ADVERTISEMENT

കടൽത്തീരമോ, ഹിൽസ്റ്റേഷനോ കാടോ എന്തുമാകട്ടെ യാത്ര എന്നത് പ്രണയമാണ് നടി ശാലിന്‍ സോയക്ക്. വീടിനുള്ളില്‍ ഒതുങ്ങാതെ ഭൂമിയിലെ നിറങ്ങളുടെ ലോകത്തേക്ക് പറക്കണം, കാണാകാഴ്ചകൾ ആസ്വദിക്കണം യാത്രയെക്കുറിച്ച് പറയുമ്പോൾ വാചാലയാകും ശാലിൻ. ലോകം കണ്ടില്ലെങ്കിൽ പിന്നെ എന്തു ജീവിതം. യാത്രകൾ അത്രത്തോളം തന്റെ സ്വത്വത്തെ രൂപപ്പെടുത്തിയെടുക്കാൻ സഹായിച്ചിട്ടുണ്ടെന്നും ഇനിയും കുറെയേറെ യാത്രകൾ ചെയ്യണമെന്നും ശാലിൻ സോയ.

shaalin-zoya5
Image Source: Instagram/Shaalin Zoya

ആദ്യ ഗോവൻ സോളോ ട്രിപ്

അവസരം ഒത്തുവന്നാൽ എവിടേക്കും യാത്ര തിരിക്കുന്ന എനിക്ക് ഗോവയെ മാത്രം കാണാൻ സാധിച്ചിട്ടില്ല. പലതവണ കൂട്ടുകാരോടൊത്ത് ഗോവൻ ട്രിപ് പ്ലാൻ ചെയ്തെങ്കിലും പലകാരണങ്ങളാൽ നടന്നിട്ടില്ല. അവസാനം എന്നത്തെയും പോലെ തന്നെ ഗോവയിലേക്ക് ഒറ്റയ്ക്കൊരു ട്രിപ് ഞാൻ നടത്തി. ജോലിയുടെ തിരക്കിൽ നിന്ന് മനസ്സ് ഫ്രീയാകണം എന്ന ചിന്തയായിരുന്നു യാത്രയ്ക്ക് പ്രേരിപ്പിച്ചത്. ഒരാഴ്ചത്തെ യാത്ര അതായിരുന്നു പ്ലാൻ. ഗോവയിൽ മൺസൂൺ സമയത്തായിരുന്നു പോയത്. 

shaalin-zoya1
Image Source: Instagram/Shaalin Zoya

പലരും പറഞ്ഞുകേട്ടിട്ടുണ്ട് മൺസൂണിൽ ഗോവയ്ക്ക് പ്രത്യേക വൈബ് ആണെന്ന്. എന്നെ പോലെ തന്നെ യാത്രയെ പ്രണയിക്കുന്ന സുഹൃത്ത് ഗോവയിലുണ്ട്. പുള്ളിക്കാരി ടർക്കിഷ്ക്കാരിയാണ്. അങ്ങനെയാണ് അവിടേക്ക് യാത്ര തിരിച്ചത്. ഗോവയ്ക്ക് രണ്ടു വശമുണ്ട്. സൗത്ത് ഗോവയും നോർത്ത് ഗോവയും.

shaalin-zoya2
Image Source: Instagram/Shaalin Zoya

സൗത്ത് ഗോവയിലാണ് ഞാൻ ആദ്യം എത്തിയത്. നോർത്ത് ഗോവയെ അപേക്ഷിച്ച് നോക്കുമ്പോള്‍ കൂടുതൽ ശാന്തവും, വൃത്തിയുള്ളതും, സമാധാനപരവുമാണ് സൗത്ത് ഗോവ. തിരക്കുകൾ അധികം ഇല്ലാത്ത ശാന്തസുന്ദരമായൊരിടം. ആധികാരികമായ ഗോവൻ ഭക്ഷണവിഭവങ്ങള്‍ ഇവിടെ ലഭിക്കും.

shaalin-zoya4
Image Source: Instagram/Shaalin Zoya

ഉച്ചത്തിലുള്ള സംഗീതം മുഴങ്ങുന്ന പാർട്ടികൾ, ക്ലബ്ബുകൾ, റെസ്റ്റോറന്റുകൾ എന്നിവയൊന്നും ഇവിടെ കാണാനാവില്ല. അതുകൊണ്ടുതന്നെ പൊളി മൂഡുമായി ഗോവയില്‍ എത്തുന്നവര്‍ക്ക് ഇവിടം അത്ര പിടിക്കണമെന്നില്ല. വല്ലാത്ത പീസ്ഫുള്ളാണ് അവിടം. നോർത്ത് ഗോവയിലാണ് പാർട്ടിയും ആഘോഷങ്ങളുമൊക്കെ നടക്കുന്നത്. എന്തുതന്നെയായാലും ഗോവൻ ട്രിപ് ശരിക്കും എൻജോയ് ചെയ്തു.

ഗോവയിലെ ഒാർമ

ഗോവൻ ട്രിപ്പ് എനിക്ക് മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്. ഞാൻ ഏറെ ആഗ്രഹിച്ച ഒന്ന് സമ്മാനമായി ലഭിച്ചു. തലയിൽ ചുറ്റുന്ന ഒരു തരം സ്കാര്‍ഫ് എനിക്ക് വേണമെന്നത് വല്ലാത്ത ആഗ്രഹമായിരുന്നു. അതങ്ങനെ എവിടെ വാങ്ങാൻ കിട്ടുമെന്നും അറിയില്ലായിരുന്നു. ഞാനും എന്റെ സുഹൃത്തും ഗോവയിൽ ഒരു റസ്റ്ററന്റിൽ പോയിരുന്നു. അതൊരു ടർക്കിഷ് ഹോട്ടലായിരുന്നു. അവിടെയുള്ള ടാർക്കിഷ് സ്ത്രീ ഞാൻ മനസ്സിൽ കരുതിയ അതേപോലുള്ള സ്കാർഫ് ചുറ്റിയിരിക്കുന്നത് കണ്ടു. ഉടൻ തന്നെ എന്റെ സുഹൃത്ത് അവരോട് ചോദിച്ച് എവിടുന്നാണ് ഇത് വാങ്ങാൻ പറ്റുന്നതെന്നൊക്കെ, അവർ എന്തൊക്കെയോ ടർക്കിഷ് ഭാഷയിൽ പറഞ്ഞു. എനിക്കൊന്നും അങ്ങനെ മനസ്സിലായില്ല. പക്ഷേ റസ്റ്ററന്റിൽ നിന്ന് ഇറങ്ങാൻ നേരം ആ മനോഹരമായ സ്കാർഫ് എനിക്ക് സമ്മാനമായി അവർ നൽകി. എനിക്ക് ഒരുപാട് സന്തോഷം തേന്നിയ നിമിഷമായിരുന്നു. ഗോവയിലെ ആ സമ്മാനം ഞാൻ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ആഗ്രഹിച്ചത് കെൈയിൽ കിട്ടുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല.

shaalin-zoya8

കണ്ണുകൾ കൊണ്ട് കാണുകയും അനുഭവിക്കുകയും ചെയ്യണം

നമ്മുടെ കണ്ണുകൾ കൊണ്ട് കാണുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങൾ ഒരിക്കലും ഒരു ക്യാമറയിലൂടെ പകർത്തിയെടുക്കാനാവില്ല. നേരിട്ട് കണ്ട് ആസ്വദിക്കുന്നതിനോടാണ് എനിക്ക് ഇഷ്ടം. പോകുന്ന സ്ഥലം എത്ര മനോഹരമാണെന്ന് തിരിച്ചറിയണമെങ്കിൽ അത് സ്വയം കണ്ടു തന്നെ അനുഭവിക്കണം. ആ സമയം കയ്യിൽ ക്യാമറയും മൊബൈലും പിടിച്ച് നടന്നാൽ പലതും കാണാതെയും അറിയാതെയും പോകും. എനിക്ക് ഒട്ടും താൽപര്യമില്ലാത്ത ഒരു കാര്യമാണത്.

shaalin-zoya3
Image Source: Instagram/Shaalin Zoya

 

എന്റെ സുഹൃത്തുക്കൾ പലരും പറയാറുണ്ട് ഒത്തിരി യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും അതിനൊന്നും ചിലപ്പോൾ തെളിവു ഉണ്ടാകില്ല നിന്റെ കയ്യിൽ എന്ന്, കാരണം നീ അങ്ങനെ ഫോട്ടോയും വി‌ഡിയോയും ഒന്നും എടുക്കില്ലല്ലോ,അവർ പറയുന്നത് സത്യമാണെന്ന് ചിലപ്പോൾ എനിക്കും തോന്നാറുണ്ട്.

പക്ഷേ അതിൽ സങ്കടമൊന്നുമില്ല. നമ്മൾ ജീവിതത്തിൽ നടത്തുന്ന യാത്രകളാണ് ഏറ്റവും വലിയ സമ്പാദ്യം. ഞാൻ അറിഞ്ഞിട്ടുള്ളതും കണ്ടിട്ടുള്ളതുമായ കാര്യങ്ങൾ എന്നും എന്റെ മനസ്സിൽ ഒരു കോട്ടവും തട്ടാതെയുണ്ട്. ക്യാമറയിൽ എത്ര പകർത്തിയാലും ആ യാത്രാനുഭവം കിട്ടണമെന്നില്ല.

സ്വപ്നയാത്ര

ലോകം വിശാലമാണ്, മനോഹരമായ നിരവധിയിടങ്ങളുടെ വാതായനങ്ങൾ നമുക്കായി തുറന്നിട്ടിട്ടുണ്ട്. ആ കാഴ്ചകളിലേക്ക് ഇറങ്ങി ചെല്ലുക എന്നതാണ് നമ്മുടെ ലക്ഷ്യം. എനിക്ക് ഒരുപാട് സ്ഥലങ്ങള്‍ കാണാനുണ്ട്. ഷെങ്കൻ വീസ എടുത്തു സഞ്ചരിക്കാൻ സാധിക്കുന്ന രാജ്യങ്ങൾ മുഴുവനും പോകണം. സ്വിറ്റ്‌സർലൻഡ്, നോർവേ, ഐസ്‌ലൻഡ് എന്നിവയുൾപ്പെടെ യൂറോപ്പിലെ എന്നാൽ യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളടക്കം 26 രാജ്യങ്ങൾ ഈ വീസയിലൂടെ സന്ദർശിക്കാം.

English Summary: Most Memorable Travel Experience by Shaalin Zoya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com