ADVERTISEMENT

കോവിഡ് മഹാമാരിയുടെ കാലം കഴിഞ്ഞതോടെ ലോകം ഏറ്റവും കൂടുതൽ സജീവമായത് വിനോദസഞ്ചാര മേഖലയിലാണ്. യാത്രകൾ സജീവമായി തുടങ്ങി. പ്രാദേശികമായും ദേശീയ തലത്തിലും നടന്നിരുന്ന യാത്രകൾ ഇപ്പോൾ രാജ്യത്തിന്റെ അതിർത്തി കടന്നും മുന്നേറുകയാണ്. വിദേശയാത്രകൾ ഒരു സാധാരണ കാര്യമായി കഴിഞ്ഞു. ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഭൂട്ടാൻ. അയൽരാജ്യമായ ഭൂട്ടാനിലേക്കു നിരവധി സഞ്ചാരികളാണ് ഇന്ത്യയിൽ നിന്ന് എത്തുന്നത്. ഏതായാലും ഭൂട്ടാനിലേക്കു യാത്ര പോകാൻ കൊതിക്കുന്നവർക്കു കൂടുതൽ സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ എത്തുന്നത്.

ഭൂട്ടാൻ എയർലൈൻസ് ആയ ടാഷി എയർ പ്രൈവറ്റ്  ലിമിറ്റഡ് ബംഗളൂരുവിൽ നിന്ന് നേരിട്ട് വിമാനം ആരംഭിച്ചു കഴിഞ്ഞു. ഭൂട്ടാനിലെ പാരോ വിമാനത്താവളത്തിലേക്ക് ആണ് ബംഗളൂരുവിൽ നിന്ന് നേരിട്ട് പറന്ന് ചെന്നിറങ്ങാൻ കഴിയുക. വെറുതെയല്ല പുതിയ നീക്കവുമായി ഭൂട്ടാൻ എയർലൈൻസ് രംഗത്തെത്തിയത്. പുതിയ റൂട്ടിലൂടെ വർഷം 300,000 സഞ്ചാരികളെയെങ്കിലും രാജ്യത്തേക്ക് എത്തിക്കുക എന്നതാണ് സർക്കാർ നയം.

വിനോദസഞ്ചാരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ബംഗളൂരുവിൽ നിന്ന് പാരോയിലേക്കുള്ള നേരിട്ടുള്ള സർവീസുകൾ ഏപ്രിൽ മാസത്തിലാണ് ആരംഭിച്ചത്. മേയ് മാസത്തിലും ഇത് തുടരും. ഈ സീസണൽ ഫ്ലൈറ്റ് ആഴ്ചയിൽ രണ്ടു ദിവസം ആയിരിക്കും സർവീസ് നടത്തുക. അടുത്ത സീസൺ സെപ്തംബർ അവസാനം ആരംഭിച്ച് നവംബർ പകുതിയോടെ അവസാനിക്കും. ഏതായാലും ബംഗളൂരുവിൽ നിന്ന് പാരോയിലേക്ക് നേരിട്ട് വിമാനം ആരംഭിച്ചത് യാത്ര കൂടുതൽ എളുപ്പമാക്കും. യാത്രാ സമയം കുറയ്ക്കുകയും യാത്ര കൂടുതൽ എളുപ്പമാകുകയും ചെയ്യുന്നതോടെ കൂടുതൽ പേർ ഈ റൂട്ടിൽ സഞ്ചരിക്കാൻ എത്തുമെന്നാണ് കരുതുന്നത്.

പാരോ - ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളം

ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളമായാണ് ഭൂട്ടാനിലെ പാരോ രാജ്യാന്തര വിമാനത്താവളം പരിഗണിക്കപ്പെടുന്നത്. പാരോ നഗരത്തിൽ നിന്ന് ആറു കിലോമീറ്റർ ദൂരെ പാരോ ചു എന്ന നദിയുടെ തീരത്താണ് ഈ വിമാനത്താവളം. ഉയരമുള്ള കുന്നുകളാൽ ചുറ്റപ്പെട്ട ഈ വിമാനത്താവളത്തിലേക്കു വിമാനം ഇറക്കാൻ പ്രത്യേകം വൈദഗ്ധ്യം നേടിയിട്ടുള്ള പൈലറ്റുമാർക്കേ സാധിക്കുകയുള്ളൂ. സമുദ്ര നിരപ്പിൽ നിന്ന് 7332 അടി ഉയരത്തിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. എന്നാൽ ചുറ്റുമുള്ള പർവ്വതങ്ങൾക്ക് 18,000 അടി ഉയരമാണ് ഉള്ളത്. ഈ ഒരൊറ്റ കാരണമാണ് ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളമായി പാരോയെ മാറ്റുന്നത്. 3,900 അടിയുള്ള റൺവേയാണ് ഇവിടെ ഉള്ളത്.  നിലവിൽ ലോകത്തിൽ 24 പൈലറ്റുമാർക്കു മാത്രമേ പാരോ വിമാനത്താവളത്തിലേക്കു വിമാനം പറത്താൻ അനുമതിയുള്ളൂ. അപകടസാധ്യത കൂടുതലായതിനാൽ അത്രയും ശ്രദ്ധിച്ചു വേണം ഇവിടേക്കു വിമാനം പറത്തിയിറക്കാൻ.

അതിശ്രേഷ്ഠരായ 24 പൈലറ്റുമാർ

പാരോ വിമാനത്താവളത്തിലേക്ക് ഇറങ്ങുന്ന പൈലറ്റുമാർ പർവതങ്ങൾക്കിടയിലുള്ള ഒരു താഴ് വരയിലേക്കാണ് ഇറങ്ങുന്നത്. അതുകൊണ്ടു തന്നെ പ്രത്യേക വൈദഗ്ധ്യം അതിന് ആവശ്യമാണ്. പർവ്വത ശിഖരങ്ങൾക്കു മുകളിലൂടെ കൃത്യമായ ആസൂത്രണത്തോടെ പറക്കുകയും പ്രവചനാതീതമായ കാറ്റിനെ നേരിടാൻ തയ്യാറായിരിക്കുകയും വേണം. വളരെ കൃത്യതയോടെ വേണം ഇവിടേക്ക് ലാൻഡിങ് നടത്താൻ. ഇൻസ്ട്രുമെന്റ് ലാൻഡിങ് സംവിധാനങ്ങളുടെ അഭാവം ലാൻഡിങ് കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കുന്നു. ഈ സാഹചര്യത്തിലാണ് ഭൂട്ടാനിലെ സിവിൽ ഏവിയേഷൻ അതോറിറ്റി പാരോ എയർപോർട്ടിൽ ഇറങ്ങാനുള്ള അനുമതി ചുരുക്കം ചില വിദഗ്ധരായ പൈലറ്റുമാർക്കു നൽകിയിരിക്കുന്നത്. ലോകമെമ്പാടും നിന്നുള്ള ഈ 24 പൈലറ്റുമാർ കഠിനമായ പരിശീലനത്തിന് വിധേയരായതിന് ശേഷമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

വിമാനത്താവളത്തിന്റെ സ്ഥാനവും റൺവേ സവിശേഷതകളും ഉയർത്തുന്ന സവിശേഷമായ വെല്ലുവിളികൾ നേരിടുന്നതിൽ ഇവർ വൈദഗ്ധ്യം പ്രകടിപ്പിച്ചിരിക്കണം. സുരക്ഷിതമായ ലാൻഡിങുകളും ടേക്ക് ഓഫുകളും ഉറപ്പാക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യം പൈലറ്റുമാർക്കുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള സിമുലേറ്റഡ് ഫ്ലൈറ്റുകൾ, സാങ്കേതിക കാര്യങ്ങൾ, ഒന്നിലധികം മൂല്യനിർണയങ്ങൾ എന്നിവ ഈ പൈലറ്റുമാരുടെ പരിശീലനത്തിൽ ഉൾപ്പെടുന്നു. പാരോയിലേക്കു പറന്നിറങ്ങുന്ന പൈലറ്റ് ആകാൻ അർപ്പണബോധത്തിന് ഒപ്പം പ്രതിബദ്ധതയും ആവശ്യമാണ്.

വ്യോമയാന മികവിന്റെ ഒരു പ്രതീകം കൂടിയാണ് പാരോ വിമാനത്താളം. എങ്കിലും, വിനോദസഞ്ചാരവും പരിസ്ഥിതി സംരക്ഷണവും സന്തുലിതമായി തുടരേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞവരാണ് ഭൂട്ടാൻ സർക്കാരും വ്യോമയാന അധികാരികളും. അതുകൊണ്ടു തന്നെ പാരോ താഴ് വരയിലെ അതിലോലമായ ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാതിരിക്കാൻ കൃത്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇക്കാരണത്താൽ തന്നെ പാരോയിലേക്കും തിരിച്ചുമുള്ള വിമാനങ്ങളുടെ എണ്ണം നിയന്ത്രിച്ചിട്ടുണ്ട്.

English Summary:

Bengaluru to Bhutan: New Direct Flights to World's Most Hazardous Airport.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com