ADVERTISEMENT

മാനവിക ചരിത്രവും പൗരാണികതയും ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിലുള്ള പേരാണ് പെറുവിലെ മാച്ചുപിച്ചു. ഇന്‍കന്‍ സാമ്രാജ്യം ഉന്നതിയിലെത്തിയ കാലത്ത് പതിനഞ്ചാം നൂറ്റാണ്ടിലാണ് മാച്ചു പിച്ചു നിര്‍മിച്ചത്. സമുദ്ര നിരപ്പില്‍ നിന്നും 7,970 അടി ഉയരത്തിലുള്ള മാച്ചു പിച്ചു അടുത്ത ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞത് സമരത്തിന്റേയും പ്രതിഷേധത്തിന്റേയും പേരിലാണ്. ഏതാണ്ട് 1,200 ഓളം വിനോദ സഞ്ചാരികളെയും അവരുടെ യാത്രയേയും ഈ പ്രതിഷേധം നേരിട്ട് ബാധിക്കുകയും ചെയ്തു. 

Image Credit : SL_Photography/istockphoto
Image Credit : SL_Photography/istockphoto

മാച്ചുപിച്ചുവിലേക്കുള്ള ടിക്കറ്റ് വില്‍പന സ്വകാര്യവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് പ്രതിഷേധത്തെ ക്ഷണിച്ചുവരുത്തിയത്. പെറുവിലെ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന മാച്ചുപിച്ചുവിനെ മൊത്തത്തില്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമത്തിന്റെ ആദ്യപടിയാണിതെന്നായിരുന്നു ആരോപണം. വിനോദ സഞ്ചാരികളുടെ മാച്ചുപിച്ചുവുമായി ബന്ധപ്പെട്ട സേവനങ്ങളും ട്രെയിന്‍ സര്‍വീസും പ്രതിഷേധത്തോടെ തടസപ്പെട്ടു. 

Machu Picchu world heritage site. Photo : canakat /istockphoto
Machu Picchu world heritage site. Photo : canakat /istockphoto

ആറു ദിവസത്തോളം സമരം നീണ്ടു നിന്നതോടെ മാച്ചുപിച്ചുവില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളെ സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച് സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റേണ്ടി വന്നു. ഏതാണ്ട് 1,200 വിനോദ സഞ്ചാരികളെ ഈ സമരം നേരിട്ടു ബാധിച്ചുവെന്നാണ് പെറു സര്‍ക്കാര്‍ തന്നെ അറിയിച്ചത്. ഈ സഞ്ചാരികളില്‍ പലര്‍ക്കും മാച്ചുപിച്ചു സന്ദര്‍ശിക്കാന്‍ പോലും സാധിച്ചിരുന്നില്ല. പ്രതിദിനം 2,62,590 ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് പെറു സാംസ്‌ക്കാരിക മന്ത്രി ലെസ്ലി ഒര്‍ട്ടേഗ അറിയിച്ചത്. 

മാച്ചുപിച്ചുവിലേക്കുള്ള ടിക്കറ്റിങ് സംവിധാനം മാഫിയ കയ്യടക്കിവച്ചിരിക്കുകയാണെന്നാണ് പെറു സാംസ്‌ക്കാരിക മന്ത്രാലയം ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അഴിമതി തടയാനാണ് പുതിയ ഓണ്‍ലൈന്‍ ടിക്കറ്റിങ് സംവിധാനം കൊണ്ടുവന്നതെന്നും സര്‍ക്കാര്‍ പറയുന്നു. പ്രതിഷേധങ്ങളുണ്ടായെങ്കിലും പുതിയ ഓണ്‍ലൈന്‍ ടിക്കറ്റിങ് സംവിധാനത്തിലേക്കു മാറുമെന്നു തന്നെയാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. അതേസമയം പുതിയ സംവിധാനത്തിലേക്ക് പെട്ടെന്നു മാറില്ലെന്ന ഉറപ്പു ലഭിച്ചതോടെയാണ് സമരം ഒത്തുതീര്‍പ്പായത്. 

പ്രതിവര്‍ഷം രണ്ടു ദശലക്ഷം ഡോളറാണ് മാച്ചുപിച്ചുവിലെ ടിക്കറ്റ് മാഫിയ കവരുന്നതെന്നാണ് പെറു സാംസ്‌ക്കാരികമന്ത്രി പറയുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലും മാച്ചുപിച്ചു 25 ദിവസം പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്നു. അന്നത്തെ പ്രസിഡന്റായിരുന്ന പെഡ്രോ കാസ്റ്റിലോയുടെ ഇംപീച്ച്‌മെന്റിനും അറസ്റ്റിനേയും തുടര്‍ന്നായിരുന്നു ഈ സംഘര്‍ഷം. കഴിഞ്ഞ സെപ്തംബറില്‍ സഞ്ചാരികളുടെ ബാഹുല്യത്തെ തുടര്‍ന്ന് മാച്ചുപിച്ചുവിലെ മൂന്നു സെക്ടറുകള്‍ പെറു താല്‍ക്കാലികമായി അടച്ചിരുന്നു. 

മാച്ചു പിച്ചു

ഇന്‍കന്‍ സാമ്രാജ്യം ഉന്നതിയിലെത്തിയ 1460കളിലാണ് മാച്ചുപിച്ചു നിര്‍മിച്ചത്. നൂറു വര്‍ഷത്തിനുള്ളില്‍ വസൂരി പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് ഈ പൗരാണിക നഗരം ഉപേക്ഷിക്കപ്പെട്ടുവെന്നാണ് കരുതപ്പെടുന്നത്. പിന്നീട് സ്പാനിഷുകാര്‍ പെറുവിലേക്കെത്തിയെങ്കിലും വിദൂര കേന്ദ്രമായ മാച്ചുപിച്ചുവിനെക്കുറിച്ച് അവര്‍ക്ക് വലിയ ധാരണകളുണ്ടായിരുന്നില്ല. അങ്ങനെ മാച്ചുപിച്ചു വിസ്മൃതിയിലേക്കു മടങ്ങി. 

'ഇന്‍കകളുടെ നഷ്ട നഗരം' എന്ന വിശേഷണമുള്ള മാച്ചുപിച്ചു 1911ല്‍ അമേരിക്കന്‍ ചരിത്രകാരനായിരുന്ന ഹിറാം ബിങ്ങ്ഹാമാണ് പുറം ലോകത്തിന് പിന്നീട് പരിചയപ്പെടുത്തുന്നത്. അന്നു മുതല്‍ പെറുവിലെ ഉറുബാംബ താഴ്‌വരക്കു മുകളിലെ ഈ കുന്നിന്‍പ്രദേശം സഞ്ചാരികളുടേയും ചരിത്രകാരന്മാരുടേയും ഇഷ്ട കേന്ദ്രമായി മാറി. 1983ല്‍ യുനെസ്‌കോ മാച്ചുപിച്ചുവിനെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇന്ന് ലക്ഷക്കണക്കിന് സഞ്ചാരികളാണ് പ്രതിവര്‍ഷം മാച്ചുപിച്ചു സന്ദര്‍ശിക്കുന്നത്.

English Summary:

Protesters Block Access To Machu Picchu, Tourists Left Stranded

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com