ADVERTISEMENT

എയർ ഇന്ത്യ എ ഐ 103 നിശ്ചിത സമയത്തിനു 15 മിനിറ്റു മുൻപേ വാഷിങ്ടൺ ഡി സി ഡാലസ് എയർപോർട്ടിൽ ലാൻഡു ചെയ്തു. സമയം രാവിലെ ഏഴു മണി. 15 മണിക്കൂർ യാത്രയിൽ കണ്ണു തുറക്കാൻ മടിച്ച ടിവി സ്ക്രീനുകൾക്കു പരിഹാരമെന്നോണം ലാൻഡിങ്ങിനുമുമ്പ് പ്രഭാത ഭക്ഷണം കൂടി വിളമ്പി സംതൃപ്തരാക്കിയാണ് എയർ ഇന്ത്യ അതിഥികളെ ഡാലസിൽ ഇറക്കിവിടുന്നത്. ഡാലസ് എന്നൊരു സിറ്റിയും അമേരിക്കയിലുണ്ട്. ഇതു ഡാലസ് എയർപോർട്ട്.

വിമാനത്തിൽ നിന്ന് എയ്റോ ബ്രിജിലൂടെ നടന്നു ടെർമിനലിലേക്കു കയറാമെന്നു കരുതിയാൽ തെറ്റി. ഇടനാഴിയിലൂടെ ഡാലസ് എയർ പോർട്ടിന്റെ മാത്രം പ്രത്യേകതയായ മൊബൈൽ ലോഞ്ച് അഥവാ പ്ലെയ്ൻ മേറ്റ് എന്ന വാഹനത്തിലേക്കു കയറണം. ഏതാനും കൊല്ലം മുമ്പു വന്നപ്പോഴും ഇതേ വാഹനത്തിൽ കയറിയിട്ടുണ്ട്. ലോകത്ത് പല വിമാനത്താവളങ്ങളിലും പ്ലെയ്ൻ മേറ്റ് ഇല്ലാതായെങ്കിലും ഡാലസിൽ ഇപ്പോഴും കാണാം.

Plane-mate
ഡാലസിലെ മാത്രം കാഴ്ച: പ്ലെയിൻ മേറ്റ്. Image Courtesy: shutterstock/Thomas Barrat

പ്ലെയ്നിനൊരു മേറ്റ്...

നൂറിലധികം യാത്രക്കാർക്കു കയറാവുന്ന വലിയൊരു വാഹനമാണ് പ്ലെയ്ൻ മേറ്റ്. നമ്മുടെ നാട്ടിൽ ബസിൽ കയറ്റി വിമാനത്തിൽ എത്തിക്കുന്നതുപോലെയൊരു സംവിധാനം. ഈ വാഹനം വിമാനത്തിന്റെ വാതിൽ വരെ ഉയർന്നു നിൽക്കും എന്നതാണ് വ്യത്യാസം. എയ്റോ ബ്രിഡ്ജിലെന്ന പോലെ നേരേ നടന്നു കയറാം. ബോട്ട് ജെട്ടിയിൽ അടുക്കുന്നതു പോലെ വാഹനം വിമാനത്തിൽ കൊണ്ടു വന്നു ഘടിപ്പിക്കും. യാത്രക്കാരെയും വഹിച്ച് ടെർമിനലിൽ അതേ രീതിയിൽ കൊണ്ടു നിർത്തും. ടെർമിനലിന്റെ പൊക്കത്തിനനുസരിച്ച് ഉയർത്തുകയും താഴ്ത്തുകയും ചെയ്യാം.

ആദ്യ മേറ്റ് തന്നെ കിട്ടിയതിനാൽ ടെർമിനലിൽ തിരക്കില്ല. നേരെ ഇമിഗ്രേഷനിലേക്ക്. ചോദ്യവും ഉത്തരങ്ങളുമില്ല. മുഖത്തേക്കു പോലും ശരിക്കൊന്നു നോക്കാതെ വീസയുടെ പേജ് ഉയർത്തിക്കാട്ടി കറുത്ത യൂണിഫോമിൽ തോക്കടക്കം എല്ലാ ആയുധങ്ങളും അരയിൽ തിരുകി ആ ഓഫിസർ ചോദിച്ചു. ‘താങ്കൾ ഈ വീസയിലാണോ?’, അതേയെന്നു മറുപടി പറഞ്ഞു തീരും മുമ്പ് സീലും വച്ച് തിരിച്ചു തന്നു. പതിവു വെൽക്കം ടു അമേരിക്കയും ആശംസിച്ചില്ല, ഗൗരവക്കാരൻ. മാധ്യമങ്ങൾക്കുള്ള ഐ വിഭാഗം യുഎസ് വീസയ്ക്ക് അല്ലെങ്കിൽത്തന്നെ അധികം ഇമിഗ്രേഷൻ വക ചോദ്യങ്ങളുണ്ടാവാറില്ല.

ബാഗേജും വളരെപ്പെട്ടെന്നു വന്നു. കൊച്ചിയിൽ നിന്നു ന്യൂഡൽഹിയിലേക്കുള്ള ഫ്ലൈറ്റ് കുറെ വൈകിയതിനാൽ എയർ ഇന്ത്യ ഉദ്യോഗസ്ഥർ അവസാന നിമിഷത്തിലാണ് ഞങ്ങൾ രണ്ടു യാത്രക്കാരെ വാഷിങ്ടൺ വിമാനത്തിലേക്ക് ഓടിച്ചു കൊണ്ടു പോയി കയറ്റിയത്. പെട്ടി അവസാനം ലോഡ് ചെയ്തിനാലാവണം ആദ്യം വന്നതെന്നു വെറുതെയങ്ങ് അനുമാനിച്ചു കൊണ്ട് ഗ്രീൻ ചാനലിലൂടെ കസ്റ്റംസ് പിന്നിട്ടു പുറത്തിറങ്ങി.

1271997417
നദികളിൽ സുന്ദരി: ഷാനൻഡോഹ് നദി. Image Credit : krblokhin / istockphoto

ബ്ലൂ റിച് മൗണ്ടൻസ്, ഷാനൻഡോഹ് റിവർ...

വിർജിനിയയുടെ സൗന്ദര്യം വർണിക്കുന്ന ജോൺ ഡെൻവറിന്റെ എക്കാലത്തെയും ക്ലാസിക് പാട്ടിന്റെ വരികൾ മനസ്സിലോർത്തു കൊണ്ട് എയർ പോർട്ടിനു പുറത്തിറങ്ങിയപ്പോൾ വിർജിനിയിലേക്കുള്ള കാർ എത്തിയിട്ടുണ്ടായിരുന്നു. കറുത്ത  ലിമോ. കോട്ടും സ്യൂട്ടുമിട്ട് ഡ്രൈവർ. യാത്ര തുടങ്ങി. ഡെനൻ പാടിയത് തൊട്ടടുത്ത സ്റ്റേറ്റായ വെസ്റ്റ് വിർജിനിയയെപ്പറ്റിയായിരുന്നെങ്കിൽ ഈ യാത്രയുടെ ഉദ്ദേശം സമാന സൗന്ദര്യമുള്ള വിർജിനിയ സ്റ്റേറ്റിൽ അഞ്ചു ദിവസം നീളുന്ന സന്ദർശനമാണ്. വിർജീനിയയിലെ പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളും ഈ ദിവസങ്ങളിൽ സഞ്ചരിച്ചു കാണും.

John Denver
ജോൺ ഡെൻവർ

ക്ലാസിക് കൗണ്ടി...

വാഹനം നേരെ പോയത് ഫെയർ ഫാക്സ് കൗണ്ടിയിലേക്കാണ്. ഏതാണ്ട് ഒരു മണിക്കൂർ നീളുന്ന യാത്രയിൽ വിർജീനയയുടെ സൗന്ദര്യത്തിലേക്കൊരു തിരനോട്ടം. പ്രകൃതിഭംഗി അമേരിക്കയിലെ മിക്ക സ്റ്റേറ്റുകളുടെയും പ്രത്യേകതയാണെങ്കിലും വിർജീനിയയുടെ സൗന്ദര്യം വ്യത്യസ്തമാണ്. നീല നിറമാർന്ന മലനിരകൾ അതിരിടുന്ന ചക്രവാളവും പലവർണങ്ങളിൽ ഇലച്ചാർത്തു തീർക്കുന്ന മരങ്ങളും വല്ലാത്തൊരു ഭംഗിയേകുന്നു. ശിശിരകാലം കഴിഞ്ഞെന്നു ഡ്രൈവർ. ശിശിരത്തിൽ നിറഭംഗി കൂടും. അംബരചുംബികളോ ആധുനികതയുള്ള  കെട്ടിടങ്ങളോ അധികം കാണാനില്ല. ഇവിടുത്തെ കെട്ടിടങ്ങൾക്കു ക്ലാസിക് ഭംഗി വരാൻ കാരണം ആദ്യകാല യൂറോപ്യൻ കുടിയേറ്റ പ്രദേശങ്ങളിലൊന്നാണ് വിർജീനിയ എന്നതു തന്നെ. തിക്കും തിരക്കുമില്ലാത്ത ചെറുനഗരമായ ടൈസൺസിലെ ആർച്ചർ ടൈസൺ ഹോട്ടലിലാണ് ബുക്കിങ്. ഫെയർഫാക്സിലെ ഒരു ചെറു നഗരമാണ് ടൈസൺസ്. ആദ്യ ദിനം ടൈസണിൽ.

1353060308
നൂറ്റാണ്ടുകൾ പിന്നോട്ട്: ഫെയർ ഫാക്സ് കൗണ്ടി

ടൈസണിലെ ആർച്ചർ

പുതു പുത്തനെങ്കിലും ക്ലാസിക് രൂപഭംഗിയുള്ള ബുട്ടിക് ഹോട്ടലാണ് ആർച്ചർ ടൈസൺസ്. ഇരുനൂറോളം മുറികൾ. ഇൻഡസ്ട്രിയൽ ആർക്കിടെക്ചർ രീതിയിലുള്ള രൂപകൽപന. എന്നു വച്ചാൽ ഫാക്ടറികൾ പോലെ വിശാലമായ ലോബിയും ഇഷ്ടിക കെട്ടും പുറത്തു കാണാവുന്ന തരം ഉരുക്കു ചട്ടക്കൂടുമൊക്കെയുള്ള ഉൾവശം. ലോബിയിലെ ഇരിപ്പിടങ്ങളും മറ്റു ഫർണിച്ചറുമൊക്കെ അതേ രീതിയിൽ തീർത്തിരിക്കുന്നു.

Archer hotel Tysons Lobby
ഇൻഡസ്ട്രിയൽ ആർക്കിടെക്ചർ: ആർച്ചർ ഹോട്ടലിൻറെ ലോബി

പത്തു മണിക്കു മുൻപേ ഹോട്ടലിലെത്തിയെങ്കിലും ചെക്കിൻ ഉച്ചയ്ക്കു രണ്ടിനേ പറ്റൂ. വലിയ ബാഗും സാമഗ്രികളും ക്ലോക് റൂമിൽ വച്ചു. അത്യാവശ്യം വേണ്ട ബാഗ് കയ്യിൽ വച്ചു. റെസ്റ്റ് റൂമിൽ പോയി വസ്ത്രം മാറി ദേഹമൊന്നു കഴുകി തയാറായി. തൊട്ടടുത്താണ് മക് ലീൻ സിൽവർ ലൈൻ മെട്രോ സ്റ്റേഷൻ. പുറത്തിറങ്ങി. വെയിലുണ്ടെങ്കിലും തണുപ്പു കാറ്റു വീശിയടിക്കുന്നു. ജാക്കറ്റ് എടുത്തതു നന്നായി. തണുപ്പിനു ജാക്കറ്റും വെയിലിനു ക്യാപ്പും ഉപകാരപ്പെടും. സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു. തിരിച്ച് എയർപോർട്ട് ഭാഗത്തേക്കു പോകണം. സ്മിത് സോണിയൻ നാഷനൽ എയർ ആൻഡ് സ്പേസ് മ്യൂസിയമാണ് ആദ്യ കാഴ്ച. മെട്രോ റെയിൽ പിടിക്കാം, അല്ലെങ്കിൽ ബസ് 983 അവിടെയെത്തിക്കും. മെട്രോ പിടിച്ചു.

Silver Line
റെയിൽയാത്ര എളുപ്പം: മക് ലീൻ സിൽവർലൈൻ മെട്രോ സ്റ്റേഷൻ

ആംഗല കുടിയേറ്റത്തിന്റെ ആദ്യ നാളം

അറ്റ്ലാന്റിക് സമുദ്രം തലോടി നിൽക്കുന്ന വിർജീനിയയിൽ വെളുത്തവർഗക്കാരന്റെ ആദ്യ കുടിയേറ്റം 1607 ൽ തുടങ്ങുന്നു. വിർജീനിയ കമ്പനി ഓഫ് ലണ്ടൻ എന്ന സ്ഥാപനം കോളനി ഓഫ് വിർജീനിയ സ്ഥാപിച്ചു. അമേരിക്കയിലെ പ്രഥമ സ്ഥിര താമസ കേന്ദ്രം.പുതിയ ലോകം എന്ന് യൂറോപ്പ് നിവാസികൾ അന്നു വിളിച്ചിരുന്ന അമേരിക്ക അടക്കമുള്ള പ്രദേശങ്ങളിലെ ആദ്യ കാല 13 കോളനികളിൽ ഒന്ന്.  അമേരിക്കൻ ഇന്ത്യക്കാരോടും പിന്നീട് വെളുത്തവർ തമ്മിലടിച്ച സിവിൽ വാർ അടക്കമുള്ള അനേക യുദ്ധങ്ങളുടെയും അടിമക്കച്ചവടങ്ങളുടെയും  കനത്ത ചരിത്രം പേറുന്ന മണ്ണ്. ജോർജ് വാഷിങ്ടണും തോമസ് ജെഫേഴ്സനുമടക്കം 8 പ്രസിഡന്റുമാരുടെ ജന്മനാട്. പൊതുവെ സുദീർഘ ചരിത്രമില്ലാത്ത അമേരിക്കയിലെ ഏറ്റവും ചരിത്രമുള്ള സ്ഥലങ്ങളിലൊന്ന്.

James-town-landing
വെളുത്തവർഗക്കാരന്റെ ആദ്യ കുടിയേറ്റം. സിഡ്നി ഇ, കിങ്ങിന്റെ പെയിന്റിങ് (Courtesy - Colonial National Historical Park)

ഇവിടെ തുടങ്ങുന്ന ചരിത്രം

ആധുനിക വിർജീനിയയുടെ ചരിത്രം 400 കൊല്ലത്തിൽ ഒതുങ്ങുമെങ്കിലും 12,000 വർഷം മുമ്പ് ഇവിടെ മനുഷ്യവാസമുണ്ടായിരുന്നു. വരും ദിവസങ്ങളിൽ കണ്ടു മുട്ടിയ ഒരു ടൂർ ഗൈഡ് ഞങ്ങൾക്ക് നിങ്ങൾ ഇന്ത്യക്കാർക്കൊപ്പം സുദീർഘമായ ചരിത്രമില്ല എന്നു  പറഞ്ഞപ്പോൾ അവരുടെ ചരിത്രബോധം അമേരിക്കയിലെ യൂറോപ്യൻ അധിനിവേശം മുതലേ ആരംഭിക്കുന്നുള്ളൂ എന്നോർത്തു പോയി.

ആദ്യകാല മനുഷ്യർ അലഞ്ഞു തിരിയുന്നവരായിരുന്നെങ്കിൽ 5,000 കൊല്ലം മുമ്പ് കൂടുതൽ സ്ഥിരവാസ കേന്ദ്രങ്ങൾ വിർജീനിയയിൽ രൂപപ്പെട്ടു തുടങ്ങി. പത്താം നൂറ്റാണ്ടിൽ കൃഷി തുടങ്ങിയതായി രേഖകളുണ്ട്. കൃഷിയിൽ അധിഷ്ഠിതമാണ് ഇപ്പോഴും വിർജീനിയയുടെ സാമ്പത്തികം.

colony-of-virginia
Give Me Liberty or Give Me Death illustration - Image Courtesy: istockphoto/Keith Lance

ഇംഗ്ലിഷുകാരെത്തി ആദ്യ നഗരമായ ജെയിസ് ടൗൺ സ്ഥാപിക്കുമ്പോൾ അവിടെ വിരോവോക്കോവോക്കോ എന്ന തദ്ദേശീയ ഗ്രാമവും മുഖ്യനും ആത്മീയ നേതാവുമായിരുന്ന പൗവ്താനും  ഉണ്ടായിരുന്നു. തദ്ദേശീയരിൽ ഏറ്റവുമധികം പ്രചാരത്തിലുണ്ടായിരുന്ന അൽഗോഗുവാൻ എന്ന ഭാഷ സംസാരിക്കുന്നവരായിരുന്നു അവർ. മുപ്പതിലധികം ഇത്തരം ആദിവാസിവിഭാഗങ്ങൾ ബ്രിട്ടിഷുകാർ വരുന്നതിനു കൊല്ലങ്ങൾ മുമ്പ് ഈ പ്രദേശത്ത് താമസമാക്കിയിരുന്നു. ബ്രിട്ടിഷുകാർ വരുമ്പോൾ ഏതാണ്ട് 15000 പേരുണ്ടായിരുന്നുവെന്നു രേഖകൾ പറയുന്നെങ്കിൽ ഒരു നൂറ്റാണ്ടു കൊണ്ട് ഇതിൽ മുക്കാലും വസൂരിയും മറ്റും ബാധിച്ചു മരിച്ചു. അല്ലെങ്കിൽ കൊന്നൊടുക്കപ്പെട്ടു.

വിർജീനിയയെന്ന പേര് ആദ്യം കാണുന്നത് ക്യാപ്റ്റർ ആർതർ ബാർലോവിന്റെ യാത്രാരേഖകളിലാണ്്. കന്യാവനങ്ങൾ എന്ന അർത്ഥത്തിലാണോ വിർജിൻ ക്യൂൻ എന്ന എലിസബത്ത് വിശേഷണത്തിലാണോ എന്നുറപ്പില്ല. പിന്നീടുള്ള കാലം അമേരിക്കൻ ഇന്ത്യൻ ചീഫുമാരുമായുള്ള യുദ്ധത്താലും ആഫ്രിക്കൻ അടിമകളുടെ കഠിനാദ്ധാനത്താലും മുഖരിതമായിരുന്നു. പിന്നീട് ജോർജ് വാഷിങ്ടൺ കാലഘട്ടമാണ് ചരിത്രത്തിലെ നാഴികക്കല്ല്. ഈ യാത്രയിൽ ജോർജ് വാഷിങ്ടൺ ബംഗ്ലാവും സന്ദർശിക്കുന്നുണ്ട്.

ചിന്തകൾക്ക് വിരാമമിട്ടു ട്രെയിൻ സ്റ്റേഷനിലെത്തി. നേരെ മ്യൂസിയം ലക്ഷ്യമാക്കി നടന്നു.

വിമാനമേറാതെ വിമാനത്തിൽ

വിമാനങ്ങളോടുള്ള കമ്പമാണ് ആദ്യകാഴ്ചയ്ക്കായി സ്മിത് സോണിയൻ നാഷനൽ എയർ ആൻഡ് ഡിഫൻസ് മ്യൂസിയത്തിൽ എത്തിച്ചത്. ഡാലസ് എയർപോർട്ടിനു സമീപമാണ് ഈ ബ്രഹ്മാണ്ഡ വിമാന മ്യൂസിയം. ലോകചരിത്രത്തിൽ വിമാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാഴ്ചകളുടെയും പരിഛേദം ഇവിടുണ്ട്. ത്രിമാന ഷോകളും ഗൈഡഡ് ടൂറുകളും സിമുലേറ്ററുകളും കലക്ടബിൾസ് വാങ്ങാനുള്ള സൗകര്യവുമൊക്കെ പ്രത്യേകതകൾ. ഇവിടുത്തെ പ്രധാന കാഴ്ചകൾ നേരത്തെ മനസ്സിലാക്കിയിരുന്നു. എല്ലാം നേരിൽക്കണ്ടു.

Lockheed SR 71 Blackbird. Image Credit : Eric Long
Lockheed SR 71 Blackbird. Image Credit : Eric Long

1. ലോക്ഹീഡ് എസ് ആർ 71 ബ്ലാക് ബേഡ്: ഏറ്റവും വേഗതയുള്ള ജെറ്റ് വിമാനം. മണിക്കൂറിൽ 3418 കിലോമീറ്റർ. കന്യാകുമാരിയിൽ നിന്നു കശ്മീരിലെത്താൻ 40 മിനിറ്റ് മതി. 1990 മാർച്ച് ആറിന് നടത്തിയ അവസാന പറക്കലിൽ ലഫ് കേണൽ ജോസഫ് വിദ ലോസ് ആഞ്ചലസിൽ നിന്നു വാഷിങ്ടണിലേക്ക് 1 മണിക്കൂർ 4 മിനിറ്റ് 20 സെക്കൻഡ് കൊണ്ടെത്തി. 5500 കി മി പറക്കാൻ സാധാരണവിമാനത്തിനു വേണ്ടത് 5 മണിക്കൂർ 15 മിനിറ്റ്. ആ പറക്കലോടെ വിമാനം സ്മിത് സോണിയൻ മ്യൂസിയത്തിന് ദാനം നൽകി. ഡാലസ് റൺവേയിൽ നിന്നു നേരേ മ്യൂസിയത്തിലേക്ക് ഓടിയെത്തിയ വിമാനത്തിനു മുന്നിൽ നിന്നൊരു സെൽഫി...

Boeing-B-29-Superfortress-Enola-Gay. Image Credit : Smithsonian National Air and Space Museum
Boeing-B-29-Superfortress-Enola-Gay. Image Credit : Smithsonian National Air and Space Museum

2. എനോള ഗേ എന്ന ബോയിങ് ബി –29: രണ്ടാം ലോകയുദ്ധത്തിൽ 1945 ഓഗസ്റ്റിൽ ഹിരോഷിമയിൽ ആദ്യ ആറ്റം ബോംബ് വിക്ഷേപിച്ച വിമാനം.മൂന്നു ദിവസം കഴിഞ്ഞ് നാഗസാക്കിയിൽ ബോംബിട്ട ബ്ലോക്സ്കാർ വിമാനം ഒഹായോയിലെ എയർഫോഴ്സ് മ്യൂസിയത്തിലുണ്ട്.

Image Credit : Smithsonian Photographic Services
Image Credit : Smithsonian Photographic Services

3. കോൺകോർഡ് ഫോക്സ് ആൽഫ, എയർ ഫ്രാൻസ്: ഏറ്റവും വേഗമുള്ള യാത്രാവിമാനം. ഇന്നു സർവീസിലില്ല.

Space Shuttle Discovery. Image Credit : Dane A Penland
Space Shuttle Discovery. Image Credit : Dane A Penland

4. സ്പേസ് ഷട്ടിൽ ഡിസ്കവറി: അമേരിക്കയുടെ മൂന്നാമത് സ്പേസ് ഷട്ടിൽ. 1984 മുതൽ 39 തവണയായി 184 പേരെ ബഹിരാകാശത്തു കറക്കി തിരിച്ചിറങ്ങി. 24 കോടി കിലോമീറ്ററുകൾ പറന്നു തളരാതെ കിടക്കുന്നു. തൊട്ടു നോക്കി സംതൃപ്തിയടഞ്ഞു. ഇത്തരം ഒരു സ്പേസ് ഷട്ടിൽ ഭൂമിയിൽ സ്പർശിക്കുന്നതിനു മുമ്പ് തീഗോളമായി ഇന്ത്യൻ വംശജ കൽപന ചൗള ഓർമയായത് എന്നോർത്തു ദുഃഖിച്ചു.

Boeing-707-Prototype. Smithsonian NASM-Hazy Photo By D,Smithsonian NASM-Hazy Photo By Dane Penland
Boeing-707-Prototype. Smithsonian NASM-Hazy Photo By D,Smithsonian NASM-Hazy Photo By Dane Penland

5. ബോയിങ് 707: യാത്രക്കാരെ ആദ്യമായി ജെറ്റ് വേഗത്തിലെത്തിച്ച വിമാനം. 1954 ജൂലൈ 15ന് ആദ്യ പറക്കൽ. നമുക്ക് ഈ വിമാനം ഒരു നോവുന്ന ഓർമയാണ്. ഇന്ത്യയുടെ ആറ്റമിക് വികസനത്തിൻറെ പിതാവ് ഹോമി ഭാഭ മരിച്ചത് ഇത്തരമൊരു വിമാനത്തിനുണ്ടായ അപകടത്തിലാണ്. 1966 ൽ യൂറോപ്പിലെ മോ ബ്ലാ പർവതത്തിൽ പതിച്ച എയർ ഇന്ത്യ 101.

യുദ്ധങ്ങളും സ്പേസ് യാത്രകളും നടത്തിയ വിമുക്തഭടന്മാരാണ് ഇവിടെ വിശദീകരണങ്ങൾ നൽകുന്നത്. അനുഭവങ്ങൾ നേരിട്ടറിയാം. ഡിസ്കവറിയുടെ സംഘത്തിൽപ്പെട്ട ഒരു മുൻ പൈലറ്റുമായി സംശയം പങ്കിടാൻ അവസരമുണ്ടായിരുന്നു. വിഡിയോ കോൺഫറൻസിയൂടെയാണ് അദ്ദേഹം മറുപടി തരിക. ചോദ്യം ചോദിച്ചു, മറുപടിയും കിട്ടി.

പെർച്ച്
ഭൂമിയെക്കാൾ തിരക്ക് ആകാശത്ത്: പെർച്ച്, ധാരാളം റസ്റ്ററൻറുകളും സിനിമ തിയറ്ററും ബ്രാൻഡ് ഷോറൂമുകളും ഇവിടെയുണ്ട്...

കാഴ്ചകൾ അവസാനിക്കുന്നില്ല. ആദ്യകാല വിമാനങ്ങളുടെ തനിരൂപങ്ങളും ലോകത്തെമ്പാടുമുള്ള ആയിരക്കണക്കിനു യഥാർത്ഥ വിമാനങ്ങളും സ്പേസ് വാഹനങ്ങളുമായി ഒരു ദിവസം സുഖമായി ഇവിടെ ചെലവിടാം. ഒരു വിമാനം തകർന്നു വീണാലെന്തു പറ്റും എന്ന് അനുഭവവേദ്യമാക്കുന്ന സിമുലേറ്ററുണ്ട്, 4 ഡി തിയേറ്ററുണ്ട്. വിമാനങ്ങളുടെ ചരിത്രത്തിനെപ്പറ്റിയുള്ള ഒരു 4 ഡി സിനിമയും കണ്ടു. മതി വരുന്നില്ല, ചെക്ക് ഇൻ ചെയ്തിട്ടില്ലാത്തതിനാൽ മൂന്നു മണിയോടെ സന്ദർശനം അവസാനിപ്പിച്ച് ഹോട്ടലിലേക്കു മടങ്ങി.

പെർച്ച്
ആകാശപ്പൂന്തോട്ടം: പെർച്ചിലെ ഫുഡ് സ്ട്രീറ്റ്

പെർച്ച്: ആകാശത്തൊരു ഉദ്യാനഭംഗി

ചെക്ക് ഇൻ ചെയ്ത് ചെറിയൊരു സ്നാക്സും കഴിച്ച് വേഗം പുറത്തിറങ്ങി. ഹോട്ടലിനു പരിസരം തിരക്കുകളില്ലാത്ത സ്ട്രീറ്റുകളാണ്. എന്നാൽ ധാരാളം റസ്റ്ററൻറുകളും സിനിമ തിയറ്ററും ബ്രാൻഡ് ഷോറൂമുകളും ഇവിടെയുണ്ട്. എല്ലാം ഒളിച്ചിരിക്കുന്നു. തൊട്ടടുത്തു ചെല്ലുമ്പോഴേ ഇങ്ങനെയൊരു പ്രസ്ഥാനം ഉള്ളതായി അറിയൂ. ആകാശ പൂന്തോട്ടമെന്നറിയപ്പെടുന്ന പെർച്ച് തേടി തെല്ലു വലയേണ്ടി വന്നു. ഒടുവിൽ ഒട്ടും ശ്രദ്ധയിൽപ്പെടാത്ത, ചെറിയൊരു ഒറ്റവാതിൽ തുറന്ന് അതിനുള്ളിലെ ലിഫ്റ്റ് പിടിച്ചു പതിനൊന്നാം നിലയിലെത്തി.

വാതിൽ തുറന്നിറങ്ങുന്നത് താഴെ മരവിച്ചു കിടക്കുന്ന നഗരത്തെ നാണിപ്പിക്കുന്ന തിരക്കിലേക്ക്. കുട്ടികളടങ്ങുന്ന കുടുംബങ്ങളുൾപ്പെടെ ധാരാളം മനുഷ്യർ. നല്ലൊരു പൂന്തോട്ടം, മരങ്ങൾ, ചെടികൾ. ആകാശത്താണെന്നു തോന്നില്ല. കുട്ടികൾക്കുള്ള കളിസ്ഥലങ്ങളും ടെന്റിൽ പ്രവർത്തിക്കുന്ന ചെറുകടകളും.

ഒരു മൂലയിൽ മൂന്നു ഔട്ട് ഡോർ റസ്റ്ററന്റുകൾ. ഇവയുടെ സെർവിങ് കൗണ്ടറുകൾ ക്ലാസിക് വാഹനങ്ങളാണ്. റെഡ് ലണ്ടൻ ബസ്, ക്ലാസിക് അമേരിക്കൻ ട്രക്ക്, കാറുകൾ എന്നിങ്ങനെ. വിശിഷ്ടമായ ധാരാളം സ്നാക്കുകളിൽ സാൻഡ് വിച് ഇനത്തിൽപ്പെടുന്ന എന്തോ വാങ്ങി കഴിച്ചു. നല്ല സ്വാദ്. ‘ഇന്ത്യ പേൽ അലേ’ എന്ന രേഖപ്പെടുത്തൽ കണ്ടു വാങ്ങിയ ബല്ലാസ്റ്റ് പോയിന്റ് എന്നൊരു ബിയറും കൂടിയായപ്പോൾ രണ്ടു ദിവസത്തെ ഉറക്ക ക്ഷീണം തലപൊക്കിത്തുടങ്ങി. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നതിലാണ് ഇന്ത്യ ചേർത്തൊരു പേരെന്നു പിന്നീടു മനസ്സിലാക്കി. ബിയറുകളിലെ ഒരു പ്രമുഖ ഇനമാണത്രെ ഇത്.

Virginia-food
ബിയർപാട്ടയിലെ ഇന്ത്യ: ഇന്ത്യ പേൽ അലേയും ഭക്ഷണ വൈവിധ്യവും

കുറച്ചു നേരം കൂടിയിരുന്നു കാഴ്ചകൾ കണ്ടു. അമേരിക്കൻ സമൂഹം കുട്ടികൾക്ക് നൽകുന്ന പ്രാധാന്യം അവരുടെ പ്രവർത്തികളിൽ വ്യക്തമായി പ്രതിഫലിക്കുന്നു. എല്ലാക്കാര്യങ്ങളും വിശദീകരിച്ചു കൊടുക്കാനും സ്ഥലങ്ങൾ കാണിക്കാനുമൊക്കെ മാതാപിതാക്കൾ ആവേശത്തോടെ മത്സരിക്കുന്നു. നല്ലൊരു ഭാവിയുടെ വാർത്തെടുക്കലാണല്ലോ. കാഴ്ചയും ചിന്തയും മതിയാക്കി തിരിച്ചു ഹോട്ടലിലേക്ക്. കുറച്ചു വിശ്രമിക്കാം. വൈകിട്ടു നഗരക്കാഴ്ചകളും വിശക്കുന്നെങ്കിൽ ഒരു ഡിന്നറുമാകാം.

സന്തോഷ്
ലേഖകൻ

ലോങ് ഐലൻഡ് ഐസ്ഡ് ടീയും പറാത്തയും...

ചെറിയൊരു മയക്കം കഴിഞ്ഞ് ഉണർന്നപ്പോൾ ഏഴു മണി കഴിഞ്ഞു. ഇരുട്ടിയിട്ടില്ല. റിസപ്ഷനിൽ ചെന്നപ്പോൾ ബാർ ആക്ടീവ്. സ്റ്റൂളിലിരുന്ന് ഒരു ലോങ് ഐലൻഡ് ഐസ്ഡ് ടീ പറഞ്ഞു. സകല വൈറ്റ് ഡ്രിങ്കുകളും ബ്ലാക് ടീയും നാരങ്ങയും ഐസുമെല്ലാമുള്ള കോക്ടെയ്ൽ. കുശലം ചോദിച്ച ബാർ മാനോട് നല്ല റസ്റ്ററന്റേതെന്നു മറുചോദ്യം. ഇന്ത്യാക്കാരനല്ലേ ഇന്ത്യൻ കഴിക്കട്ടെയെന്ന അർത്ഥത്തിൽ ചോപതി ഇന്ത്യൻ കിച്ചൺ, ടേസ്റ്റ് ഓഫ് ഇന്ത്യ എന്ന രണ്ടു അഭിപ്രായങ്ങൾ കിട്ടി.

ടൈസൺ കോർണറിൽത്തന്നെയുള്ള ടേസ്റ്റ് ഓഫ് ഇന്ത്യയിൽ പോകാമെന്നു കരുതി. സാധാരണ പുറം യാത്രകളിൽ പുറം ഭക്ഷണമെന്ന നിയമം തെല്ലു തെറ്റിയെങ്കിലും നിരാശയുണ്ടായില്ല. സൂപ്പും സാലഡും പറാത്തയും നല്ല ചിക്കൻ കറിയും. ഡിന്നർ കഴിഞ്ഞു.

Tysons Skyline
രാത്രി ഭംഗി: ടൈസൺ സ്കൈലൈൻ

ഹോട്ടലിലെ ഏക ഇന്ത്യൻ അതിഥി ഞാനായിരുന്നുവെന്നതിൽ നിന്ന് അമേരിക്കക്കാർ ഇന്ത്യൻ ഭക്ഷണം ഇഷ്ടപ്പെടുന്നുവെന്ന് അനുമാനിക്കാം. ഹോട്ടലിലെത്തി പുതപ്പിനടിയിൽ വലിഞ്ഞു കയറി. ഉറങ്ങിയതറിഞ്ഞില്ല. 

 വെറുമൊരു ഗുഹയല്ല ലുറേ കവേൺസ്... മാസ്മരിക കാഴ്ചകൾ കാണാം...

വരൂ... നമുക്കു വിർജീനിയയിൽ പോയി രാപാർക്കാം– യാത്രാവിവരണം ഒന്നാം ഭാഗം

ലുറേ കവേൺസ് ഗുഹയല്ല, ചാർലോട്​സ് വിൽ നഗരവുമല്ല – യാത്രാവിവരണം രണ്ടാം ഭാഗം

സ്നേഹിക്കാനൊരു വിർജീനിയ – യാത്രാവിവരണം മൂന്നാം  ഭാഗം

വിദ്യയുടെ ഇടനാഴികൾ, വാഷിങ്ടൺ എന്ന പ്രസ്ഥാനം...നാലാം ഭാഗം

അലക്സാൻ‍ഡ്രിയ, നിന്നെ ഞാൻ പ്രണയിക്കുന്നു...അഞ്ചാം ഭാഗം

Content Summary : Virginia is a beautiful state with a rich history and culture, There are many reasons to visit Virginia.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com