'ഡ്രീം ഓഫ് ദി ഡെസേർട്ട്' : മണലാരണ്യത്തിൽ സ്വപ്നയാത്ര ഒരുക്കാൻ സൗദി
Mail This Article
മരുഭൂമിയിലൂടെ എത്ര ദൂരം നടക്കാൻ കഴിയും. താഴെ ചുട്ടു പൊള്ളുന്ന മണലും മേലെ കത്തുന്ന സൂര്യനും. ഡെസേർട്ട് സഫാരി നടത്തിയിട്ടുള്ളവർ മരുഭൂമിയുടെ അകങ്ങളിലേക്ക് കുറച്ചെങ്കിലും പോയിട്ടുണ്ടാകും. ചിലരെങ്കിലും മരുഭൂമിയിൽ കാമൽ സഫാരിയും നടത്തിയിട്ടുണ്ടാകും. എന്നാൽ, അതിനേക്കാൾ വലിയ ആഡംബരവുമായി സൗദി അറേബ്യ ഉടൻ തന്നെ സഞ്ചാരികളെ സ്വാഗതം ചെയ്യും. മരുഭൂമിയിലൂടെ ഒരു ആഡംബര ട്രെയിൻ യാത്രയാണ് സൗദി അറേബ്യ ലക്ഷ്യം വയ്ക്കുന്നത്. മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ആഡംബര ട്രെയിൻ ആരംഭിക്കുന്നതിനായി സൗദി അറേബ്യ റെയിൽവേസ് ഇറ്റാലിയൻ ഹോസ്പിറ്റാലിറ്റി കമ്പനിയായ ആഴ്സണൽ ഗ്രൂപ്പുമായി 200 മില്യൺ സൗദി റിയാലിന്റെ കരാർ ഒപ്പുവച്ചു.
2019 ലായിരുന്നു രാജ്യാന്തര വിനോദസഞ്ചാരികൾക്കായി ഔദ്യോഗികമായി സൗദി അറേബ്യ വാതിലുകൾ തുറന്നത്. അതൊരു ചരിത്ര നിമിഷം കൂടിയായിരുന്നു. സമീപ വർഷങ്ങളിൽ സൗദിയിൽ വിനോദസഞ്ചാര മേഖലയിൽ പല വൻകിട നിക്ഷേപങ്ങളും നടന്നിട്ടുണ്ട്. സൗദി അറേബ്യയുടെ വടക്കു പടിഞ്ഞാറൻ ഭാഗത്തെ മരുഭൂമിയിലെ 500 ബില്യൺ ഡോളറിന്റെ മാതൃകാനഗരം അതിലൊന്നാണ്. അടുത്തതായാണ് ആഡംബര ട്രെയിൻ.
2025 അവസാനത്തോടെ ആഡംബര ട്രെയിൻ പ്രവർത്തനം ആരംഭിക്കും
സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള ദേശീയ മാധ്യമമാണ് രാജ്യത്ത് ആഡംബര ട്രെയിൻ തുടങ്ങാൻ പോകുന്ന കാര്യം റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ട് അനുസരിച്ച് 2025 അവസാനത്തോടെ 'ഡ്രീം ഓഫ് ദ ഡെസേർട്ട്' പുതിയ ട്രെയിൻ പ്രവർത്തനം ആരംഭിക്കും. തലസ്ഥാന നഗരമായ റിയാദിൽ നിന്നു ഖുറായത്തിലേക്ക് ആയിരിക്കും മരുഭൂമിയുടെ സ്വപ്ന പദ്ധതിയായ ആഡംബര ട്രെയിൻ ക്രൂയിസിന്റെ യാത്ര. വടക്കൻ അതിർത്തിയോടു ചേർന്നു കിടക്കുന്ന ഖുറായത്ത് ജോർദാൻ അതിർത്തിയിലാണ്. സൗദി അറേബ്യ റെയിൽവേസ് കഴിഞ്ഞയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്.
ഏകദേശം 1,300 കിലോമീറ്റർ ദൈർഘ്യമുള്ള പാത സൗദി അറേബ്യയിലെ അതിമനോഹരമായ മരുഭൂമിയുടെ ഭൂപ്രകൃതി ആസ്വദിക്കാനുള്ള അവസരമാണ് സഞ്ചാരികൾക്കു നൽകുന്നത്. സൗദി പാരമ്പര്യത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് സൗദി ശൈലിയിൽ ആയിരിക്കും ട്രെയിനുകളുടെ ഡിസൈൻ. 40 ആഡംബര കാബിനുകൾ ആയിരിക്കും ഒരു ട്രെയിനിൽ ഉണ്ടാകുക. നിർമാണത്തിലിരിക്കുന്ന ട്രെയിനുകളുടെ റിസർവേഷൻ ഈ വർഷം അവസാനത്തോടെ ആരംഭിക്കും. ഒന്നോ രണ്ടോ രാത്രി യാത്രകൾ ആയിരിക്കും സഞ്ചാരികൾക്കു ബുക്ക് ചെയ്യാൻ ലഭ്യമാകുക. ഒരു ട്രെയിനിൽ പരമാവധി 82 സഞ്ചാരികളെ ആണ് ഉൾക്കൊള്ളാൻ കഴിയുകയെന്ന് ആഴ്സനൽ സി ഇ ഒ പാലോ ബാർലെറ്റെ പറഞ്ഞു. അതേസമയം, ഡ്രീം ഓഫ് ദ ഡെസേർട്ട് ട്രെയിനുകളുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായും ആദ്യ ട്രെയിൻ പ്രവർത്തനം ആരംഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും ഔദ്യോഗിക പ്രസ്താവനയിൽ ബാർലെറ്റ പറഞ്ഞു.
ലോക ടൂറിസത്തിനൊപ്പം സൗദിയും
അതിവേഗ ട്രെയിനുകളുടെയും ആഡംബര റയിൽ ക്രൂസുകളുടെയും ആവശ്യം ലോകമെമ്പാടും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആഡംബര ട്രെയിൻ വിപണിയിലേക്കു പ്രവേശിക്കാനുള്ള സൗദി അറേബ്യയുടെ തീരുമാനം. സൗദി അറേബ്യയിലെ ഹറമൈൻ ഹൈസ്പീഡ് റെയിൽവേ ആരംഭിച്ച് ഏകദേശം ആറു വർഷത്തിനു ശേഷമാണ് ഡ്രീം ഓഫ് ദ ഡെസേർട്ടിന്റെ വാർത്ത എത്തുന്നത്. പുണ്യ നഗരങ്ങളായ മക്കയെയും മദീനയെയും ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് ഇന്റർനാഷണൽ വിമാനത്താവളവുമായി ബന്ധിപ്പിച്ചാണ് 2018 ൽ ഹറമൈൻ ഹൈസ്പീഡ് റെയിൽവേ ആരംഭിച്ചത്. മണിക്കൂറിൽ 300 കിലോമീറ്റർ ലക്ഷ്യം വയ്ക്കുന്ന ട്രെയിൻ, റെയിൽ ശ്യംഖല കൂടുതൽ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. 2022 ജനുവരിയിൽ സൗദി അറേബ്യയുടെ ഇൻവെസ്റ്റ്‌മെന്റ് മന്ത്രി ഖാലിദ് അൽ-ഫാലിഹ് രാജ്യത്തുടനീളം 8,000 കിലോമീറ്റർ റെയിൽ നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അടുത്ത 10 വർഷം കൊണ്ട് വിനോദസഞ്ചാര മേഖലയിൽ 800 ബില്യൺ ഡോളർ നിക്ഷേപം നടത്താനാണ് സൗദി അറേബ്യ ഉദ്ദേശിക്കുന്നത്.