ലേഡീസ്, ഭൂട്ടാനിലേക്ക് ഒരു സോളോ ട്രിപ്പ് ആയാലോ, ഗൈഡ് ചെയ്യാൻ നൂറിലധികം വനിതാ ഗൈഡുമാരുണ്ട്
Mail This Article
ഏത് വിനോദസഞ്ചാര കേന്ദ്രത്തിൽ എത്തിയാലും വഴികാട്ടിയായി എത്തുന്ന ഗൈഡുമാരിൽ ഭൂരിഭാഗവും പുരുഷൻമാർ ആയിരിക്കും. ചിലയിടങ്ങളിൽ എങ്കിലും സ്ത്രീകളെയും കാണാൻ കഴിയും. എന്നാൽ, ഇത്തവണത്തെ വനിതാ ദിനത്തിൽ ഭൂട്ടാനിലെ ആഘോഷങ്ങൾ വ്യത്യസ്തമായത് ഈ മേഖലയിലെ സ്ത്രീ പ്രാതിനിധ്യത്തിൽ ഉണ്ടായ വർദ്ധനവിലാണ്. വിനോദസഞ്ചാര മേഖലയിൽ ഗൈഡായി എത്തുന്ന സ്ത്രീകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ആണ് ഭൂട്ടാനിൽ ഉണ്ടായിരിക്കുന്നത്.
ഭൂട്ടാനിലെ വിനോദസഞ്ചാര വകുപ്പിന്റെ അംഗീകാരം ലഭിച്ച ഗൈഡുമാരായി 122 വനിതകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. വിനോദസഞ്ചാര മേഖലയിൽ മാത്രമല്ല രാജ്യത്തിന്റെ മൊത്തം വികസനത്തിൽ പങ്കാളികളായി മാറിയിരിക്കുകയാണ് ഈ വനിതകൾ. സഞ്ചാരികൾക്ക് വഴികാട്ടിയായും ട്രെക്കിങ് സാഹസികയാത്രകളും സാംസ്കാരിക വൈവിധ്യങ്ങളും പരിചയപ്പെടുത്താനും ഈ വനിതകളും ഇനി ഉണ്ടായിരിക്കും.
രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയിൽ പുതിയ മാറ്റത്തിനും ഇത് വഴിതെളിക്കും. ഭൂട്ടാന്റെ സാംസ്കാരിക സമ്പന്നതയെക്കുറിച്ചും പ്രകൃതി വൈവിധ്യങ്ങളെക്കുറിച്ചും അറിവുള്ളവരായിരിക്കും ഈ ഗൈഡുമാർ. ഇവരുടെ സേവനം ലഭിക്കുന്ന വിനോദസഞ്ചാരികൾക്ക് ഭൂട്ടാൻ യാത്ര അവിസ്മരണീയമായ ഒരു അനുഭവം ആയിരിക്കും.
കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ ഭൂട്ടാനിൽ വിനോദസഞ്ചാര മേഖലയിൽ ഗൈഡുമാരായി എത്തുന്ന സ്ത്രീകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം 2022 സെപ്തംബറിൽ ഭൂട്ടാനിലെ വിനോദസഞ്ചാര മേഖല വീണ്ടും പ്രവർത്തനം ആരംഭിച്ചപ്പോൾ മുതലാണ് ഗൈഡുമാരായി സ്ത്രീകൾ കൂടുതലായി എത്തി തുടങ്ങിയത്. നിലവിൽ ഭൂട്ടാനിൽ 1809 അംഗീകൃത വിനോദസഞ്ചാര ഗൈഡുമാരുണ്ട്.
ഒരു വഴികാട്ടി എന്നതിനപ്പുറം ഭൂട്ടാന്റെ പാരമ്പര്യത്തെക്കുറിച്ചും പ്രകൃതിസൗന്ദര്യത്തെക്കുറിച്ചും സഞ്ചാരികൾക്ക് വ്യക്തമാക്കി കൊടുക്കാൻ കഴിയുന്ന ഇവർ ഭൂട്ടാന്റെ അംബാസഡർമാർ കൂടിയാണ്. ഭൂട്ടാന്റെ സമൂഹവ്യവസ്ഥിതിയിൽ തുല്യതയ്ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. തൊഴിൽ മേഖലയിൽ ഉള്ള ഈ തുല്യത ഒന്നുകൂടി ഉറപ്പിക്കുകയാണ് വിനോദസഞ്ചാര മേഖലയിലെ ഈ വനിതാ ഗൈഡുമാർ.
അതേസമയം, ഗൈഡ് എന്നത് തനിക്ക് ഒരു ജോലി മാത്രമല്ലെന്നും പാഷനാണെന്നും വ്യക്തമാക്കുകയാണ് ഭൂട്ടാനിലെ പരിചയസമ്പന്നയായ വനിതാ ഗൈഡായ ഡോർജി ബിദ്ദ. മലനിരകളിലൂടെ ട്രെക്കിങ്ങുകൾക്കും മറ്റും നേതൃത്വം നൽകുമ്പോൾ സഞ്ചാരികളെ തങ്ങളുടെ മനോഹരരാജ്യത്തിന്റെ സൗന്ദര്യവും മഹത്വവും പരിചയപ്പെടുത്തി കൊടുക്കുകയാണ് ചെയ്യുന്നത്. ഇത് വലിയ സന്തോഷം നൽകുന്നതാണെന്നും ഡോർജി വ്യക്തമാക്കുന്നു. പക്ഷി നിരീക്ഷണം മുതൽ ഹിമാലയൻ ട്രെക്കിങ് വരെയും പുരാതന ആശ്രമങ്ങളിലെ സാംസ്കാരിക യാത്രയിൽ വരെയും വനിതാ ഗൈഡുമാർ വഴി കാട്ടികളായി എത്തുന്നു.
ഏതായാലും തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകൾക്കിടയിലും പെൺകുട്ടികൾക്കിടയിലും ഭൂട്ടാനിലെ വനിതാ ഗൈഡുമാർ ഹിറ്റായി കഴിഞ്ഞു. സുരക്ഷയുടെ കാര്യത്തിൽ മുൻ–പിൻ നോക്കാതെ യാത്ര ചെയ്യാം എന്നതിനാലാണ് അത്. വനിത ഗൈഡുമാർ വർദ്ധിച്ചത് രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയിൽ വലിയ മാറ്റം കൊണ്ടു വരുമെന്ന് ഭൂട്ടാൻ വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ ജനറൽ ഡോർജി ദ്രാധുൽ പറഞ്ഞു.