ADVERTISEMENT

ചുറ്റുമുള്ള രാജ്യങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ് നമ്മുടെ അയൽരാജ്യമായ മ്യാൻമർ. സുവർണഭൂമി എന്നൊരു പേരുകൂടിയുണ്ട് ആ രാജ്യത്തിന്. എന്തുകൊണ്ടാണ് ആ രാജ്യത്തിനു ഇങ്ങനെയൊരു പേരുലഭിച്ചതെന്നറിയണമെങ്കിൽ മണ്ഡലായ്, യാങ്കോൺ എന്നീ നഗരങ്ങളിലൂടെ ഒരു യാത്രപോയാൽ മതി. സ്തൂപങ്ങളും പഗോഡകളും സ്വർണത്തിൽ കുളിച്ചു നിൽക്കുന്ന കാഴ്ച കണ്ടാൽ മനസിലാകും മ്യാന്മറിന് സുവർണ ഭൂമി എന്ന പേര് ലഭിച്ചതെന്തുകൊണ്ടാണെന്ന്‌.

പതിനായിരത്തിലുമധികം വരുന്ന ബുദ്ധക്ഷേത്രങ്ങൾ മ്യാന്മറിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്. അന്നാട്ടിലെ കാഴ്ചകൾ കാണാനിറങ്ങുമ്പോൾ, അധികമൊന്നും ദൂരവ്യത്യാസമില്ലാതെ നിരവധി ബുദ്ധക്ഷേത്രങ്ങൾ കാണുവാൻ കഴിയും. കുന്നിൻ മുകളിലായാണ് വലിയ ബുദ്ധക്ഷേത്രങ്ങളിൽ ഭൂരിഭാഗവും നിർമിച്ചിരിക്കുന്നത്. വർഷങ്ങളുടെ പഴക്കമുള്ള വൻവൃക്ഷങ്ങളുടെ താഴെയും ചെറിയ ക്ഷേത്രങ്ങൾ കാണാൻ കഴിയുന്നതാണ്. സ്വർണത്താലാണ് ഇവയിൽ ഭൂരിപക്ഷവും അലങ്കരിക്കപ്പെട്ടിരിക്കുന്നത്. ഇൗ കാഴ്ചകൾക്കപ്പുറം സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന നിരവധി ഇടങ്ങൾ ഇന്നാട്ടിലുണ്ട്.

myanmar
angon, Myanmar. SeanPavonePhoto/Istock

കോവിഡ് കാലം പിന്നിട്ടതോടെ ധാരാളം വിദേശ സഞ്ചാരികൾ മ്യാൻമർ സന്ദർശനത്തിനു എത്തിതുടങ്ങിയിട്ടുണ്ട്. ആ അതിഥികൾക്കു മുൻപിലേക്ക് തങ്ങളുടെ കാഴ്ചകളുടെ ജാലകം തുറന്നിട്ടിരിക്കുകയാണ് രാജ്യം. വിസ്മയ കാഴ്ചകളൊരുക്കുന്ന പ്രകൃതി തന്നെയാണ് മ്യാന്മറിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നതും. അതിൽ എടുത്തു പറയേണ്ടതും സന്ദർശകർ ധാരാളം എത്തുന്നതുമായ ഒരിടമാണ് ഇൻലെ തടാകം. വളരെ ശാന്തവും മനോഹരവുമായ ഈ തടാകത്തിൽ ഒരുക്കിയിരിക്കുന്ന ഒഴുകുന്ന പൂന്തോട്ടത്തിന്റെ കാഴ്ച.

ധാരാളം മൽസ്യസമ്പത്തുള്ള തടാകമാണ് ഇൻലെ. പരമ്പരാഗത രീതിയിലാണ് മൽസ്യ തൊഴിലാളികൾ ഇവിടെ മീൻപിടുത്തത്തിലേർപ്പെടുന്നത്. കായലിലും പരിസരത്തുമായി ജീവിക്കുന്ന ഇവിടുത്തെ ജനങ്ങൾ അറിയപ്പെടുന്നത് 'ഇന്ത' എന്ന പേരിലാണ്. ഒരു പ്രത്യേക രീതിയിലാണ് ആഴം കുറഞ്ഞ ഭാഗങ്ങളിൽ ഇവർ മീൻ പിടിക്കുന്നത്. ആ കാഴ്ച അതിനു മുൻപ് കാണാത്തവരാണെങ്കിൽ ഏറെ കൗതുകം പകരുന്ന ഒന്നായിരിക്കും ആ മൽസ്യബന്ധനം. 

കൗതുകമാണ് ഇൗ മീൻപിടുത്തം

ബോട്ടിന്റെ ഒരറ്റത്ത് ഒറ്റക്കാലിൽ നിന്ന് കൊണ്ടാണ് ഇന്ത മൽസ്യത്തൊഴിലാളികൾ മീൻ പിടിക്കുന്നത്. മറ്റേ കാൽ തുഴയിലും ചുറ്റി പിടിച്ചിട്ടുണ്ടാകും. സാധാരണ മത്സ്യബന്ധന രീതികളല്ല ഇവർ പിന്തുടരുന്നത്. ജലസസ്യങ്ങള്‍ ധാരാളമായി കാണപ്പെടുന്ന ഒരു തടാകമാണ് ഇൻല. വള്ളത്തിൽ ഇരുന്നുകൊണ്ട് വലയെറിഞ്ഞാൽ മത്സ്യങ്ങളെ കാണുവാൻ കഴിയുകയില്ല. അതുകൊണ്ടുതന്നെ വള്ളത്തിന്റെ ഏറ്റവുമറ്റത്തു നിന്നാൽ ജലത്തിലൂടെ പോകുന്ന മത്സ്യങ്ങളെ കാണുകയും അവയെ പിടിക്കുകയും ചെയ്യാം. ഒരേ സമയം ബോട്ട് മുന്നോട്ടു കൊണ്ടുപോകാനും മറ്റേ കൈ കൊണ്ട് സ്വതന്ത്രമായി വല വീശാനും സാധിക്കുകയും ചെയ്യും. 

myanmar-fishing1
Fishermen on Inle Lake, hadynyah/Istock

ആദ്യമായി ഈ കാഴ്ച കാണുന്ന സന്ദർശകർക്കു ആപത്കരമായ കാര്യമല്ലേ എന്ന് തോന്നുന്നത് സ്വാഭാവികമാണ്. ബോട്ടിന്റെ ഏറ്റവുമറ്റത്തു ഒരു കാലിൽ നിൽക്കുന്നത് കാണുമ്പോൾ തടാകത്തിൽ വീണുപോകുമല്ലോ എന്ന് ചിന്തിക്കാം. വീണാലും പേടിക്കേണ്ട കാര്യമില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. വളരെ ആഴം കുറഞ്ഞ തടാകമാണ് ഇൻലെ. വേനൽക്കാലങ്ങളിൽ ഈ ജലാശയത്തിനു ഏകദേശം 2 മീറ്റർ മാത്രമേ ആഴമുണ്ടാകുകയുള്ളൂ. മൽസ്യത്തൊഴിലാളികൾ തടാകത്തിൽ വീണു പോയാലും ജീവനു ആപത്ത് ഒന്നുമുണ്ടാകില്ലെന്നു ചുരുക്കം. 

പരമ്പരാഗതം ഇൗ മൽസ്യബന്ധനം

ഒരു തലമുറയിൽ നിന്നും അടുത്ത തലമുറയിലേക്കു പകർന്നു കിട്ടിയതാണ് ഇവിടുത്തെ മൽസ്യബന്ധന രീതി. വളരെ ചെറുപ്പത്തിൽ തന്നെ ഈ തൊഴിലിലേയ്ക്ക് ഇറങ്ങുന്നവരാണിവർ. അതുകൊണ്ടുതന്നെ തൊഴിലാളികളെ  സംബന്ധിച്ചു, പിന്തുടർന്ന് വരുന്ന മൽസ്യബന്ധന രീതി അവർക്കു പുതുമയുള്ള ഒന്നല്ലെന്നു മാത്രമല്ല, മതിയായ പരിശീലനം ലഭിച്ചിട്ടുള്ളതുമാണ്. പ്രദേശവാസികളിൽ ഭൂരിപക്ഷം പേരുടെയും ജീവിതോപാധിയാണിത്.

ഇൻലെ തടാകം സന്ദർശിക്കുന്നവർ മറക്കാതെ കാണേണ്ട ഒരു കാഴ്ച തന്നെയാണ് ഇവിടുത്തെ മീൻപിടുത്തം. ലോകത്തു വേറൊരിടത്തും കാണുവാൻ കഴിയാത്ത ഈ മൽസ്യബന്ധനം ഏറെ കൗതുകം പകരുമെന്നു മാത്രമല്ല, അതിഥികളെ വിസ്മയിപ്പിക്കുകയും ചെയ്യും. ചെന്നെത്തുന്ന സന്ദർശകർക്ക് ഇവർ പിന്തുടരുന്ന രീതിയിൽ മീൻപിടിക്കാൻ താല്പര്യമുണ്ടെങ്കിൽ, ആവശ്യപ്പെട്ടാൽ അവർ പരിശീലനം നൽകും. തടാകത്തിന്റെ മനോഹാരിത ആസ്വദിക്കുന്നതിനൊപ്പം മത്സ്യബന്ധനം കൂടിയാകുമ്പോൾ മ്യാൻമർ യാത്ര  ഉഷാറാകും.

English Summary: The Fishermen of Inle Lake and  their Remarkable Fishing Technique Myanmar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com