ADVERTISEMENT

കൽപറ്റ∙ ബാണാസുര സാഗർ ഡാം തുറന്നതോടെ വയനാട്ടിലെ വിനോദ സഞ്ചാരമേഖലയ്ക്ക് പ്രതീക്ഷയുടെ വെളിച്ചം. വന്യമൃഗ ആക്രമണവും കാട്ടുതീയും പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഒറ്റയടിക്ക് പൂട്ടിയതും തൊഴിലാളി സമരത്തെത്തുടർന്ന് ബാണാസുര സാഗർ ഡാം അടച്ചിട്ടതും വിനോദ സഞ്ചാരമേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. വിഷയം ചർച്ച ചെയ്യുന്നതിന് കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. അടഞ്ഞു കിടക്കുന്നവയിൽ സാധ്യമായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാനും തുറന്നു പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾക്ക് പരമാവധി പ്രചാരണം നൽകാനുമാണ് കലക്ടറുടെ യോഗത്തിൽ ധാരണയായത്. 

വയനാട്ടിലെ ബാണാസുര സാഗർ ഡാം
വയനാട്ടിലെ ബാണാസുര സാഗർ ഡാം

കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് 30 ശതമാനത്തിലധികമാണ് ഫെബ്രുവരി 15 വരെ സഞ്ചാരികളുടെ കുറവെന്ന് ഡിടിപിസി അറിയിച്ചു. പരീക്ഷാക്കാലമാകുന്നതോടെ വീണ്ടും സഞ്ചാരികളുടെ എണ്ണം കുറയും. ഇതോടെ 50 ശതമാനത്തിലധികം സഞ്ചാരികളുടെ വരവിൽ ഇടിവുണ്ടാകും. കാർഷിക മേഖലയെ സാരമായി ബാധിച്ചിരുന്ന വന്യമൃഗ ആക്രമണം വിനോദ സഞ്ചാര മേഖലയിലേക്കും കടന്നുകയറിയിരിക്കുകയാണ്. ടിഡിപിസിയുടെ നിയന്ത്രണത്തിലുള്ള  ചുരുക്കം വിനോദ സഞ്ചാരകേന്ദ്രങ്ങളാണ് ഇപ്പോൾ തുറന്നുപ്രവർത്തിക്കുന്നത്. 

banasura-sagar-dam-2

ബാണാസുര സാഗർ ഡാം; തുറന്നു പ്രതീക്ഷ

സാധാരണ ദിവസങ്ങളിൽ 3000 മുതല്‍ 4000 വരെയും അവധിദിവസങ്ങളില്‍ 10,000 മുതല്‍ 12,000 വരെയും സഞ്ചാരികള്‍ ബാണാസുര സാഗർ ഡാമിൽ എത്താറുണ്ട്. ടിക്കറ്റിനത്തിൽ മാത്രം ഒരു മാസം 50 ലക്ഷത്തോളം രൂപ ലഭിക്കാറുണ്ട്. മറ്റ് വരുമാനം കൂടി ചേർക്കുമ്പോൾ ഒരുകോടിയലധികം വരും. ഡാമിനെ മാത്രം ആശ്രയിച്ച് നിരവധി ഹോട്ടലുകളും ഹോംസ്റ്റേകളും ചെറുകിട കച്ചവടങ്ങളും നടക്കുന്നുണ്ട്. ഇവയെല്ലാം പൂട്ടിയിടേണ്ടി വന്നത് നഷ്ടക്കണക്ക് വർധിപ്പിച്ചു. 

banasura-sagar-dam-3

വന്യമൃഗ ആക്രമണം വർധിച്ചതോടെയാണ് വനംവകുപ്പിന്റെ കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഒറ്റയടിക്ക് പൂട്ടിയത്. മുത്തങ്ങ, തോൽപ്പെട്ടി, ചെമ്പ്ര മല, മീൻമുട്ടി, സൂചിപ്പാറ, കുറുവ ദ്വീപ് എന്നിവയുൾപ്പെടെയുള്ള കേന്ദ്രങ്ങളാണ് നിലവിൽ അടഞ്ഞു കിടക്കുന്നത്. ഇത്രയും വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഒരുമിച്ച് പൂട്ടിയതോടെ വയനാട്ടിലേക്ക് പോകുന്നത് നഷ്ടമാണെന്ന കണക്കുകൂട്ടലിലാണ് സഞ്ചാരികൾ. കാരാപ്പുഴ ഡാം, എടക്കൽ ഗുഹ എന്നീ പ്രധാന സ്ഥലങ്ങൾ മാത്രമാണ് തുറന്നു പ്രവർത്തിച്ചിരുന്നത്. ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന ബാണാസുര സാഗർ ഡാം തുറന്നതോടെ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പ്രതീക്ഷയിലാണ്. 

സഞ്ചാരികൾ റൂട്ട് മാറ്റി

വയനാട്ടിലേക്ക് വരുന്ന സഞ്ചാരികൾ ട്രിപ്പ് റദ്ദാക്കുകയോ റൂട്ട് മാറ്റുകയോ ചെയ്തുവെന്ന് ടൂറിസ്റ്റ് ഗൈഡായ തോമസ് വാളായിൽ പറഞ്ഞു. വിദേശത്തുനിന്നും കേരളത്തിന് പുറത്തുനിന്നും വരുന്നവരിൽ ഏറെയും വയനാട്ടിലെ ഹരിതാഭയും കാടും കാണാൻ വരുന്നവരാണ്. ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചതോടെ ഇവർ വയനാട്ടിലേക്ക് വരുന്നത് ഒഴിവാക്കുകയാണ്. വിദേശത്തുനിന്നും വയനാട്ടിലേക്ക് വരാൻ നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്നവർ ആലപ്പുഴ, ഇടുക്കി എന്നിവിടങ്ങളിലേക്കാണ് പോകുന്നത്. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് വരുന്നവരിൽ പലരും ട്രിപ്പ് റദ്ദാക്കി. വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും തോമസ് പറഞ്ഞു. 

ബാണാസുര സാഗർ ഡാമിൽ സന്ദർശകർക്ക് അനുമതി ലഭിച്ചതിനെ തുടർന്നു എത്തിയ സഞ്ചാരികൾ.
ഫയൽ ചിത്രം

ആയിരക്കണക്കിനാളുകളാണ് വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. ഹോട്ടൽ, ടാക്സി, ട്രാവൽ ഏജൻജി, വിനോദ സഞ്ചാരകേന്ദ്രങ്ങളോട് ചേർന്നുള്ള വ്യാപാരികൾ, ടൂറിസ്റ്റ് ഗൈഡുമാർ തുടങ്ങിയവരെല്ലാം പ്രതിസന്ധിയെ എങ്ങനെ അതിജീവിക്കുമെന്ന് അറിയാതെ കുഴങ്ങുകയാണ്.

   തീരുമാനം ചീഫ് വൈൽഡ് ലൈഫ് വാർഡന്റേത്

ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നത് സംബന്ധിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് തീരുമാനം എടുക്കേണ്ടതെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീം പറഞ്ഞു. കേന്ദ്രങ്ങൾ ഉടൻ തുറക്കുമോയെന്ന് പറയാനാകില്ലെന്നും അവർ പറഞ്ഞു. 

സാധാരണ േവനൽ കടുക്കുമ്പോൾ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടും. കാട്ടുതീ ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. മാർച്ച് അവസാനത്തോടെയോ ഏപ്രിലിലോ ആണ് സാധാരണ ഈ കേന്ദ്രങ്ങൾ അടച്ചിടാറ്. ഇത്തവണ ഫെബ്രുവരിയിൽ തന്നെ പൂട്ടി. വനസംരക്ഷണ സമിതി പ്രവർത്തകരാണ് ഇത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ നിയന്ത്രണവും പരിപാലനവും. കേന്ദ്രങ്ങൾ പൂട്ടിയതോടെ ഇവിടെ ജോലി ചെയ്യുന്നവർ പട്ടിണിയിലായി. 

പ്രതിസന്ധി ചർച്ച ചെയ്ത് ജില്ലാഭരണകൂടം

വിനോദ സഞ്ചാര മേഖലയെ ബാധിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കലക്ടറുടെ നേതൃത്വത്തിൽ തിങ്കളാഴ്ച യോഗം ചേർന്നു. വന്യമൃഗങ്ങളെ വനത്തോട് ചേർന്നുള്ള റിസോർട്ടുകളിലേക്ക് ആകർഷിക്കുന്ന തരത്തിലുള്ള പ്രവർത്തികളും വന്യമൃഗങ്ങളുടെ ചിത്രം ഉപയോഗിച്ച് റിസോർട്ടുകളുടെ പ്രചാരണം നടത്തുന്നതും തടയുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നത് ചർച്ച ചെയ്യുന്നതിനായിരുന്നു യോഗം. എന്നാൽ വിനോദ സഞ്ചാര മേഖല നേരിടുന്ന പ്രശ്നങ്ങളാണ് ചർച്ചയായത്. വിനോദ സഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളും ജീവനക്കാരും ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്തു. 

വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടഞ്ഞതോടെ ജീവിതം പ്രതിസന്ധിയിലായെന്ന് ഇവർ കലക്ടറെ അറിയിച്ചു. ഇതോടെ പ്രശ്നബാധിതമല്ലാത്ത ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കണമെന്നുൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കലക്ടർ അറിയിച്ചു. നിലവിൽ തുറന്ന് പ്രവ‍ർത്തിക്കുന്ന കേന്ദ്രങ്ങൾക്ക് പരമാവധി പ്രചാരണം നൽകാൻ ഡിടിപിസിക്ക് നിർേദശം നൽകാനും ധാരണയായി. ഇതിനു പിന്നാലെയാണ് തിരുവനന്തപുരത്ത് നടന്ന ചർച്ചയിൽ ബാണാസുര സാഗർ ഡാം തുറക്കാൻ തീരുമാനമായത്. ഇതോടെ വന്യമൃഗ ആക്രമണവും കാട്ടുതീ ഭീഷണിയുമില്ലാത്ത കേന്ദ്രങ്ങൾ വൈകാതെ തുറന്നു പ്രവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് വനസംരക്ഷണ സമിതി ജീവനക്കാർ ഉൾപ്പെടെയുള്ളവർ. 

സർക്കാർ ഇടപെടണം

കോവിഡ് കാലത്തിനുശേഷം വയനാട്ടിൽ വിനോദ സഞ്ചാരമേഖലയ്ക്ക് വൻ കുതിച്ചുചാട്ടമാണുണ്ടായത്. പഞ്ചനക്ഷത്ര ഹോട്ടലുകൾ മുതൽ നൂറുകണക്കിന് ഹോംസ്റ്റെകൾ വരെ വയനാട്ടിൽ ആരംഭിച്ചു. ഗ്ലാസ് ബ്രിജുകളും പാർക്കുകളും തുടങ്ങി നിരവധി വിനോദോപാധികളും തുടങ്ങി. പ്രകൃതി ഭംഗി ആസ്വദിക്കാൻ എത്തുന്നവരാണ് ഇത്തരം കേന്ദ്രങ്ങളിലേക്കും പോകുന്നത്. വിനോദ സഞ്ചാരകേന്ദ്രങ്ങൾ പൂട്ടിയതോടെ ഇത്തരം കേന്ദ്രങ്ങളിലും ആളുകളുടെ വരവ് കുറഞ്ഞു. 

വന്യമൃഗശല്യവും കാലാവസ്ഥാ വ്യതിയാനവും മൂലം കൃഷി ഉപേക്ഷിച്ച് വിനോദ സഞ്ചാര മേഖലയിലേക്ക് തിരിഞ്ഞവർ നിരവധിപ്പേരാണ്. വിനോദ സഞ്ചാര മേഖലയിൽ  അപ്രതീക്ഷിതമായുണ്ടായ സംഭവ വികാസങ്ങൾ വയറ്റത്തടിച്ചുവെന്നാണ് വയനാട് ടൂറിസം അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞത്. വന്യമൃഗ ശല്യം പേടിച്ച് ഒറ്റയടിക്ക് എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളും അടച്ചുപൂട്ടേണ്ടതില്ലായിരുന്നു. വന്യമൃഗ ശല്യം ബാധിക്കാത്ത ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണം. വയനാട്ടിൽ വിനോദ സഞ്ചാരം വിലക്കിയെന്ന തരത്തിൽ കുപ്രചാരണം നടക്കുന്നുണ്ടെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. വയനാട്ടിലേക്ക് വരാൻ കാത്തിരിക്കുന്ന നിരവധിപ്പേർക്ക് ആശങ്കയുണ്ട്. എന്നാൽ അത്തരം ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും ഭാരവാഹികൾ പറഞ്ഞു. 

English Summary:

Banasura Sagar Dam reopened.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com