ADVERTISEMENT

ഹൈക്കിങും ട്രെക്കിങുമൊക്കെ ഇഷ്ടമുള്ള വിദേശ വിനോദസഞ്ചാരികള്‍ക്ക് വളരെ പ്രിയപ്പെട്ട ഒരു സ്ഥലമാണ്‌ കൊളറാഡോയിലെ എല്‍ പാസോ കൗണ്ടി. ഏകദേശം അഞ്ഞൂറടി വരെ ഉയരത്തിലേക്ക് നടന്നു കയറാവുന്ന മനോഹരമായ പാതകള്‍ ഇവിടെയുണ്ട്. കാൽഹാൻ പട്ടണത്തിന് ഒരു മൈൽ തെക്കും കൊളറാഡോ സ്പ്രിംഗ്സിന് 30 മൈൽ കിഴക്കുമായി സ്ഥിതിചെയ്യുന്ന പെയിന്‍റ് മൈൻസ് ഇന്‍റര്‍പ്രെറ്റീവ് പാർക്ക് വളരെ ജനപ്രിയമാണ്. 

Paint Mines Interpretive Park. Image Credit : Nina B/shutterstock
Paint Mines Interpretive Park. Image Credit : Nina B/shutterstock

ഈ പാര്‍ക്കിനെ വ്യത്യസ്തമാക്കുന്നത് അവിടെയുള്ള വെല്ലുവിളി നിറഞ്ഞ കൊടുമുടികളല്ല, മറിച്ച്  ഇവിടുത്തെ അസാധാരണമായ ഭൂമിശാസ്ത്രപരമായ രൂപീകരണങ്ങളാണ്. വർണാഭമായ കളിമണ്ണില്‍ തീര്‍ത്ത മലകളാണ് ഇവിടെയെങ്ങും ഉള്ളത്. ചുവപ്പ്, ഓറഞ്ച്, പിങ്ക് മുതൽ മഞ്ഞ വരെയുള്ള നിറങ്ങളില്‍, മനോഹരമായി കാണപ്പെടുന്ന ഈ മലനിരകള്‍ കൊളറാഡോയിലെ പ്രശസ്തമായ വിനോദസഞ്ചാര ആകര്‍ഷണമാണ്. 

Paint Mines Interpretive Park. Image Credit : Brent Coulter/shutterstock
Paint Mines Interpretive Park. Image Credit : Brent Coulter/shutterstock

ഭൂമിശാസ്ത്രപരവും പുരാവസ്തുശാസ്ത്രപരവും ചരിത്രപരവും പാരിസ്ഥിതികവുമായ പ്രാധാന്യം ഈ പാര്‍ക്കിനുണ്ട്. വ്യത്യസ്ത നിറങ്ങളിലുള്ള കളിമണ്ണിന്‍റെയും മണൽക്കല്ലുകളുടെയും ഈ നിരകള്‍, ഏകദേശം 9,000 വർഷങ്ങൾക്ക് മുൻപ് തദ്ദേശീയരായ അമേരിക്കക്കാർ ഉപയോഗിച്ചിരുന്നു. ഇവിടെ നിന്നും ശേഖരിച്ച പല നിറങ്ങളിലുള്ള മണ്ണ്, മൺപാത്ര നിർമാണത്തിനും ആചാരപരമായ ആവശ്യങ്ങൾക്കും അവർ ഉപയോഗിച്ചു.

ഓക്സിഡൈസ്ഡ് ഇരുമ്പ് സംയുക്തങ്ങൾ മൂലമാണ് ഈ പാറകള്‍ക്ക് വ്യത്യസ്ത നിറങ്ങള്‍ ഉണ്ടാകുന്നത്. ഏകദേശം 750 ഏക്കറില്‍ പരന്നുകിടക്കുന്ന പെയിന്‍റ് മൈൻസ് ഇന്‍റര്‍പ്രെറ്റീവ് പാർക്കില്‍, വിചിത്രമായ ഘടനകളോടു കൂടിയ ശിലാ രൂപീകരണങ്ങളും കാണാം. ചെരിഞ്ഞ ഗല്ലികളും സെലനൈറ്റ് കളിമണ്ണ്, ജാസ്പർ എന്നിവയുടെ തുറന്ന പാളികളും  മണ്ണൊലിപ്പിലൂടെ രൂപം കൊള്ളുന്ന സ്പിയറുകളും ഹൂഡൂകളും ഉൾപ്പെടെയുള്ള അതിശയകരമായ ഭൂഗർഭ രൂപങ്ങളുമെല്ലാം ഈ പാർക്കിലുണ്ട്. എന്നാല്‍ ഇവ വളരെ ദുര്‍ബലമാണ്. 

ഇക്കാരണം കൊണ്ടുതന്നെ, വിനോദസഞ്ചാരികള്‍ക്കു പാര്‍ക്കിനുള്ളില്‍ വളരെയധികം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുർബലമായ പരിസ്ഥിതിയും ഭൂമിശാസ്ത്രപരവും പുരാവസ്തുപരവുമായ പ്രാധാന്യവും കാരണം, പാർക്കിന്‍റെ പരിധിയിലുള്ള എല്ലാ സസ്യങ്ങളും വന്യജീവികളും പാറകളും ധാതുക്കളും ചരിത്രപരമായ പുരാവസ്തുക്കളും നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. നിര്‍ദ്ദിഷ്ട പാതകളിലൂടെ മാത്രമേ യാത്ര ചെയ്യാന്‍ അനുവാദമുള്ളു. പെയിന്‍റ് മൈൻ രൂപീകരണങ്ങളിൽ പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്നു. വളർത്തുമൃഗങ്ങൾ, കുതിരകൾ, ഡ്രോണുകൾ, ഏതെങ്കിലും തരത്തിലുള്ള സൈക്കിൾ എന്നിവ കൂടെ കൊണ്ടുപോകാൻ അനുവാദമില്ല. കൂടാതെ, മോട്ടറൈസ്ഡ് വാഹനങ്ങൾ കർശനമായി നിരോധിച്ചിരിക്കുന്നു. ക്യാംപിങ് പോലെയുള്ള പ്രവര്‍ത്തനങ്ങളും അനുവദനീയമല്ല. പെയിന്റ് മൈൻ റോഡിൽ, 3 പാർക്കിങ് ഏരിയകളുണ്ട്. പ്രധാന പാർക്കിങ് ഏരിയയിൽ, സന്ദര്‍ശകര്‍ക്കായി ഒരു വിശ്രമമുറിയും തുറന്നു പ്രവര്‍ത്തിക്കുന്നു.

പാർക്കിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. കൂടാതെ പാർക്ക് ആഴ്ചയിൽ 7 ദിവസവും രാവിലെ മുതൽ സന്ധ്യ വരെ തുറന്നിരിക്കും. അവധി ദിവസങ്ങളിൽ അടച്ചിടില്ല. ശരത്കാലവും വസന്തകാലവുമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. പ്രഭാത, സന്ധ്യാസമയങ്ങളില്‍ പാറകളുടെ നിറങ്ങള്‍ ഏറ്റവും കൂടുതല്‍ വ്യക്തമായും മനോഹരമായും കാണാന്‍ സാധിക്കും. കോവർകഴുത മാൻ, കൊയോട്ട്, പ്രോങ്‌ഹോൺ ആന്റലോപ്പ്, ചെറിയ വന്യജീവികൾ, വിവിധതരം പക്ഷികളെയും പാർക്കിൽ കാണാം.

കൊളറാഡോയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ജനസംഖ്യയുള്ള കൗണ്ടിയാണ് പെയിന്‍റ് മൈന്‍സ് സ്ഥിതിചെയ്യുന്ന എൽ പാസോ കൗണ്ടി. പൈക്സ് പീക്ക് ദേശീയ ചരിത്ര ലാൻഡ്മാർക്ക്, USAFA കേഡറ്റ് ഏരിയ നാഷണൽ ഹിസ്റ്റോറിക് ഡിസ്ട്രിക്റ്റ്, പഴയ കൊളറാഡോ സിറ്റി, മാനിറ്റൂ സ്പ്രിങ്സ് തുടങ്ങിയവ ഇവിടെയുള്ള മറ്റു ചില ചരിത്രപരമായ സ്ഥലങ്ങളാണ്. പൈക്ക് ദേശീയ വനം, ചീയെൻ മൗണ്ടൻ സ്റ്റേറ്റ് പാർക്ക് തുടങ്ങിയവ സംരക്ഷിത പ്രദേശങ്ങളില്‍പ്പെടുന്നു. കൂടാതെ സാഹസിക സഞ്ചാരികള്‍ക്കു പ്രിയപ്പെട്ട അമേരിക്കൻ ഡിസ്കവറി ട്രയൽ, ബാർ നാഷണൽ റിക്രിയേഷൻ ട്രയൽ, ബിയർ ക്രീക്ക് കാനോൺ പാർക്ക്, ബിയർ ക്രീക്ക് റീജിയണൽ പാർക്ക് ആൻഡ് നേച്ചർ സെന്റർ, ഫൗണ്ടൻ ക്രീക്ക് നേച്ചർ സെന്റർ, ദി ഇൻക്ലൈൻ, സാന്താ ഫെ ട്രയൽ, പൈക്ക്സ് പീക്ക് ഗ്രീൻവേ, വൈറ്റ് ഹൗസ് റാഞ്ച് നാഷണൽ റിക്രിയേഷൻ ട്രയൽ തുടങ്ങിയ സാഹസിക യാത്രകളും ഇവിടെയുണ്ട്.

English Summary:

Paint Mines Interpretive Park – Calhan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com