ADVERTISEMENT

ദിനങ്ങളുടെ പരിചയമേയുള്ളുവെങ്കിലും അലക്സാൻഡ്രിയയെന്ന പുരാതന നഗരത്തോട് അനിർവചനീയമായ അനുരാഗം. മനോഹരമായ ക്ലാസിക് കെട്ടിടങ്ങളുടെ നിരയും ചുവന്ന ഇഷ്ടിക പാകിയ നിരത്തുകളും അവയുടെ വശങ്ങളിലെ മരങ്ങളുമൊക്കെ വിർജീനിയയിൽത്തന്നെ ചാർലോട്‌സ് വിലിലെ ചില പ്രദേശങ്ങളിലും കണ്ടെത്താം. എന്നാൽ അലക്സാൻഡ്രിയുടെ ചാരുതയും പഴമയും മറ്റൊരിടത്തിനുമില്ലെന്നു തോന്നി. പൊതുവെ ശാന്തതയോടും പഴമയോടും യൂറോപ്യൻ ക്ലാസിക് വാസ്തുവിദ്യയോടും അഭിനിവേശമുള്ളതിനാലാവാം തിരിച്ചു പോകാൻ മടി. ഒരു ദിനം കൂടി തങ്ങി നഗരത്തിലൂടെ വെറുതെ ചുറ്റിയടിക്കാൻ തീരുമാനിച്ചു.

 

അഞ്ചിലൊരുവൾ 

അലക്സാൻഡ്രിയയോടുള്ള അനുരാഗം സ്വാഭാവികമാണെന്ന് ഗൂഗിളിലൊന്നു പരതിയപ്പോഴേ തിരിച്ചറിഞ്ഞു. കാരണം അമേരിക്കയിലെ ഏറ്റവും മികച്ച അഞ്ചു ചെറു നഗരങ്ങളേതെന്ന കോണ്ടനാസ്റ്റ് ട്രാവൽ മാസികയുടെ അഭിപ്രായവോട്ടെടുപ്പിൽ ആദ്യ അഞ്ചു സ്ഥാനങ്ങളിൽ അലക്സാൻഡ്രിയയുണ്ട്. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള, ഗതകാലസ്മരണ വിടാത്ത നിരത്തുകളും ക്ലാസിക് കെട്ടിടങ്ങളുമുള്ള വ്യത്യസ്തമായ ഒരു ചെറു നഗരമാണ് അലക്സാൻഡ്രിയ. 

carlyle-house-historic-park
Historic house built in 1752 by Scottish merchant John Carlyle

 

ആദ്യ കാല കുടിയേറ്റം

carlyle-house
Historic house built in 1752 by Scottish merchant John Carlyle

അമേരിക്കയിലെ ആദ്യകാല യൂറോപ്യൻ കുടിയേറ്റകഥകളിൽ മുഖ്യസ്ഥാനീയയാണ് അലക്സാൻഡ്രിയ. അമേരിക്കൻ ഇന്ത്യൻ വംശജരുടെ ഇടയിലേക്ക് ആദ്യം കടന്നു കയറിയ യൂറോപ്പ് വംശജൻ ഇംഗ്ലിഷുകാരനായ ജോൺ സ്മിത്താണ്. 1608 ൽ സ്മിത്ത് തുടങ്ങിവച്ച പാരമ്പര്യത്തിൽ പുകയിലയുടെ ഉൽപാദനത്തിലും വിപണനത്തിലുമൂന്നി അലക്സാൻഡ്രിയ വളർന്നു. പോട്ടോമാക് നദിക്കരയിലെ സ്ഥാനം കപ്പലുകൾ നിരന്തരം അടുക്കാനും വ്യാപാരം കൊഴുക്കാനും ഇടയാക്കി. അമേരിക്കയുടെ ആദ്യ പ്രസിഡന്റ് ജോർജ് വാഷിങ്ടന്റെ പാദസ്പർശം കൊണ്ടു ധന്യമായ നഗരം പരുത്തി, പഞ്ചസാര, വീഞ്ഞ് എന്നിവയുടെ വിതരണകേന്ദ്രമായി പെട്ടെന്നു പേരെടുത്തു.

 

alexandria-city-03

അടിമത്താവളം

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടിഷ് അധീനതയിലായിരുന്ന അലക്സാൻഡ്രിയ അമേരിക്കയിലെ ഏറ്റവും വലിയ അടിമവ്യാപാര കേന്ദ്രമായിരുന്നു. അക്കാലത്തെ വൻകിട അടിമ വ്യാപാരികളായിരുന്ന ഫ്രാങ്ക്ളിൻ ആൻഡ് ആംഫീൽഡ് എന്ന സ്ഥാപനത്തിന്റെ ഹെഡ് ഓഫിസ് കെട്ടിടം ഇപ്പോഴും അടിമ കാലഘട്ടത്തിന്റെ ജീവിക്കുന്ന ഓർമയായി നിലകൊള്ളുന്നു. അടിമചരിത്രത്തിലേക്കു വെളിച്ചമേകുന്ന ഫ്രീഡം മ്യൂസിയമാണ് ഈ കെട്ടിടം എന്നത് കാലത്തിന്റെ മറുപടി. മൃഗങ്ങളെപ്പോലെ ആഫ്രിക്കയിൽനിന്നു വേട്ടയാടിപ്പിടിച്ച് കപ്പൽ കയറ്റിയെത്തിച്ച്, വർഷം കുറഞ്ഞത് ആയിരം അടിമകളെ അമേരിക്കയുടെ അങ്ങേക്കരയായ ടെക്സസിൽ വരെ എത്തിച്ചിരുന്ന സ്ഥാപനം ഇന്ന് അടിമകൾക്കൊരു സ്മരണിക.

civil-war
കേണൽ എൽമർ ഇ എൽസ് വർത്തും ജെയിംസ് ജാക്സനും മാർഷൽ ഹൗസ് ഹോട്ടലിൽ വച്ചുണ്ടായ പോരാട്ടം. Image Credit : ourhistorymuseum.org

 

രക്തപങ്കില കഥകൾ

alexandria-city-01

അമേരിക്കൻ ആഭ്യന്തര കലാപ നാളുകളിൽ യൂണിയൻ പട അലക്സാൻ‍ഡ്രിയ കീഴടക്കി പട്ടാളത്താവളമാക്കി. വിജയാഘോഷങ്ങളുടെ ഭാഗമായി, യൂണിയൻ പടത്തലവനായിരുന്ന കേണൽ എൽമർ ഇ എൽസ്‌വർത്ത് പ്രശസ്തമായ മാർഷൽ ഹൗസ് ഹോട്ടലിന്റെ നെറുകയിൽ അമേരിക്കൻ പതാക കെട്ടി താഴെയിറങ്ങവെ ബ്രിട്ടിഷ് അനുഭാവിയായ ഹോട്ടലുടമ ജയിംസ് ജാക്സൻ അദ്ദേഹത്തെ വെടിവച്ചു കൊന്നു. മരണത്തോടെ എൽസ്‌വർത്ത് ദേശീയ വീരനായി പ്രഖ്യാപിക്കപ്പെട്ടു, പിൽക്കാലത്ത് അനേകം കുട്ടികൾക്ക് അദ്ദേഹത്തിന്റെ പേരു നൽകി നാട് ബഹുമാനിച്ചു. എന്നാൽ സ്വന്തം ഹോട്ടലും സ്വത്തും അന്തസ്സും സംരക്ഷിക്കാൻ ഏതറ്റം വരെയും പോയ വീരനായി ജയിംസ് ജാക്സനും മറ്റു ചില വൃത്തങ്ങളിൽ ഘോഷിക്കപ്പെട്ടു.

 

അടിമകളുടെ സ്വന്തം നഗരം

IMG_7894

യൂണിയൻ ഭരണത്തിൽ പൊതുവെ സ്വാതന്ത്ര്യം കൂടുതൽ അനുഭവിച്ചിരുന്ന അലക്സാൻ‍ഡ്രിയിലേക്ക് പത്തൊൻപതാം ശതകത്തിന്റെ അവസാനം വലിയൊരു അടിമപ്രവാഹമുണ്ടായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു രക്ഷപ്പെട്ടെത്തിയ ഈ അടിമകൾ ഇവിടെ കുടിയേറിപ്പാർത്തു. അവരിൽ പലരും ഉറ്റവരെത്തേടിയാണെത്തിയതെന്നൊരു കഥയുണ്ട്. ആഫ്രിക്കയിൽനിന്നു ബന്ധിച്ചു കപ്പൽ കയറ്റി കൊണ്ടുവന്നവർ പലരും ഇവിടെ നിന്നാണല്ലോ അമേരിക്കയുടെ പല ഭാഗങ്ങളിലേക്ക് ബന്ധങ്ങൾക്കു യാതൊരു വിലയുമില്ലാതെ പലചരക്കുകൾ പോലെ ആവശ്യങ്ങൾക്ക് ഉതകുന്ന രീതിയിൽ വിൽക്കപ്പെട്ടത്. പിതാവിനെ പറമ്പിൽപണിക്കും മാതാവിനെ പുറംപണിക്കും മകളെ അടുക്കളപ്പണിക്കും ഒക്കെയായി യാതൊരു കരുണയുമില്ലാതെ വേർതിരിച്ചു പലേടത്തേക്കു വിറ്റു. ഉറ്റവരെ പിരിഞ്ഞു പോയവരിൽ ഭാഗ്യമുള്ളവർ പ്രതീക്ഷയോടെ അലക്സാൻഡ്രിയയിലേക്ക് മടങ്ങിയെത്തിയതാണ്. എന്നാൽ ഉറ്റവർ അപ്പോഴേക്കും തിരിച്ചറിയാനാവാത്ത വിധത്തിൽ അമേരിക്കയുടെ പലഭാഗങ്ങളിലായി വിൽക്കപ്പെട്ട് അടിമകളായി കഴിയുകയായിരുന്നു. തിരിച്ചെത്തിയ അടിമകൾക്ക് തെല്ലു സ്വാതന്ത്ര്യം കൂടുതൽ കിട്ടി, എന്നാൽ ഉറ്റവരെ ഒരിക്കലും കിട്ടിയില്ല.

വരൂ... നമുക്കു വിർജീനിയയിൽ പോയി രാപാർക്കാം– യാത്രാവിവരണം ഒന്നാം ഭാഗം

ലുറേ കവേൺസ് ഗുഹയല്ല, ചാർലോട്​സ് വിൽ നഗരവുമല്ല – യാത്രാവിവരണം രണ്ടാം ഭാഗം

സ്നേഹിക്കാനൊരു വിർജീനിയ – യാത്രാവിവരണം മൂന്നാം  ഭാഗം

വിദ്യയുടെ ഇടനാഴികൾ, വാഷിങ്ടൺ എന്ന പ്രസ്ഥാനം...നാലാം ഭാഗം
 

Toastique-food
ടോസ്റ്റിക്യൂവിലെ പ്രഭാത ഭക്ഷണം

പട്ടാളത്തിലെത്തിയ അടിമകൾ

1863 ജനുവരി ഒന്നാം തിയതി പ്രസിഡന്റ് ഏബ്രഹാം ലിങ്കൺ പുറപ്പെടുവിച്ച വിമോചന പ്രഖ്യാപനത്തിലൂടെ സ്വതന്ത്രരായ അടിമകൾക്ക് പട്ടാളത്തിൽ ചെറു ജോലികൾ കിട്ടി. ജീവിതസാഹചര്യങ്ങൾ ഏറെ മെച്ചപ്പെടുത്താനും മനുഷ്യരാണു തങ്ങളെന്നു തിരിച്ചറിയാനും പട്ടാള ജീവിതം സഹായിച്ചു. അടിമത്തം പോയെങ്കിലും വിദ്യാഭ്യാസമോ ഉന്നത ജോലികളോ ഇന്നും അമേരിക്കയിലെ കറുത്ത വംശജർക്ക് കുറവാണ്. അലക്സാൻഡ്രിയിലേക്ക് രക്ഷപ്പെട്ടെത്തിയ അടിമകൾ സ്വാതന്ത്ര്യ വിളംബര കാലത്ത് മൊത്തം ജനസംഖ്യയുടെ പകുതിയോളമുണ്ടായിരുന്നു. ഇവരിൽ പലരും സ്വാതന്ത്ര്യം കിട്ടിയിട്ടും രണ്ടാം തരക്കാരായി തുടർന്നു, ഇന്നും തുടരുന്നു. സ്വാതന്ത്ര്യപ്രഖ്യാപനത്തിനു ശേഷവും കറുമ്പനെ മനുഷ്യനായി കാണാനാവാതെ നടത്തിയ ഏതാനും ചില പൊതുജന വിചാരണ കൊലകളും അലക്സാൻഡ്രിയയുടെ ചരിത്രത്തിലെ ചുവപ്പു പാടുകളാണ്.

IMG_7900

 

 

IMG_7909

അലക്സാൻഡ്രിയ വളരുന്നു

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അലക്സാൻഡ്രിയ വ്യാവസായിക നഗരമായി വളർന്നു തുടങ്ങി. ഗ്ലാസ്, വളം, ബീർ, തുകൽ വ്യവസായങ്ങൾ കൂടി ഇവിടെ പച്ച പിടിച്ചു. സാമ്പത്തിക അഭ്യുന്നതി പെട്ടെന്നുണ്ടായി. ഇന്നിപ്പോൾ ഒന്നര ലക്ഷം ജനങ്ങളുടെ നഗരമാണിത്. ചരിത്രത്തിൽനിന്നു ഞെട്ടിയുണർന്ന് യാഥാർഥ്യത്തിലേക്കിറങ്ങിയപ്പോൾ വെളുപ്പിന് അഞ്ചു മണിയായി. അപ്പോഴേക്കും ഈ സീസണിൽ നല്ല വെട്ടം വീഴും. കുളിച്ചു റെഡിയായി. താമസിക്കുന്ന ഹയാത് സെൻട്രിക് ഹോട്ടലിലല്ല പ്രാതൽ, ഒരു മിനിറ്റ് നടന്നാലെത്തുന്ന ടോസ്റ്റിക്യൂ എന്ന ചെറിയ, വ്യത്യസ്തമായ റസ്റ്ററന്റിലാണ്.

IMG_7943
സ്പൈറ്റ് ഹൗസ്
സ്പൈറ്റ് ഹൗസിനു മുൻപിൽ ലേഖകൻ

 

രുചിഭേദങ്ങളുടെ കലവറ

ടോസ്റ്റിക്യു ഒരു ബുട്ടീക് റസ്റ്ററന്റാണ്. ബുട്ടിക് വസ്ത്രങ്ങൾ പോലെ ഫാഷനാണ് ബുട്ടിക് ഹോട്ടലുകൾ. ഫ്രഷ്, സീസണൽ, പഴച്ചാറുകളും വ്യത്യസ്ത വിഭവങ്ങളും സ്പെഷൽ. ആദ്യമായി ഒരു ഓറഞ്ച്, കാരറ്റ്, ആപ്പിൾ, മഞ്ഞൾ, നാരങ്ങ എന്നിവയെല്ലാം ചേർന്ന ജൂസ് ഓർഡർ ചെയ്തു. നുണഞ്ഞു കൊണ്ട് മെനുവിൽ പരതി. അവക്കാഡോ സ്മാഷ്, 3 ചീസ് ഇറ്റാലിയൻ, സ്മോക്ക്ഡ് സാൽമൺ, ടുമാറ്റോ ബുറാറ്റ... ഇവയൊക്കെ കൊള്ളാം. സെർവ് ചെയ്യുന്നത് തടിപ്പാത്രത്തിലാണ്. ഉച്ച വരെ പിടിച്ചു നിൽക്കാനുള്ളത് കഴിച്ചിട്ട് അലക്സാൻഡ്രിയയുടെ ഇഷ്ടികപ്പാതകളിലേക്കിറങ്ങണം. ഭക്ഷണം സുഭിക്ഷം, രുചികരം, വലിയ വിലയുമില്ല. നന്ദി, ടോസ്റ്റിക്യൂ...

 

എങ്ങോട്ടെന്നുണ്ടോ?

ടോസ്റ്റിക്യൂവിന്റെ ചില്ലു വാതിൽ തുറന്ന് ഇഷ്ടിക വിരിച്ച നടപ്പാതയിലൂടെ എങ്ങോട്ടു പോകണമെന്നു കുറച്ചു നേരം ചിന്തിച്ചു. വലത്തോട്ടു പോയാൽ താമസിക്കുന്ന ഹോട്ടൽ ഹയാത് സെൻട്രിക് വഴി നഗരത്തിന്റെ പുതുമ നിറഞ്ഞ ഇടങ്ങളിലേക്ക്, ഇടത്തോട്ടായാൽ പുരാതന കാഴ്ചകൾ നിറഞ്ഞ നിരത്തിലേക്ക്. സംശയിച്ചില്ല, ഇടത്തേക്കു നടന്നു. ഇരുനൂറിലധികം കടകളും സ്ഥാപനങ്ങളുമുള്ള കിങ് സ്ട്രീറ്റിലേക്കാണ് പ്രവേശിക്കുന്നത്. 18, 19 നൂറ്റാണ്ടുകളിലെ കെട്ടിടങ്ങൾ. നൂറ്റാണ്ടുകളുടെ ക്ഷീണം തെല്ലും അറിയാത്ത രീതിയിൽ സംരക്ഷിച്ചവയും തകർച്ചയിൽനിന്ന് പഴയ രൂപത്തിൽ പുനർനിർമിച്ചവയുമുണ്ട്. ഹെറിറ്റേജ് സ്റ്റാംപ് പതിച്ചവ സംരക്ഷിതമായ പഴയ കെട്ടിടങ്ങളാണ്.  

 

രാജ പാത

ഈ പാത അവസാനിക്കുന്നത് പൊട്ടോമാക് നദിക്കരയിലെ ടോർപ്പിഡോ ഫാക്ടറിയെന്ന, പട്ടാളത്താൽ ഉപേക്ഷിക്കപ്പെട്ട് പിന്നീടു കലാകാരന്മാർ ഏറ്റെടുത്ത കെട്ടിടത്തിനടുത്താണ്. അതുവരെയുള്ള ഏതാണ്ട് ഒരു മൈൽ പ്രദേശം ചരിത്രത്താൽ സമൃദ്ധം. കിങ് സ്ട്രീറ്റിൽനിന്നു പിരിഞ്ഞു പോകുന്ന ക്യൂൻ സ്ട്രീറ്റ്, പ്രിൻസ് സ്ട്രീറ്റ് തുടങ്ങിയ പാതകളും പഴമയാണ്. അറുപതുകളിൽ നടത്തിയ പര്യവേക്ഷണങ്ങളിൽ ധാരാളം ചരിത്രവസ്തുക്കൾ ഇവിടെനിന്ന് ഉദ്ഘനനം ചെയ്തെടുക്കപ്പെട്ടു. ഇതൊന്നും ഇപ്പോൾ ഇവിടെയില്ല. സ്മിത് സോണിയൻ അടക്കമുള്ള മ്യൂസിയങ്ങളിൽ ചെന്നാൽ കാണാം. ഇക്കാലഘട്ടത്തിൽത്തന്നെ ചരിത്രം മറന്നുള്ള ഭ്രാന്തമായ നഗരവികസനത്തിൽ പഴയ കെട്ടിടങ്ങൾ പലതും തകർക്കപ്പെട്ടു, പകരം ഭംഗിയില്ലാത്ത പെട്ടി രൂപങ്ങൾ വാനം മുട്ടി നിന്നു. ഇപ്പോൾ നടന്നു പോകുന്ന കിങ് സ്ട്രീറ്റും അനുബന്ധ തെരുവുകളും പഴമയിൽ നിന്നുള്ള ഒരു ചെറിയ അവശേഷിപ്പു മാത്രമാണ്.

IMG_7977-alexandria-city

 

ആറടിയല്ല, ഏഴടിയുണ്ട്

ഈ നിരത്തിലെ മുഖ്യ കാഴ്ചകളിലൊന്ന് വെറും ഏഴടി മാത്രം വീതിയുള്ള ചെറിയ രണ്ടു നിലക്കെട്ടിടമായ സ്പൈറ്റ് ഹൗസാണ്. കൈ വിടർത്തി നിന്നാൽ വീടിന്റെ രണ്ടറ്റവും എത്തും. കൈകൾ വിരിച്ചു നിന്ന് എടുത്തു ഒരു ചിത്രം. അമേരിക്കയിലെ ഏറ്റവും വീതി കുറഞ്ഞ കെട്ടിടം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഹോളൻസ്ബറി സ്പൈറ്റ് ഹൗസ് ശരിക്കും കിങ് സ്ട്രീറ്റിനടുത്തുള്ള ക്യൂൻ സ്ട്രീറ്റിലാണ് നിലകൊള്ളുന്നത്. സിറ്റി കൗൺസിൽ അംഗം ജോൺ ഹോളൻസ്ബറി 1830 ൽ നിർമിച്ച വീടാണിത്. ഈ വീടിനെപ്പറ്റി പല കഥകളുണ്ട്. അതിൽ വിശ്വാസയോഗ്യം ഈ കഥയാണ്.

 

Alexandria-travel
അലക്സാൻഡ്രിയ വായനക്കാരുടെ നഗരമാണ്

ശല്യം വേണ്ട, കെട്ടി മറയ്ക്കാം

ടോർപിഡോ
ച്യൂയിങ് ഗം കൊണ്ടു തീർത്ത അന്ത്യ അത്താഴ രചന, ആർട്ടിസ്റ്റ് സമീപം.

ഹോളൻസ്ബറി വാങ്ങിയ വീടിനും തൊട്ടടുത്ത വീടിനും ഇടയിൽ തരിശായിക്കിടന്ന ചെറിയൊരു തുണ്ട് ഭൂമിയുണ്ടായിരുന്നു. നമ്മുടെ നാട്ടിൽ ഇന്നു കാണുന്നതുപോലെ, നാട്ടുകാർ ഈ പറമ്പിൽ ചപ്പുചവറുകൾ കൊണ്ടിട്ടു. വൈകുന്നേരം നാട്ടുചട്ടമ്പികൾ വെടിവട്ടം കൂടി മദ്യപിച്ച്, ചീട്ടു കളിച്ച് ബഹളമുണ്ടാക്കി. ശല്യം സഹിക്കാനാവാതെ ഹോളൻസ്ബറി ഈ സ്ഥലം വിലയ്ക്കു വാങ്ങി. അവിടെ ചെറിയൊരു വീടു കെട്ടി. അദ്ദേഹത്തിന്റെ വീടിനെയും തൊട്ടടുത്ത വീടിനെയും ബന്ധിപ്പിക്കുന്ന ചെറിയൊരു രണ്ടു നില ഭവനം. അതാണ് ഇന്നത്തെ സ്പൈറ്റ് ഹൗസ്. ഈ കെട്ടിടം വീടിന്റെ ഭാഗമായും ഇടക്കാലത്ത് ഔട്ട്ഹൗസ് പോലെയും സ്കൂളായും ഒക്കെ ഉപയോഗിച്ചു.

 

ചരിത്രത്തിൽ രേഖപ്പെടുത്തി

lunch
വിർച്യൂ ഫീഡ് ആൻഡ് ഗ്രെയിൻ റസ്റ്ററന്റിൽ നിന്ന് ടാക്കോസ് അടക്കമുള്ള ഉച്ച ഭക്ഷണം.

അലക്സാൻഡ്രിയയിൽ വേറെയും സ്പൈറ്റ് ഹൗസുകളുണ്ട്. കിങ് സ്ട്രീറ്റിൽ ഒരെണ്ണവും തൊട്ടടുത്ത പ്രിൻസ് സ്ട്രീറ്റിൽ രണ്ടെണ്ണവും. ഇതൊക്കെ ഏതാണ്ട് ഇക്കാലഘട്ടത്തിൽത്തന്നെ നിർമിച്ചവ. എന്നാൽ ഇത്രയ്ക്ക് പേരെടുത്തിട്ടില്ല. എന്താണു കാരണം? 1990 ൽ, വ്യവസായിയായ ജാക്ക് സാമീസ് ഈ വീടു വാങ്ങി. സാമിയുടെ ഭാര്യയും റിയൽ എസ്റ്റേറ്റ് ഏജന്റുമായ കോളീന്റെ മേൽനോട്ടത്തിൽ പഴയ കാല പ്രൗഢിയിലേക്ക് ഉൾവശം നവീകരിച്ചു. അതോടെ സ്പൈറ്റ് ഹൗസ് പ്രശസ്തിയിലേക്കും ഉയർത്തപ്പെട്ടു. കോളീന്റെ സ്വാധീനത്തിലാവാം, പത്രമാസികകൾ പുകഴ്ത്തിയ സ്പൈറ്റ്ഹൗസ് അലക്സാൻഡ്രിയയുടെ പ്രതീകങ്ങളിൽ ഒന്നായി. ധാരാവി പോലുള്ള കോളനികളിൽ രണ്ടടി വീതിയുള്ള വീടു കണ്ടിട്ടുള്ള നമുക്ക് സപൈറ്റ് ഹൗസൊന്നും പുതുമയല്ല, എന്നാൽ അലക്സാൻഡ്രിയയുടെ പ്രൗഢിയിൽ ഈ വീട് വേറിട്ടു നിൽക്കുന്നു.

 

മരുന്നില്ലാത്ത മരുന്നുകട

ഇനി നടക്കുന്നത് സ്റ്റാബ്ലർ ലീഡ്ബീറ്റർ അപ്പോത്തിക്കരി മ്യൂസിയത്തിലേക്കാണ്. അമേരിക്കയിലെ ഏറ്റവും പഴയ മരുന്നുകടകളിലൊന്ന്. 15000 ലധികം മരുന്നുകൾ ചരിത്രത്തോടൊപ്പം കുപ്പിയിലടച്ചു വച്ചിരിക്കുന്നു. അമേരിക്കയിലെ വൻ സാമ്പത്തിക മാന്ദ്യകാലത്ത് പൂട്ടിയ സ്ഥാപനം അന്നത്തെ അവസ്ഥയിൽ പുനർനിർമിച്ചതാണ്. മരുന്നു കുപ്പികൾ ഭൂരിപക്ഷവും ഒറിജിനൽ തന്നെ. പൂട്ടിയ അവസ്ഥയിൽനിന്ന് 2006 ൽ പുനർ നിർമിച്ചെടുത്തതാണ്.

 

വി ഐ പി സ്റ്റോർ

പ്രസി‍ഡന്റ് ജോർജ് വാഷിങ്ടന്റെ ഭാര്യ മാർത്തയടക്കം വിഐപികൾ വന്നിരുന്ന സ്റ്റോർ എഡ്വേ‍ഡ് സ്റ്റാബ്ലർ 1792 ൽ സ്ഥാപിച്ചതാണ്. മരുന്നു കൂടാതെ സർജിക്കൽസ്, സോപ്പ്, സുഗന്ധദ്രവ്യങ്ങൾ, സിഗാർ, പെയിന്റ്, ഫാം ഉപകരണങ്ങൾ എന്നു വേണ്ട, ഒരു സൂപ്പർ മാർക്കറ്റ് പോലെ ഈ സ്ഥാപനം പ്രവർത്തിച്ചു. മരുന്നുകുപ്പികൾ നിറഞ്ഞ ഷെൽഫുകൾ പിന്നിട്ട് നടപ്പാതയിലേക്ക് തിരിച്ചിറങ്ങി. ഇനി ഒരു ചരിത്ര ശേഷിപ്പു കൂടി കാണാനുണ്ട്. വായനയുടെ അനുഭവത്തിലേക്ക്...

 

ഓൾഡ് ടൗൺ ബുക്ക്സ്

വിർജീനിയ ഫോർ ലവേഴ്സ് എന്നാണെങ്കിൽ അലക്സാൻഡ്രിയ വായനക്കാരുടെ നഗരമാണ്. കിംഗ് സ്ട്രീറ്റിനോടുബന്ധിച്ച് റോയൽ സ്ട്രീറ്റിലെ മനോഹരമായ ഒരു കോർണർ ഷോപ്പാണ് ഓൾഡ് ടൗൺ ബുക്ക്സ്. ഇതൊരു ബുക്ക് ഷോപ്പല്ല, ബുക്കിഷ് കമ്യൂണിറ്റിയാണെന്ന് ഭിത്തിയിൽ ആലേഖനം ചെയ്തതിനു പിന്നിലെന്താണെന്നു തിരക്കി. പുസ്തക വിൽപനയ്ക്കു പുറമെ ധാരാളം വ്യത്യസ്തമായ പരിപാടികളും ഇവിടെയുണ്ടാകാറുണ്ട്. വരാനിരിക്കുന്ന ഒരു പരിപാടിയെപ്പറ്റിക്കേട്ടാൽ കാര്യം പിടികിട്ടും. 

 

ഈ വാരം ഒരു ദിവസം ‘വോയ് ല വീഗൻ’ എന്ന പുസ്തകത്തിൻറെ രചയിതാവ് അമാൻ‍ഡ ബാൻക്രേറ്റ് സ്റ്റോറിലെത്തി ബുക്ക് ഓട്ടഗ്രാഫ് ചെയ്തു കൊടുക്കുന്നു. പാരീസിലെ വീഗൻ പ്രസ്ഥാനത്തിൻറെ ശക്തമായ വക്താവായ എഴുത്തുകാരിക്കൊപ്പം പച്ചക്കറികളിൽ അധിഷ്ഠിതമായ പേസ്റ്ററികളും ഡോനട്ടുകളും രുചിക്കാം. (വീഗൻ എന്നാൽ അറിയാമല്ലോ, പാലു പോലും തൊടാത്ത ശുദ്ധ വെജിറ്റേറിയൻ). എല്ലാം കഴിഞ്ഞ് മടങ്ങുമ്പോൾ പ്രിയസാഹിത്യകാരിയുമായി നേരിട്ടുസംവദിച്ചതിൻറെ സുഖം, കയ്യൊപ്പിട്ട കോപ്പിയുടെ സന്തോഷം, പേസ്റ്ററിയുടെ മധുരം... ടിക്കറ്റ് വച്ചാണ് ഇത്തരം ഇവൻറുകൾ. വെറും വിൽപനശാലയ്ക്ക് മുകളിലായി സാമൂഹിക ഒത്തുചേരലുകളുടെ കേന്ദ്രം കൂടിയായി മാറുന്നു ഈ ബുക്ക് സ്റ്റോർ. നമ്മുടെ നാട്ടിലെ സാമാന്യം വലിയ ബുക്ക് സ്റ്റോറിനൊപ്പം വലുപ്പമുള്ള ഇവിടെ ശ്രദ്ധയിൽപ്പെട്ട രണ്ടു കാര്യങ്ങൾ. ഒന്ന്: പഴയ ക്ലാസിക് പുസ്തകങ്ങൾക്കായി ഒരു പ്രദർശന കോർണർ. രണ്ട്: കുട്ടികളുടെ വായന പരിപോഷിപ്പിക്കാൻ ധാരാളം രചനകളും പരിപാടികളും.

 

ടോർപിഡോ ഫാക്ടറിയിലെ രചനകൾ

പുറത്തിറങ്ങി നിരയൊത്ത കെട്ടിടങ്ങളിലെ കടകളും റസ്റ്ററന്റുകളും പിന്നിട്ട് പൊട്ടോമാക് നദിക്കരയിലെത്തി. വ്യത്യസ്തമായൊരു സ്മാരകത്തിലേക്കാണു കയറുന്നത്, ടോർപിഡോ ഫാക്ടറി. നദിക്കരയിലെ താരതമ്യേന ആധുനിക കെട്ടിടമാണിത്. 1918 ൽ യുഎസ് നേവി സ്ഥാപിച്ച ടോർപിഡോ ഫാക്ടറി ഒന്നും രണ്ടും ലോകയുദ്ധകാലത്ത് ടോർപിഡോകൾ നിർമിച്ചു. യുദ്ധശേഷം കുറെക്കാലം സർക്കാർ രേഖകൾ സൂക്ഷിക്കുന്നയിടമായിരുന്നു.

 

1974 ൽ കലാകാരന്മാരുടെ സംഘടനയായ ആർട്ട് ലീഗ് ഇതൊരു സ്റ്റുഡിയോയാക്കി മാറ്റി. ആർട്ടിസ്റ്റുകൾക്ക് വന്നിരുന്ന് ജോലി ചെയ്യാനും ക്ലാസുകളെടുക്കാനും കൃതികൾ വിൽക്കാനുമൊക്കെ സൗകര്യമൊരുക്കി. ഇപ്പോൾ 165 കലാകാരന്മാരാണ് സെറാമിക്സ്, പെയിന്റിങ്, ഫൊട്ടോഗ്രഫി, ജ്വല്ലറി, ഗ്ലാസ്, ഫൈബർ തുടങ്ങി വിവിധ മേഖലകളിൽ സ്റ്റുഡിയോകൾ സ്ഥാപിച്ചിരിക്കുന്നത്. പാഴ്‌വസ്തുക്കളിൽനിന്ന് അപൂർവ രചനകൾ തീർക്കുന്ന ജൂലിയന്റെ സ്റ്റുഡിയോയിൽ കുറെ നേരം ചെലവിട്ടു. ച്യൂയിങ് ഗം കൊണ്ടു തീർത്ത അന്ത്യ അത്താഴ രചന മുതൽ കുപ്പിയടപ്പിൽ നിന്നുണ്ടാക്കിയ പേപ്പർവെയ്റ്റുകൾ വരെ അനേകം രചനകൾ...

 

കാഴ്ചകൾ കഴിയുന്നില്ല

നദിക്കരയിലെ വിർച്യൂ ഫീഡ് ആൻഡ് ഗ്രെയിൻ റസ്റ്ററന്റിൽനിന്ന്, വ്യത്യസ്തമായ, ടാക്കോസ് അടക്കമുള്ള ഉച്ച ഭക്ഷണം കഴിച്ച് ഹോട്ടലിലേക്ക് മടങ്ങി. ചെറിയൊരു വിശ്രമത്തിനു ശേഷം തിരിച്ചെത്താം. മടക്കയാത്ര എളുപ്പമാണ്. സൗജന്യ സവാരി നൽകുന്ന ഹോപ് ഓൺ ഹോപ് ഓഫ് ബസുകളുണ്ട്. ക്ലാസിക് രീതിയിൽ അണിയിച്ചൊരുക്കിയ ഒരു ബസിൽ ഹോട്ടലിലേക്ക്. തിരിച്ചു വരുമ്പോൾ ശേഷിക്കുന്ന കാഴ്ചകൾ കാണണം, രാത്രി പ്രേതങ്ങളെ തേടി ഒരു യാത്രയും വേണം. എന്നിട്ടേ ഈ മനോഹര നഗരം വിടുന്നുള്ളൂ...

 

അടുത്ത ലക്കം: പ്രേതഭവനങ്ങളിൽ അലഞ്ഞ രാവ്...
 

Content Summary : Virginia is a beautiful state with a rich history and culture, there are many reasons to visit Virginia.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com