മ്യാൻമറിലേക്ക് ഇപ്പോൾ യാത്ര വേണ്ട ; ഇന്ത്യൻ സഞ്ചാരികൾക്ക് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം
Mail This Article
ആഭ്യന്തരയുദ്ധം രൂക്ഷമായ സാഹചര്യത്തിൽ മ്യാൻമറിലെ റഖൈൻ സ്റ്റേറ്റിലേക്ക് യാത്ര ചെയ്യരുതെന്ന നിർദ്ദേശവുമായി ഇന്ത്യ. നിലവിൽ റഖൈൻ സ്റ്റേറ്റിൽ ഇന്ത്യക്കാർ ആരെങ്കിലും ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് അവിടെ നിന്ന് പോരണമെന്നുമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. മ്യാൻമറിലെ റഖൈൻ സ്റ്റേറ്റിൽ കഴിഞ്ഞ കുറച്ചു ദിവസമായി ആഭ്യന്തരയുദ്ധം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് അവിടെയുള്ള ഇന്ത്യക്കാരോട് എത്രയും പെട്ടെന്ന് അവിടെ നിന്നു മടങ്ങാനും പുതിയതായി അവിടേക്കു പോകാൻ ആഗ്രഹിക്കുന്നവരോട് പോകരുതെന്നും നിർദ്ദേശം നൽകിയിരിക്കുന്നത്.
ആഭ്യന്തരയുദ്ധത്തെ തുടർന്ന് റഖൈനിലെ സുരക്ഷാ സാഹചര്യം വഷളായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ലാൻഡ് ലൈനുകൾ ഉൾപ്പെടെയുള്ള ടെലികമ്യൂണിക്കേഷൻ മാർഗങ്ങൾക്ക് തടസം നേരിടാൻ സാഹചര്യം ഉണ്ട്. അവശ്യ സാധനങ്ങൾക്കു കടുത്ത ക്ഷാമം നേരിടാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങൾ നില നിൽക്കുന്നതിനാലാണ് റഖൈനിലുള്ള ഇന്ത്യൻ പൗരൻമാർ ഉടൻ തന്നെ അവിടം വിട്ടു പോകണമെന്നും പുതുതായി ഇന്ത്യയിൽ നിന്ന് ആരും റഖൈനിലേക്കു യാത്ര ചെയ്യരുതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ റഖൈനിലേക്കുള്ള ആരും യാത്ര ചെയ്യരുതെന്നാണ് വിദേശകാര്യ മന്ത്രാലയം നൽകുന്ന നിർദ്ദേശം.
അതിർത്തിയിൽ വേലി, നിരീക്ഷണം വർദ്ധിപ്പിക്കാൻ പട്രോളിങ് ട്രാക്ക്
കഴിഞ്ഞയാഴ്ച തന്നെ മ്യാൻമറിലെ സ്ഥിതിഗതികൾ വഷളാകുന്നതിൽ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. എത്രയും വേഗത്തിൽ സംഘർഷം പരിഹരിക്കണമെന്ന് നിർദ്ദേശിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം റഖൈനിലുള്ള ഇന്ത്യൻ പൗരൻമാർ ജാഗ്രത പാലിക്കണമെന്നും എത്രയും പെട്ടെന്ന് അവിടെ നിന്ന് ഒഴിയണമെന്നും ആവശ്യപ്പെട്ടു. ഏകദേശം 1,643 കിലോമീറ്റർ നീളമുള്ള ഇന്ത്യ - മ്യാൻമർ അതിർത്തി മുഴുവൻ വേലി കെട്ടാനുള്ള സുപ്രധാന തീരുമാനം ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. നിലവിൽ അതിർത്തിക്ക് അപ്പുറത്തു താമസിക്കുന്ന വ്യക്തികൾക്ക് ഡോക്യുമെന്റേഷൻ കൂടാതെ അതിർത്തി രാജ്യത്തിലേക്ക് 16 കിലോമീറ്റർ സഞ്ചരിക്കാൻ അനുമതി ഉണ്ടായിരുന്നു. അതിർത്തിയിൽ വേലി കെട്ടുന്നതോടെ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചാരം അനുവദിക്കുന്ന ഫ്രീ മൂവ്മെന്റ് റെജിം അവസാനിക്കും.
നിലവിൽ ഫ്രീ മൂവ്മെന്റ് റെജിം എന്നതിന് കീഴിലാണ് മിസോറാം, മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നിവയിലൂടെ കടന്നുപോകുന്ന അതിർത്തി. ഇന്ത്യ ആക്ട് ഈസ്റ്റ് പോളിസിയുടെ ഭാഗമായിട്ട് 2018 – ൽ ആയിരുന്നു ഇത് അവതരിപ്പിച്ചത്. രാജ്യത്തിന്റെ അതിർത്തികൾ സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അക്കാര്യത്തിൽ സർക്കാരിന്റെ പ്രതിബദ്ധതയെക്കുറിച്ചും നേരത്തെ തന്നെ അമിത് ഷാ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാൻ പട്രോളിങ് ട്രാക്കും സ്ഥാപിക്കും.
മ്യാൻമറിലേക്ക് നിലവിലെ യാത്ര പ്രോത്സാഹിപ്പിക്കാതെ ഗൂഗിളും
ആഭ്യന്തരകലാപം രൂക്ഷമായ സാഹചര്യത്തിൽ മ്യാൻമറിലേക്ക് യാത്ര നടത്താൻ ആഗ്രഹിക്കുന്നവർ തൽക്കാലത്തേക്ക് യാത്ര മാറ്റി വയ്ക്കണമെന്നാണ് ഗൂഗിളും നൽകുന്ന നിർദ്ദേശം. പഗോഡകളും ക്ഷേത്രങ്ങളും നിറഞ്ഞ സ്ഥലമാണ് റഖൈൻ. മനോഹരമായ ഭൂപ്രകൃതിയാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു ഘടകം. ചരിത്രപ്രസിദ്ധമായ മറൗകു ടൗൺഷിപ്പും റഖൈനിലെ ഒരു പ്രധാന ആകർഷണമാണ്. പക്ഷേ ആഭ്യന്തരയുദ്ധം രൂക്ഷമായ സാഹചര്യത്തിൽ തൽക്കാലത്തേക്ക് റഖൈനിലെ ഈ പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ കാണാനുള്ള ശ്രമം മറ്റൊരു അവസരത്തിലേക്ക് മാറ്റി വയ്ക്കുന്നതാകും ഉചിതം.