തായ്‌ലൻഡോ വിയറ്റ്‌നാമോ അല്ല, ഇക്കൊല്ലം ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുക ഈ രാജ്യങ്ങളിൽ

Mail This Article
യാത്രാപ്രേമികള്‍ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വര്‍ഷമാണ് 2024. ഇക്കൊല്ലം യാത്ര ചെയ്യാനായി ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ സ്ഥലങ്ങളുടെ അടിസ്ഥാനത്തില്‍, സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട 24 സ്ഥലങ്ങളുടെ ലിസ്റ്റ്, ട്രാവല്‍ സ്റ്റേ സര്‍വീസ് കമ്പനിയായ എയര്‍ബിഎന്‍ബി പുറത്തുവിട്ടു. ഇക്കൂട്ടത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഏഷ്യന്‍ രാജ്യം തായ്‌ലൻഡോ വിയറ്റ്‌നാമോ അല്ല, ജപ്പാനാണ്! ഈ പട്ടികയില്‍ നാലാംസ്ഥാനത്താണ് ജപ്പാന്‍.

ജപ്പാനിലെ പ്രധാനനഗരങ്ങളായ ടോക്കിയോ, ഒസാക്ക, ക്യോട്ടോ എന്നിവയെല്ലാം ഈ വര്‍ഷത്തെ ട്രെന്‍ഡിങ് ലക്ഷ്യസ്ഥാനങ്ങളായിരിക്കുമെന്ന് എയര്‍ബിഎന്‍ബി പ്രവചിക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയിലധികം വര്‍ധനയാണ് ജപ്പാനിലെ വിവിധ സ്ഥലങ്ങളുടെ തിരയലുകളില്‍ ഉണ്ടായത്.

പ്രണയത്തിന്റെ നഗരം എന്നറിയപ്പെടുന്ന പാരീസ് ഈ വർഷം ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിനാല്‍, 2024 ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെയുള്ള ‘ഇന്റർനെറ്റ് തിരച്ചിൽ’ നോക്കുമ്പോള്‍ മുൻവർഷത്തെ അപേക്ഷിച്ച് ഏഴിരട്ടിയിലധികം വര്‍ധനയാണ് പാരീസിന്‍റെ കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്.
റിയോ ഡി ജനീറോയിൽ നടക്കുന്ന കാർണിവൽ വാരാന്ത്യ ആഘോഷങ്ങളുടെ ഭാഗമായി ബ്രസീലും വളരെയധികം ആളുകളുടെ പ്രിയപ്പെട്ട സ്ഥലമാണ്. വെബ്സൈറ്റ് വഴി ബ്രസീലിലെ വിവിധ ലക്ഷ്യസ്ഥാനങ്ങള്‍ക്കായുള്ള തിരച്ചിലുകളില്‍ 136% വർധനയുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു.
എയര്‍ബിഎന്‍ബി തയാറാക്കിയ പട്ടികയിൽ 2024 ല്‍ ഏറ്റവും ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇവയാണ്
- ഇന്‍ഡ്യാനപൊളിസ്, ഇന്ത്യാന (യു എസ് എ)
- വാഴ്സോ, പോളണ്ട്
- ഒസാക്ക, ജപ്പാൻ
- ക്യോട്ടോ, ജപ്പാൻ
- ബ്യൂണസ് ഐറിസ്, അർജന്റീന
- മാരാകേഷ്, മൊറോക്കോ
- സാൽവഡോർ, ബ്രസീൽ
- പാരീസ്, ഫ്രാൻസ്
- ഡസ്സൽഡോർഫ്, ജർമനി
- പ്യൂർട്ടോ ഡെൽ കാർമെൻ, കാനറി ദ്വീപുകൾ, സ്പെയിൻ
- മെൽബൺ, ഓസ്‌ട്രേലിയ
- ഫിലാഡൽഫിയ, പെൻസിൽവാനിയ
- ലില്ലെ, ഫ്രാൻസ്
- സ്റ്റോക്ക്ഹോം, സ്വീഡൻ
- ടോക്കിയോ, ജപ്പാൻ
- റിയോ ഡി ജനീറോ, ബ്രസീൽ
- കോര്‍ട്ടിന ഡി ആംപെസോ, ഇറ്റലി
- മിലാൻ, ഇറ്റലി
- റോം, ഇറ്റലി
- മാസിയോ, ബ്രസീൽ
- ഡാലസ്, ടെക്സസ്
- മെക്സിക്കോ സിറ്റി, മെക്സിക്കോ
- കൊളറാഡോ സ്പ്രിംഗ്സ്, യുണൈറ്റഡ് സ്റ്റേറ്റ്സ്
- നസ്സൗ, ബഹാമാസ്
എയര്‍ബിഎന്‍ബി പറയുന്നതനുസരിച്ച്, 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2023 ന്റെ ആദ്യ മൂന്ന് പാദങ്ങളിൽ ചില ലക്ഷ്യസ്ഥാനങ്ങൾക്കായുള്ള തിരയലുകള്‍ വളരെയധികം കൂടി. ജപ്പാൻ, തായ്‌വാൻ, അൽബേനിയ, സിംഗപ്പൂർ, ഫിൻലാൻഡ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, കുറക്കാവോ, അരൂബ, തായ്‌ലൻഡ്, ഗ്വാട്ടിമാല എന്നിവയാണ് അവ.

പുരുഷന്മാരുടെ യൂറോ ഫൈനലുകള്‍ നടക്കുന്ന ഫ്രാങ്ക്ഫർട്ട്, കൊളോൺ തുടങ്ങിയ നഗരങ്ങളും ഇക്കുറി ഏറെ ജനപ്രിയമാണ്. കൂടാതെ, പ്രധാന കായിക ടൂർണമെന്റുകൾ അരങ്ങേറുന്നതിനാല്‍ കാലാ ഡി ഓർ, ബലേറിക് ദ്വീപുകൾ - സ്പെയിൻ, പാൽമ, ബലേറിക് ദ്വീപുകൾ - സ്പെയിൻ, പെറോൾസ്, ഒക്‌സിറ്റാനിയ - ഫ്രാൻസ്, വാർസോ, മസോവിയൻ വോയിവോഡ്ഷിപ്പ് - പോളണ്ട്, മുവാങ് പട്ടായ, ചാങ് വാട്ട് ചോൻ ബുരി - തായ്‌ലൻഡ്, സെൻ്റ് ഡെനിസ്, ഇലെ ഡി ഫ്രാൻസ് - ഫ്രാൻസ്, ഹോങ്കോങ്, കോര്‍ട്ടിന ഡി ആംപെസോ, വെനെറ്റോ - ഇറ്റലി തുടങ്ങിയ നഗരങ്ങളും തിരയലുകളില്‍ മുന്നിലെത്തി.