ADVERTISEMENT

അപ്രതീക്ഷിതമായ ഒരു യാത്ര പോലെയായിരുന്നു അമേയ മാത്യുവിന്റെ സിനിമയിലേക്കുള്ള കടന്നുവരവും. ഉപരിപഠനത്തിന് കാനഡയില്‍ പോവാന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് മോഡലിങ്ങിലേക്ക് ഒരു വിളി വന്നത്. തേടിവന്ന അവസരം ചുമ്മാ അങ്ങ് കളയണ്ടല്ലോ എന്ന് കരുതി അതുചെയ്തു. ചെറിയ ചെറിയ ഫോട്ടോഷൂട്ടുകളുമായ മുന്നോട്ടുപോവുന്നതിനിടെ ആദ്യ ചിത്രമായ ആട്-2 ചെയ്യാനുളള അവസരം ലഭിച്ചു. ഹിറ്റ് വെബ് സീരീസായ കരിക്കിന്റെ ഒരു എപ്പിസോഡില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്തതോടെ അവസരങ്ങള്‍ അമേയയെ തേടിവരാന്‍ തുടങ്ങി. ഒരു പഴയ ബോംബ് കഥ, തിമിരം, ദ പ്രീസ്റ്റ് തുടങ്ങി പല ചിത്രങ്ങളിലും അമേയക്ക് അവസരം ലഭിച്ചു. അമേയ പറയുന്നു തന്റെ യാത്രകളെ കുറിച്ച്... സിനിമകളെ കുറിച്ച്... സ്വപ്‌നങ്ങളെ കുറിച്ച്...

ടുവില്‍ കീഴടക്കി ലേ ലേഡാക്കിനെ...

ആസ്ത്മയുടെ പ്രശ്‌നങ്ങളുളള ഒരാളാണ് അമേയ. അത്തരത്തിലൊരാളെ സംബന്ധിച്ച് ഉയരങ്ങളിലേക്കുള്ള യാത്ര എന്നു പറയുന്നത് സ്വപ്‌നം മാത്രമായിരിക്കും. എന്നാല്‍ യാത്രകളോടുളള ഇഷ്ടവും ലഡാക്കെന്ന സുന്ദരഭൂമി കാണാനുളള ആഗ്രഹവും അമേയയെ അവിടം വരെ എത്തിച്ചു. ആദ്യം പേടിച്ചെങ്കിലും ഒടുവില്‍ യാത്രയ്‌ക്കൊപ്പം കൊണ്ടുപോയ ഓക്‌സിജന്‍ സിലിണ്ടര്‍ പോലും ഉപയോഗിക്കേണ്ടിവന്നില്ല എന്നുളളത് അമേയയ്ക്ക് അദ്ഭുതവും ആത്മവിശ്വാസവും നല്‍കി. 

ameya-travel
Image Source: Ameya Mathew/Instagram

അതുകൊണ്ടുതന്നെ ലഡാക്ക് യാത്ര ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒന്നാണ്. സ്വന്തം പരിമിതികളെ മറികടന്ന് ഉയരങ്ങളിലെത്താനാവുമെന്ന ലക്ഷ്യബോധം തന്നെയാണ് ആ യാത്ര അമേയയ്ക്ക് സമ്മാനിച്ചത്. യാത്രകളില്‍ ഏറ്റവും പ്രിയപ്പെട്ടതും ലേ ലഡാക്ക് യാത്രയാണ്. സുന്ദരമായ ഒരുപാട് നിമിഷങ്ങളും കാഴ്ചകളുമാണ് ആ യാത്ര സമ്മാനിച്ചത്. ഒരുപാട് ആഗ്രഹിച്ചാണ് ലേ- ലഡാക്ക് വരെ എത്തിയത്. കർദുഗ്‍‍ല പാസ് വഴിയുള്ള യാത്രയും മറക്കാനാവാത്ത അനുഭവങ്ങളാണ് അമേയക്ക് നല്‍കിയത്. 

മൂന്നാറിലേക്കോ? എപ്പോഴും റെഡി

കേരളത്തില്‍ യാത്ര പോവുകയെന്നാല്‍ ഏതൊരു മലയാളിയുടേയും ലിസ്റ്റില്‍ മുന്‍നിരയില്‍ തന്നെ മൂന്നാറുണ്ടായിരിക്കും. അമേയയ്ക്കും അങ്ങനെയാണ്. ഒന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങാനോ വീട്ടുകാരോടൊപ്പമുളള യാത്രകള്‍ക്കോ മിക്കപ്പോഴും ആദ്യം നറുക്ക് വീഴുക മൂന്നാറിനായിരിക്കും. എത്രകണ്ടാലും മടുക്കാത്ത പ്രകൃതിഭംഗിതന്നെയാണ് അമേയയെയും വീണ്ടും  മൂന്നാറിലേക്കെത്തിക്കുന്നത്. 

ameya
Image Source: Ameya Mathew/Instagram

കേരളത്തിന്റെ ഭംഗിയും ശാന്തതയും മറ്റൊരു നാടിനും നല്‍കാനാവില്ലെന്ന് അമേയ പറയുന്നു. ഷൂട്ടിങ് ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് അമേയ വിദേശ യാത്രകള്‍ പോയിട്ടുളളത്. ദുബായിയാണ് അടുത്തിടെ യാത്ര ചെയ്ത സ്ഥലം. ഷൂട്ടിങ്ങിനിടെ അധികം കറക്കമൊന്നും നടത്താന്‍ സാധിച്ചില്ലെന്ന വിഷമമുണ്ടെങ്കിലും അത്യാവശ്യം കാഴ്ചകള്‍ കാണാന്‍ സാധിച്ചുവെന്ന് അമേയ പറയുന്നു. പിന്നെ മാലദ്വീപിലേക്കുളള യാത്രയുടെ പ്ലാനിങ് നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഈ വര്‍ഷം തന്നെ ആ ആഗ്രഹം സാധിക്കുമെന്നാണ് പ്രതീക്ഷ.

ഷൂട്ടിങ്, ഷോപ്പിങ്, യാത്രകള്‍

എവിടെ പോയാലും ഒരു കുന്നോളം സാധനങ്ങള്‍ വാങ്ങിയാണ് അമേയ തിരിച്ചുവരിക. ഷോപ്പിങ് എന്നത് അമേയയെ സംബന്ധിച്ച് ഒരുപാട് സന്തോഷം നല്‍കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ഷോപ്പിങ്ങിന് വേണ്ടി മാത്രം യാത്രകള്‍ പോവാനും ഒരുപാട് ഇഷ്ടപ്പെടുന്നു അമേയ. ഷൂട്ടിങ് ആവശ്യത്തിന് പോയാലും നല്ല ഷോപ്പിംഗ് സ്‌പോട്ടുകള്‍ അന്വേഷിച്ചുവെയ്ക്കും.

ameya-trip
Image Source: Ameya Mathew/Instagram

ചിലയിടങ്ങളില്‍ പോയാല്‍ എന്തുവാങ്ങണം എന്ന് കണ്‍ഫ്യൂഷനായിരിക്കും, ചിലപ്പോള്‍ വാങ്ങാനൊന്നും ഉണ്ടാവില്ല. എന്നാലും ഷോപ്പിങ് നല്‍കുന്ന സന്തോഷത്തിനുവേണ്ടി മാത്രം പോലും ഷോപ്പിങ്ങിന് പോവാന്‍ തയാറാണ് അമേയ. ഡല്‍ഹിയിലെ സരോജിനി നഗറും മുംബൈയിലെ കൊളാബ സ്ട്രീറ്റുമെല്ലാം പ്രിയപ്പെട്ട ഷോപ്പിങ് ഇടങ്ങളാണ്. 

ameya-trip9
Image Source: Ameya Mathew/Instagram

അമേയയുടെ ഷൂട്ടിങ് പൂര്‍ത്തിയായ ചിത്രമാണ് ഖജുരാഹോ ഡ്രീംസ്. ഒരു ട്രാവല്‍ സിനിമ ആയതുകൊണ്ടുതന്നെ പല പല സ്ഥലങ്ങളിലായിരുന്നു ഷൂട്ടിങ്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഒരുപാട് സ്ഥലങ്ങളില്‍ അമേയയ്ക്ക് യാത്ര ചെയ്യാന്‍ സാധിച്ചു. അതില്‍ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ലക്‌നൗ ആയിരുന്നു.

ameya-trip6
Image Source: Ameya Mathew/Instagram

അവിടുത്തെ ആളുകളുടെ പെരുമാറ്റമാണ് ഒരുപാട് ആകര്‍ഷിച്ചത്. മാത്രമല്ല ഒപ്പം അതിഥി രവി, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, അര്‍ജുന്‍ അശോകന്‍ എന്നിങ്ങനെയുള്ള യുവനിരയും. അതുകൊണ്ടു തന്നെ വേറൊരു വൈബായിരുന്നു യാത്രകളും ഷൂട്ടിങ്ങും.

ട്രാവല്‍ ബഡ്ഡീസ്

യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന അമേയയ്ക്ക് അതേ മനസുളള ഒരുപിടി സുഹൃത്തുകളുമുണ്ട്. യാത്ര പോകാമെന്ന് പറഞ്ഞാല്‍ എത്ര തിരക്കായാലും അതെല്ലാം മാറ്റിവച്ച് ഓടിവരുന്നവര്‍.

ameya-trip1
Image Source: Ameya Mathew/Instagram

യാത്രകളെ ഒരുപാട് സ്‌നേഹിക്കുന്ന ആ സുഹൃത്തുക്കള്‍ തന്നെയാണ് അമേയയുടെ ട്രാവല്‍ ബഡ്ഡീസ്. ഒരു യാത്ര പ്ലാന്‍ ചെയ്താല്‍ സുഹൃത്തുക്കള്‍ വരില്ലെ എന്ന സംശയത്തിന് പോലും ഇടനല്‍കാത്ത അത്രമാത്രം യാത്രസ്‌നേഹികളാണ് അവരെല്ലാമെന്നും അമേയ പറയുന്നു. 

സ്വപ്‌നയാത്ര

സ്വപ്‌നയാത്രകള്‍ ഒരുപാടുണ്ടെങ്കിലും പോകമെന്ന് മനസ്സില്‍ കുറിച്ചിട്ട ഒരു സ്ഥലം ചൈനയായിരുന്നു. കൊറോണ ഒരു വില്ലനായി വന്നതോടെ ചൈനയെന്ന സ്വപ്‌നം അമേയ തല്‍ക്കാലം പിന്നത്തേയ്ക്ക് മാറ്റിവച്ചിരിക്കുകയാണ്. ബാലിയാണ് അമേയയുടെ മറ്റൊരു ഡ്രീം ഡെസ്റ്റിനേഷന്‍. പിന്നെ ഇന്ത്യയിലെ രാജസ്ഥാനിലേക്കും ഒരു യാത്രപോകണമെന്ന് ആഗ്രഹമുണ്ട്. അടുത്തവര്‍ഷം രാജസ്ഥാനില്‍ ഡസേര്‍ട്ട് സഫാരി നടത്താനാണ് അമേയയുടെ പ്ലാന്‍. 

ameya-trip4
Image Source: Ameya Mathew/Instagram

കുടുംബവും, സിനിമയും

പതിനഞ്ച് വര്‍ഷം മുൻപാണ് അമേയയുടെ അച്ഛന്‍ മരിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂള്‍ ടീച്ചറാണ് അമ്മ. അമ്മയും സുഹൃത്തുക്കളും യാത്രകളുമാണ് അമേയയുടെ ലോകം. കേന്ദ്രീയ വിദ്യാലയത്തില്‍ പ്ലസ്ടു വരെ പഠിച്ച് പിന്നീട് തൊടുപുഴയിലെ ന്യൂമാന്‍ കോളേജില്‍ നിന്നാണ് അമേയ ബിരുദം നേടിയത്.

ameya-trip7
Image Source: Ameya Mathew/Instagram

തിരുവനന്തപുരത്തെ മാര്‍ ഇവാനിയോസ് കോളേജിലായിരുന്നു ബിരുദാനന്തര ബിരുദം. എം.എ ഇംഗ്ലീഷാണ് വിഷയമെങ്കിലും അഭിനയമാണ് അമേയയുടെ പാഷന്‍. അതില്‍തന്നെ ശ്രദ്ധിക്കാനാണ് അമേയയുടെ തീരുമാനം. 

ameya-trip2
Image Source: Ameya Mathew/Instagram

തമിഴില്‍ ഒരു ചിത്രവും മലയാളത്തില്‍ രണ്ടു ചിത്രങ്ങളുമാണ് അമേയയുടേതായി വരാനിരിക്കുന്നത്. ഖജുരാഹോ ഡ്രീംസ്, അഭിരാമി എന്നിവയാണ് മലയാള ചിത്രങ്ങള്‍. തമിഴില്‍ സി.എസ്. അമുതന്‍ സംവിധാനം ചെയ്യുന്ന രത്തം എന്ന ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു വേഷവും അമേയ ചെയ്തിട്ടുണ്ട്. 

പോസിറ്റീവാക്കും യാത്രകള്‍...

എന്തെങ്കിലും വിഷമങ്ങളൊക്കെ ഉണ്ടായാല്‍ ഒരു ഡ്രൈവ് പോയാല്‍ മതി അമേയയ്ക്ക് ഒന്ന് ഉഷാറാവാന്‍. അതിന് പ്രത്യേക സ്ഥലം എന്നൊന്നില്ല. ഒരു ലോങ് ഡ്രൈവിന്, തന്നെ ഒരുപാട് പോസിറ്റീവാക്കാനും സന്തോഷിപ്പിക്കാനും സാധിക്കുമെന്നും അമേയ പറയുന്നു. യാത്രകളെന്നത് വെറും വിനോദം മാത്രമല്ല ഒരുപാട് അനുഭവങ്ങളും അറിവുകളുമാണ്.

ameya-trip11
Image Source: Ameya Mathew/Instagram

ഓരോ യാത്രകളും നല്‍കുന്നത് ഓരോ പാഠങ്ങളാണ്. പ്രത്യേകിച്ചും നോര്‍ത്തീസ്റ്റ് ഭാഗങ്ങളിലേക്കൊക്കെ യാത്ര പോകുമ്പോള്‍ വ്യത്യസ്തമായ ആളുകള്‍, ജീവിതരീതി, സംസ്‌കാരം ഇതെല്ലാം ഒരുപാട് കാര്യങ്ങള്‍ മനസിലാക്കിതരും. ഏത് സാഹചര്യവുമായി പൊരുത്തപ്പെടാനും ഒരു തിരിച്ചറിവുണ്ടാക്കാനും സഹായിക്കും. ഓരോ യാത്രകളും തന്നെ ഉളളില്‍ നിന്നുതന്നെ മാറ്റിയെടുക്കുന്നുവെന്നും അമേയ പറയുന്നു.

English Summary: Most Memorable Travel Experience by Ameya Mathew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com