കഥകളിയിലൂടെ സുരക്ഷാ നിർദേശം; വൈറലായി എയർ ഇന്ത്യ സേഫ്റ്റി വിഡിയോ
Mail This Article
വിമാനത്തിൽ ഒരിക്കലെങ്കിലും കയറിയിട്ടുള്ളവർക്ക് എയർ ഹോസ്റ്റസ് നൽകുന്ന സുരക്ഷാ നിർദേശങ്ങൾ ഓർമ കാണും. കൃത്യമായ ആംഗ്യങ്ങളിലുടെയാണ് എയർ ഹോസ്റ്റസ് കാര്യങ്ങൾ പറഞ്ഞു തരാറുള്ളതെങ്കിലും സീറ്റ് ബെൽറ്റ് ഇടുന്നതു വരെ ശ്രദ്ധിച്ച് കാണുകയും കേൾക്കുകയും ചെയ്യും. പിന്നെ കേൾക്കുന്നതും കാണുന്നതും എല്ലാം പകുതി ശ്രദ്ധയിൽ മാത്രമായിരിക്കും. ഇത് മനസ്സിലാക്കിയിട്ടാവാം ഒരു അടിപൊളി സേഫ്റ്റി വിഡിയോയുമായി എയർ ഇന്ത്യ രംഗത്തെത്തിയത്. ഇന്ത്യയുടെ പരമ്പരാഗത നൃത്തരൂപങ്ങൾ കോർത്തിണക്കിയാണ് എയർ ഇന്ത്യയുടെ പുതിയ സേഫ്റ്റി വിഡിയോ. സംഗതി സോഷ്യൽ മീഡിയയിൽ വൈറലാണ്.
'സേഫ്റ്റി മുദ്ര' എന്ന് പേരിട്ടിരിക്കുന്ന എയർ ഇന്ത്യയുടെ ഈ സേഫ്റ്റി വിഡിയോ ടാറ്റ ഗ്രൂപ്പിന്റെ പിന്തുണയോടെയാണ് നിർമിച്ചിരിക്കുന്നത്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകവും പാരമ്പര്യവും ആഘോഷമാക്കുകയാണ് ഈ വിഡിയോയിൽ. എയർ ഇന്ത്യയുടെ എക്സ് അക്കൗണ്ടിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിമാനത്തിൽ കയറുമ്പോൾ പാലിക്കേണ്ട സുരക്ഷാ നിർദേശങ്ങൾ വളരെ മനോഹരമായാണ് വിഡിയോയിൽ നൽകുന്നത്.
മനോഹരമായ നൃത്തവിരുന്നിന് ഒപ്പം സുരക്ഷാനിർദേശങ്ങളും
മനോഹരമായ ഒരു ദൃശ്യവിരുന്നിലൂടെയാണ് വിഡിയോ പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തുന്നത്. ഓരോ സംസ്ഥാനത്തിന്റെയും തനതു നൃത്തരൂപങ്ങളാണ് ഓരോ സുരക്ഷാ നിർദേശവും നൽകുന്നത്. വിഡിയോ കണ്ടു കഴിയുമ്പോൾ വലിയ ഒരു നൃത്തവിരുന്ന് ആസ്വദിച്ച പ്രതീതി കൂടി ലഭിക്കും. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക മാത്രമല്ല, രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ആഴവും സൗന്ദര്യവും പ്രദർശിപ്പിക്കാനും എയർ ഇന്ത്യയ്ക്ക് ഈ വിഡിയോയിലൂടെ കഴിഞ്ഞു. യാത്രക്കാരെ സുരക്ഷിതരാക്കുക എന്ന ഉത്തരവാദിത്തം മനോഹരമായി ചെയ്തതിന് ഒപ്പം ആഗോളതലത്തിൽ ഇന്ത്യയുടെ സമ്പന്നമായ സംസ്കാരം ഉയർത്തിപ്പിടിക്കാനുള്ള ഒരു അവസരമായി അതിനെ മാറ്റുകയും ചെയ്തു.
ഭരതനാട്യം, ബിഹു, കഥക്, കഥകളി, മോഹിനിയാട്ടം, ഒഡിസ്സി, ഘൂമർ, ഗിദ്ദ എന്ന് തുടങ്ങി ഇന്ത്യയിലെ വൈവിധ്യമാർന്ന എട്ടോളം നൃത്തരൂപങ്ങൾ ഉൾപ്പെടുത്തിയ സുരക്ഷാ വിഡിയോ തയാറാക്കിയിരിക്കുന്നത് മ്ക്കാൻ വേൾഡ് ഗ്രൂപ്പിലെ പ്രസൂൺ ജോഷി, സംഗീതജ്ഞൻ ശങ്കർ മഹാദേവൻ, ചലച്ചിത്ര സംവിധായകൻ ഭരത് ബാല എന്നിവർ ചേർന്നാണ്.
ഇത്തരം ഒരു വിഡിയോ തയാറാക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് എയർ ഇന്ത്യ സിഇഒയും എംഡിയുമായ കാംപൈൽ വിൽസൺ പറഞ്ഞു. സുരക്ഷാ നിർദേശങ്ങൾക്കൊപ്പം ഇന്ത്യയുടെ മഹത്തായ പാരമ്പര്യവും ഈ വിഡിയോയിലൂടെ പങ്കുവയ്ക്കാൻ കഴിഞ്ഞു. വിമാനത്തിലേക്കു കയറുന്ന നിമിഷം മുതൽ യാത്രക്കാരെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്യാൻ ഈ വിഡിയോയിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.