ഇവിടെ കയറിയാൽ ജയിൽ ഉറപ്പ്! വിനോദസഞ്ചാരിളെ കയറ്റാത്ത ഇന്ത്യയിലെ ചില സ്ഥലങ്ങൾ
Mail This Article
ലക്ഷദ്വിപിലേക്കു പോയാൽ അവിടം മുഴുവൻ ചുറ്റി കറങ്ങാം എന്നു കരുതരുത്. സഞ്ചാരികൾക്ക് പ്രവേശമില്ലാത്ത ചില പ്രദേശങ്ങളും ഇവിടെയുണ്ട്. അതുപോലെ ഇന്ത്യയിലെ ചില പ്രദേശങ്ങൾ അതിമനോഹരമായവയാണ്. യാത്രയെ സ്നേഹിക്കുന്ന ഏതൊരു വ്യക്തിയും കണ്ടിരിക്കണമെന്ന് നമ്മൾ പറയാനുള്ള സ്ഥലങ്ങൾ പോലെ. അവയിൽ പല സ്ഥലങ്ങളിലേക്കു ഇന്നുവരെ യാത്രികരെ പ്രവേശിപ്പിച്ചിട്ടില്ല. എന്തിന് ചില സ്ഥലങ്ങളിലേക്കു പുറത്തുനിന്നുള്ള മനുഷ്യർക്കു പോലും പ്രവേശനം അനുവദിക്കുന്നില്ല. സുരക്ഷാ പ്രശ്‌നങ്ങൾ, തർക്ക പ്രദേശങ്ങൾ പോലുള്ള വിവിധ ഘടകങ്ങളാണ് ഇതിനൊക്കെ കാരണം. സവിശേഷവും ആകർഷകവുമായ സ്വഭാവം ഉണ്ടായിരുന്നിട്ടും, ഈ ലൊക്കേഷനുകൾ ഇന്നുവരെ യാത്രക്കാർക്ക് കയ്യെത്തിപ്പിടിക്കാനാകാതെ നിൽക്കുന്നു. വിനോദസഞ്ചാരികളെ അനുവദിക്കാത്ത ഇന്ത്യയിലെ ചില സ്ഥലങ്ങളിതാ.
ലക്ഷദ്വീപിലെ ചില ദ്വീപുകൾ
ലക്ഷദ്വീപ് 36 ദ്വീപുകൾ ചേർന്നതാണ്. ഇതിൽ വളരെ കുറച്ച് ദ്വീപുകളിലേയ്ക്ക് മാത്രമേ പുറത്തുനിന്നുള്ളവർക്ക് പ്രവേശമുള്ളുവെന്ന് നിങ്ങൾക്ക് അറിയാമോ. പ്രാദേശിക താൽപ്പര്യങ്ങളും നാവിക താവളമെന്ന നിലയിൽ ദ്വീപിന്റെ പ്രാധാന്യവും ഉൾപ്പെടെ വിവിധ കാരണങ്ങളാൽ, ഭൂരിഭാഗം ദ്വീപുകളിലേക്കും വിനോദസഞ്ചാരികളുടെ പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. അഗത്തി, ബംഗാരം, കടമത്ത്, കവരത്തി, മിനിക്കോയ് ദ്വീപുകൾ എന്നിവയുൾപ്പെടെ ചില ദ്വീപുകൾക്ക് പ്രവേശനത്തിന് പെർമിറ്റുകൾ ലഭിക്കുമെന്നത് ആശ്വാസകരമാണ്.
നോർത്ത് സെന്റിനൽ ദ്വീപുകൾ, ആൻഡമാൻ
ഈ ദ്വീപുകളെ കുറിച്ച് നമ്മൾ കേട്ടിട്ടുള്ളതാണ്.1956-ലെ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ സംരക്ഷണ നിയമം അനുസരിച്ച്, നോർത്ത് സെന്റിനൽ ദ്വീപുകളിലേക്കുള്ള യാത്രയിൽ നിന്നു സന്ദർശകർക്കു കർശനമായ വിലക്കുണ്ട്. ദ്വീപുകളുടെ 4 കിലോമീറ്റർ ചുറ്റളവിലുള്ള യാത്ര തടയുന്നതിന് ഇന്ത്യൻ ഗവൺമെന്റ് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. പുറംലോകവുമായുള്ള ബന്ധം തങ്ങളുടെ നിലനിൽപ്പിനേയും ആവാസവ്യവസ്ഥയേയും ബാധിക്കുമെന്നു വിശ്വസിക്കുന്ന സെന്റിനൽ നിവാസികൾ പ്രധാന ദ്വീപിൽ നിന്നും ഏറെ ഉള്ളിലായിട്ടാണ് ജീവിക്കുന്നത്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഏകാന്തജീവിതമാണ് ഇവരുടേത്. 50 മുതൽ 150 വരെ അംഗങ്ങളുള്ള സെന്റിനൽ ഗോത്രം ഇന്ന് ലോകത്ത് അവശേഷിക്കുന്ന ഏറ്റവും പ്രകൃതമായ ഗോത്രവർഗ്ഗങ്ങളിൽ ഒന്നാണ്.
അക്സായി ചിൻ, ലഡാക്ക്
ഉപ്പ് തടാകങ്ങൾ, താഴ്‌വരകൾ, മലയിടുക്കുകൾ, ഉപ്പ് സമതലങ്ങൾ, കരകാഷ് നദിയുടെ അഭൗമമായ സൗന്ദര്യം എന്നിവയാൽ സമ്പന്നമാണ് ഈ പ്രദേശം. ആകർഷണീയത ഏറെയുണ്ടെങ്കിലും ഈ പ്രദേശം ഇന്ത്യയിലെ നിയന്ത്രിത മേഖലകളിലൊന്നാണ്, ദീർഘകാല തർക്കത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ജമ്മു കാശ്മീരിലെ ലഡാക്ക് മേഖലയുടെ ഭാഗമായാണ് അക്സായി ചിനിന്റെ മേൽ ഇന്ത്യ അവകാശവാദം ഉന്നയിക്കുന്നത്. എന്നാൽ 1962 മുതൽ അന്യായമായി ചൈനയുടെ നിയന്ത്രണത്തിലാണ് ഈ പ്രദേശം. വിനോദസഞ്ചാരികൾക്കൊന്നും പ്രവേശനം ഇല്ല.
പാംഗോങ് ത്സോയുടെ മുകൾ ഭാഗം, ലഡാക്ക്
ഇന്ത്യയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് പാങ്കോങ് ത്സോ. എന്നാൽ അതിനു ചുറ്റുമുള്ള പ്രദേശത്തിന്റെ ഒരു പ്രധാന ഭാഗം വിനോദസഞ്ചാരികൾക്ക് അപ്രാപ്യമാണ്. തടാകത്തിന്റെ ഏകദേശം 50% തർക്ക പ്രദേശത്താണ് വരുന്നത്, യഥാർത്ഥ നിയന്ത്രണ രേഖ (LAC) ഇന്ത്യൻ നിയന്ത്രിത പ്രദേശത്തെ ചൈനീസ് നിയന്ത്രിത പ്രദേശത്തു നിന്നു വേർതിരിച്ച് തടാകത്തിലൂടെ കടന്നുപോകുന്നു. തൽഫലമായി, സന്ദർശകർക്ക് ഇന്ത്യയുടെ ഭാഗത്ത് സ്ഥിതി ചെയ്യുന്ന തടാകത്തിന്റെ ഭാഗം മാത്രമേ സന്ദർശിക്കാൻ കഴിയൂ.
ബാരൻ ദ്വീപ്, ആൻഡമാൻ
ആൻഡമാൻ കടലിലെ ഭൂകമ്പപരമായി സജീവമായ ടെക്റ്റോണിക് പ്ലേറ്റുകളിൽ സ്ഥിതി ചെയ്യുന്ന ബാരൻ ദ്വീപിലാണ്, ഇന്ത്യയിൽ സ്ഥിരീകരിച്ച ഒരേയൊരു അഗ്നിപർവതമുള്ളത്. ഒരു കപ്പലിൽ ദൂരെ നിന്ന് ദ്വീപിന്റെ ഭംഗി ആസ്വദിക്കാനാകുമെങ്കിലും, ദ്വീപിൽ ഇറങ്ങുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. മനുഷ്യവാസമില്ലാത്ത ഈ ദ്വീപിന് ജനവാസമില്ലാത്തതിനാലാണ് അങ്ങനയൊരു പേര് ലഭിച്ചത്.
BARC, മുംബൈ
മുംബൈയിലെ ഭാഭാ ആറ്റോമിക് റിസർച്ച് സെന്റർ (BARC) ഇന്ത്യയിലെ പ്രധാന ആണവ ഗവേഷണ കേന്ദ്രമെന്ന പദവി കാരണം വിനോദസഞ്ചാരികൾക്ക് നിയന്ത്രിത മേഖലയാണ്. സുരക്ഷാ കാരണങ്ങളാൽ ഗവേഷകരും വിദ്യാർത്ഥികളും ഒഴികെയുള്ള സന്ദർശകരെ ഈ സ്ഥാപനത്തിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നു. ഇനി ഇതിൽ കയറണമെങ്കിൽ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് അനുമതികളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ നിങ്ങൾ പൂർത്തിയാക്കേണ്ടിവരും. പക്ഷേ അവിടം കൊണ്ടും തീരുന്നില്ല. അങ്ങനെ അപേക്ഷിക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വളരെ കുറച്ച് വ്യക്തികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
ചോലമു തടാകം, സിക്കിം
ത്സോ ലാമോ തടാകം എന്നും അറിയപ്പെടുന്ന ഈ തടാകം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തടാകങ്ങളിലൊന്നാണ്, നിർഭാഗ്യവശാൽ വിനോദസഞ്ചാരികൾക്ക് ഇവിടേക്കു പ്രവേശനമില്ല. ടിബറ്റ് അതിർത്തിയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇത് ഇന്ത്യയിലെ നിരോധിത പ്രദേശങ്ങളുടെ വിഭാഗത്തിൽ പെടുന്നു. സിക്കിമിലെ ചോലാമു തടാകത്തിലേക്കുള്ള പ്രത്യേക പ്രവേശനം സൈന്യത്തിനും സിക്കിം പോലീസിനും/ഭരണകൂടത്തിനും മാത്രമാണ്.