ADVERTISEMENT

വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് രാജസ്ഥാന്‍. കഴിഞ്ഞ നാലു വർഷത്തിനിടെ രാജസ്ഥാനിലേക്കുള്ള ആഭ്യന്തര വിനോദസഞ്ചാരികളുടെ ഒഴുക്ക് പന്ത്രണ്ട് മടങ്ങ് വർധിച്ചതായി സംസ്ഥാന ടൂറിസം വകുപ്പ് അറിയിച്ചു. കോവിഡ് മൂലം നിലച്ച വിദേശ ടൂറിസ്റ്റുകളുടെ സന്ദർശനങ്ങളിലും ഗണ്യമായ വർധനവുണ്ട്. 

2023 ൽ 18 കോടി ആഭ്യന്തര വിനോദ സഞ്ചാരികളും 17 ലക്ഷം വിദേശ വിനോദ സഞ്ചാരികളും രാജസ്ഥാൻ സന്ദർശിച്ചു. 2020 ലെ കണക്കുകൾ പ്രകാരം 1.51 കോടി ആഭ്യന്തര വിനോദ സഞ്ചാരികളും 4.46 ലക്ഷം വിദേശ വിനോദ സഞ്ചാരികളുമായിരുന്നു എത്തിയത്. 2021ൽ 2.19 കോടി ആഭ്യന്തര വിനോദ സഞ്ചാരികളും 34,806 വിദേശ വിനോദ സഞ്ചാരികളും എത്തി.

ചരിത്രസ്‌നേഹികൾ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് തലസ്ഥാന നഗരമായ ജയ്പുർ. Image Credit : Anton Aleksenko /istockphoto
ചരിത്രസ്‌നേഹികൾ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് തലസ്ഥാന നഗരമായ ജയ്പുർ. Image Credit : Anton Aleksenko /istockphoto

2020 ജനുവരി മുതൽ 2023 ഡിസംബർ വരെ മൊത്തം 32.44 കോടി ആഭ്യന്തര വിനോദസഞ്ചാരികൾ രാജസ്ഥാൻ യാത്ര നടത്തി. ഇതില്‍ 22.20 ലക്ഷത്തിലധികം വിദേശ വിനോദ സഞ്ചാരികളുമുണ്ട്. 

കൊറോണയ്ക്ക് മുന്‍പ് ഇവിടം സന്ദര്‍ശിച്ച വിനോദസഞ്ചാരികളില്‍ വലിയൊരു ഭാഗം ഫ്രഞ്ചുകാര്‍ ആയിരുന്നു. വിനോദസഞ്ചാരത്തിന് പുതിയ അവസരങ്ങൾ തേടി ഫ്രഞ്ച് പ്രസിഡന്റിന്റെ ജയ്പുർ സന്ദർശനത്തെ തുടർന്ന് ഇത് വീണ്ടും സംഭവിക്കുമെന്ന് കരുതുന്നു. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച 2024-25 ഇടക്കാല ബജറ്റിൽ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയ്ക്കും ആഭ്യന്തര വിനോദ സഞ്ചാരത്തിനും പ്രത്യേക ഊന്നല്‍ നൽകിയതും പ്രതീക്ഷയ്ക്കു വക നല്‍കുന്നുണ്ട്. പലിശരഹിത വായ്പകളിലൂടെയും ഗുണനിലവാര റേറ്റിങ്ങുകളിലൂടെയും സംരംഭകരെയും ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ശാക്തീകരിക്കുന്നത് ഇന്ത്യയുടെ ടൂറിസം മേഖലയ്ക്ക് വളരെ ഗുണപ്രദമാകും.

 'തടാകങ്ങളുടെയും കൊട്ടാരങ്ങളുടെയും നഗരം' എന്നറിയപ്പെടുന്ന ഉദയ്‌പുർ. Image Credit : traveler1116/istockphotos
'തടാകങ്ങളുടെയും കൊട്ടാരങ്ങളുടെയും നഗരം' എന്നറിയപ്പെടുന്ന ഉദയ്‌പുർ. Image Credit : traveler1116/istockphotos

രാജസ്ഥാന്‍റെ അനന്തമായ ടൂറിസം സാധ്യതകള്‍

ആകർഷകമായ മരുഭൂമികളും ഗംഭീരമായ കോട്ടകളും കൊട്ടാരങ്ങളും മുതൽ ശാന്തമായ ഹിൽ സ്റ്റേഷനുകൾ വരെ വൈവിധ്യമാർന്ന വിനോദസഞ്ചാര അനുഭവങ്ങൾ കാത്തുവച്ച് സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. ചരിത്രസ്‌നേഹികൾ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് തലസ്ഥാന നഗരമായ ജയ്പുർ. രാജകൊട്ടാരങ്ങൾ, ക്ഷേത്രങ്ങൾ, പൂന്തോട്ടങ്ങൾ മുതലായ ഒട്ടേറെ കാഴ്ചകള്‍ ഇവിടെയുണ്ട്. 'തടാകങ്ങളുടെയും കൊട്ടാരങ്ങളുടെയും നഗരം' എന്നറിയപ്പെടുന്ന ഉദയ്‌പുരും രാജസ്ഥാനിലെ ഒരേയൊരു ഹിൽസ്റ്റേഷനായ മൗണ്ട് അബുവും വർഷം മുഴുവനും സഞ്ചാരികളെ വരവേല്‍ക്കുന്നു.

Junagarh Fort, Bikaner, Rajasthan. Image Credit : Marcos del Mazo/shutterstock
Junagarh Fort, Bikaner, Rajasthan. Image Credit : Marcos del Mazo/shutterstock

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കോട്ടയാണ് രാജസ്ഥാനിലെ ചിറ്റോർഗഡ്. ഇതിന്‍റെ ഗാംഭീര്യം വിസ്മയിപ്പിക്കും. ജയ്പുരിൽ നിന്ന് 34 കിലോമീറ്റർ അകലെയാണ് ഹനുമാനും മറ്റ് നിരവധി ദേവതകൾക്കും സമർപ്പിച്ചിരിക്കുന്ന പുരാതന ഹിന്ദു ക്ഷേത്രമായ ഗൽത്താജി. പ്രകൃതിദത്ത നീരുറവകളാൽ പ്രശസ്തമായ ഈ ക്ഷേത്രത്തിൽ 7 വിശുദ്ധ തടാകങ്ങള്‍ ഉണ്ട്.

Junagarh Fort, Bikaner, Rajasthan. Image Credit : Ratul Upadhyay/shutterstock
Junagarh Fort, Bikaner, Rajasthan. Image Credit : Ratul Upadhyay/shutterstock

ഒട്ടകങ്ങളുടെ രാജ്യം എന്ന് വിളിക്കപ്പെടുന്ന ബിക്കാനീർ, പുരാതന ക്ഷേത്രങ്ങൾക്കും ഒട്ടക സവാരികൾക്കും പേരുകേട്ടതാണ്. 'നീല നഗരം' എന്നറിയപ്പെടുന്ന ജോധ്പുർ ഹവേലികൾ, കോട്ടകൾ, ക്ഷേത്രങ്ങൾ, കോട്ടകൾ, വ്യത്യസ്ത വാസ്തുവിദ്യാ വിസ്മയങ്ങൾ എന്നിവയ്ക്ക് പ്രസിദ്ധമാണ്. ആരവല്ലി മലനിരകളാൽ ചുറ്റപ്പെട്ട അജ്മേർ നഗരം സംസ്ഥാനത്തിന്റെ പഠനകേന്ദ്രമാണ്, ദർഗ ഷെരീഫ് ദേവാലയം, നരാലി ജൈന ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ കാഴ്ചകള്‍.

Rajasthan-trip2

ഒട്ടക ഉത്സവത്തിനും ബ്രഹ്മ ക്ഷേത്രത്തിനും പ്രസിദ്ധമായ പുഷ്കര്‍ നഗരം ജോധ്പുരിനും ജയ്പുരിനും ഇടയിലാണ് സ്ഥിതിചെയ്യുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളിൽ ഒന്നായ ജയ്‌സൽമേർ കോട്ടയും കാണേണ്ട കാഴ്ചയാണ്. പാക്കിസ്ഥാൻ അതിർത്തിയോടും താർ മരുഭൂമിയോടും ചേർന്ന് സ്ഥിതി ചെയ്യുന്ന ജയ്‌സൽമേറിനെ സോനാർ കില എന്നും വിളിക്കുന്നു. 'സുവർണ നഗരം' എന്നാണ് ജയ്‌സൽമേർ അറിയപ്പെടുന്നത്.

Kumbhalgarh Rajasthan
Kumbhalgarh Rajasthan

വർഷം മുഴുവനും വിനോദസഞ്ചാരികൾ രാജസ്ഥാൻ സന്ദർശിക്കുന്നു. എന്നാല്‍ നവംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലമാണ് രാജസ്ഥാൻ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ഡിസംബർ, ജനുവരി മാസങ്ങളിൽ പകലും രാത്രിയും തമ്മില്‍ താപനിലയില്‍ വലിയ വ്യത്യാസം അനുഭവപ്പെടാറുണ്ട്.

English Summary:

Over the past four years, Rajasthan has seen a roughly 12-fold growth in the number of domestic visitors.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com