പിസയുടെയും പാസ്തയുടെയും നാട്ടിലൂടെ, ‘റോക്കിഭായി’യും ഭാര്യയും!
Mail This Article
ഇന്ത്യയൊട്ടാകെ ആരാധകരുള്ള നടനാണ് യാഷ്. സിനിമാപ്രേമികളുടെ സ്വന്തം റോക്കിഭായി. കെജിഎഫ് എന്ന ഒറ്റ സിനിമയിലൂടെ ചലച്ചിത്രലോകത്തെ ഇതിഹാസമായി മാറിയ നടനാണ് യാഷ്. കന്നഡ സിനിമയില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന നടി രാധിക പണ്ഡിറ്റ് ആണ് യാഷിന്‍റെ ഭാര്യ.
സിനിമയുടെ തിരക്കുകള്‍ക്കിടയിലും ഒരുമിച്ചു യാത്ര ചെയ്യാനായി ഇരുവരും സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ ഇറ്റലിയിലേക്കാണ് ഇരുവരും ഏറ്റവും പുതുതായി യാത്ര നടത്തിയിരിക്കുന്നത്. ഇതിന്‍റെ മനോഹര ചിത്രങ്ങള്‍ രാധിക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന അഞ്ചാമത്തെ രാജ്യമാണ് ഇറ്റലി. കൂടാതെ, ഏറ്റവും കൂടുതൽ ലോക പൈതൃക സ്ഥലങ്ങളുള്ള രാജ്യവും ഇറ്റലിയാണ്. ഇറ്റലിയിലെ 58 പൈതൃക സ്ഥലങ്ങളിൽ 53 എണ്ണം സാംസ്കാരികവും 5 എണ്ണം പ്രകൃതിദത്തവുമാണ് പണ്ടുകാലം തൊട്ടേ കല, സംഗീതം, സാഹിത്യം, തത്ത്വചിന്ത, ശാസ്ത്രം, സാങ്കേതികവിദ്യ, ഫാഷൻ, സിനിമ എന്നിവയുൾപ്പെടെ വിവിധ മേഖലകളില്‍ അളവറ്റ സംഭാവനകള്‍ നല്‍കുകയും അവയുടെ ഒരു ആഗോളകേന്ദ്രമായി പ്രവര്‍ത്തിക്കുകയും ചെയ്ത ഈ രാജ്യം എല്ലാ തരത്തിലുള്ള സഞ്ചാരികള്‍ക്കും വേണ്ടതെല്ലാം നല്‍കുന്ന ഒരു അക്ഷയപാത്രമാണ്. പാശ്ചാത്യ നാഗരികതയുടെ ജന്മസ്ഥലങ്ങളിലൊന്നായും സാംസ്കാരിക മഹാശക്തിയായും ഇറ്റലി കണക്കാക്കപ്പെടുന്നു
ആൽപ്സ്, അപെനൈൻസ് എന്നിവിടങ്ങളിലെ പല സ്ഥലങ്ങളിലും ശീതകാലത്തും വേനൽക്കാലത്തും വിനോദസഞ്ചാരം സജീവമാണ്. മെഡിറ്ററേനിയൻ കടലിലെ തീരപ്രദേശങ്ങളിൽ കടൽത്തീര ടൂറിസം വ്യാപകമാണ്. മെഡിറ്ററേനിയൻ പ്രദേശത്തെ പ്രധാന ക്രൂയിസ് ടൂറിസം കേന്ദ്രമാണ് ഇറ്റലി.
യൂറോപ്പിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന നഗരങ്ങളിൽ 3-ാമത്തെയും ലോകത്തിലെ 12-ാമത്തെയും നഗരമാണ് ഇറ്റലിയുടെ തലസ്ഥാനമായ റോം. വെനെറ്റോ, ടസ്കാനി, ലോംബാർഡി, എമിലിയ-റൊമാഗ്ന, ലാസിയോ എന്നിവയാണ് ഇറ്റലിയിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന മറ്റു പ്രദേശങ്ങൾ. കൂടാതെ, വെനീസും ഫ്ലോറൻസും ലോകത്തിലെ ഏറ്റവും മികച്ച 100 ലക്ഷ്യസ്ഥാനങ്ങളിൽ ഉൾപ്പെടുന്നു.
ഇറ്റലി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം വസന്തകാലത്തും (മാർച്ച്-മെയ്) ശരത്കാലത്തും (സെപ്റ്റംബർ-നവംബർ) ആണ്. ഈ സമയത്ത് പൊതുവേ വിനോദസഞ്ചാരികളുടെ തിരക്ക് കുറയുന്നതിനാല്‍ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വളരെ വിശദമായി കാണാന്‍ സാധിക്കും.
English Summary: Yash and Radhika Pandit Enjoys holiday in Italy