പ്രണയദിനം ആഘോഷമാക്കാം; പോരൂ ഇവിടേയ്ക്ക്
Mail This Article
പ്രിയപ്പെട്ടവര്‍ക്ക് എക്കാലത്തും ഓര്‍ത്തിരിക്കാന്‍ പറ്റിയ മനോഹര നിമിഷങ്ങള്‍ സമ്മാനിക്കാന്‍ പറ്റിയ സമയമാണ് ഓരോ വാലന്റൈന്‍സ് ദിനവും. ഏറ്റവും പ്രണയത്തോടെയുള്ള അവധിക്കാലം ആഘോഷിക്കാന്‍ വേണ്ടതെല്ലാം ഒരുക്കിയാണ് അമേരിക്കന്‍ സംസ്ഥാനമായ വിര്‍ജിനിയ ഇപ്പോൾ സഞ്ചാരികളെ കാത്തിരിക്കുന്നത്. പങ്കാളിക്കൊപ്പം നിങ്ങള്‍ രചിക്കുന്ന പ്രണയ കാവ്യത്തിന് ഏറ്റവും അനുയോജ്യമായ പശ്ചാത്തലമാവാന്‍ നിരവധി കാര്യങ്ങള്‍ വിര്‍ജിനിയയിലുണ്ട്.
വിര്‍ജിനിയയിലെ നഗരങ്ങളില്‍ മാത്രമല്ല ഉള്‍പ്രദേശങ്ങളിലും നിരവധി റിസോര്‍ട്ടുകളും ഹോട്ടലുകളുമെല്ലാം സഞ്ചാരികളേയും കാത്തിരിക്കുന്നുണ്ട്. എല്ലാവിധ ആഡംബര സൗകര്യങ്ങളും അതിഥികള്‍ക്കായി ഒരുക്കിയിട്ടുള്ളതാണ് തലസ്ഥാനമായ റിച്ച്‌മോണ്ടിലെ ജെഫേഴ്‌സണ്‍ ഹോട്ടല്‍. റിച്ച്‌മോണ്ടിലെത്തുന്ന സഞ്ചാരികള്‍ക്ക് ഒഴിവാക്കാനാവാത്ത കാഴ്ചയാണ് വിര്‍ജിനിയ മ്യൂസിയം ഓഫ് ഫൈന്‍ ആര്‍ട്‌സ്. റഷ്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ അപൂര്‍വസുന്ദരങ്ങളായ ഫാബേഷേ എഗ്‌സിന്റെ ശേഖരം ഇവിടെയാണ്. കൂട്ടത്തില്‍ പല ലോകരാജ്യങ്ങളില്‍ നിന്നുള്ള കലാസൃഷ്ടികളുടെ അപൂര്‍വ ശേഖരവും വിര്‍ജിനിയ മ്യൂസിയം ഓഫ് ഫൈന്‍ ആര്‍ട്‌സിലുണ്ട്.
അതിഥികള്‍ക്കായി റൊമാന്റിക് ഡൈനിങ്
ജെഫേഴ്‌സണ്‍ ഹോട്ടലിന്റെ തന്നെ ഉടമസ്ഥതയിലുള്ള ലെമയറിലേയോ എല്‍ ഒപ്പോസമിലേയോ റൊമാന്റിക് ഡൈനിങ് അതിഥികള്‍ക്ക് അപൂര്‍വ അനുഭവമാവും. റിച്ച്‌മോണ്ടിലെ തന്നെ ഏറ്റവും പ്രസിദ്ധമായതും പുതുമയുള്ളതുമായ ബാറാണ് ദ ജാസ്പര്‍. ഇന്ത്യന്‍ റസ്റ്ററന്റുകളാണ് തേടുന്നതെങ്കില്‍ ഫോബ്‌സ് മാസികയുടെ വരെ പ്രശംസ പിടിച്ചു പറ്റിയിട്ടുള്ള സന്ദ്ജീപിന്റെ ലേജാ തിരഞ്ഞെടുക്കാം.
സര്‍വ ആഡംബരങ്ങളോടെയും അവധിക്കാലം ആഘോഷിക്കാന്‍ ഒമ്‌നി ഹോംസ്‌റ്റെഡ് റിസോര്‍ട്ടിലെത്തുന്നവര്‍ക്ക് കഴിയും. വിര്‍ജിനിയയിലെ മലകളില്‍ അവധിയാഘോഷിക്കാന്‍ എത്തുന്നവര്‍ക്ക് പറ്റിയ മറ്റൊരു കേന്ദ്രമാണ് ഐറിസ് ഇന്‍. ഷെനാന്‍ഡോ താഴ്‌വരയുടെ മനോഹരമായ കാഴ്ചയും ഐറിസ് ഇന്നില്‍ നിന്ന് ലഭിക്കും. പ്രാദേശികമായി നിര്‍മിക്കുന്ന രുചിയേറും വൈനും ഇവിടെ ലഭിക്കും. സഞ്ചാരികള്‍ക്കായി പ്രത്യേകം വാലന്റൈന്‍ പാക്കേജുകളും ഇവിടങ്ങളില്‍ ലഭ്യമാണ്.
അസ്തമയവും ആസ്വദിച്ചുകൊണ്ട് കൈകോര്‍ത്ത് കടല്‍തീരത്തു കൂടെ നടക്കാനാണ് ആഗ്രഹമെങ്കില്‍ അതിനും വിര്‍ജിനിയയില്‍ ഒരുപാട് ഇടങ്ങളുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് അല്‍പം വ്യത്യസ്തമായ തിമിംഗല നിരീക്ഷണത്തിന് പോവാം. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ പൊതുവേ ചൂടുള്ള വിര്‍ജിനിയയിലെ കടലിലെ കുളി നിങ്ങള്‍ക്ക് പുത്തനുണര്‍വാകും. താമസത്തിനായി നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കാവലിയര്‍ ഹോട്ടല്‍ ആന്റ് ബീച്ച് ക്ലബ് ഒരു നല്ല തിരഞ്ഞെടുപ്പായിരിക്കും.
തീരപ്രദേശത്തായാലും മലനാട്ടിലായാലും വിര്‍ജിനിയയില്‍ എല്ലായിടത്തും കാണുന്ന ഒന്നാണ് നീണ്ടു പരന്നു കിടക്കുന്ന മുന്തിരി തോട്ടങ്ങളും വൈന്‍ നിര്‍മാണ കേന്ദ്രങ്ങളും. വിര്‍ജിനിയയില്‍ മാത്രം 330 വൈന്‍ നിര്‍മാണ കേന്ദ്രങ്ങളുണ്ട്. ബ്ലൂ റിഡ്ജ് മലകളുടെ അടിവാരത്തുള്ള ഇന്ത്യക്കാരിയായ സുധ പാട്ടീലിന്റെ നര്‍മദ വൈനറി പ്രസിദ്ധമാണ്. മുന്തിരി തോട്ടങ്ങള്‍ കാണാനും വൈന്‍ നിര്‍മാണം മനസിലാക്കാനും വൈന്‍ രുചിക്കാനും ഇന്ത്യന്‍ വിഭവങ്ങള്‍ കഴിക്കാനും പറ്റിയ ഇടം. വിര്‍ജിനിയയില്‍ പലയിടത്തുമായി ലൗ എന്നെഴുതിയ ശില്‍പങ്ങളുണ്ട്. പ്രണയദിനത്തില്‍ ഈ ലൗവിന്റെ പശ്ചാത്തലത്തില്‍ എടുക്കുന്ന ചിത്രങ്ങള്‍ നിങ്ങളുടെ ജീവിതം മുഴുവന്‍ മനോഹരമായ ഓര്‍മ സമ്മാനിച്ചേക്കാം.
English Summary: Romantic Places To Celebrate Valentine’s Day in Virginia