നേരത്തെ വീസയെടുക്കേണ്ട, ഇന്ത്യക്കാര്‍ക്ക് പോകാനിതാ സുന്ദരരാജ്യങ്ങള്‍
Mail This Article
വിദേശയാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും ആദ്യത്തെ നൂലാമാലയാണ് വീസയെടുക്കല്‍ എന്നത്. ഒരിക്കല്‍ അപേക്ഷിച്ചുകഴിഞ്ഞാല്‍ പ്രോസസിങ്ങിനും മറ്റുമായി ഒരുപാട് സമയം ആവശ്യമാണ്. എന്നാല്‍, ഒട്ടേറെ രാജ്യങ്ങള്‍ ഇന്ത്യൻ പൗരന്മാർക്ക് ഓൺ അറൈവൽ വീസ സൗകര്യം നല്‍കുന്നുണ്ട്. ഇവയില്‍ പലതും സൗജന്യവുമാണ്.
വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം ഇന്ത്യക്കാര്‍ക്ക് വീസ ഓണ്‍ അറൈവല്‍ നല്‍കുന്ന 26 രാജ്യങ്ങളും, വീസ ഓണ്‍ അറൈവല്‍, ഇവീസ (VoA + e-Visa)എന്നിവ ഒരുമിച്ച് നല്‍കുന്ന 11 രാജ്യങ്ങളുമാണുള്ളത്. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് പോകാവുന്ന പ്രധാന വീസ ഓൺ അറൈവൽ രാജ്യങ്ങളിൽ ചിലത് ഇതാ.
1. മാലദ്വീപ്(VoA + e-Visa)
ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് മാലദ്വീപ്. പ്രകൃതിരമണീയമായ ബീച്ചുകൾ, സ്വകാര്യ റിസോർട്ടുകൾ എന്നിവയും ഒപ്പം ഇന്ത്യയുമായുള്ള സാമീപ്യവും കാരണം, ബോളിവുഡ് സെലിബ്രിറ്റികള്‍ അടക്കം ഇന്ത്യയില്‍ നിന്നുള്ള ഒട്ടേറെ സഞ്ചാരികള്‍ ഇവിടേക്ക് പറന്നെത്തുന്നു. ഇന്ത്യൻ പൗരന്മാർക്ക് മാലദ്വീപിലേക്ക് പോകാന്‍ ആദ്യമേ വീസ എടുക്കേണ്ടതില്ല. വീസ ഓണ്‍ അറൈവല്‍, ഇ വീസ എന്നീ സൗകര്യങ്ങള്‍ ലഭ്യമാണ്.
2. മ്യാൻമർ(VoA + e-Visa)
മ്യാൻമറിന് ഇന്ത്യയുമായി സാംസ്കാരിക, സാമ്പത്തികരംഗങ്ങളില്‍ ദീർഘകാലമായി തന്ത്രപരമായ ബന്ധമുണ്ട്. മ്യാന്‍മറിലെ യാങ്കോൺ അന്താരാഷ്ട്ര വിമാനത്താവളം, മാൻഡലെ രാജ്യാന്തര വിമാനത്താവളം, നാപ് പി താവ് രാജ്യാന്തര വിമാനത്താവളം എന്നീ വിമാനത്താവളങ്ങളിലെ പ്രത്യേക രാജ്യാന്തര പ്രവേശന ചെക്ക്‌പോസ്റ്റുകളിലൂടെ എത്തുന്ന ഇന്ത്യന്‍ പൗരന്മാർക്ക് വീസ ഓൺ അറൈവൽ ഇ വീസ എന്നീ സൗകര്യങ്ങള്‍ ലഭ്യമാണ്.
3. ഫിജി (VoA)
പസഫിക് സമുദ്രത്തിന്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഫിജി ദ്വീപസമൂഹം, മനോഹരമായ പർവതങ്ങൾ, ബീച്ചുകൾ, പാറകൾ, തടാകങ്ങൾ എന്നിവയ്ക്ക് ലോകമെമ്പാടും പ്രശസ്തമാണ്. ഫിജിയിലേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യൻ പൗരന്മാർ മുൻകൂട്ടി വീസയ്ക്ക് അപേക്ഷിക്കേണ്ടതില്ല. ഇന്ത്യക്കാർക്ക് നാല് മാസത്തെ സാധുതയുള്ള ടൂറിസ്റ്റ് വീസ ഓൺ അറൈവൽ ലഭിക്കും.
4. ശ്രീലങ്ക(VoA + e-Visa)
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്‍റെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ശ്രീലങ്കയും ഇന്ത്യൻ പൗരന്മാർക്ക് ഓണ്‍ അറൈവല്‍ വീസ, ഇ വീസ എന്നിവ നല്‍കുന്നു. സാധുവായ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ കൈവശമുള്ള സന്ദർശകർക്ക് 30 ദിവസത്തേക്ക് ശ്രീലങ്കയിൽ ഹ്രസ്വ സന്ദർശന വീസകൾ നൽകുന്നു.
5. സീഷെൽസ് (VoA)
പ്രകൃതി സ്‌നേഹികളുടെ പറുദീസയായ സീഷെൽസ്, നിരവധി മനോഹരമായ ബീച്ചുകൾ, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ, പവിഴപ്പുറ്റുകൾ എന്നിവയ്ക്ക് പ്രസിദ്ധമാണ്. സീഷെൽസിലേക്ക് പോകുന്ന ഇന്ത്യൻ പൗരന്മാർക്ക് വീസ വേണ്ട. ഇതിന് 30 ദിവസത്തേക്ക് സാധുതയുണ്ട്.
6. ബൊളീവിയ(VoA)
വംശീയ വൈവിധ്യത്താൽ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ് ഈ തെക്കേ അമേരിക്കൻ രാജ്യം. ട്രെക്കർമാര്‍ക്കും പർവതാരോഹകര്‍ക്കും ഇവിടം സ്വര്‍ഗമാണ്. കോർഡില്ലെറ റിയല്‍ പർവതനിരകൾ, ഹുവൈന പൊട്ടോസി പർവതശിഖരം, സജാമ, ഇല്ലിമണി എന്നിവയെല്ലാം ട്രെക്കിംഗിന് ലോകപ്രസിദ്ധമാണ്. ഇന്ത്യക്കാര്‍ക്ക് ബൊളീവിയ ഓണ്‍ അറൈവല്‍ വീസ നല്‍കുന്നുണ്ട്. 30 ദിവസത്തേക്ക് സാധുതയുള്ള ഒരു സിംഗിൾ എൻട്രി വീസയ്ക്ക് യാത്രയുടെ ഉദ്ദേശം അനുസരിച്ച് നിരക്ക് വ്യത്യാസപ്പെടും.
7. കാമറൂൺ യൂണിയൻ റിപ്പബ്ലിക് (VoA)
ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ വൈവിധ്യം കാരണം, കാമറൂണിനെ ഒരു കൊച്ചു ആഫ്രിക്ക എന്ന് വിളിക്കാറുണ്ട്. പടിഞ്ഞാറൻ ആഫ്രിക്കയിലുള്ള ഈ രാജ്യം സമ്പന്നമായ ജൈവസമ്പത്തിനും മനോഹരമായ പ്രകൃതിക്കും പ്രശസ്തമാണ്. ഇന്ത്യക്കാര്‍ക്ക് കാമറൂൺ യൂണിയൻ റിപ്പബ്ലിക്കിലേക്ക് പോകാന്‍ 30 ദിവസം സാധ്യതയുള്ള സിംഗിൾ എൻട്രി വീസ ലഭിക്കും. പതിനായിരത്തിനു മുകളില്‍ ആണ് വീസയ്ക്കുള്ള ചെലവ്.
8. കുക്ക് ഐലന്‍ഡ്‌സ് (VoA)
തെക്കന്‍ പസഫിക് സമുദ്രത്തിലെ ഒരു ദ്വീപുരാഷ്ട്രമാണ് കുക്ക് ഐലന്‍ഡ്‌സ്. ടൂറിസം ആണ് ഈ രാജ്യത്തിന്‍റെ പ്രധാന വരുമാന മാര്‍ഗം. ഏകദേശം പതിനഞ്ചോളം ദ്വീപുകള്‍ ഇവിടെയുണ്ട്. സമുദ്ര വിനോദങ്ങള്‍ക്ക് പേരുകേട്ട കുക്ക് ദ്വീപുകളുടെ സംസ്കാരം ആശ്ചര്യകരമാണ്, ജലസംരക്ഷണം മുതൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വരെ, തികച്ചും പരിസ്ഥിതി സൗഹൃദ ജീവിതരീതിയാണ് ഇവിടുത്തെ ആളുകള്‍ പിന്തുടരുന്നത്.ഇന്ത്യന്‍ പൗരന്മാര്‍ക്ക് 31 ദിവസത്തേക്ക് ഓണ്‍ അറൈവല്‍ ആയി ബിസിനസ് അല്ലെങ്കിൽ ടൂറിസ്റ്റ് വീസ ലഭിക്കും.
English Summary: Visa On Arrival Countries For Indians