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക’’. അവസരം കിട്ടുമ്പോഴൊക്കെ കടകളിലും മറ്റു സ്ഥാപനങ്ങളിലും കയറുകയും സാധാരണക്കാരുമായി ഇടപഴകുകയും ചെയ്യുക റോബിന്റെ പതിവാണ്. ഇത് സമൂഹമാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും വൻ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്യും. ഉമ്മൻ ചാണ്ടിയും കെ.എം.മാണിയുമാണ് ഇക്കാര്യത്തിൽ മാതൃകയെന്ന് റോബിൻ.
ഇത്തരം കൂടിച്ചേരലുകളിലൊന്നിലുണ്ടായ ഒരനുഭവം അദ്ദേഹം പറഞ്ഞു. ‘‘കഴിഞ്ഞ ഞായറാഴ്ച ഒരു പള്ളി സന്ദർശിക്കാനിടയായി. കറുത്ത വംശജരുടെ പള്ളി. അവിടേയ്ക്കൊന്നും മേയർമാർ ചെല്ലുന്ന പതിവില്ല. ആരാധന നിർത്തി വച്ച് അവരെന്നെ സ്വീകരിച്ചു. പ്രശ്നങ്ങൾ പറഞ്ഞു. പരിഹാരങ്ങൾ നിർദേശിച്ചു. ഇടവകാംഗങ്ങളെല്ലാം എന്നെ ആലിംഗനം ചെയ്തു സന്തോഷം പങ്കിട്ടു. അതിലൊരു പ്രായമായ സ്ത്രീ പറഞ്ഞത് മനസ്സിൽത്തട്ടി: ജീവിതത്തിൽ ആദ്യമായാണ് ഞാനൊരു മേയറെ തൊടുന്നത്....’’ തീർച്ചയായും ആ പള്ളിയിലെ അംഗങ്ങളൊക്കെ റോബിനായിരിക്കണം വോട്ടു ചെയ്തത്. മേയറുടെ ഓഫിസിൽ നിന്നിറങ്ങുമ്പോൾ ഉച്ചയായി. വ്യത്യസ്തമായ ഒരു റസ്റ്ററന്റ് തേടിയുള്ള യാത്ര ഹൂട്ടേഴ്സിൽ അവസാനിച്ചു...
പ്ലേ ബോയ് സ്റ്റൈലിൽ ഹൂട്ടേഴ്സ്
മേയറുടെ കാര്യാലയത്തിനു തൊട്ടടുത്തു തന്നെയാണ് ഹൂട്ടേഴ്സ് റസ്റ്ററന്റ്. ഒട്ടേറെ പ്രത്യേകതകളുള്ള റസ്റ്ററന്റ് ശൃംഖലയാണ് ഹൂട്ടേഴ്സ്. അമേരിക്കയടക്കം 28 രാജ്യങ്ങളിലായി അറുനൂറിലേറെ റസ്റ്ററന്റുകൾ. മൂങ്ങയാണ് ലോഗോ. പ്രത്യേകത, സെക്സി വേഷത്തിലെത്തുന്ന ഹൂട്ടേഴ്സ് ഗേൾസ് എന്നറിയപ്പെടുന്ന വിളമ്പുകാരികൾ. കയ്യില്ലാത്ത ബനിയനും ചെറിയ ഡോൾഫിൻ ഷോർട്സുമുള്ള യുവസുന്ദരികൾ. അപൂർവമായെത്തുന്ന പുരുഷ വെയ്റ്റർമാർക്ക് ഹൂട്ടേഴ്സ് ക്യാപ്പും ബർമൂഡ ഷോർട്സും വേഷം.
ഒരോ വർഷവും നമ്മുടെ കിങ് ഫിഷർ കലണ്ടറിനെ അനുസ്മരിപ്പിക്കുന്ന ഹൂട്ടേഴ്സ് കലണ്ടറുമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച മോഡലുകളാണ് സെക്സി വേഷങ്ങളിൽ മോഡൽ ചെയ്യുന്നത്. ഗെയിം ടൈം എന്ന പേരിൽ മാസികയും പേനയും ബുക്കുമൊക്കെയടങ്ങുന്ന മെർച്ചൻഡൈസുകളും ഹൂട്ടേഴ്സ് ബ്രാൻഡിലുണ്ട്. ഭക്ഷണവും കിട്ടും. ഹാം ബർഗറുകൾ, സാൻഡ് വിച്, സ്റ്റേക്ക്, സീ ഫുഡ് സ്റ്റാർട്ടറുകൾ, ചിക്കൻ വിങ്സ് എന്നിവയാണ് മുഖ്യം.
ഓരോ ബീയറും സീഫുഡ് സ്റ്റാർട്ടറും ബർഗറും പറഞ്ഞു. കാണാൻ മാത്രമല്ല, കഴിക്കാനും ഹൂട്ടേഴ്സ് കൊള്ളാം. രുചികരം. ഇറങ്ങുമ്പോൾ ഭിത്തിയിലെ ഒരു പോസ്റ്റർ എതാണ്ടിങ്ങനെ പറയുന്നു... ‘മുന്നറിയിപ്പ്: കള്ളു കുടിച്ചു കഴിയുമ്പോൾ ഒരു ഹൂട്ടേഴ്സ് ഗേളുമായി സമയം ചെലവിടണമെന്ന് നിങ്ങൾക്ക് തോന്നാം; നടക്കില്ല...’ മൂത്രപ്പുരയുടെ അറിയിപ്പിലുമുണ്ട് കുസൃതി. മൂത്രപ്പുരയിൽ ‘സ്ത്രീകൾ’ എന്നതിനു പകരം ‘സിറ്റിങ് പ്രിറ്റി’ പുരുഷൻമാരുടേതിൽ ‘സ്റ്റാൻഡിങ് പ്രൗഡ്’...