ഫോർട്ട് കൊച്ചി ബീച്ച് വൃത്തിയാക്കി റഷ്യൻ സഞ്ചാരികൾ, മലയാളികളെ ലജ്ജിപ്പിക്കുന്ന കാഴ്ച

Mail This Article
കേരളത്തിലെ ഏറ്റവും ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഫോർട്ട് കൊച്ചിയിലെ ബീച്ച്. ഈ ബീച്ചിലെ മാലിന്യക്കൂനകൾ പലപ്പോഴും വാർത്തകളിൽ ഇടംപിടിച്ചിട്ടുമുണ്ട്. ഒരു സംഘം റഷ്യൻ വിനോദസഞ്ചാരികൾ ബീച്ച് വൃത്തിയാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ കടുത്ത വിമർശനമാണ് ബീച്ചിൽ ശുചിത്വം ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട ജില്ലാ ഭരണകൂടത്തിനും കൊച്ചി കോർപറേഷനും നേരെ ഉയരുന്നത്. കേരളത്തിന്റെ ടൂറിസം ഭൂപടത്തിലെ പ്രധാന സ്ഥലങ്ങളിലൊന്നു വൃത്തിയാക്കാൻ വിദേശ സഞ്ചാരികൾ വേണ്ടിവന്നു എന്നത് മലയാളമണ്ണിനു തന്നെ നാണക്കേടായെന്നതാണ് മുഖ്യ വിമർശനം.
ബീച്ച് വൃത്തിയാക്കുന്ന വിഡിയോ ഞായറാഴ്ചയാണ് സമൂഹ മാധ്യമങ്ങളിൽ വന്നത്. കടൽത്തീരത്ത് സന്ദർശകർ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ, പാദരക്ഷകൾ, തെർമോകോൾ, മറ്റ് മാലിന്യങ്ങൾ എന്നിവ റഷ്യൻ സഞ്ചാരികൾ ശേഖരിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഫോർട്ട് കൊച്ചി ബീച്ച് ശുചീകരിക്കാൻ നിയോഗിച്ചിരിക്കുന്നത് കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയെയാണ് . കടൽത്തീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ കോർപറേഷനും ജില്ലാ ഭരണകൂടവും ശ്രദ്ധിക്കുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
അഴിമുഖമായതിനാൽ, കായലിലെത്തുന്ന മാലിന്യത്തിന്റെ ഭൂരിഭാഗവും കടൽത്തീരത്തേക്ക് വരും. ഇത് പ്രശ്നം കൂടുതൽ വഷളാക്കുന്നു. ഫോർട്ട് കൊച്ചിക്ക് സമഗ്ര വികസന പദ്ധതി കൊണ്ടുവരുമെന്ന് ഒരു വർഷം മുമ്പ് ടൂറിസം മന്ത്രി അവകാശപ്പെട്ടിരുന്നുവെന്ന് കൗൺസിലർ ആന്റണി കുരീത്തറ പറയുന്നു. “ഒരു വർഷം കഴിഞ്ഞിട്ടും ഒരു ചുവടുപോലും നീങ്ങിയിട്ടില്ല. ഫോർട്ട് കൊച്ചിയിലെ പ്രശ്നങ്ങൾ തിരിച്ചറിയാൻ ഒരു മാസ്റ്റർ പ്ലാൻ ആവശ്യമാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചിയിൽനിന്ന് ദി അൾട്ടിമേറ്റ് കേരള എന്ന യുട്യൂബ് ചാനലിൽ പങ്കുവച്ച മൂന്നര മിനിറ്റുള്ള വിഡിയോയിലെ കാര്യങ്ങൾ മലയാളികളെ ലജ്ജിപ്പിക്കുന്നതാണ്. മാലിന്യങ്ങൾ ശേഖരിക്കാൻ 800 രൂപ മുടക്കി കിറ്റ് വാങ്ങിയത് ഒരു മലയാളിയാണ്. ഈ മാലിന്യങ്ങൾ കിറ്റിലാക്കിയ ശേഷം അധികാരികളെ വിളിച്ചപ്പോൾ, കൊണ്ടു പോകാൻ പറ്റില്ല, അതിനുള്ള സൗകര്യം അവർക്കില്ല എന്നാണ് പറയുന്നതെന്നു വിഡിയോയിൽ കാണിക്കുന്നു.
‘ടൗൺ പ്ലാനിങ് ഇല്ലാത്ത നമ്പർ വൺ കോർപറേഷൻ ആയിരിക്കും കൊച്ചി. ഫോർട്ട് കൊച്ചി മാത്രമല്ല, മിക്ക ഇടവും ഇങ്ങനെയാണ്. ഫോർട്ട് കൊച്ചി മുതൽ തോപ്പുംപടി വരെ വരുമ്പോൾത്തന്നെ അത് മനസ്സിലാവും. സുരക്ഷിതമായി നടക്കാൻ ഒരു ഫുട്പാത്തോ വേസ്റ്റ് ഇടാൻ ബിന്നോ ടൂറിസ്റ്റുകൾക്കൊരു വാഷ് റൂമോ ഇല്ല. നഗരഹൃദയ ഭാഗത്തു കൂടി ഓടുന്ന മെട്രോയുടെ തൂണുകൾ വൃത്തികേടായി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കടം എടുത്തു ചെയ്യും, ഒന്നും സംരക്ഷിക്കില്ല ഇതാണ് രീതി. കെഎസ്ആർടിസ് ബസ്‌സ്റ്റാൻഡ് പരിസരത്ത് അബദ്ധവശാൽ പോലും പോകരുത്’ എന്നിങ്ങനെയാണ് കോർപറേഷനെതിരെ വിമർശനമുയരുന്നത്.