ADVERTISEMENT

ട്രെക്കിങ്ങിനും മറ്റും പോകുമ്പോള്‍ ടെന്‍റുകള്‍ കെട്ടി താമസിക്കാറില്ലേ? ജീവിതത്തില്‍ ഒരിക്കലെങ്കിലും എല്ലാ സഞ്ചാരികളും ചെയ്തിരിക്കേണ്ട ഒരു കാര്യമാണിത്. ഈയിടെയായി ടെന്‍റുകളില്‍ ആഡംബര സൗകര്യങ്ങള്‍ സജ്ജീകരിക്കുന്ന ഗ്ലാംപിങ്ങിനും ഒട്ടേറെ ആരാധകര്‍ ഉണ്ട്. ഇനി അടുത്തതായി വരാന്‍ പോകുന്നത് എന്തായിരിക്കും? അതിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് ദുബായ് ആസ്ഥാനമായുള്ള ആർക്കിടെക്ചർ സ്ഥാപനമായ ആർദ് ആർക്കിടെക്‌സ്.

ചുറ്റും മനോഹരമായ കാഴ്ചകള്‍ കണ്ടുകൊണ്ട്, രണ്ടു മലനിരകള്‍ക്കിടയില്‍ തൂക്കിയിട്ട കൂടാരങ്ങളില്‍ അന്തിയുറങ്ങാനുള്ള അടിപൊളി അവസരമാണ് ഇവര്‍ ഒരുക്കുന്നത്. ദ ഫ്ലോട്ടിങ് റിട്രീറ്റ് എന്നാണ് ഈ ഹോസ്പിറ്റാലിറ്റി പ്രോജക്റ്റിന്‍റെ പേര്. ട്രെക്കിങ്ങിന് അതുപോലുള്ള സാഹസികപ്രവര്‍ത്തനങ്ങള്‍ക്കുമൊന്നും താല്പര്യം ഇല്ലാത്തവര്‍ക്ക്, ആഡംബര സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് ഇതിന്‍റെ പ്രധാനലക്ഷ്യം.

ഷാർജയിലെ പർവതനിരകളില്‍ ഇത് സ്ഥാപിക്കാനാണ് കമ്പനി വിഭാവനം ചെയ്യുന്നത്. സന്ദർശകർ ആദ്യം തന്നെ ഗ്രൗണ്ടിലെ റിട്രീറ്റിലേക്ക് ആയിരിക്കും പ്രവേശിക്കുക. അത് ഒരു എലിവേറ്റർ പോലെ പ്രവർത്തിക്കുകയും പർവതങ്ങൾക്കിടയിലുള്ള പരന്നുകിടക്കുന്ന പ്ലാറ്റ്ഫോമിലേക്ക് അവരെ കൊണ്ടുപോകുകയും ചെയ്യുന്നു. പ്ലാറ്റ്‌ഫോമിൽ എത്തിക്കഴിഞ്ഞാൽ, അതിഥികൾക്ക് അവരുടെ സ്വകാര്യ ടെന്‍റുകളിലേക്ക് ആക്‌സസ് ഉണ്ടായിരിക്കും.

ഈ ടെന്‍റുകളില്‍ ഓരോന്നിലും രണ്ടുപേരെ വീതം ഉള്‍ക്കൊള്ളാനാകും. ടെന്‍റുകളുടെ സസ്പെൻഷൻ അവര്‍ക്ക് സ്വന്തമായി ക്രമീകരിക്കാനും കഴിയും. രണ്ടു ടെന്‍റുകള്‍ തമ്മില്‍ പരസ്പരം കാണാതെ, താമസക്കാര്‍ക്ക് പൂര്‍ണമായും സ്വകാര്യത ഉറപ്പുവരുത്തിക്കൊണ്ട് ഇവയുടെ ഉയരം ക്രമീകരിക്കാം.

പ്രോട്ടോടൈപ്പ് മോഡലിൽ പ്ലാറ്റ്‌ഫോമുകളിലെ കുളിമുറികളും പിരമിഡ് ആകൃതിയിലുള്ള പത്തോളം വർണ്ണാഭമായ ഫ്ലോട്ടിംഗ് ടെന്‍റുകളും ഉൾപ്പെടുന്നു. ഫാബ്രിക്, ക്രോമോലി സ്റ്റീൽ എന്നിവകൊണ്ട് നിർമിച്ച ലളിതമായ രൂപകൽപനയാണ് ടെന്‍റുകളുടേത്. പൂര്‍ണസുരക്ഷ ഉറപ്പുവരുത്തിക്കൊണ്ടാവും കമ്പനി ഈ ടെന്‍റുകള്‍ നിര്‍മിക്കുക. അപകടങ്ങളോ ടെക്നിക്കല്‍ പ്രശ്നങ്ങളോ പോലുള്ള അടിയന്തിരസാഹചര്യങ്ങളില്‍ സഹായം നല്‍കാന്‍ സാങ്കേതിക വിദഗ്ദ്ധരും ഇവിടെ എപ്പോഴും ഉണ്ടാകും.

ടെന്‍റുകള്‍ക്കൊപ്പം മൗണ്ടൻ ടോപ്പ് സ്‌പാ,  കൺസിയർജ് സേവനങ്ങൾ, ഒരു റെസ്റ്റോറന്റ്, പർവതത്തിലെ സ്വകാര്യ ഗൈഡഡ് ടൂറുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ഗ്രൗണ്ട് ഫ്ലോർ റിസപ്ഷൻ ഏരിയയും ഈ പ്ലാനില്‍ ഉൾപ്പെടുന്നു. ടെന്‍റുകള്‍ക്കുള്ളിലാകട്ടെ, റൂം സേവനവും വിനോദവും വൈഫൈ ആക്‌സസുമെല്ലാമുണ്ടാകും. ഓരോ ടെന്റിനും സ്വകാര്യ കുളിമുറിയും ഉണ്ട്. ശൈത്യകാലത്ത്, 24 മണിക്കൂറും കൂടാരങ്ങളിൽ തങ്ങാൻ കഴിയും, മെയ് മുതൽ സെപ്തംബർ വരെ, ടെന്‍റുകൾ ദിവസ ഉപയോഗത്തിന് മാത്രമേ ലഭ്യമാകൂ.

പാരിസ്ഥിതിക അവബോധം പ്രോത്സാഹിപ്പിക്കുക എന്നതുകൂടി കണക്കിലെടുത്തുകൊണ്ട്, ഷാർജയിലെ വികസന പ്രമുഖരുമായി സഹകരിച്ചാണ് കമ്പനി ക്യാംപ് സൈറ്റിന്‍റെ ഡിസൈൻ തയാറാക്കുന്നത്. യുഎഇയിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരമായാണ് ഷാർജ അറിയപ്പെടുന്നത്. അൽ നൂർ മസ്ജിദ്, അൽ മജാസ് പാർക്ക് തുടങ്ങിയ സ്ഥലങ്ങൾ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണെങ്കിലും, ഈ പുതിയ നിര്‍മിതി നഗരത്തിന്‍റെ പ്രകൃതി സൗന്ദര്യത്തിലേക്ക് സഞ്ചാരികളുടെ കണ്ണുകൾ തുറക്കും.

English Summary: This floating retreat will let you sleep mid-air between two mountains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com