ADVERTISEMENT

സംസ്ഥാന ബജറ്റിൽ വിനോദസഞ്ചാര മേഖലയുടെ വികസനം ഫോക്കസ് ചെയ്ത് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വിനോദ സഞ്ചാര മേഖലയിൽ 5,000 കോടി രൂപയുടെ നിക്ഷേപം വരുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയുന്ന ഒന്നാണ് വിനോദസഞ്ചാരം. കോവിഡിനു ശേഷം ലോകമാകെ ജനങ്ങളുടെ ജീവിതത്തോടുള്ള കാഴ്ചപ്പാടിലും പണം ചെലവഴിക്കുന്ന രീതിയിലും മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും യാത്ര കൂടുതൽ ചെയ്യുന്നതിനും പ്രകൃതിമനോഹരവും സമാധാനപൂർണവുമായ ഇടങ്ങളിൽ അവധിക്കാലം ചെലവഴിക്കുന്നതിനും തൽപരരായ ആളുകളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ടെന്നും മന്ത്രി ബജറ്റിൽ വിലയിരുത്തി. 
 

kn-balagopal-budget

തിരഞ്ഞെടുത്ത 20 ഡെസ്റ്റിനേഷനുകളിൽ അഞ്ഞൂറിലധികം ആളുകൾക്ക് ഒരുമിച്ചു വരാനും കൂടിച്ചേരാനുമുള്ള സൗകര്യം സജ്ജമാക്കാൻ സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്വകാര്യമേഖലയെ കൂട്ടിയിണക്കി കൊണ്ടു പ്രത്യേക പദ്ധതി തയാറാക്കും. ആദ്യഘട്ടമായി വർക്കല, കൊല്ലം, മൺറോ തുരുത്ത്, ആലപ്പുഴ, മൂന്നാർ, ഫോർട്ട് കൊച്ചി, പൊന്നാനി, ബേപ്പൂർ, കോഴിക്കോട്, കണ്ണൂർ, ബേക്കൽ എന്നിവിടങ്ങളിൽ ഈ സൗകര്യമൊരുക്കും. അമ്പതു കോടി രൂപ ഇതിനായി വകയിരുത്തുമെന്നും ബജറ്റിൽ മന്ത്രി വ്യക്തമാക്കി. ഇക്കോ ടൂറിസത്തിന് 1.9 കോടി രൂപയും തെന്മല ഇക്കോ ടൂറിസത്തിന് അധികമായി രണ്ടു കോടി രൂപയും അനുവദിച്ചു. കെടിഡിസിക്ക് 12 കോടി രൂപ അനുവദിച്ച ബജറ്റിൽ വിനോദസഞ്ചാര മേഖലയ്ക്ക് 351.42 കോടി രൂപയാണ് അനുവദിച്ചത്.

Alappuzha railway station. Image Credit : NiAk Stock/istockphoto
Alappuzha railway station. Image Credit : NiAk Stock/istockphoto


ഇടുക്കി ഡാമിന്റെ പ്രതലം സ്ക്രീനായി ഉപയോഗിച്ച് വിപുലമായ ലേസർ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഉൾപ്പെടെ നടത്താൻ കഴിയുന്ന ടൂറിസം പദ്ധതി, വിശദമായ പദ്ധതി രൂപപ്പെടുത്തുന്നതിനുള്ള സഹായമായി 5 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

അടുത്ത മൂന്നുവർഷം കൊണ്ട് 10,000 ഹോട്ടൽ മുറികളെങ്കിലും അധികമായി വേണ്ടി വരുമെന്നാണു പഠനങ്ങൾ കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളാ ഫിനാൻഷ്യൽ കോർപറേഷൻ, ബാങ്കുകൾ എന്നിവയെ സഹകരിപ്പിച്ചു കൊണ്ട് മൂലധനം കേരളത്തിൽ നിക്ഷേപിക്കാൻ തയാറാകുന്നവർക്കായി കുറഞ്ഞ പലിശ വായ്പാ പദ്ധതി സർക്കാർ ആലോചിക്കുന്നുണ്ട്. 5,000 കോടി രൂപയുടെ നിക്ഷേപം ഈ മേഖലയിൽ ആകർഷിക്കുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടാകുമെന്നും ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചു.
 

munroe-island-trip
മൺറോ തുരുത്ത്. (ഫയൽ ചിത്രം)

കോവിഡാനന്തരം ലോകത്തു വികാസമുണ്ടായ മേഖലകളിൽ ഒന്ന് ടൂറിസമാണ്. മുൻപ് ചെറുപ്പക്കാർ ആയിരുന്നു സഞ്ചാരികളിൽ ഭൂരിഭാഗമെങ്കിൽ ഇന്ന് വിരമിച്ചവരും പ്രായമായവരും കുടുംബം ഒന്നാകെയും സ്ഥിരമായി യാത്രകളിൽ ഏർപ്പെടുന്നെന്നു മന്ത്രി നിരീക്ഷിച്ചു. മികച്ച കാലാവസ്ഥയുള്ളതും വൃത്തിയുള്ളതും അടിസ്ഥാന സൗകര്യങ്ങളുള്ളതുമായ സ്ഥലങ്ങളാണ് ടൂറിസ്റ്റുകൾ യാത്ര പോകാൻ തിരഞ്ഞെടുക്കുന്നത്. നാടിന്റെ ക്രമസമാധാന നിലയും തദ്ദേശീയരായ ആളുകളുടെ പെരുമാറ്റവും രുചികരമായ ഭക്ഷണവുമെല്ലാം സഞ്ചാരികൾ കണക്കിലെടുക്കുന്നുണ്ട്. ഇക്കാരണം കൊണ്ട് ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആകാൻ കേരളത്തിനു കഴിയുമെന്നു ധനമന്ത്രി പറഞ്ഞു. ലോകത്ത് കണ്ടിരിക്കേണ്ട 50 മനോഹര സ്ഥലങ്ങളിൽ ഒന്നായി ടൈം മാഗസിൻ കേരളത്തെ തിരഞ്ഞെടുക്കുകയുണ്ടായെന്നും അദ്ദേഹം ഓർമിപ്പിച്ചു. 
 

ആലപ്പുഴ പുന്നമടക്കായലിൽ നടന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ നിന്ന് (ഫയൽ  ചിത്രം: അരുൺ ശ്രീധർ∙മനോരമ)
ആലപ്പുഴ പുന്നമടക്കായലിൽ നടന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ നിന്ന് (ഫയൽ ചിത്രം: അരുൺ ശ്രീധർ∙മനോരമ)

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും സംസ്ഥാനത്തു നിന്നുള്ളവരുമായ നിരവധി ആളുകൾ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് എത്തുന്നുണ്ട്. കടലും കായലും മലയും കാടും കാലാവസ്ഥയും കേരളത്തിന് അനന്യമായ സമ്പാദ്യമാണ്. ഇത് ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കഴിയണം. കേരളത്തിൽ ഇക്കോ ടൂറിസം മേഖലയായി വികസിപ്പിക്കാൻ കഴിയുന്ന നിരവധി കേന്ദ്രങ്ങളുണ്ട്. വനം - ടൂറിസം- സാംസ്കാരിക വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനത്തോടെ ഇവയെ മികച്ച ടൂറിസം കേന്ദ്രങ്ങളാക്കാനായുള്ള പരിപാടി നടക്കുകയാണ്. ഇത്തരം പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കാൻ നടപടി സ്വീകരിക്കും. ദേശീയ – രാജ്യാന്തര തലത്തിലുള്ള വലിയ ഇവന്റുകൾക്കു വേദിയാകാൻ കഴിയുന്ന വിധം വിപുലമായ കൺവൻഷൻ സെന്ററുകൾ വികസിപ്പിക്കാൻ പ്രോത്സാഹനം നൽകും. വലിയ മുതൽ മുടക്കുള്ള ബൃഹത്തായ കൺവൻഷൻ സെന്ററുകൾ ആരംഭിക്കുന്നതിനും അന്തർ ദേശീയ ടൂറിസ്റ്റുകൾക്ക് വേണ്ട സൗകര്യം ഉറപ്പാക്കുന്നതിനും ആവശ്യമായ നയം രൂപീകരിക്കും.

കേരളത്തിന്റെ പരമ്പരാഗത ഉത്സവങ്ങളുടെ പ്രോത്സാഹനം, സംരക്ഷണം, കായൽത്തീരങ്ങളെ ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കൽ, വള്ളംകളിയെ രാജ്യാന്തര നിലവാരമുള്ള കായിക ഇനമാക്കി മാറ്റുക എന്നീ ലക്ഷ്യങ്ങളോടുകൂടി സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ട്രോഫി ലീഗിനായി 9.96 കോടി രൂപയാണ് ഈ വർഷം വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 12 കോടിയായിരുന്നു. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ട്രോഫി ലീഗ് ബോണസും സമ്മാനത്തുകയും ഇനിയും കൊടുത്തു തീർന്നിട്ടുമില്ല.

English Summary:

Kerala Budget 2024, Government to invest ₹50 crore to boost tourism at 20 destinations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com